ലിറ്റിൽ എർത്ത് തിയ്യേറ്റർ അവതരിപ്പിച്ച ‘ദ വില്ലന്മാർ’ രൂപഘടനയിൽ അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാലയാണ്. പ്രമേയപരമായി ഐക്യമുള്ളതും എന്നാൽ സന്ദർഭങ്ങളിൽ വ്യത്യസ്തവുമായ ഒരു ദൃശ്യപരമ്പര. രേഖീയമായ കഥാഖ്യാനം ഇല്ല. പാഠങ്ങൾ ഹൈപ്പർലിങ്കുവഴി ബന്ധിപ്പിക്കുന്നതുപോലെ സന്ദർഭങ്ങൾക്ക് ലിങ്ക് നൽകിയിരിക്കുന്നു. ഒരേയൊരു നായകൻ എല്ലായ്പോഴും വിജയിക്കുന്നതിനുവേണ്ടി പരാജയപ്പെട്ടുകൊടുക്കേണ്ടിവരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്.
ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.
ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.
മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.
അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!
മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.
ദ്വീപിലെ ഒരു നാടോടിപ്പാട്ടിനെ അവലംബിച്ച് വൻകരയിൽ ഒരു നാടകം ചെയ്യുന്നതിന് എന്താണ് സാംഗത്യം? ‘ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ’ എന്ന നാടകം കാണാൻ സ്കൂൾ ഓഫ് ഡ്രാമയിലേക്കു പോകുമ്പോൾ മനസ്സിലുയർന്ന ചോദ്യമാണ്.
ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ മുഖ്യധാരയിൽനിന്ന് അകന്നും ഓരത്തിലേക്ക് തള്ളിമാറ്റപ്പെട്ടും കഴിയുന്ന ജനതയാണ് ലക്ഷദ്വീപിലുള്ളത്. സമീപകാലത്താകട്ടെ ദ്വീപുവാസികളുടെ പരമ്പരാഗതവും പ്രശാന്തവുമായ ജീവിതരീതിയെ അട്ടിമറിക്കുന്ന കേന്ദ്ര ഭരണപരിഷ്കാരങ്ങൾകൊണ്ട് കലുഷവുമാണ് അവിടം. ദ്വീപിൽനിന്നുള്ള ചലച്ചിത്രകാരി ഐഷ സുൽത്താനയുടെ തുറന്നടിച്ച പ്രതിഷേധവും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഡ്മിനിസ്ട്രേറ്റർ നടപടിയും മറക്കാൻ കാലമായിട്ടില്ല. ഈ സമീപകാല രാഷ്ട്രീയ പശ്ചാത്തലംതന്നെയാണ് ഒൽമാരത്തെ ശ്രദ്ധേയമാക്കുന്ന ഒന്നാമത്തെ കാര്യം.
മനുഷ്യരും പ്രകൃതിപ്രതിഭാസങ്ങളും തമ്മിലുള്ള നിഷ്കളങ്കവും സ്വാഭാവികവുമായ ജൈവബന്ധത്തിൽനിന്ന് ഉയിരെടുത്ത കഥയാണ് ഒൽമാരം പാട്ടിലുള്ളത്. കാറ്റും കടലും തെങ്ങോലകളുമെല്ലാം മനുഷ്യരോടൊപ്പം കഥാപാത്രങ്ങളാകുന്ന ഒരു നാടോടിക്കഥ. തിരകളോടും നീരാളികളോടും കുഞ്ഞിച്ചെടികളോടുമൊപ്പം കുസൃതികാട്ടി നടക്കുന്ന ഉറാവിയ എന്ന പെൺകുഞ്ഞാണ് നായിക. ഇടിവെട്ടി മുളച്ച കൂൺ പോലെ ദ്വീപിൽ ഒരിടത്ത് പൊട്ടിമുളച്ച അത്ഭുതമരമാണ് ഒൽമാരം. അതു കാണാൻ അകലങ്ങളിൽനിന്നും ആളുകളെത്തി. ആന്ത്രോത്തെ ബീവിയും അമിനീലെ ബീവിയും അറയ്ക്കൽ ബീവിയും ചിറയ്ക്കൽ ബീവിയും അങ്ങനെയങ്ങനെ ബീവിമാരും പരിവാരങ്ങളുമായി അനേകരെത്തി. ഉറാവിയക്കും കാണാൻ പൂതി. മീൻപിടിക്കാൻ പോയ ബാപ്പ വരുന്നതും കാത്ത് അവളിരുന്നു. ബാപ്പയെത്തിയപ്പോൾ അവൾ ചോദിച്ചു: “ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണുവാൻ?”
ബാപ്പ കർശന നിബന്ധനകൾ വെച്ചു. എല്ലാം സമ്മതിച്ച് ഉറാവിയ ഒൽമാരം കാണാൻ പോയി. അപ്പലും കുഞ്ഞിച്ചെടിയും അവൾക്കു തുണപോയി. സഞ്ചാരികളെല്ലാം അകലെനിന്ന് ഒൽമാരം നോക്കിക്കണ്ടപ്പോൾ ഉറാവിയ മരത്തിൽ കേറി അകലങ്ങൾ കണ്ടു. അവൾ ഒൽമാരത്തിന്റെ കനി തിന്നു. വിലക്കപ്പെട്ട കനി തിന്ന ഉറാവിയ ഗർഭിണിയായി. അവൾ പത്തും തികഞ്ഞ് പ്രസവിച്ചു. കന്യകയായ ഉറാവിയയുടെ കുഞ്ഞിനെ എന്തു ചെയ്യും? ഉമ്മയും ബാപ്പയും കൊല്ലാൻ പറഞ്ഞു. “അള്ളാണെ ഞാൻ കൊല്ലാ ഞാൻ പെറ്റ പൈതലെ” എന്ന് അവൾ ശപഥം ചെയ്തു. പെറ്റുമ്മയോട് അവൾ ചോദിച്ചു: “തൂക്കം പിടിച്ച് കണക്കെല്ലാം തീർക്കുന്നാൾ, അന്നാളിൽ ഉത്തരം ശൊല്ലുന്നോരാരുമ്മാ?” പരലോകത്തു ചെന്നാൽ ഈ മഹാപാപത്തിന് ആര് സമാധാനം പറയും? വീട്ടിലും നാട്ടിലും നിന്ന് ബഹിഷ്കൃതയായ അവളെ തിരമാലകളും തെങ്ങോലകളും ഏറ്റെടുത്തു. കടൽകടന്നെത്തുന്ന ഒരു തോണി പോലെ ആകാശത്തുനിന്നും ഇറങ്ങിവന്ന ഒരമ്പിളിക്കലയിൽ ഉറാവിയയും കുഞ്ഞും കയറി. തിരമാലകളും ജീവജാലങ്ങളും അവളെ ആകാശത്തേക്ക് യാത്രയാക്കി.
ഉത്പത്തിക്കഥയിലെ ആദിപാപത്തോളം പഴക്കമുള്ള ഇങ്ങനെയൊരു പുരാവൃത്തം ഏതു നാട്ടിലേയും നാടോടിപ്പൈതൃകത്തിലുണ്ടാവാമെന്ന് ഒൽമാരപ്പാട്ട് സൂചിപ്പിക്കുന്നു. അകലങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്ന ദ്വീപിന് ഏദൻ തോട്ടവുമായി സാദൃശ്യം തോന്നാം. ഒൽമാരം നന്മതിന്മകളുടെ വൃക്ഷമാവാം. എന്നാൽ ഇവിടെ ഉറാവിയ ഭൂമിയിലേക്കു പതിക്കുകയല്ല ആകാശത്തേക്ക് ഉയരുകയാണ് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ വ്യത്യാസം. മാത്രമല്ല, മരം കേറുന്ന പെൺകുട്ടിയും കന്യാഗർഭവും സമുദായവിധികളും അതിനെ മറികടക്കുന്ന വിമോചനസ്വപ്നങ്ങളും എല്ലാം പാഠഭേദങ്ങളുടെ അടരുകൾ സൃഷ്ടിക്കുന്നു. അരങ്ങിന് പ്രസന്നവും പ്രതീക്ഷാഭരിതവുമായ ശുഭാന്തമേകുന്നു. കാറ്റുകളോടും തിരമാലകളോടും ജീവജാലങ്ങളോടും കൈകോർത്തുകൊണ്ട് അധിനിവേശത്തിനെതിരെ മനുഷ്യർ പ്രതിരോധം തീർക്കുന്നതിന്റെ പുതുകാലപ്പാട്ടുമാവാം ഈ ഒൽമാരം.
രംഗാവിഷ്കാരത്തിൽ പാലിച്ച മിതത്വവും ലാളിത്യവും ആസ്വാദനം അനായാസകരമാക്കി. ദീർഘവൃത്താകൃതിയിൽ തട്ടുകളോടുകൂടിയ മണ്ണരങ്ങും പശ്ചാത്തലത്തിലെ നിരന്തരമായ അലയൊലിയും ദ്വീപാന്തരീക്ഷമൊരുക്കി. അതേസമയം തുറസ്സ്, ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും സൂക്ഷ്മപ്രയോഗത്തെ ചിതറിച്ചതായും തോന്നി. അൻവർ അലിയുടേതാണ് രംഗപാഠം. നാടകത്തിന്റെ രൂപകല്പനയും സംവിധാനവും നജ്മുൽ ഷാഹി. ഇരുവരും എനിക്കേറെ പ്രിയപ്പെട്ടവർ. ടീം സ്കൂൾ ഓഫ് ഡ്രാമക്ക് അഭിനന്ദനം!