ബിയ്യാശയുടെ പെട്ടകം

ജപമാലയിലെ മുത്തുമണിയോളം ചെറുതാക്കി സംഗ്രഹിച്ച ലക്ഷദ്വീപിന്റെ ഇതിഹാസമാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ പുതിയ പുസ്തകം : ബിയ്യാശയുടെ പെട്ടകം. പോരാട്ടങ്ങളുടെ ചരിത്രവും കണ്ണീരും വീണ, ജിന്നുകളാലും ഇബിലീസുകളാലും പിന്നെപ്പിന്നെ കയറിട്ടുകെട്ടിയിടുന്ന ഭരണാധികാരികളാലും വലയം ചെയ്യപ്പെട്ട ജീവിതത്തുരുത്തുകളുടെ സങ്കട(ൽ)ക്കഥ! ഇത്ര ഹൃദയസ്പർശിയായ ഒരാഖ്യാനം അടുത്തകാലത്തൊന്നും വായിക്കാനിടവന്നിട്ടില്ല. 

കടമത്തെ വിജനതയിൽ കുടിൽകെട്ടി ഒറ്റയ്ക്കു പാർക്കുന്ന ബിയ്യാശക്ക് ആടുകളാണ് മക്കൾ. കഥകളാണ് കൂട്ട്. കുറ്റിയും കയറും അറിയാത്ത ആടുകൾ തീരത്തെങ്ങും തുള്ളിമേഞ്ഞു. കഥകേൾക്കാൻ കോളേജിലെ ‘മാസ്റ്റ്’ അവരെത്തേടിയെത്തി. അവർ കഥകളുടെ വെറ്റിലച്ചെല്ലം തുറന്നു. “ഇക്കതകളേതും ബള്തം അല്ല, ഉള്ളേയാണ്.” അവർ പറഞ്ഞു. യൂസുഫ് പള്ളിയിൽ പാതിരകളിൽ വുളു എടുക്കാൻ ജിന്നുകൾ വന്നത്. ഒറ്റരാത്രികൊണ്ട് വറ്റിപ്പോയ പള്ളിക്കുളം നിറഞ്ഞുതുളുമ്പിയത്. തേങ്ങ പൊളിക്കാൻ കഴിയാത്ത ഇബിലീസ് തെങ്ങുകളുടെ തല കൊയ്തത്. അറബിനാടുകളിൽനിന്നു പുറപ്പെട്ട സഞ്ചാരികളുടെ ഓടം കോളിൽപ്പെട്ട് നടുക്കടലിൽ മുങ്ങാൻപോയപ്പോൾ തങ്ങളുപ്പാപ്പ ജപമാലയിലെ മുത്തുകൾ ഊരിയെറിഞ്ഞ് സമുദ്രസഞ്ചാരികളുടെ രക്ഷയ്ക്കായി ദീപുമാല ഉണ്ടാക്കിയത്. 

അതിനിടയ്ക്ക് തന്റെ വല്യാപ്പ ഓടംകാക്കയുടെയും കോയമാരോട് എതിരിട്ട മേലാച്ചേരിക്കാരുടേയും ചരിത്രം ബിയ്യാശ പറഞ്ഞു. കോയമാരുടെ ചൂഷണത്തെ തോല്പിച്ച് സ്വന്തമായി ഓടമുണ്ടാക്കി നീറ്റിലിറക്കിയ മേലാച്ചേരിക്കാരുടെ കൂടെയായിരുന്നു വല്യാപ്പ. ചരക്കുമായി അഴിമുഖം വിട്ട ഓടം കോയമാർ ആക്രമിച്ചു നശിപ്പിച്ചു. ഓടംകാക്കയെ തല്ലിക്കൊന്നന് പാമരത്തിൽ കെട്ടിത്തൂക്കി.  

സ്വന്തം കഥയും ബിയ്യാശ പറഞ്ഞു. കിൽത്തനിൽനിന്ന് നാടുകടത്തിയ കുഷ്ഠരോഗിയായ ഇളയോനെ ശുശ്രൂഷിക്കാനായി കടമത്ത് എത്തിയത്. അവൻ മറപെട്ടപ്പോൾ തൻകരയിലേക്ക് തന്നാടുകളേയും കൊണ്ടു തിരിച്ചുപോകാൻ ഓടം പണിഞ്ഞത്. കുഞ്ഞിക്ക കൂട്ടായ് വന്നത്. അങ്ങനെയങ്ങനെ.

സമാന്തരമായി പോകുന്ന രണ്ട് ആഖ്യാനങ്ങളുണ്ട് ബിയ്യാശയുടെ പെട്ടകത്തിൽ. ദ്വീപിന്റെ കഥയും ചരിത്രവും പറയുന്ന ബിയ്യാശയാണ് ഒരാഖ്യാതാവ്. അവരെ കേട്ടും കണ്ടും പറയുന്ന കോളേജിലെ ‘മാസ്റ്റ്’ മറ്റൊരു ആഖ്യാതാവ്. ദ്വീപ് വാമൊഴിയുടെ ഭാഷാഭേദവും മാസ്റ്റ്മലയാളവും ഇടകലർന്ന് അതൊരു തിരമൊഴിയാവുന്നു. ഇരമ്പുന്ന കടലിലേക്കു തുറന്നുവെച്ച ദ്വീപുജീവിതത്തെ കഥാകൃത്ത് നിരീക്ഷിക്കുന്നത് നോക്കൂ: “വിഷാദം ദ്വീപിന്റെ സ്ഥായീഭാവമാണ്. ഒച്ചയനക്കമില്ലാതെ, തിരമാലകളില്ലാതെ ലഗൂണിനകത്ത് പരന്നുകിടന്നുറങ്ങുന്ന കടലിന്റെ ഭാവം.” അലിക്കുട്ടിയുടെ ആഖ്യാനഭാഷയിലും ഈ വിഷാദഭാവം തുളുമ്പിനിൽക്കുന്നതായി കാണാം.

ഒടുവിൽ ഒരു രാത്രി, സ്വന്തമായി നിർമ്മിച്ച ഓടത്തിൽ തന്റെ സ്നേഹഭാജനങ്ങളായ ആടുകളെയും കയറ്റി, തങ്ങളുപ്പാപ്പ കാൽകുത്തിയ ആദിദ്വീപിലേക്ക് ഒറ്റക്കു തുഴഞ്ഞുപോകുന്ന ബിയ്യാശയുടെ പെട്ടകത്തെ പുസ്തകത്തിനു പുറത്തുകടന്നിട്ടും ഞാൻ മനസ്സുകൊണ്ട് പിന്തുടരുന്നു. റബ്ബുൽ ആലമീനായ തമ്പുരാനേ.. കരുണാസമുദ്രമേ.. ബിയ്യാശയേയും ആടുകളേയും കാത്തോളണേ!


(ബിയ്യാശയുടെ പെട്ടകം / അലിക്കുട്ടി ബീരാഞ്ചിറ / ഐവറി ബുക്സ് തൃശ്ശൂർ)

ഇടയിൽ എവിടെയോ

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

ആവിഷ്കാരങ്ങളിൽ തന്റെ സ്വത്വത്തെ മറ്റാരെക്കാളുമുപരി അറിഞ്ഞടയാളപ്പെടുത്തിയത് ബിജുവിന്റെതന്നെ ഈ വരികളാണ് എന്നു ഞാൻ കരുതുന്നു. ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള, വരവിനും പോക്കിനും ഇടയിലുള്ള ഒരസ്ഥിരതയിലാണ് താൻ. ഒച്ചവച്ച് ആരെയും അറിയിക്കാത്ത വിധമാണ് തന്റെ അദൃശ്യസാന്നിദ്ധ്യം. കവിയുടേയും ചിത്രകാരന്റേയും ഇടയിൽ നിൽക്കുന്ന ഒരു പ്രതിഭയുടെ സന്ദിഗ്ദ്ധതകൂടിയാണ് ഈ വരികൾ.

ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള ബിജുവിനെ സങ്കല്പിച്ചുനോക്കുകയാണ് ഞാൻ. വശ്യവും ഹൃദ്യവുമായ ആ പുഞ്ചിരി. സൗമ്യമധുരമായ വാക്ക്. അപ്പോൾ വായിച്ചു മടക്കിവെച്ച പുസ്തകത്തിൽനിന്ന് എഴുന്നേറ്റുവന്നതുപോലെയുള്ള ഉണർവ്. കീശയിൽ പേന കുത്തിവെച്ച ആ ചെക്ക് ഷർട്ട്.

കാഞ്ഞങ്ങാട്ട് പോയപ്പോഴൊക്കെ ബിജുവിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ തൊട്ടിരുന്നു സംസാരിച്ചിട്ടുണ്ട്. കവിതയെപ്പറ്റി, ചിത്രകലയെപ്പറ്റി അപൂർവ്വം അവസരങ്ങളിൽ ജീവിതത്തെപ്പറ്റി. അംബികാസുതൻ മാഷാണ് ഞങ്ങളെ കൂട്ടിയിണക്കുന്ന കണ്ണി. ഞങ്ങളിരുവരേയും മാത്രമല്ല നീളാതീരത്തും പരിസരപ്രദേശങ്ങളിലുമുള്ള കവികളെയെല്ലാം കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവരാറുള്ളത് അംബികാസുതൻമാഷാണ്. അതിനും മുമ്പ് പട്ടാമ്പിയേയും കാഞ്ഞങ്ങാടിനേയും ബന്ധിപ്പിച്ച കണ്ണി മഹാകവി പി. ആയിരുന്നല്ലോ; ബിജുവിന്റെ ഇഷ്ടകവി.

പക്ഷെ കവിതയിൽ പി.യുടെ ഭൂതം ബിജുവിനെ പിടികൂടിയില്ല. വാക്കിൽ പി. ധൂർത്തനെങ്കിൽ ബിജു അതീവലുബ്ധൻ. നിരവധി പ്രണയകവിതകൾ ബിജു എഴുതിയിട്ടുണ്ടെങ്കിലും അവയിലൊന്നിലും കാല്പനികതയുടെ ചെടിപ്പ് അനുഭവപ്പെടില്ല. ‘ആരുടെ സ്വപ്നമാണ് ഇപ്പോൾ നാം’ എന്നേ ബിജു പ്രണയിയോടു പറയൂ (സ്വപ്നാടനം).


‘കുഞ്ഞിരാമായണം’ എന്ന സചിത്ര കാവ്യപരമ്പരയിൽ ഒരിടത്ത് എന്റെ ‘കാറ്റേ കടലേ’ എന്ന കവിതയിലെ വരികൾ ബിജു എടുത്തു ചേർത്തിരുന്നു. ഒരു കുന്നിടിച്ചു നിരത്തുന്ന മണ്ണുമാന്തിയെ നോക്കിയിരിക്കുന്ന മഹാകവിയുടെ ചിത്രം! കുന്നും കുളവും വയലും വരമ്പും കിളികളും മരങ്ങളും ബിജുവിന്റെ ഭാഷയ്ക്ക് അക്ഷരമാലയാണ്. നമ്മൾ ഭാഷ കൊണ്ട് എഴുതുമ്പോൾ ബിജു അതുകൊണ്ട് വരയ്ക്കുകയാണ് എന്നും തോന്നിയിട്ടുണ്ട്. എന്നാൽ വരയിലും വരിയിലും അയാൾ മിതവ്യയനായിരുന്നു. അപൂർണ്ണമെന്ന് തോന്നിപ്പിക്കുന്ന രചനാശില്പങ്ങളായിരുന്നു ബിജുവിന്റേത്. ബാക്കി നിങ്ങൾ പൂർത്തിയാക്കൂ എന്ന് സഹൃദയരോട് സ്നേഹപൂർവം നിർബന്ധിക്കുന്ന മട്ടിൽ.

കാഞ്ഞങ്ങാട് നെഹറു കോളേജിൽ പലതവണ പോയിട്ടുണ്ട്. രാത്രി മിക്കവാറും അംബികാസുതന്റെ വീട്ടിൽ ഒരു കൂടിച്ചേരലുണ്ടാവും. ദിവാകരൻ വിഷ്ണുമംഗലം, പ്രകാശൻ മടിക്കൈ, ബിജു തുടങ്ങി ഞാൻ വല്ലപ്പോഴും മാത്രം കാണാറുള്ള സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച അവിസ്മരണീയ രാത്രികൾ. ഒരിക്കൽ എന്നെ യാത്രയാക്കാൻ റെയിൽവേസ്റ്റേഷനിലേക്ക് ബിജു കൂട്ടുവന്നു. വണ്ടി കാത്ത് പ്ലാറ്റ്ഫോമിലിരിക്കേ ബിജു തന്റെ മിടിക്കുന്ന ഹൃദയത്തെപ്പറ്റി എന്തോ വ്യംഗ്യം പറഞ്ഞ് ചിരിച്ചതോർക്കുന്നു. അത് ഗൂഢഭാഷയിലുള്ള ഒരു സന്ദേശമായിരുന്നു. (ഞാൻ മരിക്കുമ്പോൾ/ഗൂഢഭാഷയിലുള്ള ഒരു സന്ദേശം/ വിട്ടുപോകും – ഈയൽ).

“തീവണ്ടിയുടെ മഹാമുഴക്കം കേട്ടു അപ്പോൾ.”
(ആ മാന്ത്രികനിമിഷം)

പി. പി. രാമചന്ദ്രൻ

പുതുവർഷദിനം

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.

അമ്മു ചാർക്കോളിൽ മാത്രമല്ല ആക്രിലിക്കിലും എണ്ണച്ചായത്തിലും വരയ്ക്കും. എനിക്ക് കറുപ്പിൽ മാത്രമേ ആത്മവിശ്വാസമുള്ളു. ഞാൻ വർണ്ണാന്ധനാണ്. അമ്മുവിനോട് വർണ്ണാന്ധതയെപ്പറ്റി പറഞ്ഞു. അപ്പോൾ അമ്മു മനുഷ്യവംശം മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് വർണ്ണാന്ധരാണ് എന്നൊരു സാമാന്യവത്കരണം നടത്തി എന്നെ ആശ്വസിപ്പിച്ചു. ചിലതരം ശലഭങ്ങൾക്ക് മരങ്ങളുടെ പച്ചയിൽ ആയിരക്കണക്കിന് ഷേഡുകളുള്ള പച്ചയെ ദർശിക്കാനാവുമെന്ന് ഉദാഹരിച്ചു. മനുഷ്യന് അതു സാധിക്കില്ല. നമ്മുടെ മഴവില്ലിന് ഏഴുനിറം മാത്രമേ ഉള്ളു എന്നത് മനുഷ്യരുടെ മാത്രം പരിമിതിയാണ്. എന്റെ വൈകല്യത്തെ ജൈവവൈവിദ്ധ്യങ്ങളിലെ ആശ്ചര്യകരമായ അജ്ഞേയതകൾ കൊണ്ട് അമ്മു നിസ്സാരവത്കരിച്ചു!

അപ്പോഴേക്കും കമറുദ്ദീൻ വന്നു. ഞങ്ങളെ മൂടിയിരുന്ന ആമയത്തെ കമറു നിരാമയമാക്കി. മിനി രണ്ടാമതും ചായ ഉണ്ടാക്കി കൊണ്ടുവന്നു. ചായ നുകർന്നുകൊണ്ട് കവിതയിലേക്കു കടന്നു. കമറു ‘വടുക്കൾ’ എന്ന പുതിയ കവിത അവതരിപ്പിച്ചു. തിരുമ്മൽ കേന്ദ്രത്തിൽ ചൈനീസ് കൈവിരലുകൾക്ക് വാദനം ചെയ്യാനായി ഉറയൂരിയിട്ട ഒരു ഉടൽമൊഴി. പൂർവികരുടെ അഭിമാനത്തിന്റെ കഥ പറയുന്ന പുറത്തെ വടുക്കൾ. അപമാനത്തിന്റെയും ആത്മനിന്ദയുടെയും കഥ പറയുന്ന അകത്തെ വടുക്കൾ. അമ്മു ശനിശലഭം എന്ന കവിത വായിച്ചു. മനുഷ്യേതരമായ ജൈവലോകത്തിന്റെ സാന്നിദ്ധ്യം അമ്മുവിന്റെ ബാധയാണ്. സത്യവും സൗന്ദര്യവും മനുഷ്യകേന്ദ്രിതം മാത്രമായിക്കൂടാ. പൊറുതിയാണ് അമ്മുവിന്റെ ശാന്തി, പ്രപഞ്ചത്തിന്റെ ഇരിക്കപ്പൊറുതി.

ഞാൻ വായിച്ചത് പേരിടാത്ത ഏതാനും ഈരടികൾ. അത് ഇന്ന് FB ഓർമ്മിപ്പിച്ചത്. ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികൾ. ഇതാണ് ആ വരികൾ.

ഗവണ്‍മെന്റാസ്പത്രി
ജനല്‍ക്കമ്പി, കഫം
പുരണ്ടിരുണ്ടത്,
തുരുമ്പെടുത്തത്.

അതിന്നു മേലൊരു
ചെറുതുമ്പി; ചിറ-
കൊതുക്കി പ്രാര്‍ത്ഥിക്കാ-
നിരുന്നു തെല്ലിട

ദിനരാത്രമെണ്ണി-
ക്കഴിയും രോഗികള്‍
അതുകണ്ടു മിഴി-
യിമകള്‍ പൂട്ടുന്നു

അവരുടെ നെഞ്ചി-
ന്നകത്തുമന്നേരം
ഒരു തുമ്പിച്ചിറ-
കനക്കം കാണുന്നു

ഇരുമ്പിനെപ്പോലും
തുരുമ്പെടുപ്പിച്ചു
പ്രചണ്ഡവേഗത്തില്‍
പറക്കും കാലമേ,

ഇവര്‍ക്കുവേണ്ടി നീ
കുറച്ചു നേരമീ
ജനല്‍ക്കമ്പിയിന്മേല്‍
ഇരുന്നുകൊണ്ടാലും.

നന്ദി, അമ്മൂ, കമറൂ.. ഈ പുതുവർഷദിനത്തിൽ ഹരിതകത്തെ കാവ്യമുഖരിതമാക്കിയതിന്.

നദീർ ചിത്രപ്രദർശനം

‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’.

ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ കോപ്പി വാങ്ങി ബാഗിലിടുന്നു.
ഇന്നു രാവിലെ അതു രണ്ടുമെടുത്ത് വിസ്തരിച്ചു നോക്കുന്നു. എത്ര മനോഹരങ്ങൾ! കലാകാരനെ അവതരിപ്പിക്കുന്നതിൽ ഇത്തരം ‘തുടർക്കണി’കൾക്ക് (ആൽബം എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചത് എം ഗോവിന്ദനാണ്) വലിയ പങ്കുണ്ട്. ഇത്തരം ബ്രോഷറുകളുടെ ഒരു നല്ല ശേഖരമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ പലതും നഷ്ടപ്പെട്ടു. Transient Moods എന്ന ആമുഖക്കുറിപ്പിൽ എം രാമചന്ദ്രൻ, നദീറിന്റെ ഇളമയിലെ ചഞ്ചലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മറിയത്തിന്റെ രചനകളെ അവതരിപ്പിച്ചുകൊണ്ട് ഇ.എഛ്. പുഷ്കിൻ (പ്രശസ്ത കലാകാരൻ) എഴുതിയ കുറിപ്പും ഗംഭീരമായിട്ടുണ്ട്. “ഒരു കലാസൃഷ്ടിക്ക് പൊതുവായ നിർവചനങ്ങൾ ഇല്ല ; അതിനെ സൃഷ്ടിച്ചയാളുടെ നിർവചനങ്ങളേയുള്ളു” എന്നാണ് പുഷ്കിന്റെ ‘അനിർവചനം’. മറിയത്തിന്റെ ഒരു ചിത്രത്തിൽ വീട്ടുമുറ്റത്ത് നീന്തൽ വസ്ത്രങ്ങളണിഞ്ഞ രണ്ടു കുട്ടികൾ നിൽക്കുന്നു. അതിനെക്കുറിച്ചെഴുതുമ്പോൾ പുഷ്കിൻ ഒരു ബ്രിട്ടിഷ് പെയിന്ററെയും അദ്ദേഹത്തിന്റെ ഒരു ചിത്രത്തേയും പരാമർശിക്കുന്നുണ്ട്. ഡേവിഡ് ഹോക്നറുടെ A Bigger Splash. ഒരു വലിയ ‘നീർത്തെറി’ എന്നു പുഷ്കിൻമലയാളം. നെറ്റിൽ തിരഞ്ഞ് ആ ചിത്രം കണ്ടു. ആരോ ചവിട്ടുപലകയിൽനിന്ന് എടുത്തുചാടിയപ്പോൾ കുളത്തിലുണ്ടായ വലിയ നീർത്തെറിപ്പാണ് ചിത്രം. ചാടിയ ആളുടെ അസാന്നിദ്ധ്യമാണ് അതിനെ ഇത്രത്തോളം കണ്ണിൽ കെട്ടിനിർത്തുന്നത് എന്നു തോന്നി. അപ്പോൾ അരവിന്ദന്റെ തമ്പ് ഓർമ്മിച്ചു. കാണികളുടെ മുഖഭാവത്തിലൂടെ പ്രകടനത്തിന്റെ വിസ്മയം ആവിഷ്കരിച്ച ആ സീക്വൻസ്. ഇനിയും അതു പലതിനേയും മനസ്സിലേക്കു കൊണ്ടുവരാം.

ഏകഹേതു ബഹുകാര്യകാരിയാം!

പി വി കൃഷ്ണൻ നായർ

സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും.

കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് എഴുത്തുകാർ അക്കാദമി പുരസ്കാരങ്ങൾ ബഹിഷ്കരിക്കണമെന്ന് സാംസ്കാരികപ്രവർത്തകർ ആഹ്വാനം ചെയ്യുന്ന സമയമായിരുന്നു അത്. മാഷ് എന്നെ വിളിച്ചു. ‘രാമചന്ദ്രൻ അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് കേട്ടത് ശരിയാണോ?’ ആ സംഭവത്തിൽ എനിക്കു പ്രതിഷേധമുണ്ടെങ്കിലും അവാർഡ് നിരസിക്കില്ലെന്നും നാട്ടിൽ എത്തിയ ഉടൻ ഓഫീസിൽ വന്ന് കൈപ്പറ്റുമെന്നും അറിയിച്ചു. മാഷ് ആ നിലപാടിനെ സ്വാഗതം ചെയ്തു. പിന്നീട് ഞാൻ അക്കാദമിയിലെത്തി അന്നത്തെ പ്രസിഡണ്ട് യൂസഫലി കേച്ചേരിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.

മറ്റൊരു സന്ദർഭം കൂടി ഓർമ്മ വരുന്നു. അക്കാദമി ഹാളിൽ വെച്ച് ഒരു ബഹുഭാഷാ കവിസമ്മേളനം നടക്കുകയാണ്. കവിത വായിക്കാൻ മലയാളത്തിൽനിന്ന് ഞാനും വേദിയിലുണ്ട്. സമ്മേളനത്തിന്റെ പരിപാടിയും വിശദാംശങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ക്ഷണപത്രം അപ്പോഴാണ് ഞാൻ വായിച്ചുനോക്കിയത്. അതിലെ ആമുഖത്തിലെ ഒരു വാചകം എനിക്ക് പിടിച്ചില്ല. മലയാള കവിതയുടെ വർത്തമാനം ശുഷ്കവും ദരിദ്രവുമാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവനയായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. ഇങ്ങനെ വിധിയെഴുതാൻ അക്കാദമിക്ക് എന്തധികാരം? സ്വയം നിന്ദിക്കുന്ന ഇത്തരമൊരു പ്രസ്താവന ഒരക്കാദമിയുടെ ക്ഷണപത്രത്തിൽ അച്ചടിച്ചതിനെ ഞാൻ ശക്തമായി വിമർശിച്ചു. വേദിയിൽവെച്ച് ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് കണ്ടപ്പോൾ തുറന്നു പറയുകയും ചെയ്തു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോട് യോജിക്കുകയും, യോജിക്കുമ്പോഴും വിയോജിപ്പുകൾക്കുള്ള സാധ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് മാഷിന്റെ അനന്യത. പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന് എന്റെ നമസ്കാരം!

(സ്മരണികയിലേക്ക്)