കോംപസ്സിന്റെ സൂചിക്കാൽ

ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്.

എന്നാൽ ഷാജിയെപ്പോലെ അപൂർവ്വം വിദ്യാർത്ഥികൾ അന്നത്തെ ചവർപ്പുകളെ പിന്നീടു മധുരിക്കുന്ന നെല്ലിക്കകളാക്കുന്നു. അക്കാലത്തെ സാഹസികതകൾ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവെക്കുന്നു. ചിതറിത്തെറിച്ചുപോയ പഴയകാല സഹപാഠികളെ തിരഞ്ഞുപിടിച്ച് ഒത്തൊരുമിക്കുന്നു. ബാല്യസ്മരണകൾ അയവിറക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. ആ നിലയിൽ എനിക്കറിയാവുന്ന എ.വി.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ ഒരു ‘അപൂർവ്വവിദ്യാർത്ഥി’യാണ് ഷാജി ഹനീഫ് എന്ന് സന്തോഷത്തോടെ പറഞ്ഞുകൊള്ളട്ടെ.

ന്യൂ എൽ.പി യിൽ ഒന്നാംതരത്തിൽ ചേർന്ന കാലം തൊട്ട് പത്താംതരം ജയിച്ച് ഏ.വി യിൽനിന്ന് പുറത്തുപോകുംവരെയുള്ള ഒന്നരപ്പതിറ്റാണ്ടിന്റെ സ്കൂൾ അനുഭവങ്ങളാണ് ഷാജി ഈ പുസ്തകത്തിൽ പറയുന്നത്. മൂന്നരപ്പതിറ്റാണ്ട് അതേ വിദ്യാലയത്തിൽ അധ്യാപകനായി കഴിഞ്ഞുകൂടിയ എനിക്കുപോലും ഇത്ര വിശദാംശങ്ങളോടെ അക്കാലം ഓർമ്മിച്ചെടുക്കാനാവില്ലെന്നു സമ്മതിക്കുന്നു.

സ്കൂൾ അനുഭവങ്ങളിൽനിന്ന് ഉജ്ജ്വലമായ സാഹിത്യസൃഷ്ടികൾ മലയാളത്തിലുണ്ടായി. കാരൂരിന്റേയും ചെറുകാടിന്റേയും അക്ബർ കക്കട്ടിലിന്റേയും കഥകളിൽ മലയാളിയുടെ അധ്യാപകജീവിതം കണ്ണീരും ചിരിയും കലർന്ന് പലപാട് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഷാജിയുടെ ഈ അനുഭവകഥകൾ വായിക്കുമ്പോൾ അക്ബർ കക്കട്ടിലിന്റെ സ്കൂൾ ഡയറി ഓർമ്മ വരുന്നുവെങ്കിൽ അതു സ്വാഭാവികം. അത്രയ്ക്കു നർമ്മമധുരമായാണ് ഷാജി തന്റെ വിദ്യാർത്ഥിജീവിതം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

മതിലും വേലിയും ഇല്ലാത്ത ഭൂപ്രകൃതി പോലെത്തന്നെയായിരുന്നു അന്നത്തെ പൊന്നാനിയിലെ മനുഷ്യപ്രകൃതിയും. ന്യൂ എൽ പിയേയും ഏ വിയെയും വേർതിരിക്കുന്ന കാവ്, കാവിലെ കാട്ടുപൊന്തകളെപ്പറ്റി ഭയപ്പെടുത്തുന്ന കഥകൾ പറയാറുള്ള മുണ്ടിയമ്മ, പാട്ടുടീച്ചർക്ക് ഗുരുദക്ഷിണ നൽകിയ ശേഷം ‘നിസ്കരിച്ച’ ഓർമ്മ, വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പരിചയപ്പെടുത്തിയ പത്മനാഭൻമാസ്റ്റരുടെ കഥാകഥനം, യുവജനോത്സവങ്ങളിലെ ആവേശകരമായ മത്സരവും തോൽവിയും – ഇങ്ങനെ നിരവധി അവിസ്മരണീയമായ സന്ദർഭങ്ങളും വ്യക്തികളുമുണ്ട് ഷാജിയുടെ ഈ ഓർമ്മച്ചെപ്പിൽ. (കൂട്ടത്തിൽ ‘നല്ല മാഷല്ലാ’ത്ത ഈയുള്ളവനും ഷാജിയുടെ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്!)

ഇസ്കൂളോർമ്മകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാൻ തുടങ്ങിയപ്പോഴേ ഞാനതു ശ്രദ്ധിച്ചിരുന്നു. വായിക്കുകയും കമന്റു ചെയ്തു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടിലും വിദേശത്തുമായി പരന്നുകിടക്കുന്ന വിപുലമായ ഒരു സൗഹൃദവലയമുണ്ട് ഷാജിക്ക്. അവർ ആ കുറിപ്പുകൾക്കുവേണ്ടി കാത്തിരുന്നു. ഷാജി വിട്ടുപോയ പല കാര്യങ്ങളും ഓർമ്മിപ്പിച്ച് അതുകൂടി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതാണ് അച്ചടിയെ അപേക്ഷിച്ച് ‘തിരയെഴുത്തി’ന്റെ ഒരു വലിയ സാധ്യത. വായനക്കാരുടെ തത്സമയ പ്രതികരണങ്ങൾ എഴുത്തുകാരന് പ്രോത്സാഹനം മാത്രമല്ല, തന്റെ എഴുത്തിനെ പുതിയ ദിശയിലേക്കു നയിക്കാനുള്ള മാർഗ്ഗദർശനം കൂടി നൽകുന്നു. സത്യത്തിൽ ഇന്ന് ജീവനുള്ള എഴുത്ത് ‘തിര’യിലാണ് സംഭവിക്കുന്നത്. അച്ചടിസ്സാഹിത്യം പലപ്പോഴും കരയ്ക്കു പിടിച്ചിട്ട മീനാണ്. എന്നാൽ ഷാജി തിരയിലും താളിലും ഒരുപോലെ കൈത്തഴക്കമുള്ള എഴുത്തുകാരനാണെന്ന് ഇതിനുമുമ്പു പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രചനകൾ തെളിയിച്ചിട്ടുണ്ടല്ലോ.

സാഹിത്യത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ഒരു പൊന്നാനിക്കളരി.
ഭൂഗോളത്തിലെ പലപല രാജ്യങ്ങളിൽ ചുറ്റി സഞ്ചരിക്കുമ്പോഴും ഷാജിയുടെ ഹൃദയം പൊന്നാനിയുടെ ഈ കളരിമുറ്റത്ത് ഊന്നിനിൽക്കുന്നു – പെൻസിൽമുന വ്യത്യസ്ത അകലത്തിൽ വട്ടം വരക്കുമ്പോഴും കേന്ദ്രബിന്ദുവിൽനിന്ന് സൂചിക്കാൽ വ്യതിചലിക്കാത്ത കോംപസ്സിനെപ്പോലെ!
(ഷാജിഹനീഫ് ന്റെ ഉസ്കൂൾ ഓർമ്മപ്പുസ്തകത്തിനെഴുതിയ കുറിപ്പ്)