ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ ഓർമ്മവന്നു. വാളമീൻ കല്പിക്കുന്നു ഞാൻ ഇച്ഛിക്കുന്നു എന്ന മാന്ത്രികവാക്യം ഉരുവിട്ടാൽ വിചാരിച്ചതെന്തും സാധിക്കുന്ന വരം ലഭിച്ച യമേല്യ എന്ന ഒരു പാവം കുട്ടി. കൊല്ലാതെ വിട്ടതിന് നന്ദിപൂർവ്വം ഒരു വാളമീൻ അവൾക്കു നൽകിയ വരമായിരുന്നു അത്. കുട്ടിക്കാലത്ത് ആ സചിത്രപുസ്തകം എത്രയോ തവണ വായിച്ചിരുന്നു. വാളമീൻ കല്പിക്കുന്നു എന്ന മന്ത്രമുരുവിട്ട് എത്രയോ നടക്കാത്ത സ്വപ്നങ്ങൾ സങ്കല്പത്തിൽ സാധിച്ചിരുന്നു. ആ വാക്യമുരുവിട്ട് മനസ്സു നീറി പ്രാർത്ഥിച്ചാൽ യമേല്യയെപ്പോലെ നമ്മുടെ കുട്ടികൾ നാട്ടിലെത്തിയിരുന്നെങ്കിൽ!
മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു നാടാണ് അത്. സോവിയറ്റെന്നൊരു നാടുണ്ടത്രേ; പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം! എന്ന് കൊയ്ത്തരിവാളേന്തിയ നാണിമാർ ആഗ്രഹിച്ചതാണ്. എഴുപതുകളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് പാഠപുസ്തകം പൊതിയാൻ കിട്ടിയിരുന്ന സോവിയറ്റ് നാട് എന്ന സൗജന്യ പ്രസിദ്ധീകരണത്തിന്റെ വലിയ വർണ്ണത്താളുകൾ ഓർമ്മവന്നു. തക്കാളിത്തുടുമുഖമുള്ള പുഞ്ചിരിക്കുന്ന കുട്ടികൾ. അവരെ ഉന്തുവണ്ടിയിൽ ഉരുട്ടിനടക്കുന്ന സുന്ദരിമാർ. ട്രാക്ടറുകളിൽ തൊപ്പിയും രോമക്കുപ്പായവും ധരിച്ച് കൈ വീശുന്ന കൃഷിക്കാർ. അക്കാലത്ത് മേൽവിലാസം അയച്ചുകൊടുത്താൽ സൗജന്യമായി ലഭിക്കുമായിരുന്നു സോവിയറ്റ് നാട്.
സോവിയറ്റ് ലിറ്ററേച്ചർ എന്ന ഇംഗ്ലീഷ് മാസിക നിസ്സാരമായ വാർഷികവരിസംഖ്യ കൊടുത്ത് ഞാൻ വരുത്തിയിരുന്നു. ഉക്രൈൻ എന്ന പ്രവിശ്യയെക്കുറിച്ചെല്ലാം കേൾക്കുന്നത് ഇത്തരം പ്രസിദ്ധീകരണങ്ങൾ വഴിയാണ്. ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ സോവിയറ്റു യൂണിയനിൽ അച്ചടിച്ചുവന്ന നിരവധി പുസ്തകങ്ങൾ ഇന്നും കേടുകൂടാതെ ഇരിപ്പുണ്ട്. പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന ആ പുസ്തകങ്ങളുടെ നിർമ്മിതി അക്കാലത്ത് അസൂയ ഉണ്ടാക്കും. മികച്ച കെട്ടും മട്ടും. ഒന്നാംതരം കടലാസ്. തിളക്കവും മിനുസവുമുള്ള പുറംചട്ട. നമ്മുടെ അച്ചുകൂടങ്ങളിൽ കാണാത്ത തരം ലിപിവിന്യാസം. സർവ്വോപരി അതു തുറക്കുമ്പോഴത്തെ മണം.
ജന്തുക്കൾ ആദ്യം മണത്തു നോക്കി രുചിക്കുന്നതുപോലെയാണ് അക്കാലത്ത് എന്റെ പുസ്തകവായന. വായിക്കും മുമ്പ് വാസനിക്കും. വായനശാലയിലെ അലമാരയിൽ മുഷിഞ്ഞും തുന്നുവിട്ടും ഇരിക്കുന്ന സാധാരണക്കാരുടെ നോവലുകൾക്ക് റേഷനരിയുടേയും മണ്ണെണ്ണയുടേയും മണമാവും. എന്നാൽ അവർക്കിടയിൽ അധികം കൈപ്പെരുമാറ്റമില്ലാതെ എന്നും പുത്തനായിരിക്കുന്ന ഗോർക്കിയുടെ അമ്മ പകുത്തു മണത്താൽ അപരിചിതമായ ഒരു മണം കിട്ടും. അതാണ് സോവിയറ്റ് യൂണിയന്റെ മണം എന്നാണ് ഞാൻ ധരിച്ചിരുന്നത്.