ചേക്കുട്ടി

ഉണ്ടത്തലയും വിടർന്ന പാവാടയും
മണ്ടയിൽ തൂക്കുവാൻ നൂലും
കണ്ടതിലൊക്കെയും കൗതുകം കാണുന്ന
രണ്ടു കരിമഷിക്കണ്ണും

ഉണ്ടായിവന്നു നീ ചേറിൽ നിന്നും തുണി-
ത്തുണ്ടായ ചേക്കുട്ടിപ്പാവേ
കണ്ടാലെടുത്തണിഞ്ഞീടാന്‍ കൊതിക്കുന്ന
തണ്ടാര്‍ന്ന താമരപ്പൂവേ

പാവങ്ങള്‍തന്‍ തുണിക്കീറില്‍ പിറന്നു നീ
പാവിന്നു നൂലു പാകുന്നോര്‍
നൂലിഴ പൊട്ടാതെ ഭംഗിയിലാടകള്‍
നൂറായിരം നെയ്തിടുന്നോര്‍

ഓണം വരുംമുമ്പു ചന്തയില്‍ വില്‍ക്കുവാന്‍
ഓടം കണക്കു പായുന്നോര്‍
ഓരോ കിനാവിന്‍ കസവിനാല്‍ നാളുക-
ളോരോന്നുമെണ്ണി നീക്കുന്നോര്‍

ആരും കരുതിയില്ലിങ്ങനെ, പെട്ടെന്നു
തോരാമഴ പെയ്തിറങ്ങി
ചേറും ചെളിയുമായ് വന്ന വെള്ളത്തിലീ
നാടും നഗരിയും മുങ്ങി

ആളുകൾ വാങ്ങുന്നതിൻ മുമ്പു ഹാ! പുഴ-
യോളങ്ങളെല്ലാം കവർന്നു
ചേലകളെല്ലാം പ്രളയജലത്തിലെ
ചേറു പുരണ്ടു കുതിര്‍ന്നു

ഉണ്ടാക്കി വെച്ചതു സർവ്വം നശിച്ചുപോയ്
മുണ്ടിന്റെ കോന്തല ബാക്കി
എങ്കിലെന്തത്തല കൊണ്ടുമുണ്ടാക്കിടാം
ചന്തങ്ങളെന്നൊരു ചിന്ത
തെങ്ങിന്റെ മണ്ടയിലച്ചിങ്ങ പോലന്നു
ഞങ്ങൾക്കുമുണ്ടായി വന്നു

അങ്ങനെയുണ്ടായൊരോമനപ്പാവകൾ
നിങ്ങളോടെന്തു പറഞ്ഞു?
പാടും കറയുമഴുക്ക,ല്ലഴകെന്നോ,
പാഴാക്കരുതൊന്നുമെന്നോ?

വായന

ഒരിടത്ത് ഒരു സ്കൂൾ ഉണ്ടായിരുന്നു. ആ സ്കൂളിൽ വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. ലൈബ്രറിയിൽ ഉയരമുള്ള അനേകം റാക്കുകൾ, അലമാരകൾ. അലമാരകളിൽ നിറയെ പുസ്തകങ്ങൾ. ആയിരക്കണക്കിനുള്ള പുസ്തകങ്ങളെല്ലാം ആരും തൊട്ടുനോക്കാതെ പൊടിയണിഞ്ഞ് നിശ്ചലമായിരിക്കുന്നു.
ആ ലൈബ്രറിയുടെ സൂക്ഷിപ്പുകാരനായി ഒരു മാഷുണ്ട്. പുസ്തകൻ മാഷ് എന്നാണ് കുട്ടികൾ അയാളെ വിളിക്കുക. പുസ്തകൻമാഷ് എപ്പോഴും ലൈബ്രറിയിൽ കാണും. പുസ്തകങ്ങൾ ക്രമനമ്പറിട്ട് അടുക്കി ഒതുക്കി വെക്കലാണ് പണി. പക്ഷെ അയാൾ കുട്ടികളെ അകത്തേക്കു പ്രവേശിപ്പിക്കില്ല. വരാന്തയിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി അലമാരയിലെ പുസ്തകങ്ങൾ നെടുവീർപ്പിടും. അവർ ജയിലിലെ തടവുകാരെപ്പോലെ ആയിരുന്നു.
ഒരിക്കൽ പുസ്തകൻമാഷ് ലൈബ്രറി വൃത്തിയാക്കാൻ ഏതാനും കുട്ടികളെ വിളിച്ചു. ചൂലും പൊടിതട്ടിയുമൊക്കെ എടുത്ത് കുട്ടികൾ ഉത്സാഹത്തോടെ പണി തുടങ്ങി. അക്കൂട്ടത്തിൽ വായന എന്നു പേരുള്ള ഒരു കുട്ടിയുണ്ട്. അടിച്ചുവാരുമ്പോൾ ഷെൽഫിലിരുന്ന ഒരു പുസതകം അവളെ തൊട്ടുവിളിച്ച് ശബ്ദമുയർത്താതെ പറഞ്ഞു.
“മോളേ, നീ എന്നെ ഒന്നു വായിക്കുമോ? എത്രകാലമായി മനുഷ്യസ്പർശമേൽക്കാതെ ഞാൻ ഇവിടെ ഇരിക്കുന്നു!”
അവൾക്ക് അത്ഭുതമായി. അവൾ ആ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി. നല്ല രസമുള്ള കഥ. അവൾ കഥയിൽ മുഴുകി. പരിസരമെല്ലാം മറന്നു. കഥ വായിച്ചു തീർന്നപ്പോൾ അവൾ പുസ്തകത്തിന്റെ പുറം ചട്ട നോക്കി. ആ കഥ എഴുതിയ ആളിൻറെ ചിത്രവും പേരും വലുതായി കൊടുത്തിട്ടുണ്ട്. ഒരു കഷണ്ടിക്കാരൻ വയസ്സൻ. പേര് വൈക്കം മുഹമ്മദ് ബഷീർ!
അത്ഭുതം. ചിത്രത്തിലെ ബഷീർ അവളെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു. എന്നിട്ട് പുറംതാളിൽനിന്ന് അയാൾ കഷ്ടപ്പെട്ട് താഴെയിറങ്ങി അവൾക്കുമുന്നിൽ കുനിഞ്ഞുനിന്നു.
എന്നെ മനസ്സിലായോ? അയാൾ ചോദിച്ചു.
ഉം. വൈക്കം മുഹമ്മദ് ബഷീർ.
ആ. എന്റെ കഥ ഇഷ്ടപ്പെട്ടോ?
ഉം.
ഈ കഥയിൽ നിനക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ആരാ?
ആട്. അവൾ പറഞ്ഞു. പാത്തുമ്മായുടെ ആട്.
ഹ.ഹ.ഹ ബഷീർ ചിരിച്ചു. അതിലെ കഥാപാത്രമായി എത്ര മനുഷ്യരുണ്ട്. എന്റെ ഉമ്മ, സഹോദരിമാർ ആനുമ്മ, പാത്തുമ്മ എന്റെ സഹോദരൻ അബൂബക്കർ.. പിന്നെ ഞാനും ഉണ്ട്. എന്നിട്ട് ഈ മനുഷ്യരെയൊന്നുമല്ല നിനക്ക് ഇഷ്ടപ്പെട്ടത്. ഒരു ആടിനെയാണ്. ആട്ടെ, എന്താ ആടിനെ ഇഷ്ടപ്പെടാൻ കാരണം?
ബഷീർ ചോദിച്ചു.
അതോ. അവൾ പറഞ്ഞു. ആട് പുസ്തകം തിന്നതുകൊണ്ട്.
ഹ ഹ ഹ. ബഷീർ വീണ്ടും പൊട്ടിച്ചിരിച്ചു. പുസ്തകം തിന്നാനുള്ളതല്ല. വായിക്കാനുള്ളതാണ്. മനുഷ്യൻ പുസ്തകം വായിച്ചില്ലെങ്കിൽ അത് ആടു തിന്നും. ആടിനു ബുദ്ധിയുണ്ടാവും. വായിക്കാത്ത മനുഷ്യൻ മൃഗമാവും. നീ ആടുജീവിതം എന്നൊരു പുസ്തകം വായിച്ചിട്ടുണ്ടോ?
ഇല്ല.
എന്നാൽ അതു വായിക്കണം. ബെന്യാമിൻ എന്നൊരാൾ എഴുതിയതാണ്. മൃഗങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരേയും മനുഷ്യരെപ്പോലെ പെരുമാറുന്ന മൃഗങ്ങളേയും അതിൽ കാണാം.
അവൾക്ക് ആടുജീവിതം വായിക്കാൻ ആവേശമായി.
ബഷീർ ചോദിച്ചു. എന്താ നിന്റെ പേര് ?
വായന.
ആഹാ. നല്ല പേര്. വായനക്ക് വായന ഇഷ്ടമാണ് അല്ലേ?
പക്ഷെ ആട് ഇല തിന്നുംപോലെ വായിക്കരുത് കേട്ടോ.
അതെന്താ.
ആട് കണ്ടതൊക്കെ കടിച്ചു നോക്കും. ഒന്നും മുഴുവനായി തിന്നില്ല.
അവൾ കുന്നിൻമുകളിൽ ആടുമേയുന്ന രംഗം മനസ്സിൽ കണ്ടു. ശരിയാണല്ലോ.
അപ്പോൾ എങ്ങനെ വായിക്കണം?
മുഴുകി വായിക്കണം. മുഴുവനായി വായിക്കണം. അല്ലേ?
അതെ.
ശരി. ഒരു കാര്യം കൂടി ചോദിക്കട്ടെ. പാത്തുമ്മയുടെ ആടിൽ ആടു തിന്ന പുസ്തകം ഏതാണെന്ന് ഓർമ്മയുണ്ടോ?
ബാല്യകാലസഖി.
അങ്ങനെ എത്രയെത്ര നല്ല പുസ്തകങ്ങളുണ്ട് ഇവിടെ. ഇനി നിങ്ങൾ പുസ്തകൻമാഷോടു പറഞ്ഞ് ലൈബ്രറി എല്ലായ്പോഴും തുറന്നിടാൻ പറയണം. ലൈബ്രറി പുസ്തകങ്ങളുടെ തടവറയാവരുത്. അത് പൂക്കൾ വിരിഞ്ഞ ഉദ്യാനം പോലെ തുറന്നുകിടക്കണം. നിങ്ങൾ അതിൽ ഇരുന്നു തേൻ നുകരുന്ന ചിത്രശലഭങ്ങളാവണം.
ശരി ബഷീറുപ്പാപ്പാ. അവൾ പറഞ്ഞു.
നല്ല കുട്ടി. ഇനി പൊയ്ക്കോളു.
മംഗളം. ശുഭം.