അക്കിത്തത്തിന്റെ ആഖ്യാനകല

1
അര നൂറ്റാണ്ടുമുമ്പ് ഞാൻ കണ്ട ഒരു ഭൂപ്രകൃതി ഓർത്തെടുത്തുകൊണ്ട് ആരംഭിക്കാം. കുമരനെല്ലൂരിൽ അക്കിത്തത്തിന്റെ വീട്ടിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് ഇറങ്ങിനടക്കാൻ ഒരു കുണ്ടനിടവഴിയുണ്ടായിരുന്നു. അത് ചെല്ലുന്നത് വിശാലമായ ഒരു പാടത്തേക്കാണ്. ആ പാടവരമ്പിലൂടെ മറുകരയിലേക്കു നടന്നാൽ നീലിയാട് വളവിൽ എത്തും. നീലിയാട് വളവ് റോഡും തോടും കടന്നുപോകുന്ന ഒരു സ്ഥലമാണ്. ഏതാണ്ട് തൊണ്ണൂറു ഡിഗ്രിയിലുള്ള ഈ കൊടുംവളവ്, മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തിയുമാണ്. വർഷകാലത്ത് തോട് നിറഞ്ഞുകവിയും. ഈ തോടിന്റെ പാലത്തിന്മേലാണ് കവി ബസ്സുംകാത്ത് ഇരിക്കാറുള്ളത്. (ഇങ്ങനെയൊരു കാത്തിരിപ്പിനിടയിലാണ് വളവിങ്കൽ മൂസ എന്ന തണ്ണീർപ്പന്തൽ പ്രത്യക്ഷപ്പെടുന്നത്. അതിനെക്കുറിച്ച് വഴിയേ പറയുന്നുണ്ട്.) ആ വളവിൽനിന്ന് അല്പം വടക്കോട്ടു നടന്നാൽ വഴിയോരത്ത് ഒരു കൊക്കരണിയുണ്ട്. അതിനോടു ചേർന്ന് ഒരു കരിങ്കല്ലത്താണിയും. തോടും അത്താണിയും ഇന്നുമുണ്ട്. കൊക്കരണി തൂർന്നുപോയിരിക്കുന്നു.

ഈ ഭൂപ്രകൃതി വർണ്ണിച്ചത് കവിയുടെ വീട്ടിലേക്കുള്ള വഴി കാട്ടാനല്ല. അക്കിത്തത്തിന്റെ കവിതയിലേക്കുള്ള പല വഴികളിൽ ഒന്ന് കാണിക്കാനാണ്. പ്രകൃതിയിൽ കൊക്കരണികളും കൈത്തോടുകളും ഉള്ളതുപോലെ കവിതയിലുമുണ്ട് സമാനമായ ഉറവുകളും ഒഴുക്കുകളും. കൊക്കരണി (പുഷ്കരണി) നിശ്ചലജലാശയമാണെങ്കിൽ കൈത്തോട് പ്രവാഹമാണ്. മലയാളത്തിൽ ആധുനികതയോടൊപ്പം പ്രചാരമാർജിച്ച ഭാവഗീതങ്ങൾ കൊക്കരണികളെപ്പോലെ ചെറുതും നഭഃശ്ചരജ്യോതിസ്സുകളെ പ്രതിഫലിപ്പിക്കുന്ന വഴിക്കണ്ണാടികളുമായിരുന്നു. അക്കിത്തത്തിന്റെ വളക്കിലുക്കം, പരമദുഃഖം തുടങ്ങിയ കവിതകൾ ഇത്തരം വഴിക്കുളങ്ങളാണ്. എന്നാൽ പണ്ടത്തെ മേശാന്തി, വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയവ ആഖ്യാനസ്വഭാവംകൊണ്ട് ഒലിച്ചുപോകുന്ന കൈത്തോടുകളാണ്. അക്കിത്തത്തിന്റെ സംഭാവനകളിൽ ഭാവഗീതങ്ങളുടെ കൊക്കരണികളേക്കാൾ ആഖ്യാനകവിതകളുടെ കൈത്തോടുകളാണ് കൂടുതൽ. കണ്ണീരാണ് ഈ കൈത്തോടുകളിലൂടെ ഒലിച്ചുപോയ്ക്കൊണ്ടിരുന്നത്. താണനിലത്തുകൂടെ നീരോടുന്ന സ്വാഭാവികത ആ പ്രവാഹത്തിനുണ്ടായിരുന്നു. (“പരസുഖമേ സുഖമെനിക്കു നിയതം / പരദുഃഖം ദുഃഖം / പരമാർത്ഥത്തിൽ പരനും ഞാനും / ഭവാനുമൊന്നല്ലീ?”) ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് പൊഴിക്കുന്നതിന്റെ ധന്യത ഇതാണ്.

2
നീലിയാട്ടിലെ തണ്ണീർപ്പന്തൽ എന്ന കവിതതന്നെ എടുക്കുക (P 72). അക്കിത്തത്തിന്റെ ആദ്യകാലരചനകളിലൊന്നാണ് ഇത്. (മനഃസാക്ഷിയുടെ പൂക്കൾ 1951). പിൽക്കാലത്ത് വികസിതമായ അക്കിത്തത്തിന്റെ തനതായ ആഖ്യാനകലയുടെ ഘടനയും ജീവിതദർശനമായ കണ്ണീരിന്റെ ജലസാന്നിദ്ധ്യവും ഈ കവിതയിലാണ് തുടക്കം കുറിച്ചത് എന്നു കരുതാം. വിവാഹിതനായിട്ട് രണ്ടു തിങ്ങൾ മാത്രം പിന്നിട്ട കവി ആദ്യമായി നവവധുവിനെ പിരിഞ്ഞ് യാത്രക്കു പോവുകയാണ്. നീലിയാട്ടിലെ പാലത്തിന്മേൽ ബസ്സുകാത്ത് ഇരിക്കുമ്പോഴേക്കും വിരഹവേദന കവിയെ വിഷാദവാനാക്കുന്നു. ആ സമയത്താണ് കവിയോട് യാത്രാകുശലം ചോദിച്ചുകൊണ്ട് വളവിങ്കൽ മൂസ എന്ന നിഷ്കാമകർമ്മനായ ആജാനബാഹു പ്രത്യക്ഷപ്പെടുന്നത്. ചുമടെടുത്തും സന്ദേശങ്ങൾ കൈമാറിയും വിശേഷം പറഞ്ഞും വഴിപോക്കരുടെ യാത്രാക്ലേശം ലഘൂകരിക്കുന്ന അയാൾക്ക് വീടോ കുടുംബമോ ഇല്ല. അയാൾക്ക് എല്ലാരും സ്വന്തക്കാരാണ്. വഴിപോക്കർക്ക് തണലും തണ്ണീരും ചൊരിയുന്ന തണ്ണീർപ്പന്തലാണ് അയാൾ. മൂസ കൊടുത്ത മുറുക്കാനും തിന്ന് തമാശപറഞ്ഞ് ചിരിച്ചിരിക്കുമ്പോൾ കവി തന്റെ സ്വകാര്യദുഃഖം മറന്നു. എന്നാൽ ബസ്സു വരാൻ നേരത്ത് കവി ഒരവിവേകം ചെയ്തു. കുട്ടികളില്ലേ മൂസയ്ക്ക് എന്നു ചോദിച്ചു. അയാളൊന്നു ഞെട്ടി. അനാഥനും വഴിയാധാരവുമായ അയാളോട് ആരും ഇങ്ങനെയൊരു ചോദ്യം മുമ്പു ചോദിച്ചിട്ടുണ്ടാവില്ല. തുടർന്ന് ആ മനുഷ്യന്റെ കവിളിൽ:

ഒഴുകിച്ചേരും ധാരാവാഹിയാം കണ്ണീരിൽ അ-
ന്നെഴുതിക്കണ്ടേൻ ഒരു മൂർത്തിമദ്വിഷാദത്തെ
ആഴവും പരപ്പുമാർന്ന് ഉഡുപഞ്ജരം പോലൊ-
രാദ്യന്തവിഹീനമാം ഉജ്വലചൈതന്യത്തെ
ദേവനിൽ മനുഷ്യനിൽ തിര്യക്കിൽ അണുവിലും
ജീവസൗന്ദര്യം പാവും നിശ്ചലചലനത്തെ!
ഹാ, മറന്നുപോം ഞാൻ എമ്മട്ടിൽ ആ തരിശാണ്ട
ജീവിതത്തണ്ണീർപ്പന്തലേകിയ വിജ്ഞാനത്തെ?

പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു വിഷാദമൂർത്തിയുടെ വിശ്വരൂപം ആർജിക്കുകയാണ് വളവിങ്കൽ മൂസ ഈ അവസാനവരികളിൽ. അനാഥനായ മൂസ നീലിയാട്ടിലെ തണ്ണീർപ്പന്തലാണെങ്കിൽ ഗൃഹസ്ഥനായ താൻ നടുമുറ്റത്തെ മുല്ലപ്പന്തൽ മാത്രമാണെന്ന് തിരിച്ചറിയുന്നു. ആ വലിയ ദുഃഖത്തിന്റെ മുന്നിൽ തന്റെ ദുഃഖം എത്രമേൽ നിസ്സാരം എന്നറിയുന്നു. വിനീതനാകുന്നു.
ഇങ്ങനെ അതിസാധാരണമായ ഒരു തുടക്കത്തിൽനിന്ന് അത്യസാധാരണമായ ഒരു വെളിപാടിൽ കലാശിക്കുന്നതാണ് അക്കിത്തം കവിതയുടെ ആഖ്യാനഘടന.

3
പൊതുവേ മനുഷ്യസങ്കീർത്തനമാണ് പൊന്നാനിക്കാരുടെ കവിത. സംഘർഷഭരിതമായ ജീവിതസന്ദർഭങ്ങളുടെ ആഖ്യാനവും വ്യാഖ്യാനവുമാണ് ഇടശ്ശേരിയും അക്കിത്തവും ചെയ്തുവന്നത്. ഇടശ്ശേരി തന്റെ ഗുരുവാണെന്ന് അക്കിത്തം എല്ലായ്പോഴും പറയുമായിരുന്നു. (രാമലക്ഷ്മണന്മാരെ തോളേറ്റിയ ഹനുമാൻ) എന്നാൽ അവരുടെ ജീവിതവീക്ഷണങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. ഇടശ്ശേരി തിരഞ്ഞെടുക്കുന്ന സന്ദർഭങ്ങൾക്ക് നാടകീയത കൂടും. കവിതയിലെ വക്താവ് അഥവാ ആഖ്യാതാവ് മിക്കവാറും നിരീക്ഷകനാവും. കവി, കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയുമാണ് ചെയ്യുക.

എന്നാൽ അക്കിത്തത്തിന് താൻതന്നെയാണ് തന്റെ കഥാപാത്രം. തന്റെ നേരനുഭവങ്ങളും അതിനെച്ചുറ്റിപ്പറ്റിയുള്ള വിചാരങ്ങളുമാണ് അക്കിത്തം ആഖ്യാനം ചെയ്യുന്നത്. ആത്മഭാഷണങ്ങളോ സ്വഗതാഖ്യാനങ്ങളോ ആണ് അവ. ഇതിഹാസത്തിലെ വക്താവ് / നായകനെപ്പറ്റി എം ലീലാവതി ഇങ്ങനെ എഴുതി : “ഒരു കണ്ണീർക്കണം….പൗർണ്ണമി”. എന്നു പശ്ചാത്താപഭരിതനായി കുറ്റമേറ്റു പറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചവനെന്നു വിശേഷിപ്പിക്കാറുള്ള ഈശ്വരനെത്തന്നെയാണ് അദ്ദേഹം അനുകരിച്ചത്. കവിയുടെ സ്വന്തം രൂപത്തിൽ പിറക്കുന്ന മാനസപുത്രനാണ് കഥാപാത്രം. തീസീസും ആന്റിതീസീസും സിന്തസിസും ആസ്പദമാക്കിയുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താവെന്ന നിലയ്ക്ക് കഥാപാത്രത്തിന്റെ ബാഹ്യരൂപത്തിന് ഒരു പാർട്ടിയുടെ നേതാവിന്റെ ഛായയും നൽകി. അങ്ങനെ കഥാപാത്രം പുറമേയ്ക്കു പാർട്ടി നേതാവും, അകമേ താൻതന്നെയുമായ ഒരു മിശ്രസത്തയായി.”

ഇടശ്ശേരിയെ അപേക്ഷിച്ച് ദുർബ്ബലഹൃദയനാണ് അക്കിത്തം. കരുത്തനായ ഇടശ്ശേരി കരയില്ല. അക്കിത്തമാകട്ടെ കരയാത്തവർക്കുവേണ്ടി കൂടി കണ്ണീരൊഴുക്കും. ഇടശ്ശേരി സംഘർഷത്തിൽനിന്ന് തീയുണ്ടാക്കും. അക്കിത്തം സമന്വയത്തിന്റെ കണ്ണീരുകൊണ്ട് അതു അണയ്ക്കും. ഒരേ ജീവിതസന്ദർഭത്തെത്തന്നെ ഇരുവരും പരിചരിച്ചതിലെ വ്യത്യാസം മനസ്സിലാവാൻ പറ്റിയ ഒരു കവിതയുണ്ട്, അന്തിത്തിരി എന്ന ശീർഷകത്തിൽ. ഇടശ്ശേരിയുടെ അന്തിത്തിരി പ്രസിദ്ധമാണ്. അന്തിത്തിരിയുമായി എത്തുന്ന ഇളമുറക്കാർക്കുമുന്നിൽ തല കുനിക്കുന്ന പഴമയെയാണ് ഇടശ്ശേരി കാണിച്ചത്. (ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന ഭള്ളുമൊടുവിൽ കുനിയും/അന്തിത്തിരിയുമായ് എത്തുന്ന നിങ്ങൾതൻ മുന്നിൽ ഇളമുറക്കാരേ.) അക്കിത്തത്തിന്റെ അന്തിത്തിരിയിൽ (P 308) അന്തിത്തിരി കൊളുത്താതെ മുല്ലമാല കോർക്കുന്ന ഇളമുറയുടെ ചാപല്യത്തെ വാത്സല്യപൂർവം പൊറുത്ത്, അവളെ അനുഗ്രഹിക്കുന്ന പഴമയെ ആണ് കാണുക. സംഘർഷമല്ല സമരഞ്ജനമാണ് അക്കിത്തത്തിന്റെ വഴി.

“പെട്ടെന്നെന്നെ ശീതളമാം ര-
ണ്ടസ്ഥികൾതൻ വിറ പുൽകുന്നു;
നിറുകയിലേതോ താപകണം വീ-
ണെരിവൂ! കാതു കുളിർക്കുന്നു:
“ജീവാത്മാവിൻ തരളത നീക്കും
പാവനമാമിസ്സൗരഭ്യം
ആകല്പം നിലനിൽക്കാനല്ലോ
അന്തിത്തിരി നാം വെക്കുന്നു!”
ശരിയാവാമതു തെറ്റും; ഞാനെൻ
കരളിലെ മിന്നൽപ്പിണർ വെപ്പൂ
അശ്രുവിലെരിയും തിരിപോൽ പെട്ടെ-
ന്നമ്മൂമ്മയ്ക്കും മുല്ലയ്ക്കും.

അപ്രതീക്ഷിതമായ ഈ ‘കരളിലെ മിന്നൽപ്പിണരാണ്’ കവിതയുടെ കണ്ണഞ്ചിക്കുന്ന വെളിച്ചം. കവിത കുടികൊള്ളുന്നതും കരളിലാണ്. “കരളിൽ സ്ഥലകാലക്ഷീരസാഗരത്തിലെ കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം” എന്നാണ് കവിയാകാൻ മോഹിക്കുന്നവർക്ക് അക്കിത്തം നൽകുന്ന ഉപദേശം. കടലാസിലേക്കു പകർത്തൽ പിന്നീടുമതി. ‘ഹൃദയത്തിലേക്കു നോക്കി എഴുതൂ’ എന്നത് അക്കിത്തമെഴുതിയ ഒരു ഉപന്യാസസമാഹാരത്തിന്റെ പേരു മാത്രമല്ല, അദ്ദേഹത്തിന്റെ കാവ്യസങ്കല്പം കൂടിയാണ്. പുറത്തല്ല അകത്താണ് ഇരിക്കുന്നത്, സത്യവും സൗന്ദര്യവും. അക്കിത്തത്തെ സമകാലികരിൽ നിന്ന് വേറിട്ടുനിർത്തിയത് ഈ ദർശനമാണ്. ഇതിന്റെ പേരിൽ ഘോഷയാത്രയിൽ തനിയെ നടന്നു അദ്ദേഹം. ചിലപ്പോഴൊക്കെ എതിരേയും നടന്നു. വൈലോപ്പിള്ളി നെഞ്ചുകീറി നേരിനെ കാട്ടിയതുപോലെ അക്കിത്തവും ഉള്ളുതുറന്നു:

“ഉള്ളതു ചൊന്നാൽക്കഞ്ഞി നമുക്കി-
ല്ലെന്നായാലും കൊള്ളാം,
ഉറിയും കരളു തുറന്നു ചിരിച്ചു
തെല്ലെന്നാലും കൊള്ളാം,
നെഞ്ചിലെ നേരു തുറന്നു പറഞ്ഞാൽ
സുഖമായല്ലിലുറങ്ങാം,
എൻ ചെറുബുദ്ധിക്കിവിടെത്തീർന്നു
സകലവിധായുർവേദം.” (വിപ്ലവകവി P 254)

4
കൈത്തോട്ടിലെ നീരൊഴുക്കാണ് കവിതയിലെ ആഖ്യാനമെന്നു പറഞ്ഞു. നീലിയാട്ടിലെ പാലത്തിന്മേൽ നിന്നാൽ അതിലെ നീരൊഴുക്ക് എവിടെനിന്ന് ഉത്ഭവിക്കുന്നു, എവിടെ ചെന്നു ചേരുന്നു എന്നു കാണാനാവില്ല. എങ്ങോനിന്നു പുറപ്പെട്ട് എങ്ങോട്ടോ പോകുന്നു. കവിതയുടെ ഉറവിടവും കൃത്യമായി നിർണ്ണയിക്കാനാവില്ല. എങ്കിലും ഒരു കവിതയുടെ വിചിത്രമായ പിറവിയെപ്പറ്റി അക്കിത്തമെഴുതിയ ഒരുപന്യാസമുണ്ട് ഈ പുസ്തകത്തിൽ (ഹൃദയത്തിലേക്കു നോക്കി എഴുതൂ). പാഞ്ഞാളിൽ നടന്ന അതിരാത്രത്തെക്കുറിച്ച് വിശദമായി പഠിച്ച അമേരിക്കൻ പണ്ഡിതൻ ഫ്രിറ്റ്സ് സ്റ്റാൾ, ‘അഗ്നി’ എന്ന പേരിൽ രണ്ടുവാല്യങ്ങളിലായി ഒരു ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാഗകർമ്മത്തെ അതിവിശദമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ്. അതു വായിച്ചുകൊണ്ടിരിക്കെ കൗതുകകരമായ ഒരു വസ്തുതയിൽ കവിയുടെ കണ്ണുടക്കി. യാഗകർമ്മത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു വിശേഷപ്പെട്ട കല്ല് ഭാരതപ്പുഴയിലെ വരണ്ടുകുറ്റി കടവിൽനിന്നാണ് ശേഖരിക്കുന്നത്. ‘സ്വയമാതൃണ്ണ’ എന്നത്രേ ആ കല്ലിനു പേര്. ആ പദം എങ്ങനെ വന്നു എന്നറിയാൻ അദ്ദേഹം നിഘണ്ടു നോക്കി. നിർഭാഗ്യത്തിന്, ആ നിഘണ്ടുവിൽ സ്വയമാതൃണ്ണ ഇല്ല. സ്വയയിൽ തുടങ്ങുന്ന അടുത്ത പദം ‘സ്വയംകൃതാനർത്ഥപഞ്ചകം’ ആണ്. അപ്പോൾ അതായി കൗതുകം. എന്താണ് സ്വയംകൃതാനർത്ഥപഞ്ചകം? തന്നത്താൻ വരുത്തിക്കൂട്ടുന്ന അനർത്ഥം. അതായത്, ദരിദ്രനു രണ്ടു ഭാര്യ, രണ്ടുദിക്കിൽ കൃഷി, പെരുവഴിയിൽ വീടുവെയ്ക്കുക, കോടതിയിൽ സാക്ഷിനിൽക്കേണ്ടിവരിക, ചുമതലകൾ ഏറ്റെടുക്കേണ്ടിവരിക ഇങ്ങിനെ അഞ്ച്. എങ്കിൽ ഈ അഞ്ചുംതികഞ്ഞയാളുടെ ദുരിതം എന്താവാം എന്ന കുസൃതിച്ചിന്തയാണ് ‘അഞ്ചും തികഞ്ഞവൻ’ എന്ന കവിതക്കു വിത്തായിത്തീർന്നത്. (പേജ് 175)

ഇക്കവിതയിൽ കരയുന്ന കവിയില്ല. കരയിൽ തലതല്ലി ചിരിക്കുന്ന കവിയാണ് ഉള്ളത്. പതിവുപോലെ താൻതന്നെയാണ് നായകൻ. ഇവിടെ നായകനു സംഭവിക്കുന്ന അനർത്ഥങ്ങളൊന്നും സ്വയംകൃതമായിരുന്നില്ല. യാദൃച്ഛികതകളാണ് അയാളെ അഞ്ചുംതികഞ്ഞവനാക്കുന്നത്. അതിലേക്കു നയിച്ച സംഭവപരമ്പരയുടെ അസംബന്ധ നാടകീയതയാണ് ഈ ആഖ്യാനത്തെ ചിരിയുടെ മാലപ്പടക്കമാക്കുന്നത്. കവിതയിലെ നായകൻ എലിമെന്ററി സ്കൂളിൽ അധ്യാപകനും രണ്ടിടത്ത് കൃഷി ചെയ്യുന്നയാളുമാണ്. അതുകൊണ്ടാണ് “ഇരുരണ്ടുനാലിന്റെ വിത്തു വിതച്ചേൻ / എലിമെന്ററി സ്കൂളിലന്തിയാവോളം “ എന്ന് കവി വർണ്ണിച്ചത്.

ഞാൻ പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അധ്യാപകനായി ചേർന്ന കാലത്താണ് ഇക്കവിത വായിക്കാനിടയാകുന്നത്. ഒരിക്കൽ ഞാൻ ക്ലാസിൽ കുട്ടികൾക്ക് നിഘണ്ടു പരിചയപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ് മലയാളം, ഹിന്ദി മലയാളം, മലയാളം ഇംഗ്ലീഷ് എന്നിങ്ങനെ സ്കൂൾ ലൈബ്രറിയിൽ ലഭ്യമായ പലതരം നിഘണ്ടുക്കൾ കുട്ടികൾക്കു കൈമാറി. ചില പദങ്ങൾ ബോർഡിലെഴുതി അവയുടെ അർത്ഥം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. പുറംചട്ട പോയതും തുന്നുവിട്ടതുമായ ഒരു നിഘണ്ടുമാത്രം കുട്ടികളെടുക്കാതെ എന്റെ മേശപ്പുറത്ത് അവശേഷിച്ചു. അതൊരു മലയാളം ഇംഗ്ലീഷ് നിഘണ്ടുവായിരുന്നു. വെറുതേ താളുകൾ പകുത്തു നേരംപോക്കുകയായിരുന്ന എന്റെ കണ്ണിൽ അത്ഭുതമെന്നു പറയട്ടെ, ആ വാക്ക് പ്രത്യക്ഷപ്പെട്ടു. സ്വയമാതൃണ്ണ! ശബ്ദതാരാവലിയിൽപ്പോലും ഇല്ലാത്ത സ്വയമാതൃണ്ണ ഇതാ ആദ്യന്തവിഹീനമായ ഈ കീറപ്പുസ്തകത്തിൽ കിടക്കുന്നു! ആകാംക്ഷയോടെ ഞാൻ അതിന്റെ അർത്ഥം വായിച്ചു. A kind of stone/pebble, which cut into pieces by itself, usually found on the banks of Bharata puzha. ഏകദേശം ഇതായിരുന്നു ആ നിർവചനം. സ്വയം പിളർന്ന് രണ്ടായിത്തീർന്ന, സ്വയം മാതാവായി തീർന്ന കല്ലായിരിക്കുമോ സ്വയമാതൃണ്ണ? പിന്നീട് എപ്പോഴോ നേരിൽ കണ്ടപ്പോൾ കവിയോട് ഈ സംഭവം ഞാൻ പറഞ്ഞിരുന്നു. ആ നിഘണ്ടു ഏതെന്നറിയാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് എനിക്കത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

5
കവിസമ്മേളന വേദിയിൽ ഇരുന്നുകൊണ്ട് വെറ്റിലമുറുക്കുന്ന അക്കിത്തത്തിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. മറ്റുള്ളവർ കവിത ചൊല്ലുന്നത് സാകൂതം ശ്രദ്ധിച്ചുകൊണ്ടിരിക്കെത്തന്നെ അദ്ദേഹം തന്റെ പിച്ചളച്ചെല്ലം തുറന്ന് പിശ്ശാംകത്തിയെടുത്ത് സാവധാനം അടയ്ക്ക മൊരികളഞ്ഞ് അരിഞ്ഞെടുക്കുന്നതും വെറ്റില ഞെരമ്പു കളഞ്ഞ് ചുണ്ണാമ്പു തേക്കുന്നതും താംബൂലം വായിലിട്ട് ഊറിയൂറിച്ചിരിക്കുന്നതും എത്രയോ സദസ്സുകളിൽ ഞാൻ കൗതുകം കലർന്ന ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. മലയാളത്തിൽ ഇത്രമാത്രം മുറുക്കിച്ചുവന്ന കവിത വേറെയുണ്ടാവില്ല. അക്കാലത്ത് മുറുക്കും പുകവലിയുമൊന്നും ഇന്നത്തെപ്പോലെ ‘വലിയ വിലകൊടുക്കേണ്ട’ അപരാധമായി കരുതിയിരുന്നില്ല. (ഇന്നാണെങ്കിൽ കവിസമ്മേളനം തുടങ്ങുംമുമ്പ് സിനിമയിലെപ്പോലെ പുകയില ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പറയേണ്ടിവരുമായിരുന്നു! നാലാപ്പാട്ട് നാരായണമേനോൻ പുകയിലമാഹാത്മ്യം എന്നൊരു ഖണ്ഡകാവ്യംതന്നെ എഴുതിയിട്ടുണ്ട്.) മുറുക്കിക്കൊണ്ടാണ് എല്ലാ സാഹിത്യസല്ലാപങ്ങളുടേയും തുടക്കം. ഒരേ ചെല്ലത്തിൽനിന്ന് മുറുക്കുക എന്നാൽ ഒരേ സ്കൂൾ ഓഫ് തോട്ട് പങ്കിടുക എന്നുകൂടിയാണ്. നാലാപ്പാട്ടെ കോലായിലിരുന്ന ചെല്ലത്തിൽനിന്ന് മുറുക്കിത്തെളിഞ്ഞവരാണ് പഴയ പൊന്നാനിക്കവികൾ.

മുറുക്കാനെപ്പറ്റി പറഞ്ഞുവന്നത്, അടയ്ക്കയിലേക്ക് എത്താനാണ്. കവി ആകാശവാണിയിൽനിന്ന് റിട്ടയർ ചെയ്ത് വീട്ടിലെത്തി മുറ്റത്തും തൊടിയിലുമായി ഒതുങ്ങിക്കൂടുന്ന കാലത്തെഴുതിയ മനോഹരമായ രണ്ടു കവിതകളാണ് അടുത്തൂണും പഴുക്ക പറഞ്ഞതും. ഔദ്യോഗികച്ചുമതലകളൊഴിഞ്ഞപ്പോൾ കവി മുമ്പില്ലാത്തവിധം പ്രകൃതിയെ നിരീക്ഷിക്കാൻ തുടങ്ങി. മുക്കുറ്റിപ്പൂവിന് അഞ്ചും നിലപ്പനപ്പൂവിന് ആറും ഇതളുകളാണ് ഉള്ളത് എന്ന പ്രകൃതിരഹസ്യം കവി അറിയുന്നത് അപ്പോഴാണ്! (അടുത്തൂൺ P452). കൊടിയ വേനലിൽ കിണറ്റിലെ വെള്ളം താണു. മോട്ടോറുകൊണ്ട് പമ്പുചെയ്യാൻ പറ്റാത്തവിധമായി. തോട്ടം ഉണങ്ങിപ്പോകാതിരിക്കാൻ തേവി നനക്കുകയല്ലാതെ നിവൃത്തിയില്ലാതായി.

പേന താഴത്തിട്ടടുത്തൂൺ കഴിഞ്ഞ കൈ
പൂണുന്നു കൈക്കോട്ടു വീണ്ടും
ഇത്തിരി വെള്ളം കടയ്ക്കലെത്തുമ്പൊഴേ-
യ്ക്കെത്ര സന്തുഷ്ടമീപ്പൂഗം!
ചൂടിളം കാറ്റിൽ പൊഴിയും പഴുക്ക ഞാൻ
തേടിപ്പിടിച്ചെടുക്കുമ്പോൾ,
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട-
യന്തരാത്മാവിനോടോതി:
നിർത്തരുതുണ്ണീ, മുറുക്കു നീ, നിർത്തിയാൽ
ദഗ്ദ്ധമായ്ത്തീരുമെൻ വംശം.

മുറുക്കുന്ന കവിക്കുമാത്രമേ പഴുക്കയുടെ ഭാഷ മനസ്സിലാവൂ. എന്തൊരു ദയനീയമായ അപേക്ഷയാണത്! സമസ്ത ജീവജാലത്തിന്റെയും നിവേദനമാണ് അത്.

അടയ്ക്കയും കവുങ്ങും എന്ന മറ്റൊരു കവിതയെക്കൂടി ഓർമ്മിക്കാം. അഞ്ചുംതികഞ്ഞവനിലെപ്പോലെ ഇതിലെ കഥയും ഒരു കെട്ടുകഥയാണ്. കെട്ടുവിൽക്കുന്ന കടയിൽ കയറിയ കിട്ടുവിന് ഒരടക്ക കിട്ടി. കടക്കാരന്റെ കണ്ണുവെട്ടിച്ച് അയാളത് മടിയിൽ ഒളിപ്പിച്ചു. രാത്രി വീടെത്തി, അയാൾ ഉമ്മറക്കോലായിൽ കിടന്നുറങ്ങി. പിറ്റേന്ന് ഉണർന്ന് കണ്ണുമിഴിച്ചപ്പോൾ കെട്ടിയവളും അയൽക്കാരുമെല്ലാം തനിക്കുചുറ്റും കൂട്ടംകൂടി നിൽക്കുന്നു. എന്തൊരതിശയം! മലർന്നുകിടക്കുന്ന കിട്ടുവിന്റെ മടിയിൽനിന്ന് വലിയൊരു പാറ്റക്കവുങ്ങ് മേൽക്കൂരയും പൊളിച്ച് വളർന്നു വലുതായി നിൽക്കുന്നു! അടിയിൽപ്പെട്ട്, എഴുന്നേൽക്കാനാവാതെ കിടക്കുന്ന കിട്ടുവിന്റെ വിലാപം ഇങ്ങനെ:

“കുടുങ്ങിയല്ലോ ഞാനമ്മേ, മടിയിലെ കവുങ്ങിന്റെ-
യടിയിൽനിന്നെന്നെയെമ്മട്ടെടുത്തുമാറ്റും?”

‘അടയ്ക്കയായാൽ മടിയിൽ വെക്കാം, അടയ്ക്കാമരമായാലോ’ എന്ന പഴഞ്ചൊല്ലിന്റെ നേരാഖ്യാനമാണ് ഇത്. സ്വഭാവരൂപീകരണം കുട്ടിക്കാലത്തേ സാധ്യമാകൂ; മുതിർന്നാൽ സാധ്യമാവില്ല എന്നാണ് ഈ ചൊല്ലിന്റെ പൊരുൾ. എന്നാൽ മറ്റൊരു മനഃശാസ്ത്രമാനത്തിലാണ് ഞാൻ ഈ കെട്ടുകഥയെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നത്. മടിയിൽ മുളച്ചുണ്ടായ കവുങ്ങ് ആ മോഷ്ടാവിന്റെ പാപബോധമായി കരുതാനാണ് എനിക്കിഷ്ടം. അതിന്റെ ഭാരത്തിനടിയിൽനിന്ന് താനെങ്ങനെ തന്നെ രക്ഷപ്പെടുത്തും എന്നൊരു ഊരാക്കുടുക്കാണ് ഇത്. താൻ ചെയ്തത് തെറ്റാണ് എന്ന ബോധമാണ് അടയ്ക്കയെ ഒറ്റരാത്രികൊണ്ട് കവുങ്ങാക്കി മാറ്റിയത്. കുട്ടിക്കാലത്തെ ഇത്തരം ചെറിയ മോഷണങ്ങൾ അവരുടെ മനസ്സിനെ എങ്ങനെയെല്ലാം വേട്ടയാടുന്നു എന്നതിന് വൈലോപ്പിള്ളിയുടേയും വേഡ്സ്വർത്തിന്റേയും (Stolen boat) കവിതകൾ ഉദാഹരണമായുണ്ട്.

6
‘തൊള്ളേക്കണ്ണൻ’ (P 543) എന്ന കവിതയിൽക്കൂടി ഒന്നു കയറിയിറങ്ങി ഞാൻ നിർത്താം. അക്കിത്തത്തിന്റെ താരതമ്യേന അപ്രസിദ്ധമായ അവസാനകാലരചനകളിൽ ഒന്നാണ് ഇത്. വാർദ്ധക്യസഹജമായ ശാരീരികക്ലേശങ്ങളാലും അസ്വസ്ഥചിന്തകളാലും ഉറക്കമില്ലാതെ നേരം വെളുപ്പിച്ച ഒരു കാളരാത്രിയിൽ കവിയുടെ മനസ്സിലൂടെ കടന്നുപോകുന്ന വിചാരങ്ങളാണ് ഇക്കവിതയുടെ പ്രമേയം. ആലത്തൂര് ഹനുമാനോട് പേടിസ്വപ്നം കാട്ടരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് തുടങ്ങുന്നത്. (എത്ര സുന്ദരമായ കല്പനയാണ് ഈ പ്രാർത്ഥന! ലോകത്ത് മറ്റേതു ജനതക്കുണ്ടാവും പേടിസ്വപ്നത്തിൽനിന്ന് വാലുകൊണ്ടു തട്ടിയുണർത്തുന്ന ഒരു ദൈവം!) ‘അഹസ്സു പകരുംവരെയിനി മെത്ത/പ്പായിൽ തിരിമറി തന്നെ’ എന്ന് കവിക്ക് ഉറപ്പാണ്. ഫാനിട്ടാൽ ജലദോഷം പിടിപെടും. ഇട്ടില്ലെങ്കിൽ കൊതുകടി തീർച്ച. എന്നിട്ടും മനുഷ്യരെങ്ങനെ ഉറങ്ങുന്നു? അപ്പോൾ കവിക്ക് പണ്ട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ഒരനുഭവം ഓർമ്മവന്നു.

“പണ്ടൊരു റെയിൽവേ… കടിക്കയില്ലവരെന്നെ”.
തന്റേത് ഒരു മുതുക്കന്റെ ചിത്തഭ്രമം ആയിരിക്കാം. എന്നാലും ശാസ്ത്രജ്ഞന്മാർ ചിന്തിക്കേണ്ടതുണ്ട്. കാലാവസ്ഥക്ക് എന്തോ തകരാറില്ലേ? ‘ഓസോൺകുടയിൽ തുളയാൽ നിത്യപ്രതിഭാസം ജലദോഷം.’ തുടർന്ന് വാർധക്യത്താൽ തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളേയും പ്രകൃതിയിലെ കാലാവസ്ഥാവ്യതിയാനത്തെയും ഇടകലർത്തിക്കൊണ്ടാണ് ആഖ്യാനം പുരോഗമിക്കുന്നത്.
“പുട്ടിനു ചിരകിയ തേങ്ങ കണക്കെ… തലകീഴായിത്തീർന്നു.”

തുടർന്നുവരുന്ന വരികളിൽ തന്റെ ഉടലിനുവരുന്ന പരിണാമത്തെ, അതിൽനിന്നു പുറത്തുകടക്കാൻ വെമ്പുന്ന ഒരാത്മാവു നിരീക്ഷിക്കുന്നതുപോലെ നിർമ്മമനർമ്മത്തോടെയാണ് വിവരിക്കുന്നത്.
“പിരടിക്കെന്തോ വലിവുണ്ടുയരാ…കുപ്പായത്തിന്നുള്ളിലെ വൃദ്ധൻ?”
ശരീരം ഒരു ബാധ്യതയോ വെച്ചുകെട്ടോ ഒക്കെ ആയി അനുഭവപ്പെടുന്ന ഈ സമയത്താണ്, ഒരു ഞൊടി ഉറക്കത്തിലേക്കു വഴുതിവീണപ്പോൾ കണ്ട സ്വപ്നദൃശ്യംപോലെ, കവിയുടെ വിചാരഗതിയെ വിച്ഛേദിച്ചുകൊണ്ട് ഒരു പൂതം പ്രത്യക്ഷപ്പെടുന്നത്.
“വർണ്ണാലങ്കാരച്ചുമടേറ്റി… തൊള്ളേക്കണ്ണൻ.”

പൂതം കെട്ടിയ ആൾക്ക് കോലം പോലെയായിത്തീർന്നു ആത്മാവിന് ശരീരം. (അവന്റെയൊരു കോലം!) തൊള്ളേക്കണ്ണനാണ് പൂതം. മുഖംമൂടിയിൽ വായുടെ ദ്വാരത്തിലൂടെയാണ് കോലക്കാരൻ കാണുന്നത്. ചക്ഷുഃശ്രവണൻ (കാതു കണ്ണായവൻ – പാമ്പ്) എന്ന വിശേഷണത്തോട് സാദൃശ്യമുണ്ട് തൊള്ളേക്കണ്ണന്. കണ്ണ് വായ് ആയവൻ. തിന്നാനുള്ളതിൽ മാത്രമാണ് നോട്ടം. തിന്നുകൊണ്ട് ജീവൻ നിലനിർത്തുക എന്നതിലപ്പുറം ഒന്നുമില്ലാതാവുന്ന ലോകം. കൊറ്റിനുവേണ്ടി ചുറ്റിനടക്കുന്ന തൊള്ളേക്കണ്ണന്മാരായിത്തീർന്നിരിക്കുന്നു എല്ലാവരും. തന്റെ മാത്രം അവസ്ഥയല്ല. ലോകം ഭോഗാസക്തമായി മാറുന്നു. വർദ്ധിച്ച ഉപഭോഗം കാലാവസ്ഥയെ തകിടം മറിക്കുന്നു. ഇടിഞ്ഞുപൊളിയുന്ന ലോകത്തിന്റെ ചക്രവാളത്തിൽ ‘ഒന്നേ രണ്ടേ..’ എന്നിങ്ങനെ മുഴങ്ങുന്ന ആ നാഴികമണിക്ക് അസാധാരണമായ ഒരു മുഴക്കമുണ്ട്.

അതിസാധാരണതകളിൽ തുടങ്ങി, നിത്യസാധാരണങ്ങളിലൂടെ ഒഴുകി, അത്യസാധാരണത്തിൽ കലാശിക്കുന്ന അക്കിത്തത്തിന്റെ ആഖ്യാനകലക്ക് മികച്ച നിദർശനമാണ് ഇത്. നീലിയാട്ടിലെ കൊടുംവളവിൽനിന്ന് അപ്രതീക്ഷിതമായി ഒരു മൂസ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന വിസ്മയമാണ് ഈ കവിത എനിക്കു നൽകിയത്.

പി വി കൃഷ്ണൻ നായർ

സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും.

കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് എഴുത്തുകാർ അക്കാദമി പുരസ്കാരങ്ങൾ ബഹിഷ്കരിക്കണമെന്ന് സാംസ്കാരികപ്രവർത്തകർ ആഹ്വാനം ചെയ്യുന്ന സമയമായിരുന്നു അത്. മാഷ് എന്നെ വിളിച്ചു. ‘രാമചന്ദ്രൻ അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് കേട്ടത് ശരിയാണോ?’ ആ സംഭവത്തിൽ എനിക്കു പ്രതിഷേധമുണ്ടെങ്കിലും അവാർഡ് നിരസിക്കില്ലെന്നും നാട്ടിൽ എത്തിയ ഉടൻ ഓഫീസിൽ വന്ന് കൈപ്പറ്റുമെന്നും അറിയിച്ചു. മാഷ് ആ നിലപാടിനെ സ്വാഗതം ചെയ്തു. പിന്നീട് ഞാൻ അക്കാദമിയിലെത്തി അന്നത്തെ പ്രസിഡണ്ട് യൂസഫലി കേച്ചേരിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.

മറ്റൊരു സന്ദർഭം കൂടി ഓർമ്മ വരുന്നു. അക്കാദമി ഹാളിൽ വെച്ച് ഒരു ബഹുഭാഷാ കവിസമ്മേളനം നടക്കുകയാണ്. കവിത വായിക്കാൻ മലയാളത്തിൽനിന്ന് ഞാനും വേദിയിലുണ്ട്. സമ്മേളനത്തിന്റെ പരിപാടിയും വിശദാംശങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ക്ഷണപത്രം അപ്പോഴാണ് ഞാൻ വായിച്ചുനോക്കിയത്. അതിലെ ആമുഖത്തിലെ ഒരു വാചകം എനിക്ക് പിടിച്ചില്ല. മലയാള കവിതയുടെ വർത്തമാനം ശുഷ്കവും ദരിദ്രവുമാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവനയായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. ഇങ്ങനെ വിധിയെഴുതാൻ അക്കാദമിക്ക് എന്തധികാരം? സ്വയം നിന്ദിക്കുന്ന ഇത്തരമൊരു പ്രസ്താവന ഒരക്കാദമിയുടെ ക്ഷണപത്രത്തിൽ അച്ചടിച്ചതിനെ ഞാൻ ശക്തമായി വിമർശിച്ചു. വേദിയിൽവെച്ച് ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് കണ്ടപ്പോൾ തുറന്നു പറയുകയും ചെയ്തു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോട് യോജിക്കുകയും, യോജിക്കുമ്പോഴും വിയോജിപ്പുകൾക്കുള്ള സാധ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് മാഷിന്റെ അനന്യത. പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന് എന്റെ നമസ്കാരം!

(സ്മരണികയിലേക്ക്)

കാടിഴഞ്ഞുപോയ പാട്

തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.

സൂക്ഷ്മാനുഭൂതികളുണർത്തുന്ന ഇന്ദ്രിയപരതയാണ് പത്മയുടെ പദവിന്യാസചാരുത.
“കിണറ്റിൻവക്കത്ത് പൂത്തുനിൽക്കുന്ന
കല്യാണസൗഗന്ധികങ്ങൾ.
മുറ്റം നിറഞ്ഞ വരിക്കപ്ലാവിന്റെ
ഇലകൾ തൂത്തുവാരുന്നത്.
ചൂല് വരച്ചുകൊണ്ടുണ്ടാക്കുന്ന
മണ്ണിന്റെ വിവിധ പാറ്റേണുകൾ.
അടിച്ചു പൊടിപാറിച്ചു
പിനോച്ചിയൻ മൂക്കിലേക്കത്
വലിച്ചുകേറ്റുന്നത്.
കരിയിലകൾ പുകയുന്ന മണം.
തൊഴുത്തിലെ പശുക്കൾ,
അവരുടെ ദയപൂണ്ട കണ്ണുകൾ.” (കാഴ്ച)
അതേ വരിക്കപ്ലാവിന്റെ ചില്ലയിൽ ഉദിക്കുന്ന പുലരിയിലേക്ക് തിളങ്ങുന്ന മൊട്ടത്തലകളുമായി, ചുവന്ന ഉടുപ്പിട്ട ബുദ്ധസന്യാസിമാരെപ്പോലെ ഉറുമ്പുകൾ കയറിപ്പോകുന്നതും കാണാം. (മഹായാനം)
ചന്ദ്രനിൽ കൊന്നി കളിക്കുന്ന കുട്ടി ചോദിക്കുന്ന ചോദ്യം –
“എവിടെ, എനിക്കാകെ ഈ
ഭൂമിയിലുണ്ടായിരുന്ന
മൺകലത്തിന്റെ
കഷണമെവിടെ?” – ഹൃദയഭേദകമായ വേദന ഉണർത്തുന്നതാണ്. (നഷ്ടം)

അയാൾ നിശ്ശബ്ദതയുടെ കാടാണെന്നും തനിക്കുള്ള ശ്വാസം ആ കാട്ടിൽ ചിറകിട്ടടിക്കുന്നു എന്നും മറ്റൊരു കവിതയിൽ (നിശ്ശബ്ദത).
“അയാൾ പോയ വഴിയിൽ
ഒരു കാടിഴഞ്ഞുപോയ പാട്!”
നിശ്ശബ്ദതയുടെ കാട്ടിലേക്കുള്ള നടപ്പാതയാണ് പത്മയുടെ വരികൾ.
കാടിഴഞ്ഞുപോയ ആ പാടുനോക്കി ഒന്നു നടന്നുനോക്കൂ.

(പത്മ ബാബുവിന്റെ കവിതകളെപ്പറ്റി)

നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ

മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.

അഗസ്റ്റിൻ കുട്ടനെല്ലൂരിന്റെ ‘നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ’ എന്ന കവിതയുടെ രത്നച്ചുരുക്കമാണ് ഇത്. വാത്മീകിയും ആദികാവ്യവും എഴുത്തച്ഛനും കിളിപ്പാട്ടും മലയാളവും പൂക്കാലവും എല്ലാം സൂചകങ്ങളായി വർത്തിക്കുന്ന ഈ കവിത ഒരു പുതിയ പുരാവൃത്തസൃഷ്ടിയിലൂടെ തന്റെ ഭാഷയേയും കവിതയേയും വീണ്ടെടുക്കാൻ ഉദ്യമിക്കുകയാണ്. നേർരേഖയായിപ്പോയ മൊഴിയിലേക്ക് മഴവില്ലിന്റെ വർണ്ണവൈവിധ്യത്തെ തിരിച്ചുകൊണ്ടുവരാൻ പരിശ്രമിക്കുകയാണ്. എന്നാൽ പഴയ കിളിപ്പാട്ടല്ല പുതിയ കിളിപ്പേച്ചാണ് അഗസ്റ്റിന്റെ ഭാഷയെ വ്യത്യസ്തമാക്കുന്നത് എന്നുകൂടി പറയണം.

കിളി, അഗസ്റ്റിൻകവിതയിൽ ആവർത്തിച്ചുവരുന്ന ഒരു പ്രതീകമാണ്. എന്നാൽ പൊതുവേ സ്വീകരിക്കപ്പെടുന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായല്ല അഗസ്റ്റിന്റെ കിളി പ്രത്യക്ഷപ്പെടുന്നത്. ‘ഒറ്റക്കാലൻ കാക്ക’ എന്ന കവിതയിൽ കാക്ക ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ട ജനതയുടെ പ്രതിനിധിയാണ്. തത്തക്കു സാഹിത്യമുണ്ട്, കുയിലിനു സംഗീതവും. കാക്കക്കു പക്ഷേ, കരച്ചിൽ മാത്രം. ആട്ടിയോടിക്കപ്പെട്ടവരും അഴുക്കു ചികയാൻ വിധിക്കപ്പെട്ടവരുമാണ് അവർ. അഗസ്റ്റിന് പക്ഷികൾ മാത്രമല്ല പക്ഷികൾ. ‘കടൽപ്പക്ഷി’, ‘രക്തസാക്ഷിപ്പക്ഷി’ എന്നീ കവിതാശീർഷകങ്ങൾ പോലും ഈ കവിയുടെ ‘പക്ഷിപാതം’ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞില്ല, തിരകൾ മഹാസമുദ്രത്തിന്റെ അഗാധനിശ്ശബ്ദതയിൽ തടവിലാക്കപ്പെട്ട ഒരു കൂറ്റൻ പക്ഷിയുടെ ചിറകുകളത്രേ! പ്രളയത്തിന്റെ ചിറകിൻകീഴിൽ അടവെച്ച് മരണം വിരിയിക്കാനുള്ള ഒരു മുട്ടയാണ് അതിനു ഭൂമി. കാറ്റിനുമുണ്ട് ചിറക്. കരയിൽ വീശുന്ന കാറ്റ് പ്രത്യാശയുടെ പ്രതീകമാണ്. മഹാസങ്കടങ്ങൾക്കൊടുവിൽ മനുഷ്യൻ നേടിയ പ്രത്യാശയുടെ സുവർണ്ണകേസരങ്ങൾ കാറ്റിന്റെ ചിറകിൽ ഉണ്ട്. (തിരയും കാറ്റും). വാക്കു കിട്ടാനായി ഊരുചുറ്റുന്ന ഉന്തുവണ്ടിക്കാരൻ വഴിയോരത്തണലിൽ വിശ്രമിക്കുമ്പോൾ മരക്കൊമ്പത്തിരുന്ന കിളികളാണ് അയാൾക്ക് വഴികാട്ടുന്നത്. മൗനത്തിന്റെ ഗൂഢാലോചനക്കു വെളിയിലുള്ള ഇടവഴികളിലൂടെ പോകട്ടെ. കൃഷിക്കാരന്റെ മണ്ണിലോ ട്രാൻസ്ജെന്ററുകളുടെ മനസ്സിലോ അവഗണിക്കപ്പെട്ടവരുടെ പ്രേതഭൂമിയിലോ നിന്ന് അയാൾക്ക് തീതുപ്പുന്ന വാക്കുകൾ കിട്ടും എന്ന് കിളികൾ പ്രവചിക്കുന്നു (കൂടുപൊട്ടിക്കുന്ന വാക്ക്).

മരവും കിളിയും മാത്രമല്ല, സമസ്തജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ ഈ കവിയുടെ പ്രമേയഖനിയാണ്. മനുഷ്യൻ മരമായി മാറുംപോലെ മീനുകളും മനുഷ്യരായി രൂപാന്തരം ചെയ്യുന്നു. ‘മത്സ്യങ്ങൾ വേട്ടയാടപ്പെടുന്നത്, മനുഷ്യരും’ എന്ന കവിതയിൽ മീനിന്റേയും മനുഷ്യന്റേയും ജീവിതം കൂട്ടിവായിക്കുന്നു. പശുവിനെ വിശുദ്ധമൃഗവും മനുഷ്യനെ കേവലം നാൽക്കാലിയുമാക്കുന്ന ചരിത്രത്തിന്റെ വൈപരീത്യം ‘വണ്ടിക്കാളകളും വിശുദ്ധമൃഗവും’ എന്ന കവിതയിൽ വായിക്കാം. കരചരണങ്ങളരിഞ്ഞ് ചുടലയിൽ തള്ളിയവളെപ്പോലെ ഒരു വൃക്ഷത്തെ വർണ്ണിക്കുന്നുണ്ട് ‘വേടഭൂമിയിലെ ബൗദ്ധവൃക്ഷം’ എന്ന കവിതയിൽ. പുരാതന വേദഭൂമി എങ്ങനെ ഇന്ന് വേടഭൂമിയായി എന്നൊരു രാഷ്ട്രീയവിമർശം പലകവിതകളിലും ഉന്നയിക്കുന്നുണ്ട്. വർഗ്ഗീയ തീവ്രവാദിളുടെ ഹിംസക്ക് ഇരയായി, നദിയുടെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെട്ട പ്രേതപ്പെണ്മയുടെ വിലാപമാണ് ‘ഒരുവൾ ജീവിതം വായിക്കുന്നു’ എന്ന കവിത.
ചുരുക്കത്തിൽ, കടലും കരയും ചുഴലുന്ന ജീവജാലങ്ങളുടെ ആവാസഭൂമിയിലേക്കുള്ള ഒരു വിഹഗവീക്ഷണമാണ് അഗസ്റ്റിന്റെ കവിതകൾ. അനുഭവങ്ങളേക്കാൾ ആശയങ്ങളും ആദർശങ്ങളുമാണ് ഈ കവിയെ പ്രചോദിപ്പിക്കുന്നത്. “അനാഥമാക്കപ്പെട്ടവരുടെ പൂങ്കുയിൽ വസന്തകാലത്തേക്കു കരുതിവെച്ച പാട്ടാ”ണ് ഈ കവിപ്പേച്ചുകൾ.

ഷേക്സ്പിയർ ഗീതകങ്ങൾ

“അയാളുടെ ദേഹത്തുനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ ആ മലയാളപരിഭാഷയിലൂടെയാണ് ഞാൻ ഷെക്സ്പിയറെക്കുറിച്ച് കേൾക്കുന്നത്. പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്ത ലോകത്തിന്റെ ക്രൂരതെക്കുറിച്ച് മനസ്സിലാക്കുന്നതും അതുവഴിയാണ്.

പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം വായിച്ചുപഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ ഷെക്സ്പിയറുടെ ടെംപെസ്റ്റിന് രംഗാവതരണമൊരുക്കിയപ്പോൾ അതിനായി ചില പാട്ടുകൾ എഴുതി. കാലിബനെ കഥാകേന്ദ്രമാക്കിയുള്ള ഒരു രംഗവ്യാഖ്യാനമായിരുന്നു അത്.

അപ്പോഴൊന്നും ഷെക്സ്പിയറുടെ സോണെറ്റ്സ് എന്റെ വായനാപരിചയത്തിൽ വന്നില്ല. ഏതോ ക്ലാസിൽ ഒരു സോണെറ്റ് പഠിച്ചതായി ഓർക്കുന്നുണ്ടെങ്കിലും അന്നത് ഉൾക്കൊണ്ടിട്ടില്ല. ഇപ്പോൾ സച്ചിമാഷുടെ പരിഭാഷ, ഷെക്സ്പിയറുടെ ഗീതകങ്ങൾ, പ്രകാശനം ചെയ്യാൻ ഇടവന്നപ്പോഴാണ് അത് വീണ്ടും വായിക്കുന്നത്. നൂറ്റി അമ്പത്തിനാലു ഗീതകങ്ങളിൽ പകുതിയോളമേ ഇതിനകം വായിച്ചിട്ടുള്ളു. വായിച്ചേടത്തോളം വെച്ചു പറഞ്ഞാൽ ഇതു ശരിക്കുമൊരു മലയാളപ്പകർച്ചയാണ്. രൂപം കൊണ്ടു മലയാളിയും ഭാവം കൊണ്ട് ആംഗലനും. അയാംബിക് പെന്റാമീറ്ററിൽ എഴുതിയ ഗീതകങ്ങളെല്ലാം മാഷ് കേകാവൃത്തത്തിലാണ് പകർന്നിട്ടുള്ളത്. കോവിഡിന്റെ അടച്ചിരിപ്പുകാലത്തെ വ്യായാമമായിരുന്നു ഇത് എന്നു മാഷ് പറയുന്നു.

കവിതയിലെ വക്താവ് തന്റെ തോഴനോട് പറയുന്ന നിവേദനങ്ങളോ വിചാരങ്ങളോ ഒക്കെയാണ് ഈ ഗീതകങ്ങൾ. യുവാവും സുന്ദരനുമായ തോഴനോട് അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി സന്തത്യുത്പാദനത്തിൽ ഏർപ്പെടാനും അതുവഴി സൗന്ദര്യവും പൗരുഷവും അനശ്വരമാക്കാനും അപേക്ഷിക്കുകയാണ് ആദ്യഗീതങ്ങളിലെ പ്രമേയം. യൗവനം ഭോഗിക്കുവാനുള്ളതാണ്, അതു ചെയ്യാതിരുന്നാൽ ജീവിതം പാഴായിപ്പോകും എന്നുപദേശിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഷെക്സ്പിയർ ആസക്തിയുടെ ഈ ഗീതങ്ങൾ രചിക്കുമ്പോൾ മലയാളത്തിൽ എഴുത്തച്ഛൻ വിരക്തിയുടെ കിളിപ്പാട്ടുകളാണ് രചിച്ചിരുന്നത് എന്നോർക്കുന്നത് കൗതുകമായിരിക്കും. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമാണ് എന്ന് നമ്മുടെ എഴുത്തച്ഛൻ ഉപദേശിക്കുമ്പോൾ അതനുഷ്ഠിച്ച് അനശ്വരത കൈവരിക്കാനാണ് ആംഗലത്തെ എഴുത്തച്ഛൻ ആഹ്വാനം ചെയ്യുന്നത്.

2022 July