ഓർമ്മച്ചാർത്ത്

ആലങ്കോട് ലീലാകൃഷ്ണന്

പൊന്നാനി, കോളേജ്, കാറ്റ്, കടപ്പുറം
തെങ്ങ്, ചകിരി, മീൻ, പള്ളി, ഖബറിടം
ഇമ്പിച്ചിബാവ, ട്രാൻസ്പോർട്, വെളിച്ചെണ്ണ
മില്ല്, ബസ്റ്റാന്റ്, മയിൽവാഹനം, അതിൻ
പിന്നിലിട്ട്യേച്ചൻ, ഇറങ്ങുന്ന സുന്ദരീ
സുന്ദരന്മാരാം ഉറൂബിന്റെ കുട്ടികൾ

പുസ്തകം, മിഠായി, ചർച്ച , സിഗരറ്റ്
എക്കണോമിക്സ്, പൊളിറ്റിക്സ്, കാന്റീനി-
ലുച്ചയൂൺ, ചായ, ഇലക്ഷൻ പ്രചരണം,
എസ്സെഫൈകേയെസ്യു സംഘട്ടനം, യൂത്തു
ഫെസ്റ്റിവൽ, തെങ്ങിൻ പറമ്പിലെ മേളനം

ബീഡിപ്പുക, ബുദ്ധിജീവി, കമ്മ്യൂണിസം,
താടി, മുടി, മുഷിമുണ്ട്, മോഡേണിസം,
നാടകമെന്ന പ്രഹേളിക, ശക്തിയിൽ
കാഞ്ചനസീത, ഉച്ചപ്പടം, ആനന്ദ്,
ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മന്റെ
ശാന്ത കുറത്തി മുഴങ്ങുന്ന തൊണ്ടകൾ

കോണിച്ചുവട്ടിലെ പ്രേമപ്രകമ്പനം
തോളിലെസ്സഞ്ചിയിലശ്ലീലപുസ്തകം
മാഗസിൻ താളിൽ കവിത, സീസോണിന്നു
പോയന്നൊളിവിൽ ലഭിച്ചൊരുമ്മ, രാവു
നീളെ തെറിപ്പാട്ട്, ഉറക്കൊഴിപ്പ്, പിന്നെ
ഹാളിൽ പരീക്ഷക്കിരുന്നെഴുത്ത്

പെട്ടി, തബല, ചപ്ലാംകട്ട, ഗഞ്ചിറ
കർട്ടനില്ലാ വേദി, മുന്നിൽ വിജനത
എപ്പൊഴോ തീർന്നൂ കലോത്സവം എന്നിട്ടു-
മിപ്പൊഴും നിൽക്കുന്നു കാഥികൻ, പിന്നണി
കൊട്ടുന്ന ഞാനിടയ്ക്കൊന്നുറങ്ങിപ്പോയി
പെട്ടെന്നുണർന്നിതു കെട്ടിയുണ്ടാക്കുവാൻ!

വിശ്വരൂപം

രാമ,
പണ്ടു നമ്മൾ
ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്
കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ
ഇരുന്നത് ഓർമ്മയില്ലേ?

അന്ന്
അവിടയൊരു മണൽക്കുഴിയിൽ
നമ്മുടെ കാലു നക്കിക്കൊണ്ട്
പുഴുത്തു നരച്ചു
കെട്ടുനാറി കിടന്ന
ആ വയസ്സൻ പുഴവെള്ളത്തെ
കണ്ടത്,

അതിന്റെ
വാലുപോലെ നീണ്ട നീർച്ചാല്
നിഷ്പ്രയാസം ചാടിക്കടന്നത്,
കവിതയുടെ
സൗഗന്ധികം തേടിപ്പോയത്..
ഓർമ്മയില്ലേ?

അതിനെ ഞാൻ
വീണ്ടും കണ്ടു.

ഇന്നലെ
പ്രഭാതസവാരിക്കിടയിൽ
റോഡു മുറിച്ചു കടക്കുമ്പോൾ
കാലു തെറ്റി ഓടയിൽ ചവിട്ടി.

അവിടെ
കെട്ടിക്കിടക്കുകയായിരുന്ന അത്
പെട്ടെന്ന് കോപത്തോടെ
എഴുന്നേറ്റ്
എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു

ഞാൻ ഭയന്ന്
തിരിഞ്ഞോടി.
വീട്ടിലെത്തി
ടീവി തുറന്നപ്പോൾ
തിരയിലും കണ്ടു അതിനെ.

മലമുകളിൽനിന്ന്
ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,
വീടും വഴിയും
നാടും നഗരവും
വിഴുങ്ങി നിറയുന്നത്,

രാമ,
നമ്മൾ കവിത ചൊല്ലിയ പാലം
മുങ്ങിപ്പോകുന്നത്.

അടരുകൾ

അർത്ഥത്തിന്റെ അനേകം അടരുകളും ധ്വനികളുമുള്ള ഒരു രചന കഷ്ടപ്പെട്ട് വായിക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ തലതിരിച്ച് ചുമരിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റിനെ നോക്കി ആശ്ചര്യപ്പെടുകയും എത്ര സ്പഷ്ടമായാണ് അത് മുറിയിലുള്ള വസ്തുക്കളെ നിഴൽരഹിതമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും മുമ്പൊരിക്കലും കാണാത്തവിധത്തിൽ മുറിയിൽ ഇരിക്കുന്ന അലമാര മേശ അതിന്മേൽ വെള്ളം നിറച്ച കൂജ ചുമരിൽ അനക്കമില്ലാതിരിക്കുന്ന പല്ലി എന്നിവയെ അവ മറ്റൊന്നിന്റേയും പ്രതീകമോ സൂചനകളോ അല്ലെന്ന ഉദാരവും ഭാരരഹിതവുമായ തിരിച്ചറിവോടെ കേവലം നിരീക്ഷിക്കുകയും ഒപ്പം എന്നെത്തന്നെ അവയിൽ ഒന്നായി കണ്ട് ആനന്ദിക്കുകയും ചെയ്തു.

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.
മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.

ചേക്കുട്ടി

ഉണ്ടത്തലയും വിടർന്ന പാവാടയും
മണ്ടയിൽ തൂക്കുവാൻ നൂലും
കണ്ടതിലൊക്കെയും കൗതുകം കാണുന്ന
രണ്ടു കരിമഷിക്കണ്ണും

ഉണ്ടായിവന്നു നീ ചേറിൽ നിന്നും തുണി-
ത്തുണ്ടായ ചേക്കുട്ടിപ്പാവേ
കണ്ടാലെടുത്തണിഞ്ഞീടാന്‍ കൊതിക്കുന്ന
തണ്ടാര്‍ന്ന താമരപ്പൂവേ

പാവങ്ങള്‍തന്‍ തുണിക്കീറില്‍ പിറന്നു നീ
പാവിന്നു നൂലു പാകുന്നോര്‍
നൂലിഴ പൊട്ടാതെ ഭംഗിയിലാടകള്‍
നൂറായിരം നെയ്തിടുന്നോര്‍

ഓണം വരുംമുമ്പു ചന്തയില്‍ വില്‍ക്കുവാന്‍
ഓടം കണക്കു പായുന്നോര്‍
ഓരോ കിനാവിന്‍ കസവിനാല്‍ നാളുക-
ളോരോന്നുമെണ്ണി നീക്കുന്നോര്‍

ആരും കരുതിയില്ലിങ്ങനെ, പെട്ടെന്നു
തോരാമഴ പെയ്തിറങ്ങി
ചേറും ചെളിയുമായ് വന്ന വെള്ളത്തിലീ
നാടും നഗരിയും മുങ്ങി

ആളുകൾ വാങ്ങുന്നതിൻ മുമ്പു ഹാ! പുഴ-
യോളങ്ങളെല്ലാം കവർന്നു
ചേലകളെല്ലാം പ്രളയജലത്തിലെ
ചേറു പുരണ്ടു കുതിര്‍ന്നു

ഉണ്ടാക്കി വെച്ചതു സർവ്വം നശിച്ചുപോയ്
മുണ്ടിന്റെ കോന്തല ബാക്കി
എങ്കിലെന്തത്തല കൊണ്ടുമുണ്ടാക്കിടാം
ചന്തങ്ങളെന്നൊരു ചിന്ത
തെങ്ങിന്റെ മണ്ടയിലച്ചിങ്ങ പോലന്നു
ഞങ്ങൾക്കുമുണ്ടായി വന്നു

അങ്ങനെയുണ്ടായൊരോമനപ്പാവകൾ
നിങ്ങളോടെന്തു പറഞ്ഞു?
പാടും കറയുമഴുക്ക,ല്ലഴകെന്നോ,
പാഴാക്കരുതൊന്നുമെന്നോ?