നിരാമയകവിത

കമറുദ്ദീൻ കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ – ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും – സ്വഭാവേന കാണുന്നതും എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്നതുമായ വികൃതികളെ കണ്ടെടുത്ത് കോർത്തെടുക്കുന്ന കലയാണ് കമറുദ്ദീന്റെ കുറുംകവിതകൾ. ഭാഷയിലെ പ്രതിഷ്ഠാപനകല (Installation Art) എന്നും പറയാം.

ശില്പ-ചിത്രവേലയോടുള്ള ഈ കൗതുകം കമറുദ്ദീന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകടമാണ്. തന്റെ കുറിപ്പിനോടൊപ്പം ഇയാൾ ഒരു (വി)ചിത്രം ചേർക്കും. സാധാരണ വസ്തുക്കളെ അസാധാരണമായ രീതിയിൽ വിന്യസിച്ചുകൊണ്ട് അവയുടെ അർത്ഥത്തെയും ധർമ്മത്തെയും അട്ടിമറിക്കുന്ന ഇമേജുകളാവും അത്. ഉദാഹരണത്തിന്, തീൻമേശയിലെ ഒരു ഫോർക്ക് കൈപ്പത്തിയെ ഓർമ്മിപ്പിക്കുന്നു. ഇത് കമറുദ്ദീന്റെ കവിതയിൽ രൂപാന്തരപ്പെടുന്നത് ഇങ്ങനെയാണ്:

ഫോർക്ക് ഉപയോഗിക്കാൻ
അയാൾക്ക് വശമില്ലാഞ്ഞല്ല
ആ കലാപത്തിനു ശേഷം
ഫോർക്കുകൾ
അതിന്റെ കൂമ്പലും വളവും
എല്ലാം ചേർന്ന്
കുതുബുദ്ദീൻ അൻസാരിയുടെ
തൊഴുകൈ
ഓർമിപ്പിക്കുന്നത് കൊണ്ടാണ്.

ഇതുപോലെ വെള്ളത്തിൽ കിടക്കുന്ന സ്കേറ്റിങ്ബോഡ് ചീങ്കണ്ണിയായും ചവറ്റുകൊട്ടയിലെ കൈയ്യുറകൾ തവളകളായും രൂപാന്തരപ്പെടുന്നതു കാണാം. യുദ്ധഭൂമിയിലെ ടാങ്കുകൾക്കാവട്ടെ ഉദ്ധരിച്ച ലിംഗങ്ങളോടാണ് രൂപസാമ്യം.

ടാങ്കുകളെന്നത്
വെറും വിളിപ്പേരാണ്
മുരണ്ടു നീങ്ങുന്നത്
ഉദ്ധരിച്ച ലിംഗങ്ങളാണ്
ഏത് യുദ്ധത്തിലും
ഇരകളിൽ കൂടുതൽ
സ്ത്രീകളും കുഞ്ഞുങ്ങളുമാകുന്നത്
അതുകൊണ്ടാണ്.

പട്ടങ്ങളാകുന്ന തിരണ്ടികൾ, സൂഫി നർത്തകരെ ഓർമ്മിപ്പിക്കുന്ന വിന്റ്മില്ല്, പെരുമ്പാമ്പാകുന്ന വാക്വംക്ലീനർ ഇങ്ങനെ രൂപസാമ്യത്തിൽനിന്ന് ഉരുവംകൊണ്ട നിരീക്ഷണകൗതുകങ്ങളാണ് ഇതിലെ കവിതകളേറെയും.

ഈ കല്പനാകൗതുകത്തിന്റെ ആദിരൂപമായി പെട്ടെന്ന് ഓർമ്മയിൽ വരുന്നത് പാബ്ലോ പിക്കാസോയുടെ കാളത്തല എന്ന പ്രസിദ്ധ ശില്പമാണ്. 1942 ലാണ് ചുമരിലുറപ്പിച്ച ഒരു സൈക്കിൾ സീറ്റും അതിനുമുകളിൽ ഹാന്റിൽ ബാറും വെച്ച് പിക്കാസോ ഈ അനശ്വര രചനക്കു രൂപം കൊടുത്തത്. ഇത് ഒരു ‘കണ്ടെത്തിക്കല’ (Found Art) ആണ്. ശില്പി സ്വന്തം കൈകൊണ്ടു നിർമ്മിച്ചതല്ല, ലഭ്യമായ വസ്തുക്കളെ പ്രത്യേകരീതിയിൽ വിന്യസിച്ച് സൃഷ്ടിക്കുന്നതാണ്. സർവ്വം ശിഥിലമാക്കിയ യുദ്ധഭീകരതയെ ഭാവനകൊണ്ട് അതിജീവിക്കാനുള്ള കലാകാരന്റെ പരിശ്രമമായിരുന്നു അത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരേസമയം അതീവലളിതവും അതിസങ്കീർണ്ണവുമായ ഒരു പ്രതിഷ്ഠാപനം.

ആധുനികകാലത്ത് ഈ ഗണത്തിൽപ്പെടുന്ന ശ്രദ്ധേയമായ മറ്റൊരു ഇൻസ്റ്റലേഷൻ Jean luc Cornec ന്റെ Telephone Sheep ആണ്. കാലഹരണപ്പെട്ട ലാന്റ് ഫോണുകളും അവയുടെ കേബിളുകളും മാത്രം ഉപയോഗിച്ചുകൊണ്ട്, നിൽക്കുകയും കിടക്കുകയും മേയുകയും ചെയ്യുന്ന ആടുകളെ നിർമ്മിച്ചിരിക്കുന്നു. ഇത് ഒരുതരം പുനരുപയോഗകല കൂടിയാണ്. പിക്കാസോയുടെ സൈക്കിൾക്കല ഇവിടെ റീസൈക്കിൾക്കലയായി എന്നും പറയാം. എന്നാൽ സ്മാർട്ഫോണുകളുടെ കാലം മനുഷ്യഭാവനയെ നിരന്തരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു:
‘തൊടു സ്ക്രീനിൽ
പടം വിടർത്തിയപ്പോൾ
കണ്ടു
ഇതുവരെ കണ്ണിൽപ്പെടാത്ത
അവളുടെ കീഴ്ത്താടിയിലെ
നീല മറുക്’ (വിടർച്ച)
ടച്ച്സ്ക്രീനിൽ വിരലുകൾകൊണ്ടുള്ള സൂമിങ്ങ് (പടം വിടർത്തൽ) ആണ് ഇന്നു നമ്മുടെ സൂക്ഷ്മദർശിനി. യാഥാർത്ഥ്യത്തേക്കാൾ അതിയാഥാർത്ഥ്യമാണ് നമ്മൾ കാണുന്നത്. ഡിജിറ്റൽ കാലത്തിന്റെ കൺസ്യൂമർ ഉൽപ്പന്നങ്ങളും പെരുമാറ്റശീലങ്ങളും കമറുദ്ദീന്റെ കവിതകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. ഇടുങ്ങിയ ജനലിലൂടെ നോക്കുമ്പോൾ ‘ബാർക്കോഡു’ മാതിരി കാണപ്പെടുന്ന ചാറ്റൽമഴ, കടൽക്കരയിൽ പറവകളെന്നു കരുതി ‘ഡ്രോണുകൾക്ക്’ തീറ്റയെറിഞ്ഞുകൊടുക്കുന്ന അപ്പൂപ്പൻ, കെട്ടിടത്തിനു മുകളിൽനിന്നു താഴെക്കു ചാടി ആത്മഹത്യ ചെയ്തയാളുടെ ശരീരം റോഡിൽ ‘ക്യു ആർ കോഡ്’ ഉണ്ടാക്കിയത് എന്നിവ ഉദാഹരണം.

വസ്തുക്കളുടെ രൂപസാമ്യത്തിലെന്നപോലെ വാക്കുകളുടെ ഉച്ചാരണസാമ്യത്തിലും ദ്വയാർത്ഥപ്രയോഗത്തിലും കവി കൗതുകം കൊള്ളുന്നു. “കുളിക്കാനിറങ്ങിയവരുടെ റബ്ബർ ചെരുപ്പുകൾ പകുതി കാണും വിധം മണലിൽ കുഴിച്ചിട്ട് കുട്ടികൾ കബർ കളിക്കുന്നു”. (മീസാൻകല്ലുകൾ) ഇതിലെ റബർ / കബർ എന്നീ വാക്കുകൾ നോക്കുക. “വല്ല്യുപ്പ കേട്ടത് വയലും വീടും. ഞങ്ങൾ കേൾക്കുന്നത് വയളും വീടും”. (കേൾവി) ഇതിൽ വയല് / വയള് എന്നീ വാക്കുകളിലാണ് ഉച്ചാരണസാമ്യം. അടുത്തടുത്തു നിർത്തിയിട്ട ലോറികൾ അടക്കം പറയുന്നത് “ഒരു ലോഡുകാലമായില്ലേ നമ്മൾ ഉറക്കെ മിണ്ടിയിട്ട്” എന്നാണ്. ആരോഗ്യകരമായ സൗഹൃദത്തിന്റെ തുടർച്ചക്ക് ഒരു “ബോ” അകലം പാലിക്കണമെന്ന് വയലിനിസ്റ്റുകൾ മാതൃക കാട്ടുന്നുവത്രേ. ആ ‘വില്ലകല’ത്തിന് വല്ലാത്ത ഒരകലമുണ്ട്. ഇതുപോലെ സാത്വികൻ / സ്വാസ്തികൻ / സാർത്രികൻ, ഗൃഹഭരണം / ഗുഹഭരണം, ഫക്കർ / ഫക്കീർ / ഫിക്കർ എന്നിങ്ങനെയുള്ള വാഗ് ലീലകളിൽ അഭിരമിക്കുന്നതും കാണാം.

സാദൃശ്യമുണർത്തുന്ന കൗതുകം പോലെ വൈരുദ്ധ്യമുണർത്തുന്ന നർമ്മവും കമറുദ്ദീന്റെ നിരീക്ഷണങ്ങൾക്ക് മൂർച്ച കൂട്ടുന്നവയാണ്. കോവിഡുകാലത്തെ അടച്ചിരിപ്പ് അടിയുടുപ്പുകളെ ജാലകവിരികളായി സ്വതന്ത്രരാക്കി എന്നൊരു കവിതയിൽ നിരീക്ഷിക്കുന്നു. വീടകങ്ങളിലെ അസംതൃപ്തികളും വൈരുദ്ധ്യങ്ങളും വിഷയമായ ടാബ്ലെറ്റുകൾ വേറേയും പലതുണ്ട്. അപൂർവ്വം ചിലപ്പോൾ ആശയങ്ങളെ വിട്ട് ഹൈക്കുപോലെ ധ്യാനസൂക്ഷ്മമാവുന്ന രചനകളും കാണാം.

മഴയത്ത്
മീനിന്,
പുഴതന്നെ കുട (മീൻകുട)

എന്നാലും പൊതുവേ ചിരിയുണർത്തുന്ന ചിന്തകളും ചിന്തയുണർത്തുന്ന ചിരികളുമാണ് ഈ ‘ഗുളികവിത’കളുടെ ഫലസിദ്ധി.
എന്ന്,
അനുഭവസ്ഥൻ,
പി.പി.രാമചന്ദ്രൻ.