സോവ്യറ്റ് യൂണിയന്റെ മണം

ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ ഓർമ്മവന്നു. വാളമീൻ കല്പിക്കുന്നു ഞാൻ ഇച്ഛിക്കുന്നു എന്ന മാന്ത്രികവാക്യം ഉരുവിട്ടാൽ വിചാരിച്ചതെന്തും സാധിക്കുന്ന വരം ലഭിച്ച യമേല്യ എന്ന ഒരു പാവം കുട്ടി. കൊല്ലാതെ വിട്ടതിന് നന്ദിപൂർവ്വം ഒരു വാളമീൻ അവൾക്കു നൽകിയ വരമായിരുന്നു അത്. കുട്ടിക്കാലത്ത് ആ സചിത്രപുസ്തകം എത്രയോ തവണ വായിച്ചിരുന്നു. വാളമീൻ കല്പിക്കുന്നു എന്ന മന്ത്രമുരുവിട്ട് എത്രയോ നടക്കാത്ത സ്വപ്നങ്ങൾ സങ്കല്പത്തിൽ സാധിച്ചിരുന്നു. ആ വാക്യമുരുവിട്ട് മനസ്സു നീറി പ്രാർത്ഥിച്ചാൽ യമേല്യയെപ്പോലെ നമ്മുടെ കുട്ടികൾ നാട്ടിലെത്തിയിരുന്നെങ്കിൽ!

മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു നാടാണ് അത്. സോവിയറ്റെന്നൊരു നാടുണ്ടത്രേ; പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം! എന്ന് കൊയ്ത്തരിവാളേന്തിയ നാണിമാർ ആഗ്രഹിച്ചതാണ്. എഴുപതുകളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് പാഠപുസ്തകം പൊതിയാൻ കിട്ടിയിരുന്ന സോവിയറ്റ് നാട് എന്ന സൗജന്യ പ്രസിദ്ധീകരണത്തിന്റെ വലിയ വർണ്ണത്താളുകൾ ഓർമ്മവന്നു. തക്കാളിത്തുടുമുഖമുള്ള പുഞ്ചിരിക്കുന്ന കുട്ടികൾ. അവരെ ഉന്തുവണ്ടിയിൽ ഉരുട്ടിനടക്കുന്ന സുന്ദരിമാർ. ട്രാക്ടറുകളിൽ തൊപ്പിയും രോമക്കുപ്പായവും ധരിച്ച് കൈ വീശുന്ന കൃഷിക്കാർ. അക്കാലത്ത് മേൽവിലാസം അയച്ചുകൊടുത്താൽ സൗജന്യമായി ലഭിക്കുമായിരുന്നു സോവിയറ്റ് നാട്.

സോവിയറ്റ് ലിറ്ററേച്ചർ എന്ന ഇംഗ്ലീഷ് മാസിക നിസ്സാരമായ വാർഷികവരിസംഖ്യ കൊടുത്ത് ഞാൻ വരുത്തിയിരുന്നു. ഉക്രൈൻ എന്ന പ്രവിശ്യയെക്കുറിച്ചെല്ലാം കേൾക്കുന്നത് ഇത്തരം പ്രസിദ്ധീകരണങ്ങൾ വഴിയാണ്. ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ സോവിയറ്റു യൂണിയനിൽ അച്ചടിച്ചുവന്ന നിരവധി പുസ്തകങ്ങൾ ഇന്നും കേടുകൂടാതെ ഇരിപ്പുണ്ട്. പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന ആ പുസ്തകങ്ങളുടെ നിർമ്മിതി അക്കാലത്ത് അസൂയ ഉണ്ടാക്കും. മികച്ച കെട്ടും മട്ടും. ഒന്നാംതരം കടലാസ്. തിളക്കവും മിനുസവുമുള്ള പുറംചട്ട. നമ്മുടെ അച്ചുകൂടങ്ങളിൽ കാണാത്ത തരം ലിപിവിന്യാസം. സർവ്വോപരി അതു തുറക്കുമ്പോഴത്തെ മണം.

ജന്തുക്കൾ ആദ്യം മണത്തു നോക്കി രുചിക്കുന്നതുപോലെയാണ് അക്കാലത്ത് എന്റെ പുസ്തകവായന. വായിക്കും മുമ്പ് വാസനിക്കും. വായനശാലയിലെ അലമാരയിൽ മുഷിഞ്ഞും തുന്നുവിട്ടും ഇരിക്കുന്ന സാധാരണക്കാരുടെ നോവലുകൾക്ക് റേഷനരിയുടേയും മണ്ണെണ്ണയുടേയും മണമാവും. എന്നാൽ അവർക്കിടയിൽ അധികം കൈപ്പെരുമാറ്റമില്ലാതെ എന്നും പുത്തനായിരിക്കുന്ന ഗോർക്കിയുടെ അമ്മ പകുത്തു മണത്താൽ അപരിചിതമായ ഒരു മണം കിട്ടും. അതാണ് സോവിയറ്റ് യൂണിയന്റെ മണം എന്നാണ് ഞാൻ ധരിച്ചിരുന്നത്.

നാമർ

കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്ന പ്രഭാതരശ്മി മാസികയുടെ 2021 ആഗസ്റ്റ് ലക്കത്തിൽ ആണ് കെ ജി എസ്സിന്റെ നാമർ എന്ന കവിത വായിച്ചത്. അമർത്തിവെക്കപ്പെട്ട കമ്പിച്ചുരുൾ പോലെ വാക്യങ്ങളെ ചുരുട്ടിച്ചുരുക്കിവെക്കുന്ന കെ ജി എസ്സിന്റെ തനതുകാവ്യശൈലി അടയാളപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ് ഇത്. ഷേക്സ്പിയറിന്റെ ജൂലിയറ്റ് പറയുന്ന ഒരു പേരിലെന്തിരിക്കുന്നു എന്ന പ്രസിദ്ധമായ വരികളുടെ ഒരു മറുവായനയാണ് ഈ കവിത.
ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല, ഒരു പേരിലാണ് എല്ലാം ഇരിക്കുന്നത് എന്നാണ് കവിതയിലെ ആഖ്യാതാവിന്റെ വെളിപാട്. പേരു കൊണ്ട് ആളറിയാം എന്നാണ് പുതുനിലപാട്. ഒരാളെ അപരനായി മുദ്രകുത്തുന്നതിന് ഊരും പേരും പ്രയോജനപ്പെടുത്തുന്ന ഭരണകൂടഭീകരതയുടെ കാലത്ത് പേര് എല്ലാമാകുന്നു.
പേരു ചുമട്ടുകാർ, എല്ലാം എല്ലാരും
പേരിലല്ലേ സാർ, കാര്യം?
പേരു പറയുന്നതിനായാണ് തടവുകാരായ വിപ്ലവകാരികളെ ഭരണകൂടം പീഡിപ്പിച്ചത്.
നാവിൽ നിന്ന് പേരുകൾ ചൂഴ്ന്നെടുക്കൽ പീഡകർക്ക് ഹരം!
പേരുവില ഉയിരുവില പേരാണു സാർ എല്ലാം.
അവസാന പരീക്ഷ പേരാണ്. പേരിൽ ഒരാളുടെ ഊരും വേരും ഉണ്ട്. അയാളുടെ ഉത്ഭവം. മലബാറിൽ ഉല്പം എന്നു പറയും. നിന്റെ ഉല്പമെന്താണ് എന്ന് ഇനിഷ്യലിന്റെ എക്സ്പാൻഷൻ ആയി കുടുംബപ്പേര് അറിയാൻ കുട്ടികൾ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. സൂതപുത്രനായ കർണ്ണൻ അപമാനിതനായ സന്ദർഭം കവിതയിൽ സൂചിപ്പിക്കുന്നുണ്ട്. അഭിഷേക സമയത്ത് ചോദ്യം വരും. എന്താ നിന്റെ പേര്. ഏതാണു നിന്റെ വേര്. നീ അലക്കുകാരന്റെ മോനോ തേരാളിയുടെ മോളോ? ഷേക്സ്പിയറുടെ വരികളെ തലകീഴായി മറിച്ചുകൊണ്ട്, കവി സ്ഥാപിക്കുകയാണ് :
പേരിന്റെ കുറ്റിയിൽ, കൂട്ടിൽ തളയ്ക്കപ്പെട്ട സമയസൂചികളും ജീവികളും നാം.
പുതുപദച്ചേരുവകൾ സൃഷ്ടിക്കാനുള്ള കെ ജി എസ്സിന്റെ ഭാഷാകൗതുകം ഈ കവിതയുടെ ശീർഷകത്തിലേ കാണാം. നാമർ. നാം എന്നവർ എന്നോ നാമം ഉള്ളവർ എന്നോ രണ്ടർത്ഥത്തിലും ഈ പദച്ചേരുവ പിരിക്കാം എന്നു തോന്നുന്നു. ഏതായാലും നാമർ പോരാളികളല്ല, വെറും പേരാളികളാണ്.
കെജിഎസ്സിന്റെ സമീപകാല രചനകളിലെല്ലാം അവനവനെ നോക്കിയുള്ള ഒരു നിന്ദാഹാസം ഉണ്ട്. ഈ കവിതയിലും ആ ചിരിക്കുത്ത് പ്രകടമാകുന്നു.

മുറിവായന

കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.

യശഃശരീരനായ കവി ഒ.എൻ.വി കുറുപ്പ് 1980 ൽ എഴുതിയ പുരാവസ്തു എന്ന കവിതയിലെ ആശയമാണ് മുകളിൽ വായിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം തന്റെ ഭാഷയും സംസ്കാരവും വരുംതലമുറയ്ക്ക് എത്രമേൽ അന്യവും അപരിചിതവുമായി പരിണമിച്ചേക്കാം എന്ന അശുഭചിന്തയാണ് അതിന്റെ കാതൽ. പുസ്തകമെന്ന ആയുധം എങ്ങനെ തുരുമ്പിച്ച ഒരു പുരാവസ്തുവിനെപ്പോലെ പരിഗണിച്ചേക്കാം എന്ന ആശങ്കയും. പുസ്തകം പുരാവസ്തുവാകുമ്പോൾ ലൈബ്രറികൾ മ്യൂസിയമായി മാറും.

ഞാൻ ഇപ്പോൾ ഇരിക്കുന്നത് എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലാണ്. വീടിനു തൊട്ടടുത്താണ് വായനശാല. എനിക്ക് അതു പടിപ്പുര പോലെ. വീട്ടിലിരുന്നതിലേറെ സമയം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇവിടെ വന്ന് അലമാരയിൽനിന്ന് കൈയ്യിൽ തടഞ്ഞ ഏതെങ്കിലും പുസ്തകം പുറത്തെടുക്കും. കുറത്തിയുടെ തത്ത ചീട്ടെടുക്കുന്നതുപോലെ. കണ്ണടച്ചു പകുത്തുനോക്കും. ഒന്നോ രണ്ടോ താളുകൾ നിന്ന നിൽപ്പിൽ വായിക്കും. രസം പിടിച്ചാൽ അതുമെടുത്ത് കസേരയിലിരുന്ന് വായന തുടരും. ഇന്ന പുസ്തകമെന്നില്ല. ഇന്ന ഗ്രന്ഥകാരനെന്നില്ല. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ വിഭാഗീയതയില്ല. ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ എന്ന കവിതയിലെപ്പോലെ കാറ്റലോഗില്ലാത്ത കുഴമറിച്ചിലാണ് രസം. ഒന്നും ആദിമധ്യാന്തം വായിക്കുന്നില്ല. തുടർച്ചയെച്ചൊല്ലി ആകാംക്ഷയുമില്ല. പഠിക്കാനോ പഠിപ്പിക്കാനോ അല്ല. നുകരാനും പകരാനുമാണ്. നിരുപാധികമായ ഇത്തരം മുറിവായനയിലെ യാദച്ഛികതകളാണ് ഇന്ന് എന്റെ കൗതുകം.

കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December

കെ എ ഗഫൂർ

അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുമായിരുന്നു. എന്നാൽ ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. “ഓന്ത് ഒരു തുള്ളി മുതലയാണ്” എന്ന് ഗുരുജി ലോർക്കയുടെ കവിതയെ ഉദ്ധരിച്ചു പറഞ്ഞ ഒരു വാക്യം മാത്രം പൊരുളറിഞ്ഞല്ലെങ്കിലും എന്റെ ഉള്ളിൽ തങ്ങി നിന്നത് ഓർക്കുന്നു.

അക്കാലത്ത് മുഴുനീള ചിത്രകഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നോവലുകളെപ്പോലെ ഖണ്ഡശ്ശയായി ആണ് വന്നിരുന്നത്. ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയിൽ നെഞ്ചിടിപ്പിച്ചുകൊണ്ടാണ് ഓരോ ലക്കവും അവസാനിക്കുക. അടുത്ത ലക്കത്തിനുവേണ്ടിയുള്ള ആ കാത്തിരിപ്പിന്റെ മധുരവേദന അനുഭവിച്ച അവസാന തലമുറയായിരിക്കണം ഞങ്ങളുടേത്.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതുമായ ചിത്രകഥാപരമ്പര ഏതാണ് എന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, മണ്ണുണ്ണി എന്ന്. മെലിഞ്ഞുനീണ്ട കൈയ്യും കാലുമായി കുന്തിച്ചിരുന്ന് മണ്ണുരുട്ടി പാവയെ ഉണ്ടാക്കുന്ന ആ കിഴവക്കൊശവന്റേയും അയാളുടെ ഭാര്യയുടേയും രൂപം ചതുരക്കള്ളികളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടാക്കിയ ഉടനെ തലയാട്ടുകയും കൈ ഉയർത്തുകയും ചെയ്ത ആ മൺപാവയെ കൊശവൻ കൈപിടിച്ച് പിച്ച വെപ്പിക്കുന്നതും പിന്നീട് അയാളുടെ പിടി വിട്ട് അത് റോഡിലൂടെ നടന്നുപോകുന്നതും നീണ്ട മുടി കൊണ്ടു റോഡ് ബ്ലോക്കാകുന്നതുമെല്ലാം എത്രയെത്ര തവണയാണ് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുള്ളത്! മണ്ണുണ്ണിയിൽനിന്നും ആവേശമുൾക്കൊണ്ട്, വരയിൽ അല്പം കമ്പമുണ്ടായിരുന്ന ഞാൻ അക്കാലത്ത് നോട്ടുപുസ്തകത്തിൽ ചിത്രകഥ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ മണ്ണുണ്ണിയുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാനും ആരാധിക്കാനും ആരംഭിച്ചത്.

കെ എ ഗഫൂർ എന്ന പേരിനേക്കാൾ, അവ്യക്തലിപികളിലുള്ള അദ്ദേഹത്തിന്റെ ഒപ്പാണ് കുട്ടിക്കാലത്ത് എന്റെ മനസ്സിൽ അടയാളപ്പെട്ടത്. ആ ചിഹ്നം ചാർത്തിയ ചിത്രജാലകങ്ങൾ തുറന്ന് വിചിത്രമായ ലോകങ്ങളിലൂടെ സഞ്ചരിക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. പറക്കുംതളികയാണ് ഗഫൂർ മാഷിന്റെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രകഥ. എന്നാലും മണ്ണുണ്ണിയിലാണ് മാഷിന്റെ കഥനകൗതുകവും കലാകൗശലവും ഒരുപോലെ ഇണങ്ങിയത് എന്നു ഞാൻ കരുതുന്നു.

പിൽക്കാലത്ത് ഞാനെഴുതിയ ‘കലംകാരി’ എന്ന നാടകീയകാവ്യത്തിൽ (2004) ഈ ചിത്രകഥയുടെ സ്വാധീനം കാണാം. അതിൽ കുശവത്തിയാണ് മണ്ണുകുഴച്ച് ഉണ്ണിയെ ഉണ്ടാക്കുന്നത്.
“ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ കല്ലും ദൈവം
ഉയിരായി നിനച്ചാല്‍ മണ്ണുരുളയുമുണ്ണി”
എന്ന് അവൾ തിരിച്ചറിയുന്നുണ്ട്.
വൈകിയാണെങ്കിലും എന്റെ കടപ്പാട് വെളിപ്പെടുത്താനും കൃതജ്ഞത പ്രകടിപ്പിക്കാനും ബഷീർ മാഷിന്റെ ഈ ആദരപുസ്തകം നിമിത്തമായതിൽ സന്തോഷമുണ്ട്.