ചേക്കുട്ടി

ഉണ്ടത്തലയും വിടർന്ന പാവാടയും
മണ്ടയിൽ തൂക്കുവാൻ നൂലും
കണ്ടതിലൊക്കെയും കൗതുകം കാണുന്ന
രണ്ടു കരിമഷിക്കണ്ണും

ഉണ്ടായിവന്നു നീ ചേറിൽ നിന്നും തുണി-
ത്തുണ്ടായ ചേക്കുട്ടിപ്പാവേ
കണ്ടാലെടുത്തണിഞ്ഞീടാന്‍ കൊതിക്കുന്ന
തണ്ടാര്‍ന്ന താമരപ്പൂവേ

പാവങ്ങള്‍തന്‍ തുണിക്കീറില്‍ പിറന്നു നീ
പാവിന്നു നൂലു പാകുന്നോര്‍
നൂലിഴ പൊട്ടാതെ ഭംഗിയിലാടകള്‍
നൂറായിരം നെയ്തിടുന്നോര്‍

ഓണം വരുംമുമ്പു ചന്തയില്‍ വില്‍ക്കുവാന്‍
ഓടം കണക്കു പായുന്നോര്‍
ഓരോ കിനാവിന്‍ കസവിനാല്‍ നാളുക-
ളോരോന്നുമെണ്ണി നീക്കുന്നോര്‍

ആരും കരുതിയില്ലിങ്ങനെ, പെട്ടെന്നു
തോരാമഴ പെയ്തിറങ്ങി
ചേറും ചെളിയുമായ് വന്ന വെള്ളത്തിലീ
നാടും നഗരിയും മുങ്ങി

ആളുകൾ വാങ്ങുന്നതിൻ മുമ്പു ഹാ! പുഴ-
യോളങ്ങളെല്ലാം കവർന്നു
ചേലകളെല്ലാം പ്രളയജലത്തിലെ
ചേറു പുരണ്ടു കുതിര്‍ന്നു

ഉണ്ടാക്കി വെച്ചതു സർവ്വം നശിച്ചുപോയ്
മുണ്ടിന്റെ കോന്തല ബാക്കി
എങ്കിലെന്തത്തല കൊണ്ടുമുണ്ടാക്കിടാം
ചന്തങ്ങളെന്നൊരു ചിന്ത
തെങ്ങിന്റെ മണ്ടയിലച്ചിങ്ങ പോലന്നു
ഞങ്ങൾക്കുമുണ്ടായി വന്നു

അങ്ങനെയുണ്ടായൊരോമനപ്പാവകൾ
നിങ്ങളോടെന്തു പറഞ്ഞു?
പാടും കറയുമഴുക്ക,ല്ലഴകെന്നോ,
പാഴാക്കരുതൊന്നുമെന്നോ?

ജാഥകൾ

കാസർഗോഡുനിന്നും
തിരുവനന്തപുരത്തുനിന്നും
ആരംഭിക്കുന്ന
സംസ്ഥാനതലജാഥകൾ
തൃശ്ശൂരിൽ സമാപിക്കും.

പ്രസ്തുത ജാഥകളുടെ പ്രചരണാർത്ഥം
ജില്ലാടിസ്ഥാനത്തിൽ
പ്രത്യേകം ജാഥകളുണ്ടാവും.

ജില്ലാജാഥകൾക്കു പിന്തുണയുമായി
താലൂക്കു തലത്തിലും
അതിന്റെ സന്ദേശവുമായി
പഞ്ചായത്തു വാർഡ് തലങ്ങളിലും
ജാഥകളുണ്ടാവും.

ഇതെല്ലാം വിസ്തരിച്ചു
ബോധ്യപ്പെടുത്തിക്കൊണ്ട്
എന്റെ വീട്ടിലും വന്നു
ഒരൊറ്റയാൾജാഥ.

ഞാൻ എന്റെ ശരീരത്തെ കാണുന്നു

ഈയിടെ, ഞാൻ എന്റെ ശരീരത്തെ
മറ്റൊരാളുടേതുപോലെ നോക്കിക്കാണുകയാണ്

അയാളുടെ തല നരച്ചിരിക്കുന്നു
വയറല്പം ചാടിയിട്ടുണ്ട്
ചന്തിയിൽ വിട്ടുമാറാത്ത ഒരു ചൊറി

പിന്നെപ്പിന്നെ അയാൾ
സ്വന്തംകാര്യത്തിൽ ഉദാസീനനാവുന്നത്
എന്റെ ശ്രദ്ധയിൽ പെട്ടു
പതിവുകളെല്ലാം തെറ്റിക്കുന്നു

അയാൾ ആവശ്യപ്പെട്ടില്ലെങ്കിലും
മാനുഷികമായ ഒരു പരിഗണനകൊണ്ട്
ഞാനയാളെ പരിചരിച്ചുതുടങ്ങി

നിത്യവും സോപ്പുതേച്ച് കുളിപ്പിക്കുന്നു
കുപ്പായമിടുവിക്കുന്നു
ഭക്ഷണം ഉരുളയുരുട്ടി
വായിൽ വെച്ചുകൊടുക്കുന്നു
കോവിഡുകാലത്ത് ആമസോൺ വഴി
വാങ്ങിയ ഒരു ട്രിമ്മർ ഉപയോഗിച്ച്
മുടി പറ്റെ വെട്ടിക്കൊടുക്കുന്നു

അയാൾ മരിച്ചാൽ
ഞാൻ എന്തു ചെയ്യും എന്നാണ്
ഇപ്പോഴത്തെ എന്റെ വേവലാതി.

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.

മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.

ഗൂർണിക്ക

കുതിരതൻ വായിൽനിന്നു
തെറിക്കും ബാണം;
അഥവാ തേഞ്ഞൊരു പല്ല്.
കത്തും ബൾബുകണക്കൊരു സൂര്യൻ;
അഥവാ
ബൾബിൽ നിന്നു പരക്കും വെട്ടം
ഒരു കുഞ്ഞുവരയ്ക്കും സൂര്യൻ
ചൊരിയും രശ്മികൾ പോലെ.

അറ്റുതെറിച്ചൊരു കൈ,
മുറിഞ്ഞ വാൾ,
വെടിയുണ്ട തുളച്ച ഉടൽ,
ബോംബു കുഴിക്കും ഗർത്തം,
യുദ്ധം, പ്രവചിതമാം യാതനകൾ,
വിധി കോറിവരച്ചൊരു യാചനകൾ,
പറയുന്നുണ്ടവ നിരർത്ഥകമെന്തോ
പരസ്പരമല്ലെന്നാലും.

ഭയചകിതം തിരിഞ്ഞുനോക്കുന്നു
കുതിക്കുമൊരു കുതിര,
തകരും മാളികമുകളിൽനിന്നു പതിക്കുന്നു
വായുകണക്കൊരു ഒരു മാലാഖ-
ശാന്തിതൻ ഇല പോൽ
ജ്വലിക്കും നാളമുള്ളൊരു വിളക്കുമേന്തി-
ഇരുളും സൂര്യനു താഴെ.

വിശ്വസിക്കില്ലാരും.
അവർ അലറുന്നെങ്കിലും
കേൾക്കുകയില്ലതു പൊട്ടിത്തെറിയുടെയിടയിൽ.
ആ പെണ്ണിൻ മുലഞെട്ടുകൾ
സ്ഫോടകവസ്തുക്കൾ.
കാളയോ, വലിയ വൃഷണങ്ങളുള്ള ഒരു ദൈവം.
അതു തിരിഞ്ഞുനോക്കുന്നു;
വരുന്നൂ സർവ്വനാശം വഴിയേ.

Guernica, by Billy Howell-Sinnard