ഒപ്പ്

‘നാട്യവേദത്തിലെ പ്രതാപമുദ്രകൾ’ എന്ന പുസ്തകമാണ് കൈയ്യിൽ. 2001ൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചത്. താളവാദ്യനൃത്ത കലകളിലെ ആചാര്യന്മാരെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. മുംബൈയിലെ ‘കേളി’യാണ് സംഘാടകർ. പുസ്തകത്തിന് ആമുഖമായി വിശ്വവിഖ്യാതനായ തബലിസ്റ്റ് സാക്കിർ ഹുസൈൻ കേരളീയ താളപ്പെരുമയെപ്പറ്റി ഒരു കുറിപ്പെഴുതിയിട്ടുണ്ട്. അതിനു ചുവടെ അദ്ദേഹം ചാർത്തിയ കൈയൊപ്പാണ് ഇത്. പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളെ തബലയിലെ ഡഗ്ഗയാണോ (ഇരു കുറ്റികളിൽ വലിയത്) എന്നു തോന്നിപ്പിക്കുംവിധം വിന്യസിച്ച ഒരു ചിത്രം!

വാദകന് വാദ്യം തന്നെ മുദ്ര!

ഇതു കണ്ടപ്പോൾ ഞാൻ എന്റെ കൈയ്യൊപ്പിനെപ്പറ്റി ഓർത്തു. ജോലി വിട്ടതിൽപ്പിന്നെ കൈയ്യൊപ്പിടേണ്ടിവന്ന സന്ദർഭങ്ങൾ അപൂർവ്വം. കത്തെഴുത്തില്ല. ചെക്കു കൊടുക്കുന്ന പതിവ് ഇല്ലാതായതിനാൽ അവിടെയും ഒപ്പു വേണ്ട. ഒപ്പ് ഏതാണ്ട് മറന്നു പോയിരിക്കുന്നു. എത്ര ആലോചിച്ചും പരിശീലിച്ചുമാണ് ആദ്യത്തെ ഒപ്പിട്ടത്! പത്തിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്നത്തെ ക്ലാസ് ടീച്ചർ പറഞ്ഞു: സർട്ടിഫിക്കറ്റിൽ ഇട്ട ഒപ്പ് ജീവിതാന്ത്യം വരെ ഓർത്തുവെക്കേണ്ടതാണ്. അതുകൊണ്ട് സ്വന്തവും വ്യത്യസ്തവുമാകണം അത്. ഇടയ്ക്കിടെ മാറ്റാൻ പറ്റില്ല. പേടിച്ചും വിറച്ചുമാണ് അന്ന് ആദ്യ ഒപ്പു ചാർത്തിയത്. പ്രത്യേകിച്ച് ഒരക്ഷരത്തേയും ഓർമ്മിപ്പിക്കാത്ത വരവടിവായിരുന്നു എന്റെ ഒപ്പ്.

അക്ഷരങ്ങളേയില്ലാത്ത ഒരു വാക്ക്.
ഉച്ചാരണമില്ലാത്ത ഒരു ശബ്ദം.
മഷിയടർന്നുപോയ ഒരു ഡഗ്ഗ.
എന്റെ ഒപ്പ്!