സുഗതൻ

സഹസംവിധായകൻ ആർ. സുഗതൻ അന്തരിച്ചു.
മൂന്നരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തോടൊപ്പം ചിലവിട്ട ഏതാനും ദിവസങ്ങളുടെ ഓർമ്മയിൽ മനസ്സു വിങ്ങി.

സിനിമാപ്രവർത്തകനായിട്ടല്ല നാടകപ്രവർത്തകനായിട്ടാണ് സുഗതനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് സുഗതൻ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടികൾക്കുവേണ്ടി ഞാനെഴുതിയ ഒരു ലഘുനാടകം സംവിധാനം ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കി തരണമെന്ന ആവശ്യവുമായി ഞാനും തോട്ടുപുറം ശങ്കരേട്ടനും കൂടി ഡ്രാമാസ്കൂളിൽ അധ്യാപകനായിരുന്ന നെടുമ്പള്ളി കൃഷ്ണൻ നമ്പൂതിരിയെ ചെന്നുകണ്ടു. നെടുമ്പള്ളിയാണ് സുഗതനെ പരിചയപ്പെടുത്തിയതും സംവിധാനം ചെയ്യാൻ ചുമതലപ്പെടുത്തിയതും.

സുഗതൻ വട്ടംകുളത്തു വന്നു. സ്കൂളിൽവെച്ചായിരുന്നു റിഹേഴ്സൽ. അനാഥരായ തെരുവുബാലകരുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. ഉണ്ണിക്കൈ വളരൂ എന്നോ മറ്റോ ആയിരുന്നു പേര്. സംഗീത നാടക അക്കാദമി പെരുമ്പാവൂരിൽ സംഘടിപ്പിച്ച അഖില കേരള ബാലനാടകോത്സവത്തിൽ അവതരിപ്പിക്കുവാനാണ് ആ നാടകമുണ്ടായത്. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുട്ടികൾക്കും കലാസമിതി പ്രവർത്തകർക്കും അതു നല്ലൊരനുഭവമായി, പരിശീലനമായി. സംഗീതവും നൃത്തവും പോലെ പഠിച്ചറിയേണ്ട ഒരു കലയാണ് നാടകവും എന്ന് ബോധ്യമായി. സുഗതൻ കുമ്മാട്ടിപ്പാട്ടു പാടി കുട്ടികളോടൊത്ത് നൃത്തം ചെയ്ത് അവരിലൊരാളായി മാറി.

നാടകം കഴിഞ്ഞ് സുഗതൻ തിരിച്ചുപോയി. ഡ്രാമാ സ്കൂളിലെ പഠനവും അവസാനിച്ചു. നാട്ടിൽ പോയശേഷവും ഞങ്ങൾ ഇടയ്ക്കിടെ കത്തുകൾ അയക്കുമായിരുന്നു. പിന്നെപ്പിന്നെ അതും ഇല്ലാതായി. വർഷങ്ങൾക്കുശേഷം ഒരിക്കൽ എവിടെയോവെച്ച് കണ്ടുമുട്ടി. ഓർമ്മകൾ പങ്കുവെച്ചു. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണെന്ന് പിന്നീടെപ്പൊഴോ കേട്ടറിഞ്ഞു.

ഇപ്പോൾ രാജീവ് രാമചന്ദ്രനാണ് സുഗതൻ പോയ വിവരം അറിയിച്ചത്.
വിട, പ്രിയനേ!