നാടകം ഏതാണ്ട് പകുതിയെത്തുമ്പോഴാണ് സംഘർഷം നിറഞ്ഞ ആ കുടിയറക്കൽ രംഗം. പോക്കർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിൽനിന്ന് അബൂബക്കറും കുടുംബവും ഇറങ്ങുകയാണ്. ആകാശം കറുത്തുമൂടിക്കെട്ടി നിൽക്കുന്നു. ഇടയ്ക്ക് മിന്നലുണ്ട്. മഴ ഏതുനിമിഷവും പൊട്ടിച്ചാടിയേക്കും. ബാപ്പയെ കെട്ടിപ്പിടിച്ച് കരയുകയാണ് ആയിഷ. കൃഷിക്കളത്തിന്റെ ഇരുവശത്തുമായി ഇരിക്കുന്ന കാണികൾ വികാരനിർഭരമായ ആ രംഗത്തിന്റെ പരിണാമം എന്താകുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
അപ്പോൾ ഇടിമുഴങ്ങി.
മഴ കോരിച്ചൊരിയാൻ തുടങ്ങി.
ഇരുട്ടിലിരുന്ന്, നാടകത്തിന് തത്സമയം പശ്ചാത്തലസംഗീതവും ഇഫക്ടുകളും കൊടുക്കുന്ന സംഘത്തിന്റെ കരവിരുതാണ് ആ പ്രതീതി സൃഷ്ടിക്കുന്നത്. പാടാനും പറയാനും കൊട്ടാനും മീട്ടാനുമെല്ലാമായി ആകെ നാലഞ്ചുപേരേ ഉണ്ടായിരുന്നുള്ളു. അവരിൽ ഒരാൾ മൈക്കിനു തൊട്ടടുത്തുനിന്ന് ഒരു എക്സ്റെ ഫിലിം പ്രത്യേകരീതിയിൽ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ഉച്ചഭാഷിണിയിലൂടെ ഇടിമുഴക്കമായി കേട്ടത്. ഉള്ളംകൈയ്യിൽ ഊതിക്കൊണ്ട് കാറ്റിന്റേയും മണലുനിറച്ച മുളങ്കുറ്റി ചെരിച്ച് മഴയുടേയും പ്രതീതിയുണ്ടാക്കി.
അന്ന് ആ ഇഫക്ടുകൾ ഉണ്ടാക്കിയിരുന്ന ആൾ ഇന്നില്ല. കണ്ടനകത്തെ സി.വി.സുബ്രഹ്മണ്യൻ. ഇരുപത്തിയഞ്ചു വർഷം മുമ്പ് കൂട്ടുകൃഷി നാടകത്തിന്റെ അണിയറയിലെ നിറസാന്നിദ്ധ്യമായിരുന്നു അയാൾ. ഒടുവിൽ ആ ജീവിതത്തിനും തിരശ്ശീലവീണു.
വിട!
…
2022 ഏപ്രിൽ
ചില്ലലമാരയിൽ
ചുമരിലെ ചില്ലലമാരയിൽ
തട്ടുതട്ടായ് പല വലുപ്പത്തിൽ
കൗതുകവസ്തുക്കൾ.
ചില പുരസ്കാരങ്ങൾ
ചിലതുപഹാരങ്ങൾ.
വിദ്യാലയം വായനശാല
ക്ലബ്ബുകൾ സുഹൃത്തുക്കൾ
പലപ്പോഴായ് സമ്മാനിച്ചവ.
നാട്ടിൽനിന്ന്
മറുനാട്ടിൽനിന്ന്
അപൂർവ്വമൊന്നുരണ്ടെണ്ണം
വിദേശത്തുനിന്ന്.
ഏറെനാളായ്
തുറക്കാതെ തുടയ്ക്കാതെ
പൊടിയണിഞ്ഞു മങ്ങിപ്പോയ്.
ഇന്നതിൻ മുന്നിലൂടെ
കടന്നുപോയപ്പോൾ
അതിലാരോ പുതുതായൊന്നു
കൊണ്ടുവെച്ചപോലെ!
അടുത്തുചെന്നു
സൂക്ഷിച്ചുനോക്കി:
ചില്ലുമൂടിമേൽ
അനക്കമറ്റ്
ഒരു പല്ലി.
ജഡങ്ങൾക്കിടയിൽ
ഒരു ജീവൻ.
പ്രതിനിധാനങ്ങൾക്കിടയ്ക്ക്
ഒരു മുഴുവൻ സാന്നിദ്ധ്യം.
ഭൂതത്തിൽനിന്ന്
വർത്തമാനത്തിലേക്ക്
തട്ടിയുണർത്തുന്ന
ഒരു വാൽ.
ചെറുതെങ്കിലും
ഇതിലും വലുതൊന്ന്
ഇനി വരാനില്ല.
ആ കൊച്ചു ജന്തു
മേരി ഒലിവർ
ആ കൊച്ചുജന്തുവുണ്ടല്ലോ, കവിത,
അതൊരു താന്തോന്നിയാണ്.
ആപ്പിളാകാമെന്നു ഞാൻ വിചാരിച്ചാൽ
അതിന് ഇറച്ചിതന്നെ വേണം.
തീരത്തൂടെ സ്വൈര്യമായി നടക്കാമെന്നു കരുതിയാൽ
അതിന് ഉടുപ്പൂരി വെള്ളത്തിലേക്കു കൂപ്പുകുത്തണം.
ചിലപ്പോൾ ഞാൻ ലളിതമായ പദങ്ങൾക്ക്
പ്രാധാന്യം നൽകാനാഗ്രഹിക്കും;
അപ്പോൾ അത്
സാധ്യതകളുടെ ഒരു നിഘണ്ടുതന്നെ
വിളിച്ചുപറയും.
എല്ലാം മതിയാക്കി, നന്ദി പ്രകാശിപ്പിച്ച്,
അടങ്ങിയൊതുങ്ങിക്കൂടാൻ
നിശ്ചയിച്ചാലോ;
അതു നാലുകാലിൽ മുറിക്കുള്ളിൽ
ചുവടുവെക്കാനാരംഭിക്കും,
അതിരുകടന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്
എന്നെ കൂട്ടുവിളിക്കും.
എന്നാൽ ഞാൻ
നിന്നെ ഓർമ്മിക്കുന്ന സമയത്ത്-
അപ്പോൾ മാത്രം –
അത് അനങ്ങാതിരിക്കും;
കൈപ്പത്തിമേൽ കൈപ്പത്തി വെച്ച്,
അതിന്മേൽ താടി ചേർത്ത്,
കാതോർത്തുകൊണ്ട്.
കാട്ടിലെ സിംഹവും കൂട്ടിലെ സിംഹവും
“ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിന്റെ ഗേറ്റിൽ വെച്ച്. മരിച്ചുപോകുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പ്. ജോസേട്ടൻ എന്നാൽ അടിമുടി നാടകക്കാരനായി ജീവിച്ചുമരിച്ച ജോസ് ചിറമ്മൽ. ആ ജീവിതത്തെക്കുറിച്ച് വടക്കുംനാഥൻ എന്നൊരു കവിത മുമ്പ് ഞാനെഴുതിയിട്ടുണ്ട്. ‘നടക്കുംനാഥൻ’ എന്നാകാമായിരുന്നു ആ ശീർഷകം എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്.
നടക്കുന്നത് എന്നാൽ തത്സമയം സംഭവിക്കുന്നത് എന്നാണ് താത്പര്യം. നാടകം ഒരിക്കൽ മാത്രം സംഭവിക്കുന്ന തത്സമയകലയാണ്. അങ്ങനെ നോക്കുമ്പോൾ നാടകം സ്വയം ഒരു സംഭവം തന്നെയാണ്. അത്തരത്തിൽ കലയിലും രാഷ്ട്രീയത്തിലും വലിയൊരു സംഭവമായിത്തീർന്ന ഒരു നാടകത്തെക്കുറിച്ചാണ് പറയുന്നത്.
1996 ലാണ് സംഭവം. പാലക്കാട് ജില്ലാകളക്ടറായിരുന്ന ഡബ്ല്യു. ആർ. റെഡ്ഡിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ ഒരു ചെറിയസംഘം ആളുകൾ ബന്ദിയാക്കുന്നു. അയ്യങ്കാളിപ്പട എന്നു സ്വയം വിശേഷിപ്പിച്ച ഒരുകൂട്ടം ചെറുപ്പക്കാരാണ് ആ സംഘം. ആദിവാസികളുടെ ഭൂപ്രശ്നം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നടപ്പിലാക്കിയ ഒരോപ്പറേഷനായിരുന്നു ഇതെങ്കിലും അതിലൊരു നാടകീയത ഉണ്ടായിരുന്നു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന അത്യന്തം സംഘർഷനിർഭരമായ ഒരു നാടകം. കേരളം മുഴുവൻ മുൾമുനയിൽ നിന്ന് വാർത്തകൾക്കായി ചെവിയോർത്ത നാടകം. ഒടുവിൽ ഒരു പത്രസമ്മേളനം നടത്തി തങ്ങളുടെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങൾ പ്രദർശിപ്പിച്ച് ആ സംഘം ഭരണകൂടത്തെ പരിഹസിച്ച് ഇറങ്ങിപ്പോയി. ഏതാനും പി.വി.സി പൈപ്പു കഷണങ്ങളും ഒരുണ്ട നൂലും ഒരു കളിത്തോക്കും മറ്റുമായിരുന്നു അവരുടെ ആയുധങ്ങൾ! സംഭവത്തിന്റെ പരിസമാപ്തിയിലെ ഈ പരിഹാസമാണ് അതിനെ ശരിക്കും ഒരു നാടകമാക്കിയത് എന്നു പറയാം.
ഇപ്പോൾ തിയ്യേറ്ററുകളിൽ ഓടുന്ന പട എന്ന സിനിമ കണ്ടപ്പോഴാണ് ഈ പഴയ സംഭവം ഓർമ്മ വന്നത്. പട അയ്യങ്കാളിപ്പടയുടെ നാടകം സിനിമയാക്കിയതാണ്. അന്നത്തെ പത്രവാർത്തകളും റേഡിയോ വാർത്തകളും ഇപ്പൊഴും ഞാനോർക്കുന്നു. ഏഷ്യാനെറ്റ് മാത്രമേ അന്ന് ദൃശ്യമാധ്യമമായി ഉള്ളു. അത് സിനിമയിലും കാണിക്കുന്നുണ്ട്. മലയാളപത്രങ്ങളിൽ ബന്ദിനാടകം എന്നും ഇംഗ്ലീഷ് പത്രങ്ങളിൽ ഹോസ്റ്റേജ് ഡ്രാമ എന്നുമായിരുന്നു തലക്കെട്ട്. കേരളം കണ്ട ഏറ്റവും വ്യത്യസ്തമായ നാടകമായിരുന്നു അത്. മറ്റൊരു പ്രത്യേകതകൂടി അതിനുണ്ട്. കേരളത്തിൽ നാടകത്തെ ഭരണകൂടം ബന്ദിയാക്കിയ (നിരോധിച്ച) പല സന്ദർഭങ്ങളും മുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഒരു നാടകം ഭരണകൂടത്തെ ബന്ദിയാക്കിയിട്ടുണ്ടെങ്കിൽ അത് അയ്യങ്കാളിപ്പട പാലക്കാട് ജില്ലാകളക്ടറേറ്റിൽ അവതരിപ്പിച്ച ഈ നാടകം മാത്രമാണ്.
കാണികളെ പങ്കാളികളാക്കുന്ന, നടനെന്നോ പ്രേക്ഷകനെന്നോ വിഭജനമില്ലാത്ത, ആക്ഷൻ തന്നെ സന്ദേശമാക്കുന്ന, റിഹേഴ്സലെന്നോ അവതരണമെന്നോ ഭേദമില്ലാത്ത വലിയൊരു സാഹസികതയാണ് ഇത്തരം അവതരണങ്ങൾ. വാസ്തവത്തിൽ അതു നാടകമായി സങ്കല്പിക്കപ്പെട്ടതാവണമെന്നും ഇല്ല. പ്രക്ഷോഭസമരങ്ങളിലെല്ലാം ഒരു നാടകീയത ഉണ്ട്. ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹത്തിൽ ഒരു നാടകമുണ്ടായിരുന്നില്ലേ? നര്‍മ്മദയില്‍ മേധാ പട്കറുടെ നേതൃത്വത്തിലുണ്ടായ ജലസമാധി സമരത്തില്‍ ഒരു നാടകമില്ലേ? തെക്കുവടക്കു നെടുനീളത്തില്‍ തോളോടുതോള്‍ചേര്‍ന്ന് അണിനിരന്ന വനിതാമതില്‍ ഒരു നാടകമായിരുന്നില്ലേ? തീര്‍ച്ചയായും സംഘടിതവും പ്രതീകാത്മകവുമായ ഇത്തരം എല്ലാ മനുഷ്യാവിഷ്കാരത്തിലും നാടകം കണ്ടെടുക്കാം. ഇവിടെയെല്ലാം മനുഷ്യരുടെ കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു സന്ദേശമുണ്ട്. അതിന്റെ ആവിഷ്കാരമാണ് നടക്കുന്നത്. അതായത്, കളിക്കുന്നതു മാത്രമല്ല കണ്ടെടുക്കേണ്ടതുകൂടിയാണ് നാടകം എന്നര്‍ത്ഥം.
അപ്പോൾ സിനിമയോ? അതൊരു തത്സമയകലയല്ല. ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് അയ്യങ്കാളിപ്പട പാലക്കാട്ട് കലക്ടറേറ്റിൽ അരങ്ങേറിയ നാടകത്തിന്റെ വിസ്ഫോടനത്തെ അതിശയിക്കാൻ തീർച്ചയായും അതിനു സാധിക്കില്ല. ഈ സിനിമ ആ സംഭവത്തിന്റെ കേവലമായ ഒരു ഡോക്യുമെന്റേഷൻ മാത്രം.
കാട്ടിലെ സിംഹത്തെപ്പോലെ കൂട്ടിലെ സിംഹത്തിന് ഗർജ്ജിക്കാനാവില്ല.
ഓർമ്മച്ചാർത്ത്
ആലങ്കോട് ലീലാകൃഷ്ണന്
പൊന്നാനി, കോളേജ്, കാറ്റ്, കടപ്പുറം
തെങ്ങ്, ചകിരി, മീൻ, പള്ളി, ഖബറിടം
ഇമ്പിച്ചിബാവ, ട്രാൻസ്പോർട്, വെളിച്ചെണ്ണ
മില്ല്, ബസ്റ്റാന്റ്, മയിൽവാഹനം, അതിൻ
പിന്നിലിട്ട്യേച്ചൻ, ഇറങ്ങുന്ന സുന്ദരീ
സുന്ദരന്മാരാം ഉറൂബിന്റെ കുട്ടികൾ
പുസ്തകം, മിഠായി, ചർച്ച , സിഗരറ്റ്
എക്കണോമിക്സ്, പൊളിറ്റിക്സ്, കാന്റീനി-
ലുച്ചയൂൺ, ചായ, ഇലക്ഷൻ പ്രചരണം,
എസ്സെഫൈകേയെസ്യു സംഘട്ടനം, യൂത്തു
ഫെസ്റ്റിവൽ, തെങ്ങിൻ പറമ്പിലെ മേളനം
ബീഡിപ്പുക, ബുദ്ധിജീവി, കമ്മ്യൂണിസം,
താടി, മുടി, മുഷിമുണ്ട്, മോഡേണിസം,
നാടകമെന്ന പ്രഹേളിക, ശക്തിയിൽ
കാഞ്ചനസീത, ഉച്ചപ്പടം, ആനന്ദ്,
ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മന്റെ
ശാന്ത കുറത്തി മുഴങ്ങുന്ന തൊണ്ടകൾ
കോണിച്ചുവട്ടിലെ പ്രേമപ്രകമ്പനം
തോളിലെസ്സഞ്ചിയിലശ്ലീലപുസ്തകം
മാഗസിൻ താളിൽ കവിത, സീസോണിന്നു
പോയന്നൊളിവിൽ ലഭിച്ചൊരുമ്മ, രാവു
നീളെ തെറിപ്പാട്ട്, ഉറക്കൊഴിപ്പ്, പിന്നെ
ഹാളിൽ പരീക്ഷക്കിരുന്നെഴുത്ത്
പെട്ടി, തബല, ചപ്ലാംകട്ട, ഗഞ്ചിറ
കർട്ടനില്ലാ വേദി, മുന്നിൽ വിജനത
എപ്പൊഴോ തീർന്നൂ കലോത്സവം എന്നിട്ടു-
മിപ്പൊഴും നിൽക്കുന്നു കാഥികൻ, പിന്നണി
കൊട്ടുന്ന ഞാനിടയ്ക്കൊന്നുറങ്ങിപ്പോയി
പെട്ടെന്നുണർന്നിതു കെട്ടിയുണ്ടാക്കുവാൻ!