കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

എന്നാല്‍ പൊതുവേ പരിഷ്കാരോന്മുഖരായ മേല്‍ജാതി സമുദായങ്ങളിലെ കെടുതികളും കലാപങ്ങളുമായിരുന്നു ഇവര്‍ ആഖ്യാനം ചെയ്തത്. മലബാറിലെ മുസ്ളിങ്ങള്‍ക്കിടയിലും ഇതര അവര്‍ണ്ണസമുദായങ്ങളിലും ഇതേസമയം സംഭവിച്ചുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് തത്തുല്യമായ ആഖ്യാനങ്ങള്‍ ഉണ്ടായി എന്നു പറയാനാവില്ല. പറയരും പുലയരും പാണരും കണക്കരും കുശവരുമെല്ലാം അടങ്ങുന്ന അടിയാളജീവിതം ഈ പരിണാമങ്ങളെ എങ്ങനെയാണ് നേരിട്ടത്? അവര്‍ക്കു തകര്‍ക്കുവാന്‍ പത്തായങ്ങളോ നാലുകെട്ടുകളോ ഉണ്ടായിരുന്നില്ല. പകരം അവര്‍ വേരാഴ്ത്തിനിന്ന തറയാണ് തകര്‍ത്തെറിയപ്പെട്ടത്. വെടികൊണ്ട് ചെരിയുന്ന നിസ്സഹായമായ ആ ഗോത്രസംസ്കൃതികളുടെ നിലവിളി ഉത്സവത്തിമര്‍പ്പിനിടയില്‍ കേള്‍ക്കാതെപോയി. ആ നിലവിളിയാണ് ഒരു കുറുംകുഴലിലൂടെ എന്നവണ്ണം ദിനേശ്കുമാര്‍ കാളഭൈരവന്‍ എന്ന നാടകത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരപൂര്‍വ്വ വാങ്മയമാണ് കാളഭൈരവന്‍. കമ്പോളത്തിന്റേയും വികസനത്തിന്റേയും യുക്തികള്‍ക്കൊത്ത് സകലതിനേയും മാനകീകരിക്കുന്ന പുതുകാലത്തിനോട് ദൈവങ്ങളോടൊപ്പം നിലനില്‍പ്പിനായി പൊരുതുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ. പ്രകൃതിയില്‍നിന്നു പറിച്ചെറിയപ്പെടുന്ന മനുഷ്യദുരന്തത്തിന്റെ പലപാടു പറഞ്ഞ കഥയ്ക്ക് ഏറനാടന്‍ തനിമയാര്‍ന്ന ഒരു മൊഴിവഴിപാട്!

കോളനിവത്കരണം ഗോത്രസംസ്കൃതികളെ ഛിന്നഭിന്നമാക്കിയ ചരിത്രം പറയുന്ന ചിന്നു അച്ചാബെയുടെ സര്‍വ്വം ശിഥിലമാകുന്നു എന്ന കൃതി, പോയ നൂറ്റാണ്ടില്‍ സംസ്കാരവൈവിധ്യങ്ങളെ പുതിയൊരു വീക്ഷണകോണില്‍ വിലയിരുത്താന്‍ പ്രചോദിപ്പിക്കുകയുണ്ടായി. ജനതയുടെ സുസ്ഥിതി, വിശേഷിച്ചും ഗോത്രജീവിതത്തില്‍, അവരുടെ സാംസ്കാരികസ്വത്വവുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരുന്നു. മണ്ണും മലയും പക്ഷിമൃഗാദികളും മാത്രമല്ല മണ്‍മറഞ്ഞ പൂര്‍വ്വികരേയും ആരാധനാമൂര്‍ത്തികളായി പരിഗണിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്രസമൂഹത്തെ കീഴടക്കാന്‍ പാശ്ചാത്യശക്തികള്‍ അവലംബിച്ച മാര്‍ഗ്ഗം അവരുടെ വിശ്വാസത്തെ തകര്‍ക്കുക എന്നതായിരുന്നു. മിഷണറിമാര്‍ ആദ്യം ദൈവങ്ങളെ നിര്‍വ്വീര്യരാക്കി. എന്നിട്ട് മനുഷ്യരെ നിരാലംബരാക്കി.

മുന്‍കാലങ്ങളില്‍ പ്രത്യക്ഷാധിനിവേശമാണ് ശിഥിലീകരണത്തിന് നിദാനമായിരുന്നതെങ്കില്‍ പില്‍ക്കാലത്ത് അത് ആധുനിക വികസനരാഷ്ട്രീയത്തിന്റെ ഫലമായിട്ടായിരുന്നു. പിറന്ന മണ്ണും വളര്‍ന്ന നാടും വിട്ടൊഴിയാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം പെരുകിവരുന്ന ലോകത്താണ് ഇന്നു നാം ജീവിക്കുന്നത്. അഭ്യന്തരയുദ്ധങ്ങളും അരാജകത്വവും പ്രകൃതിദുരന്തങ്ങളും കാരണം ദരിദ്രരാജ്യങ്ങളില്‍നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ അഭയംതേടി അലയുകയാണ് ലോകമെങ്ങും. ലോകയുദ്ധാനന്തരമുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് ഇപ്പോഴത്തേതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പണ്ട് കമ്പോളത്തിനുവേണ്ടി മതിലുകള്‍ തട്ടിനിരത്താന്‍ ആഹ്വാനം ചെയ്ത വികസിതരാജ്യങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളെ തടയാന്‍ മതിലുകെട്ടി ഉയര്‍ത്തുകയാണ്. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും അത് ആത്യന്തികമായി മനുഷ്യനിര്‍മ്മിതമായ ദുരന്തം തന്നെ. വികസനത്തെക്കുറിച്ച് ലാഭകേന്ദ്രിതമായ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ആധുനികതയുടെ പരിണതഫലവും. ഈ സമകാലീനപശ്ചാത്തലത്തില്‍ പ്രസക്തിയേറുന്ന ഒരു കുടിയിറക്കിന്റെ കഥയാണ് കാളഭൈരവന്‍.

ദൈവങ്ങള്‍ മനുഷ്യരെ രക്ഷിച്ചുപോന്ന ഒരു പഴങ്കാലം, മനുഷ്യര്‍ ദൈവങ്ങളെ രക്ഷിക്കാന്‍ പാടുപെടുന്ന സമകാലം, മനുഷ്യരും ദൈവങ്ങളും ഒരുപോലെ അരക്ഷിതരായിത്തീരുന്ന യന്ത്രഭീകരതയുടെ പുതുകാലം – ഇങ്ങനെ മൂന്നു കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു തലമുറയാണ് ഇതിലെ കഥാപാത്രങ്ങള്‍. കാരിക്കുട്ടി വല്യാത്ത, വല്യാത്തയുടെ സഹോദരപുത്രനായ കുഞ്ഞാടി, കുഞ്ഞാടിയുടെ മകന്‍ ദേവന്‍ എന്നിവരാണ് അവര്‍.

മണ്‍കട്ടയില്‍നിന്ന് ഉയിരും ഉരുവവും തിരിഞ്ഞ തിരുവള്ളം ചാത്തന്റെ പരമ്പരയാണ്ഏറനാട്ടിലെ കണക്കര്‍. കൃഷിയും കാലിമേയ്ക്കലുമാണ് കണക്കരുടെ കുലത്തൊഴില്‍. നിലത്തിനോ കാലിക്കോ ഉടമകളല്ലെങ്കിലും മണ്ണിന്റെയും മൃഗത്തിന്റേയും പൊരുളറിഞ്ഞ പുരാതനര്‍. അഞ്ചില്ലങ്ങളായി ഏറനാട്ടില്‍ വ്യാപിച്ച കണക്കരുടെ ജീവിതത്തെ നിയന്ത്രിച്ചത് അവരുടെ ഗാഢമായ വിശ്വാസമായിരുന്നു. കുലദൈവങ്ങള്‍ക്കു പുറമെ അവര്‍ ആരാധിച്ചുപോന്ന നിരവധി ദൈവങ്ങളില്‍ ഒന്നാണ് കാളഭൈരവന്‍. നൂറുകണക്കിന് കാലികളെ മെരുക്കി നിയന്ത്രിക്കാന്‍ കാളഭൈരവസേവയുള്ള ഒറ്റ മേക്കാരാനു കഴിയുമായിരുന്നു. കേന്ദ്രകഥാപാത്രമായ കുഞ്ഞാടിയുടെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന കാരിക്കുട്ടി വല്യാത്തയുടെ പുരാവൃത്തത്തിലൂടെയാണ് നാം ഈ സിദ്ധി തിരിച്ചറിയുന്നത്. ആദ്യത്തെ രണ്ടു രംഗങ്ങളില്‍ അതികായനായ ഈ പൂര്‍വ്വികന്റെ അത്ഭുതസിദ്ധികള്‍ അവതരിപ്പിക്കുന്നു.

കുഞ്ഞാടിയും ഭാര്യ ഉണ്ണിപ്പേരിയും താമസിക്കുന്ന വീടാണ് നാടകത്തിന്റെ നടുവരങ്ങ്. വീട്ടുമുറ്റത്തെ തറയില്‍ ദൈവങ്ങളെ കുടിവെച്ച തറ. അതിനപ്പുറം തൈതാരംപാറ. ഇവരുടെ യൗവനകാലമാണ് മൂന്നും നാലും രംഗങ്ങള്‍. കൃഷി ലഹരിയായിരുന്ന, മഴയും മൊഴിയും ചേറും ഞാറും നിറഞ്ഞ് കര്‍മ്മനിരതമായ ദിനങ്ങള്‍. നാട്ടുവെളിവുകളുടെ ആ നിലാവെളിച്ചത്തിലേക്കാണ് ടോര്‍ച്ചടിച്ചുകൊണ്ട് മാറിയ കാലം വെടിക്കാരന്‍ മായീന്റെ വേഷത്തില്‍ കടന്നുവരുന്നത്. ടോര്‍ച്ചു മാത്രമല്ല, തോക്കും കടന്നുവരുന്നുണ്ട്. തൈതാരംപാറയിലെ വിഗ്രഹങ്ങള്‍ക്കു നേരെ ടോര്‍ച്ചടിക്കുന്നതോടെ ദൈവങ്ങള്‍ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.

വൈകാതെ തൈതാരംപാറ ‘കരിങ്കല്ല് ചവയ്ക്കുന്ന ചെയ്ത്താന്മാര് കടിച്ചുതുപ്പി’. അവിടെ കോറി വന്നു. ടോര്‍ച്ചുവെളിച്ചത്തെ തുടര്‍ന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളും കുന്നുകയറിവന്നു. വൃദ്ധരായ കുഞ്ഞാടിയും ഭാര്യയും അതിജീവിക്കാന്‍ പാടുപെടുകയാണ്. പാറ പോയതോടെ അവര്‍ ഒറ്റപ്പെട്ടു. തട്ടകം കൈയ്യേറിവരുന്ന പുതുകാലത്തെ നേരിടാന്‍ അവര്‍ക്ക് പഴമ്പാട്ടുകളേ ബാക്കിയുണ്ടായിരുന്നുള്ളു. ഉണ്ണിയാര്‍ച്ചയുടെ ഉറുമികണക്കെ അവര്‍ ആ പാട്ടുകള്‍ പാടിപ്പാടി മൂര്‍ച്ച വരുത്തി.

എന്നാല്‍ പഠിപ്പും പരിഷ്കാരവുമുള്ള അവരുടെ മകന്‍ ദേവന് ഈ പഴമ്പാട്ടുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. അയാള്‍ മറ്റൊരു ലോകം കണ്ടവനാണ്. അയാളുടെ ദൈവം വേറെയാണ്. അയാളുടെ ഭാഷ മാനകമലയാളമാണ്. അയാള്‍ക്കു വഴികാട്ടുന്നത് മൊബൈല്‍വെളിച്ചമാണ്. അതിന്റെ റിങ്ടോണ്‍ സംസ്കൃതശ്ലോകമാണ്. വട്ടിയും കുട്ടയും കുടയും നെയ്ത് പരിഹാസ്യരായി ജീവിക്കുന്ന മാതാപിതാക്കള്‍ അയാള്‍ക്ക് അപമാനമാണ്.

കോറിക്കമ്പനിക്കു തീറുകൊടുത്ത പറമ്പില്‍നിന്ന് കുടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. താഴെയുള്ള തന്റെ പുതിയ വീട്ടിലേക്ക് അവരെ കൊണ്ടുപോകാന്‍ അയാളൊരുക്കമാണ്. പക്ഷെ ദൈവങ്ങളോ? മനുഷ്യന്‍ മണ്ണില്‍ നിന്നു കുടിയിറങ്ങുമ്പോള്‍ അവരുടെ മനസ്സില്‍നിന്ന് ദൈവങ്ങള്‍ക്കും കുടിയിറങ്ങേണ്ടിവരുന്നു. പകല്‍വെളിച്ചത്തിന് വഴിമാറിക്കൊടുക്കുന്ന നിലാവെളിച്ചമുള്ള ഒരു രാത്രിയുടെ അനിവാര്യമായ നിസ്സഹായത ഈ കഥാപരിണാമത്തിനുണ്ട്.

വികസനം കുടിയിറക്കിയ അരികുജീവിതത്തെ പ്രമേയമാക്കിയതുകൊണ്ടു മാത്രമല്ല കാളഭൈരവന്‍ ശ്രദ്ധേയമാകുന്നത്. ഗോത്രസംസ്കാരത്തിന്റെ അനേകം അടരുകളെ നാടകത്തിലുടനീളം സമര്‍ത്ഥമായി നെയ്തുചേര്‍ത്തിരിക്കുന്നു. ഇതില്‍ പ്രധാനം ഭാഷ തന്നെ. വാളും ചിലമ്പും അരമണിയും കിലുങ്ങുന്ന ഒരു വാമൊഴിയാട്ടം തന്നെയാണ് കാളഭൈരവന്‍. തമിഴും മലയാളവും കലര്‍ന്ന ഉച്ചാരണവും പ്രാദേശികമായ ചൊല്‍വടിവുകളും നാടകകൃത്ത് തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ അടിക്കുറിപ്പുകളിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യന്തം ഗോത്രമുദ്രയുള്ള പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മുടിങ്കോല്‍ മെടയല്‍, ഊര്‍ച്ച, കൊട്ടനെയ്ത്ത്, കാലിരാകല്‍, ഞാറുനടീല്‍ എന്നിങ്ങനെ കുലവൃത്തിയുമായി ബന്ധപ്പെട്ട ചെയ്ത്തുകളുടെ സൂക്ഷ്മനിരീക്ഷണങ്ങള്‍ കൗതുകകരമാണ്. ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട തോറ്റങ്ങളും കര്‍മ്മങ്ങളും ഒരു ഡോക്യുമെന്റേഷനായി തോന്നിക്കാത്തവിധം കഥാപാത്രങ്ങളുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.

നാടകമെന്നാല്‍ രംഗത്ത് അവതരിപ്പിച്ചുകാണാനുള്ളതാണ്, വായിച്ചുരസിക്കാന്‍ വേണ്ടിയുള്ളതല്ല എന്നൊരു വിശ്വാസം നമ്മുടെ വായനക്കാര്‍ക്കും പ്രസാധകര്‍ക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. ഏറെക്കുറെ അതു ശരിയാണുതാനും. നാടകം പ്രസിദ്ധീകരിക്കാന്‍ അപൂര്‍വ്വമായി മാത്രമേ പ്രസാധകര്‍ മുന്നോട്ടുവരുന്നുള്ളു. അതിനു മുഖ്യകാരണം നാടകരചനയെക്കുറിച്ച് നമുക്കുള്ള മുന്‍വിധിയും പരിചയക്കുറവുമാണ്. കഥാപാത്രങ്ങളുടെ പേരിനു നേരെ അവരുടെ സംഭാഷണം എഴുതിച്ചേര്‍ക്കുകയും ആവശ്യമെങ്കില്‍ ബ്രാക്കറ്റില്‍ രംഗസൂചനകള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തിനേയാണ് നാം നാടകങ്ങളെന്നു വിളിച്ചുപോന്നത്. ഇവ മിക്കവാറും രംഗപാഠങ്ങളായിരുന്നു. എന്നാല്‍ നാടകത്തിനു പാരായണപാഠമായും ജീവിക്കാനാവുമെന്ന് നമ്മുടെ ക്ലാസിക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടേയും സി.ജെ തോമസ്സിന്റേയും നാടകങ്ങള്‍ മികച്ച ഉദാഹരണങ്ങള്‍. കാളഭൈരവനെ വേറിട്ട ഒരു നാടകമാക്കുന്നത് അതിന്റെ ഈ ദ്വിമുഖ സാദ്ധ്യതയാണ്. ഒരേസമയം രംഗപാഠമായും പാരായണക്ഷമതയുള്ള സാഹിത്യമായും നിലനില്‍ക്കുവാന്‍ കഴിയുംവിധം അപൂര്‍വ്വമായ ഒരാഖ്യാനരീതിയാണ് ഈ കൃതിയില്‍ ദിനേശ്കുമാര്‍ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കൃതിയുടെ പ്രസിദ്ധീകരണം കാലികപ്രസക്തമാണെന്നു ഞാന്‍ വിചാരിക്കുന്നു.