ഇട്ട്യേച്ചൻ ആന്റ് ബ്രദേഴ്സ്

ജി.എല്‍.പി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഇന്നലെയാണ് ആരംഭിച്ചത്. സ്ഥലം എം.പി. ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ പരിപാടിയുണ്ട്. രണ്ടാംദിവസമായ ഇന്നത്തെ മുഖ്യആകര്‍ഷണം സാംസ്‌കാരികസമ്മേളനമാണ്. പ്രോഗ്രാംകമ്മിറ്റി കണ്‍വീനറായ എനിക്ക് ഇന്ന് കാര്യമായ ടെന്‍ഷനൊന്നും ഇല്ല. വിശിഷ്ടാതിഥികള്‍ ഉച്ചതിരിഞ്ഞേ എത്തിത്തുടങ്ങൂ. അപ്പോഴേക്കും സ്‌കൂളിലെത്തിയാല്‍ മതി. പകല്‍ നന്നായൊന്നുറങ്ങണം. ഇന്നലെ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണമുണ്ട്.


മേശപ്പുറത്തിരുന്ന പ്രോഗ്രാംനോട്ടീസ് ഒരിക്കല്‍ക്കൂടി മറിച്ചുനോക്കി. സാംസ്‌കാരികസമ്മേളനം വൈകുന്നേരം അഞ്ചുമണിക്ക്. സ്വാഗതം കണ്‍വീനറായ ഞാന്‍തന്നെ. അദ്ധ്യക്ഷന്‍, ഉദ്ഘാടകന്‍, മുഖ്യപ്രഭാഷകന്‍, അനുബന്ധപ്രഭാഷകര്‍- ഓരോ പേരിന്റെ നേര്‍ക്കും ടിക് ചെയ്തിട്ടുണ്ട്; അതായത്, വരുമെന്നുറപ്പു വരുത്തിയിട്ടുണ്ട്. സദസ്സില്‍ ആളുണ്ടായാല്‍മതി. അല്ലെങ്കില്‍ ഉള്ള ആളുമതി. അത്ര വമ്പന്മാരൊന്നുമല്ലല്ലോ പ്രാസംഗികര്‍.
സ്വാഗതസംഘം യോഗത്തില്‍ എത്ര ആവേശത്തോടെയാണ് ഓരോരുത്തര്‍ പേരുനിര്‍ദ്ദേശിച്ചത്! എം.ടി.വാസുദേവന്‍ നായര്‍. അല്ലെങ്കില്‍, സുകുമാര്‍ അഴീക്കോടാവട്ടെ. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരായാലോ? എം.എന്‍.വിജയനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്!
പേരുനിര്‍ദ്ദേശിച്ചവരൊക്കെ ചായകുടിച്ചു പിരിഞ്ഞു. യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയനേതാക്കന്മാര്‍ക്ക് സാംസ്‌കാരികസമ്മേളനത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. അഴീക്കോടിനേയും എം.ടിയേയും ബന്ധപ്പെട്ടു പങ്കെടുപ്പിക്കാമെന്നേറ്റ ബുദ്ധിജീവികളെ പിന്നീട് നാട്ടിലേ കണ്ടിട്ടില്ല. ഒടുക്കം ദിവസമടുത്തപ്പോള്‍ പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ വാസുവേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു:
”തന്റെ സുഹൃത്തുണ്ടല്ലോ, ആ കഥാകൃത്ത്?”
പ്രോഗ്രാംനോട്ടീസ് മേശപ്പുറത്തിട്ട് ഞാന്‍ കട്ടിലില്‍ വീണു. മയക്കംപിടിച്ചതേയുള്ളൂ, ഫോണ്‍ റിങ് ചെയ്യുന്നു. ശല്യം!
”രാമേന്ദ്രന്‍മാഷല്ലേ?”
”അതേ.”
”ടൗണിലെ ഇട്ട്യേച്ചന്‍ ആന്റ് സണ്‍സില്‍നിന്നാണ്. മൊതലാളിക്കു കൊടക്കാം.”
ഇട്ട്യേച്ചന്‍ ആന്റ് സണ്‍സ് ടൗണിലെ പ്രമുഖ ഓട്ടുപാത്രവ്യാപാരികളാണ്. ക്യാഷ്‌കൗണ്ടറില്‍ സദാ കാണപ്പെടുന്ന ഉരുളക്കിഴങ്ങുമുഖമുള്ള മുതലാളിയുടെ രൂപം മനസ്സില്‍വന്നു. ചില്ലറപ്പൈസക്കും വിട്ടുവീഴ്ചയില്ലാത്ത മുരടന്‍നസ്രാണി. ജൂബിലിയാഘോഷത്തിന് സംഭാവനചോദിച്ചുചെന്നപ്പോള്‍ നക്കാപ്പിച്ചതന്ന് നാണംകെടുത്തിയതാണ്.
ഫോണിന്റെ മറ്റേത്തലക്കല്‍ മുതലാളിയുടെ ലോഹശബ്ദം മുഴങ്ങി:
”മാഷേ, ഇന്നല്ലേ സാംസ്‌കാരികസമ്മേളനം?”
ഞാന്‍ അന്തംവിട്ടു. ഇങ്ങനെയൊരു സംശയം ഇട്ട്യേച്ചന്‍മുതലാളിയൊഴിച്ച് ആരു ചോദിച്ചാലും എനിക്ക് അത്ഭുതമില്ല. മേശവലിപ്പിലെ നോട്ടുകളിലും കണക്കുപുസ്തകത്തിലെ അക്കങ്ങളിലുമൊഴിച്ച് ലോകത്തുനടക്കുന്ന മറ്റൊരു സംഭവവികാസങ്ങളിലും ശ്രദ്ധകാട്ടാത്ത ഇട്ട്യേച്ചന്‍മുതലാളി സാംസ്‌കാരികസമ്മേളനത്തെക്കുറിച്ചാരായുന്നു!
അതേയെന്നു കനത്തില്‍ മറുപടികൊടുക്കുംമുമ്പ് ഇങ്ങനെ പലതും എന്റെ തലച്ചോറിലൂടെ കടന്നുപോയി.
”വൈകുന്നേരം അഞ്ചുമണിക്കുതുടങ്ങും.” പരിഹാസം ഉള്ളിലൊതുക്കി ഞാന്‍ തുടര്‍ന്നു: ”മൊതലാളി നേരത്തേ എത്തണം. നിങ്ങളെപ്പോലുള്ളവര്‍ സദസ്സിലുണ്ടായാലേ സമ്മേളനത്തിനൊരു ഗൗരവമുണ്ടാകൂ.”
”അയ്യോ മാഷേ. വരാന്‍ വേണ്ടീട്ടല്ല. വേണന്നുവച്ചാത്തന്നെ മ്മക്കെവടെ സമയം? നാലു കച്ചോടം നടക്കണ നേരത്ത് മ്മക്ക് കടേന്നു മാറാന്‍ പറ്റ്വോ?”
”എന്നാല്‍ കടപൂട്ടി രാത്രി കലാപരിപാടിക്ക് വര്വാ. കുട്ട്യോള്‍ടെ ഡാന്‍സ്ണ്ട്.” സദസ്സിന്റെ മുന്‍നിരയില്‍ ഇട്ട്യേച്ചന്‍മുതലാളി ഭരതനാട്യം കണ്ടിരിക്കുന്ന ദൃശ്യം സങ്കല്പിച്ച് എനിക്കു ചിരിപൊട്ടി.
”മാഷോട് തൊറന്നു പറയാലോ. മ്മടെ സ്‌കൂളിന്റെ ജൂബിലിക്ക് അന്നു ഞാന്‍ തന്ന സംഖ്യ കമ്മ്യായീന്നു മ്മക്കു പിന്നെ തോന്നി. എന്തൊക്ക്യായാലും മ്മടെ കുട്ട്യോള് പടിക്കണ സ്‌കൂളല്ലേ?”
എനിക്കു വിശ്വസിക്കാനാവുന്നില്ല. ഇട്ട്യേച്ചന്‍മുതലാളിതന്നെയല്ലേ ഇത്?
”ഇത്തിരി വൈകിപ്പോയീച്ചാലും ഇനക്കൊരപേക്ഷണ്ട്. മാഷ് പരിഗണിക്കണം.”
”പറയൂ.”
”ഇന്നത്തെ സാംസ്‌കാരികസമ്മേളനത്തിന്റെ ചിലവ് എന്റെ വക. എത്ര്യാ വേണ്ട്ന്ന് മാഷ് പറഞ്ഞാല്‍ മതി.”
എനിക്ക് ഒച്ച പൊങ്ങുന്നില്ല. വികാരത്തള്ളിച്ചമൂലം തൊണ്ടയിടറിയേക്കും. ഈ കേട്ടത് എന്റെ കാതുകള്‍തന്നെയല്ലേ? ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു:
”എങ്ങനെ നന്ദി പറയണമെന്നറിയില്ല. വല്യ സഹായായി.”
”നന്നി ഞാനല്ലേ പറേണ്ടത് മാഷേ. ഇതുപോലും ചെയ്യാന്‍ സാധിച്ചില്ലെങ്കില് കുട്ട്യോള്‍ടെ ശാപംകൊണ്ട് ഇനിക്ക് കെടന്നാല്‍ ഒറക്കംവര്വോ? സംഖ്യ മാഷ് അഡ്വാന്‍സായിട്ട് കൊണ്ടയ്‌ക്കോളോ.”
”വളരെ സന്തോഷം. ഞാന്‍ ഉച്ചയ്ക്ക് അങ്ങോട്ടുവരാം.”
”മാഷോട് ഒരപേക്ഷേംകൂടീണ്ട്. സാധിപ്പിച്ചുതരണം.”
”പറയൂ മൊതലാളീ.”
”മാഷ് വരുമ്പൊ, മ്മളെ സമ്മേളനത്തില് പ്രസംഗിക്കാന്‍വരണ ആ കഥയെഴുതണ പാര്‍ട്ടീനെക്കൂടി കൊണ്ടുവരണം. ഒന്നു പരിചയപ്പെടാലോ.”
ഇക്കുറി അവിശ്വാസംമൂലം എനിക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി. ഇട്ട്യേച്ചന്‍മുതലാളിയെക്കുറിച്ചുള്ള എന്റെ മുന്‍വിധി -പോരാ, ഈ ലോകത്തെക്കുറിച്ചുതന്നെയുള്ള എന്റെ സങ്കല്പം, എത്ര ക്ഷുദ്രവും നിന്ദ്യവുമാണ്! ആത്മനിന്ദകൊണ്ട് ഞാന്‍ അടിമുടി കയ്ചു. ഒരു കച്ചവടക്കാരന്, ഒരു പോലീസുകാരന്, ഒരറവുകാരന് ഒന്നും ഒരിക്കലും സഹൃദയത്വമുണ്ടാവില്ല എന്ന കടുത്ത മുന്‍വിധി പുലരുന്ന കുലീനമധ്യവര്‍ഗ്ഗച്ചോരയല്ലേ എന്റെ ഞരമ്പിലൂടെ ഒഴുകുന്നത്? തൊഴിലിന്റേയോ ജാതിയുടേയോ അടിസ്ഥാനത്തില്‍ പ്രതിഭയേയും സഹൃദയത്വത്തേയും വിലയിരുത്തുന്ന പഴയ വര്‍ണ്ണാശ്രമനീതിതന്നെയല്ലേ ഇന്നും നമ്മുടെ സാഹിത്യത്തില്‍ നിലനില്‍ക്കുന്നത്? സാഹിത്യം മാഷമ്മാരുടെ ഏര്‍പ്പാടാണെന്നു ധരിച്ചുവശായവരുടെ കൂട്ടത്തില്‍പ്പെട്ടവനല്ലേ ഞാനും? വാസ്തവത്തില്‍ നമുക്കെന്തറിയാം? ഇട്ട്യേച്ചന്‍മുതലാളിയുടെ വീട്ടിലെ ഷെല്‍ഫുകളില്‍ അരുന്ധതീറോയിയുടേയും ആനന്ദിന്റേയും സാറട്ടീച്ചറുടേയും എന്‍.എസ്.മാധവന്റേയും കൃതികളുണ്ടാവില്ലെന്നാരറിഞ്ഞു? കടയിലിരുന്നു കച്ചവടം നടത്തുന്നവരില്‍ കവികളുണ്ടാവില്ലെന്നാരു പറഞ്ഞു? കവി സെബാസ്റ്റ്യന്‍ പച്ചക്കറിക്കച്ചവടക്കാരനല്ലേ? പവിത്രന്‍ തീക്കുനിക്ക് മീന്‍വില്പനയല്ലേ തൊഴില്‍? എല്ലാ അറവുകാരും വയലാറിന്റെ ആയിഷയിലെ അദ്രമാനെപ്പോലെയാവണമെന്നുണ്ടോ? അറവുകത്തികൊണ്ട് പെരുമാറിയ കൈകള്‍ അഭിജ്ഞാനശാകുന്തളം തൊട്ടുപോകരുതെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
എങ്കിലും ഇട്ട്യേച്ചന്‍ മുതലാളി…. എനിക്കു വിശ്വസിക്കാനാവുന്നില്ല. ‘കഥയെഴുതുന്ന പാര്‍ട്ടി’യെ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. പേരുപോലും പറഞ്ഞില്ല. സംശയനിവൃത്തിക്കായി ഞാന്‍ ചോദിച്ചു:
”മൊതലാളി ഉദ്ദേശിച്ചത് അശോകന്‍ ചരുവിലിനെത്തന്നെയല്ലേ?”
”അയാളുതന്നെ. നല്ലൊന്നാന്തരം കഥകളല്ലേ മൂപ്പരെ എഴുത്ത്! ഭാഷാപോഷിണീല് വന്ന ‘ദ്വാരകാ ടാക്കീസ്’ മാഷ് വായിച്ചില്ലേ?”
എന്റെ കണ്ണു നിറഞ്ഞു. തൊണ്ടയിടറി. ഫോണ്‍വയ്ക്കുംമുമ്പ് ഞാന്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു:
”അശോകന്‍ മൂന്നുമണിയാകുമ്പോഴേക്കും എന്റെ വീട്ടിലെത്തും. സമ്മേളനമാരംഭിക്കുംമുമ്പുതന്നെ ഞങ്ങളങ്ങോട്ടു വരാം.”
അശോകന്‍ എന്റെ സുഹൃത്താണ്. ഞാന്‍ അയാളുടെ കഥകളുടെ ആരാധകനും. കത്തിടപാടുകളിലൂടെ വളര്‍ന്ന സൗഹൃദമാണ് ഞങ്ങളുടേത്. സാംസ്‌കാരികസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എത്തണമെന്നപേക്ഷിച്ചപ്പോള്‍ അശോകന്‍ സന്തോഷത്തോടെ ഏല്‍ക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു:
”ഞാന്‍ വരും. രാമചന്ദ്രന്റെ വീട്ടുകാരേം നാട്ടുകാരേം കാണാലോ.”
”ഇതൊരു കുഗ്രാമമാണ് അശോകാ. വലിയ വായനക്കാരൊന്നും ഇല്ല ഇവിടെ. നിങ്ങളെപ്പോലെ ഒരു യുവസാഹിത്യകാരനെക്കുറിച്ച് കേട്ടിട്ടെങ്കിലുമുള്ളവര്‍ ചുരുങ്ങും. ഒരു സ്‌കൂള്. ഒന്നുരണ്ടു പെട്ടിക്കട. കള്ളുഷാപ്പ്. പള്ളി. അമ്പലം. അത്രതന്നെ.”
”അപ്പോള്‍ മനുഷ്യരാരുമില്ലേ? പിന്നാര്‍ക്കുവേണ്ടിയാണ് ഈ മഹദ്സ്ഥാപനങ്ങള്‍?”
”ശരിയാ. ഈ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രം ജീവിക്കുന്ന കുറച്ചു മനുഷ്യരുമുണ്ടെന്നു പറയാം.”
”മതിയെടോ. അവരാണ് സഹൃദയര്‍. വായിച്ചില്ലെങ്കിലും അവര്‍ക്കുവേണ്ടിയല്ലേ നമ്മുടെ എഴുത്തെല്ലാം?”
എന്തൊരു സൗമ്യത! പ്രതിബദ്ധത! അഴീക്കോടിനേയും എം.ടിയേയും എം.എന്‍.വിജയനേയും കിട്ടാതെ ഗത്യന്തരമില്ലാതെയാണ് തന്നെ ക്ഷണിച്ചതെന്ന് അദ്ദേഹം അറിയാനിടയായാല്‍ എന്തൊരപമാനമായിരിക്കും!
പറഞ്ഞപോലെ അശോകന്‍ നേരത്തേ എത്തി. ബസ്സിനാണ് വന്നത്. കഥപോലെ ലളിതം. കുശലപ്രശ്‌നങ്ങള്‍ക്കിടെ ധാരാളം സംഭാരം കുടിച്ചു. ആഗോളവല്‍ക്കരണം, പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച, പാര്‍ട്ടി നിലപാടുകള്‍ തുടങ്ങിയ  ഉത്കണ്ഠകള്‍ ഞങ്ങള്‍ പങ്കുവച്ചു.  സമ്മേളനം തുടങ്ങാന്‍ ഇനിയും രണ്ടുമണിക്കൂര്‍ ബാക്കിയുണ്ട്. ഞാന്‍ വിഷയമെടുത്തിട്ടു.
”നമുക്കു ടൗണിലൊന്നു പോയിവരാം. അഞ്ചുമണിക്കേ സമ്മേളനം തുടങ്ങൂ. ധാരാളം സമയമുണ്ട്.”
പറഞ്ഞുകഴിഞ്ഞപ്പോഴാണ്, അതിലൊരു ദുസ്സൂചനയുള്ളതായി അദ്ദേഹം തെറ്റിദ്ധരിക്കാനിടയുണ്ടെന്നു തോന്നിയത്. എഴുത്തുകാരൊക്കെയാകുമ്പോള്‍ അങ്ങനെയൊരു സല്‍ക്കാരം പതിവുള്ളതുമാണല്ലോ.
”മറ്റൊന്നിനുമല്ല. അശോകന്റെ ഒരാരാധകനെ പരിചയപ്പെടുത്താനാണ്. കൂട്ടത്തില്‍ സ്‌കൂളിനൊരു ലഭ്യവുമുണ്ട്.”
ഒന്നു നെറ്റിചുളിക്കുകപോലും ചെയ്യാതെ അശോകന്‍ എന്റെ കൂടെ ഓട്ടോയില്‍ക്കയറി. താന്‍ മുഖ്യാതിഥിയാണെന്ന ഒരു ജാഡയുമില്ല. വാസ്തവത്തില്‍, തന്റെ അജ്ഞാതനായ ആരാധകനെ പരിചയപ്പെടുന്നതിലുള്ള കൗതുകം ആ ചെറിയമുഖത്തെ പ്രസന്നമാക്കുകകൂടി ചെയ്തിരുന്നു. ഒരു സര്‍പ്രൈസാകട്ടെ എന്നു കരുതി, ഞാന്‍ ഇട്ട്യേച്ചന്‍മുതലാളിയെപ്പറ്റി മുന്‍കൂറായി ഒന്നും പറഞ്ഞുമില്ല.
ടൗണില്‍ ഇട്ട്യേച്ചന്‍ ആന്റ് സണ്‍സ് പാത്രക്കടയുടെ മുമ്പില്‍ ഓട്ടോ നിര്‍ത്തി ഞാന്‍ അശോകനെക്കൂട്ടി അകത്തുകടന്നു. കൗണ്ടറിലിരുന്ന മുതലാളി എഴുന്നേറ്റു കൈകൂപ്പി.
”സാറന്മാര്‍ ഇരുന്നാട്ടെ.” മുതലാളി സ്റ്റൂള്‍ നീക്കിയിട്ടുതന്നു. അപ്രതീക്ഷിതമായി ഒരത്ഭുതലോകത്തിലെത്തിപ്പെട്ടതുപോലെ അശോകന്‍ ശങ്കിച്ചുനില്ക്കുകയാണ്. ആ ചെറിയ കണ്ണുകള്‍ കൗതുകപൂര്‍വ്വം കടക്കുള്ളില്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.തെരുവിലേക്കു വായ് പൊളിച്ചുകിടക്കുന്ന ഒരു പെരുമ്പാമ്പിന്റെ ഉള്‍വശംപോലെ തട്ടെകരം കുറഞ്ഞ ഒരു നീണ്ട ഗുദാമാണ് കട. താഴത്തും വശങ്ങളിലും മേലേയും പലതരത്തിലും വലുപ്പത്തിലുമുള്ള പാത്രങ്ങള്‍. ചെമ്പ്, ഓട്, പിച്ചള. മുന്‍വശത്ത് വെട്ടത്തിളങ്ങുന്ന നിലവിളക്കുകള്‍. ഓട്ടുമണികള്‍, നടരാജവിഗ്രഹങ്ങള്‍, സേവകനാഴി, തളിക, നിറപറ, ധൂപക്കുറ്റി, കവരവിളക്കുകള്‍. ഉള്ളിലെ ഇരുട്ടിലേക്കുമാറി അനേകം പാത്രങ്ങളുടെ നിര. കാതന്‍ചെമ്പുകള്‍. ഉരുളികള്‍.
”ഇട്ട്യേച്ചന്‍ മുതലാളി.” ഞാന്‍ അശോകന് പരിചയപ്പെടുത്തി. ”ഇദ്ദേഹമാണ് ഞാന്‍ പറഞ്ഞ താങ്കളുടെ ആരാധകന്‍.”
അശോകന്‍ തൊഴുതു.ഭൂമിക്കടിയില്‍നിന്ന് കുഴിച്ചെടുത്ത ഏതോ പുരാതനലോഹം പോലെ കാണപ്പെട്ട മുതലാളിയുടെ മുഖത്തുനിന്ന് പാത്രങ്ങള്‍ കൂട്ടിമുട്ടുമ്പോഴത്തെ ഒച്ചയില്‍ വാക്കുകള്‍ പുറപ്പെട്ടു.
”വരണണ്ട് ന്നു കേട്ടപ്പൊ, ഞാന്‍ മാഷോട് പറഞ്ഞു, ഇത്രടം വന്നാല്‍ ഒപകാരായീന്ന്. ഇങ്ങണ്ടു വിളിച്ചേന് സാറിന് അലോഗ്യൊന്നും തോന്നരുത്. നിവൃത്തില്യാഞ്ഞിട്ടാന്ന് കൂട്ടിക്കോളോ.”
”എന്തിന് അലോഗ്യം? കണ്ടേല് സന്തോഷേള്ളൂ” അശോകന്‍ ചിരിച്ചു.
”ഭാഷാപോഷിണീല് വന്ന ദ്വാരകാട്ടാക്കീസടക്കം അശോകന്റെ എല്ലാക്കഥകളും മുതലാളി വായിച്ചിട്ടുണ്ട്.”ഞാന്‍ പറഞ്ഞു.
”സാറന്മാര് ഒന്നും വിചാരിക്കരുത്. ഞാനൊരു സത്യങ്ട് പറയാം. ഞാനല്ല സാറിന്റെ ആരാധകന്‍. എന്റെ മോളാണ്. സാറിനെ കാണണം പരിചയപ്പെടണം എന്ന് അവള്‍ക്ക് വല്യ മോഹണ്. സാതിപ്പിച്ചില്യങ്ങെ ഇനിക്ക് ഒറക്കം കിട്ടൂല്ല മാഷേ. ആണായും പെണ്ണായും എനിക്കുള്ളത് ഈ സൂസി മാത്രാണ്.”
ഇക്കുറി അശോകന്‍ മാത്രമല്ല, ഞാനും ഒന്നു പതറി. സംഭവങ്ങള്‍ക്ക് അപ്രതീക്ഷിതമായ ദിശാവ്യതിയാനവും നിഗൂഢതയും കൈവരികയാണ്. ഇട്ട്യേച്ചന്‍ മുതലാളിയുടെ ദുരൂഹതയ്ക്കുമുന്നില്‍ ഡിക്ടറ്റീവ് കഥയിലെ ഹോംസിനേയും മി.വാട്‌സനേയുംപോലെ ഞങ്ങള്‍ സൂക്ഷ്മശ്രദ്ധാലുക്കളായി.
”കടയുടെ ബോര്‍ഡ്‌മ്മെ ഇട്ട്യേച്ചന്‍ ആന്റ് സണ്‍സ് എന്നൊക്കെ എഴുതീത് ഒരു പേരിനുമാത്രാ സാറേ. ഇനിക്കും മേരിക്കുട്ടിക്കും കര്‍ത്താവ് ഒരു പെണ്‍കൊച്ചിനേ മാത്രേ തന്നിട്ടൊള്ളു.”
മൊതലാളി സ്വര്‍ണ്ണഫ്രെയ്മുള്ള കണ്ണടയെടുത്തുമാറ്റി, ടൗവ്വല്‍കൊണ്ടു മുഖം തുടച്ചു. പെട്ടെന്നെഴുന്നേറ്റു ഗുദാമിന്റെ ഇരുട്ടിലേക്കുനോക്കി വിളിച്ചു.
”ഡാ, ജോണ്യേ”
ഇരുട്ടില്‍ അട്ടിയായിവെച്ച പാത്രങ്ങള്‍ക്കിടയില്‍നിന്ന് ഒരു കറുത്തപയ്യന്‍ പ്രത്യക്ഷപ്പെട്ടു.
”നിയ്യിവിട്യൊന്നു നോക്ക്യേ. ഞാന്‍ സാറന്മാരേം കൂട്ടി അകത്തൊന്നു പോയിട്ടുവരാം.”
മൊതലാളി ഞങ്ങളെ ക്ഷണിച്ചു.
”ഇതിന്റെ പിന്നില്‍ത്തന്നെയാണ് മ്മടെ വീട്. സാറന്മാര് വന്നാട്ടെ.”
ചെമ്പുകള്‍ക്കും ചരക്കുകള്‍ക്കും വിളക്കുകള്‍ക്കും ഇടയിലൂടെ തപ്പിത്തടഞ്ഞുകൊണ്ട് മൊതലാളി ഞങ്ങള്‍ക്കു വഴികാട്ടി. ഗുദാമിന്റെ പിന്‍വശത്തെ ചുമരില്‍ ഉയരംകുറഞ്ഞ ഒരു വാതിലുണ്ട്. അതുതുറന്നുപിടിച്ച് മുതലാളി പറഞ്ഞു.
”തല മുട്ടാണ്ടെ അകത്തുകേറിക്കോളോ.”
അകം കടപോലെത്തന്നെ ഒരു ഹാളാണ്. അതിന്റെ അറ്റം എതിര്‍വശത്തെ തെരുവിലേക്കു തുറക്കുന്നു. അതായിരിക്കണം വീടിന്റെ ഉമ്മറം. ഹാളിനകത്ത് വെളിച്ചമുണ്ട്. വൃത്തിയും വെടിപ്പുമുണ്ട്. ഇതു സ്വീകരണമുറിയായിരിക്കാം. സോഫകള്‍, ടീപ്പോയ്. ചുമരിന്മേല്‍ കുരിശുരൂപം. മണ്‍മറഞ്ഞ ഏതോ കാരണവരുടെ ചില്ലിട്ട ഛായാചിത്രം.
”മേരിക്കുട്ട്യേ” മൊതലാളിയുടെ ശബ്ദംകേട്ട് വെളുത്തുതടിച്ച ഒരു സ്ത്രീ വാതില്‍ക്കല്‍ വന്നു. ”മ്മളെ സാറന്മാരാണ്. ഇതാണ് സൂസി എപ്പളും പറയണ ആ കഥയെഴ്തണ പാര്‍ട്ടി.” അവര്‍ അശോകനെ നോക്കി ചിരിച്ചു.
”കുടിക്കാന്‍ തണുത്തതെടുക്കട്ടെ?”
”അയ്യോ, ഒന്നും വേണ്ട. ഞങ്ങളിപ്പോ കഴിച്ചെറങ്ങ്യേതേ ഉള്ളു.” അശോകന്‍ പറഞ്ഞു.
”മോള്‍ക്ക് വല്യ കാര്യാണ്. എപ്പളും പറയും.” അവര്‍ സാരിത്തലപ്പുകൊണ്ട് മുഖംതുടച്ച് അകത്തേക്കു പോയി.
”സൂസിയെവിടെ?” അശോകന്റെ ശബ്ദത്തില്‍ ഒരു തിടുക്കമുള്ളതുപോലെ എനിക്കുതോന്നി. തന്റെ ഇത്രയും കടുത്ത ഒരാരാധികയെ കാണാന്‍ ഏതൊരെഴുത്തുകാരനാണ് ഉത്കണ്ഠപ്പെടാതിരിക്കുക?
”സാറ് വന്നാട്ടെ.” മൊതലാളി ഞങ്ങളെ അകത്തെ മുറിയിലേക്കു ക്ഷണിച്ചു. ഇടനാഴിയോടുചേര്‍ന്ന ഒരു കൊച്ചുമുറി. വാതില്‍ തുറന്നുകിടക്കുന്നു. കട്ടിലിന്മേല്‍ ഉയര്‍ത്തവച്ച തലയിണമേല്‍ചാരി ഒരു പെണ്‍കുട്ടി കിടക്കുന്നു. മേരിക്കുട്ടി, ഞങ്ങളുടെ വരവറിഞ്ഞിട്ടാകാം  ഒരു പുതപ്പുകൊണ്ട് അവളെ മാറോളം മൂടുന്നുണ്ട്.
വിളറിയ മുഖം. ചുണ്ട് ഇടത്തോട്ട് അല്പം കോടിയിട്ടുണ്ട്. ഇടതൂര്‍ന്ന മുടി തലയിണയില്‍ ചിതറിക്കിടക്കുന്നു. ആ കണ്ണുകള്‍! വിടര്‍ന്നു നീലിച്ച ആ കണ്ണുകളിലാണ് അവളുടെ ജീവന്‍ മുഴുവനും.
”സൂസിമോളേ, ദാണ് മ്മളെ കഥയെഴുതണ അശോകന്‍സാറ്.”
അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ മിന്നി. ചുണ്ടനക്കാന്‍ ഒരു വിഫലശ്രമം നടത്തി. ആ കണ്ണുകള്‍ അശോകന്റെ മുഖത്തുതന്നെ പറ്റിനില്ക്കുന്നു.
”അരക്ക്ന്ന് കീഴ്‌പ്പെട്ട് അനക്കല്യ. മിണ്ടാനും വയ്യ. ഡിഗ്രിക്ക് പഠിക്ക്മ്പളാ തളര്‍ന്ന് കെടപ്പായേ. കൊറേ അലോപ്പതി നോക്കി. പിന്നെ ആയുര്‍വ്വേദം.”
”പഠിക്കണകാലത്ത് കഥകളെഴുതീര്ന്നു. കോളേജില് സമ്മാനൊക്കെ കിട്ടീട്ട്ണ്ട്.” മേരിക്കുട്ടിയുടെ തൊണ്ടയിടറി.
” ഇപ്പൊ എപ്പളും കഥ കേള്‍ക്കണം. ഒറ്റക്കു പുസ്തകംനീര്‍ത്തി വായിക്കാന്‍വയ്യാത്തോണ്ട്  കടപൂട്ടിവന്നാ രാത്രി ഞാന്‍ വായിച്ചുകേള്‍പ്പിക്കും. അങ്ങന്യാണ് ഞാന്‍ സാറിന്റെ കഥ വായിക്കണത്. ഇനിക്ക് കഥേപ്പറ്റി ഒന്നും അറിയില്ല സാറേ. സൂസിടെ കണ്ണില് നക്ഷത്രം കണ്ടാല്‍ മ്മക്കു മനസ്സിലാവും അതാണ് നല്ലകഥയെന്ന്.”
നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശംപോലെ അവളുടെ കണ്ണുകള്‍ തിളങ്ങിയിരുന്നു. ഞങ്ങള്‍ നോക്കിയിരിക്കെ അത് പിന്നെപ്പിന്നെ ഒരു തടാകംപോലെ തുളുമ്പാന്‍തുടങ്ങി. ക്രമേണ ആ കൃഷ്ണമണിയുടെ മദ്ധ്യത്തില്‍ ഒരു വാതില്‍ തുറക്കുന്നതുപോലെയും പ്രകാശംനിറഞ്ഞ ഒരു ഹാളിലേക്കു പ്രവേശിക്കുന്നതുപോലെയും ഞങ്ങള്‍ക്കു തോന്നി. പുകമഞ്ഞിലെന്നപോലെ നിരവധി കഥാപാത്രങ്ങളുടെ അവ്യക്തരൂപങ്ങള്‍ അവിടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
***
(ഇരുപതുവർഷം മുമ്പ് എഴുതിയ കഥയാണിത്. ദേശാഭിമാനിയുടെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അശോകൻ ചരുവിലിന്റെ ‘പുളിനെല്ലി സ്റ്റേഷൻ’ എന്ന കഥാസമാഹാരത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.)