നാടുവിട്ടുപോകുന്ന നാടകം

(കൂറ്റനാട്ട് കലവറയുടെ കുടിയിരിക്കലിനോടനുബന്ധിച്ച് 2019 മെയ് 1 ന് ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കെഴുത്ത്.)

മെയ്ദിനം എന്ന പദത്തിന് മലയാളത്തിലെ വിഗ്രഹാര്‍ത്ഥം മെയ്യിന്റെ ദിനം എന്നാണ്. ഉടല്‍ത്തിരുനാള്‍! തൊഴിലാളിദിനം ഉടലിന്റെ ആഘോഷം കൂടിയാണ്. ഉത്പാദനത്തിന് ആധാരം അധ്വാനമാണ്. അധ്വാനമാകട്ടെ ഉടലിനെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ഉടല്‍ അധ്വാനത്തിനുമാത്രമായുള്ളതല്ല. ആവിഷ്കാരത്തിനും കൂടിയുള്ളതാണ്. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്ഥയില്‍ ഉത്പാദനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് അധ്വാനം ആനന്ദമോ ആവിഷ്കാരമോ ആകും എന്നാണ് സങ്കല്പം. അപ്പോള്‍ അവളുടെ ഉടല്‍ ഒരു നൃത്തം ചെയ്യുകയാണ്. ഉടല്‍മൊഴിയില്‍ സ്വയം ആവിഷ്കരിക്കുകയാണ്.

അധ്വാനിക്കുന്ന മനുഷ്യരാണ് ഏറ്റവും സൗന്ദര്യമുള്ളവര്‍ എന്ന് വാന്‍ഗോഗ് തിയോക്ക് എഴുതിയ കത്തുകളില്‍ പറയുന്നുണ്ട്. വയലില്‍ പണിയെടുക്കുന്നവരുടേയും ഉരുളക്കിഴങ്ങു തിന്നുന്ന തൊഴിലാളികളുടേയും നിരവധി ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. റഷ്യന്‍ നാടകസംവിധായകന്‍ മേയര്‍ഹോള്‍ഡ് തന്റെ നടീനടന്മാരോട് തൊഴിലെടുക്കുന്ന മനുഷ്യരെ നിരീക്ഷിക്കലാണ് അഭിനയപരിശീലനത്തിന്റെ ആദ്യപാഠമായി നിര്‍ദ്ദേശിക്കുന്നത്. വിദഗ്ദ്ധനായ ഒരു തൊഴിലാളി ജോലി ചെയ്യുന്നത് ഒരു നൃത്തം ചെയ്യുന്നതുപോലെ അനായാസമായിരിക്കും. വിറകു വെട്ടുന്നവരുടേയും നിലം ഉഴുന്നവരുടേയും ചലനങ്ങളും ശരീരഭാഷയും അനുകരിച്ച് ശീലിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. കളരിയില്‍ കച്ചകെട്ടി എണ്ണയുഴിഞ്ഞുണ്ടാക്കുന്ന നമ്മുടെ മെയ് വഴക്കമായിരുന്നില്ല മേയര്‍ഹോള്‍ഡിന് വേണ്ടിയിരുന്നത്. കഥാപാത്രത്തെ മനസ്സിലേക്കാവാഹിച്ചാല്‍ മാത്രം പോര, മെയ്യിലേക്കു കൂടി പകരണമെന്നാണ് താത്പര്യം. പറഞ്ഞുവന്നത് നാടകകലയെ സംബന്ധിച്ചിടത്തോളം മെയ്ദിനം മെയ്യിന്റെ ദിനം കൂടിയാണ് എന്നാണ്.

മെയ്ദിനാചരണത്തിന് ആധാരമായ തൊഴിലാളിസമരത്തേയും ഒരു നാടകമായി കാണാവുന്നതാണ്. 1886 മെയ് 1 ന് അമേരിക്കയിലെ ചിക്കാഗോ നഗരത്തിലായിരുന്നു അതിന്റെ അവതരണം. ജോലിസമയം എട്ടുമണിക്കൂറാക്കുക എന്ന മനുഷ്യാവകാശമായിരുന്നു മുദ്രാവാക്യം. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഒരു തിയ്യേറ്റര്‍ ഇവന്റുകൂടിയായിരുന്നു അത്. വെടിവെപ്പില്‍ കലാശിച്ച ഒരു ദുരന്ത സോദ്ദേശ തെരുവുനാടകം. എട്ടു മണിക്കൂര്‍ വിനോദവും ആവശ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അത് നാടകത്തിനു വേണ്ടിക്കൂടിയുള്ള നാടകമായിരുന്നു എന്നു പറയാം. എന്നാല്‍ അതൊരു നാടകമായിരുന്നു എന്ന് ഇന്നു പറഞ്ഞാല്‍ അതു വ്യാജമായ എന്തോ ആയിരുന്നു എന്നാണ് നമുക്കു തോന്നുക. അതായത്, നാടകം ഒരു വ്യാജപ്രവൃത്തിയാണ് എന്നാണ് വിശ്വാസം. നടക്കുന്നതല്ല, നടക്കേണ്ടതാണ് നാടകത്തില്‍ ആവിഷ്കരിക്കുന്നത് എന്നതാണ് അതിനു കാരണം. പില്‍ക്കാലത്ത് നടക്കേണ്ട സമരങ്ങള്‍ക്ക് വഴികാട്ടിയായി എന്നതുകൊണ്ടാണ് ചിക്കാഗോ സമരത്തെ ഒരു നാടകാവതരണമായി ഇന്ന് വിശേഷിപ്പിച്ചത്. അല്ലാതെ അതിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തെ മറന്നുകൊണ്ടല്ല.

പ്രക്ഷോഭസമരങ്ങളിലെ നാടകീയാംശത്തെ നമ്മള്‍ വേര്‍തിരിച്ചു വിലയിരുത്താറില്ല. രംഗവേദിയില്‍ അവതരിപ്പിക്കുന്നതു മാത്രമാണ് നമുക്കു നാടകം. ഗാന്ധിജിയുടെ ഉപ്പുസത്യഗ്രത്തില്‍ ഒരു നാടകമുണ്ടായിരുന്നില്ലേ? നര്‍മ്മദയില്‍ മേധാ പട്കറുടെ നേതൃത്വത്തിലുണ്ടായ ജലസമാധി സമരത്തില്‍ ഒരു നാടകമില്ലേ? പാലക്കാട് ജില്ലാ കളക്ടറായിരുന്ന റെഡ്ഡിയെ അയ്യങ്കാളിപ്പട ബന്ദിയാക്കിയതില്‍ ഒരു നാടകമുണ്ടായില്ലേ? (പത്രങ്ങളിലെല്ലാം ‘ബന്ദിനാടകം’ എന്നാണ് വാര്‍ത്ത വന്നത്.) തെക്കുവടക്കു നെടുനീളത്തില്‍ തോളോടുതോള്‍ചേര്‍ന്ന് അണിനിരന്ന വനിതാമതില്‍ ഒരു നാടകമായിരുന്നില്ലേ? തീര്‍ച്ചയായും സംഘടിതവും പ്രതീകാത്മകവുമായ ഇത്തരം എല്ലാ മനുഷ്യാവിഷ്കാരത്തിലും നാടകം കണ്ടെടുക്കാം. ഇവിടെയെല്ലാം മനുഷ്യരുടെ കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു സന്ദേശമുണ്ട്. അതിന്റെ ആവിഷ്കാരമാണ് നടക്കുന്നത്. അതായത്, കളിക്കുന്നതു മാത്രമല്ല കണ്ടെടുക്കേണ്ടതുകൂടിയാണ് നാടകം എന്നര്‍ത്ഥം. Beauty is in the eye of the beholder. കാണിയുടെ കണ്ണിലാണ് കല.

നാടകവും നാട്ടകവും തമ്മിലുള്ള ബന്ധമാണ് നമ്മുടെ വിഷയം. നാടകം നാട്ടിന്‍പുറത്തിന്റെ കലയാണോ? എന്നാല്‍ എന്തുകൊണ്ട് അതൊരു നാടോടിക്കലയായില്ല? നാടും നഗരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്തവിധം മാറിപ്പോയ ഇന്നത്തെ കേരളീയ ചുറ്റുപാടില്‍ ഇത് വ്യവച്ഛേദിച്ചു പറയുക പ്രയാസമാണ്. മലയാള നാടകത്തിന്റെ സമീപകാല ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ടേ ഇതു പറയാനാവു.

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം / നാട്യപ്രധാനം നഗരം ദരിദ്രം എന്നിങ്ങനെയാണ് ഗ്രാമ-നഗര വൈരുദ്ധ്യത്തെ കവി വിശേഷിപ്പിച്ചത്. നാട്യം നഗരത്തിലാണ് എന്നതു കൊണ്ട് നാടകം അവിടെയാണ് എന്നല്ല അര്‍ഥമാക്കുന്നത്. നാട്യം ജീവിതത്തിലാണ് എന്നാണ്. നഗരമനുഷ്യന്‍ നാട്ടുമനുഷ്യനെ അപേക്ഷിച്ച് സ്വതന്ത്രനും എന്നാല്‍ സ്വാര്‍ത്ഥനും ആണ്. ഉള്ളിലുള്ളതു പുറത്തു കാണിക്കാതെ പുറമേക്ക് പരിഷ്കാരിയായി പെരുമാറുന്നതാണ് നഗരജീവിതത്തിലെ നാട്യം. നഗരത്തില്‍ ജീവിതത്തിലാണ് നാട്യം. നാട്ടിന്‍പുറത്ത് നാടകത്തിലാണ് ജീവിതം എന്നും പറയാം.

ഒറ്റപ്പെട്ട മനുഷ്യരുടെ ആള്‍ക്കൂട്ടമാണ് നഗരം. ഒറ്റപ്പെടാന്‍ നിവൃത്തിയില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയാണ് നാട്ടിന്‍പുറത്തിന്റെ നന്മ. ആള്‍ക്കൂട്ടത്തിന് നാടകമില്ല. നാടകം ഒരു സംഘകലയാണ്. കൂട്ടു ചേര്‍ന്നാലേ കൂത്തുണ്ടാവൂ. ഒറ്റക്കു നാടകം സാധ്യമല്ല. ഒറ്റക്ക് ഒരാള്‍ക്ക് കൃഷി ചെയ്യാന്‍ സാധ്യമല്ലാത്തതുപോലെ. വാസ്തവത്തില്‍ നാടകം ഒരു കൂട്ടുകൃഷിയാണ്. കൂട്ടുകൃഷി എന്നത് ഇടശ്ശേരിയുടെ ഒരു നാടകത്തിന്റെ പേരുമാത്രമല്ല, ആ കലാരൂപത്തിന്റെ നിര്‍വ്വചനം കൂടിയാണ്.

“ഉര്‍വ്വിയെ പുഷ്പിപ്പിക്കും കല പോല്‍ നമുക്കത്ര
നിര്‍വൃതികരം സര്‍ഗ്ഗവ്യാപാരമുണ്ടോ മന്നില്‍?”
കൃഷിയാണ് ഏറ്റവും വലിയ സൃഷ്ടകര്‍മ്മം. കൃഷിയുമായി ബന്ധപ്പെട്ടതാണ് എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും. നാടകവും അങ്ങനെ രൂപപ്പെട്ടതാവണം. വെള്ളരിനാടകം നാട്ടിന്‍പുറത്തിന്റെ വിളവാണ്. മലയാളത്തിലെ ആദ്യകാല സാമൂഹികനാടകങ്ങള്‍ പരിശോധിച്ചാല്‍ അവ മിക്കവാറും മണ്ണിനും പെണ്ണിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നു എന്നു കാണാം. വിപ്ലവവും പ്രണയവും അതിനു വൈകാരികപിന്തുണ നല്‍കി.

ഇത്തരം നിരീക്ഷണങ്ങളൊക്കെ കാലഹരണപ്പെട്ടുകഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. എന്താണ് നാടകത്തിന്റെ സമകാലികാവസ്ഥ? ഇന്നെവിടെയാണ് നാടകം? നാടകം നാടുവിട്ടുപോയ്ക്കഴിഞ്ഞു. പഴയകാലത്ത് നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ തൊഴില്‍ അന്വേഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറിയതുപോലെ നാടകവും നിലനില്‍പ്പിനായി നഗരത്തിലേക്ക് കടന്നുകളഞ്ഞിരിക്കുന്നു. ഇതൊരതിവാദമല്ലേ എന്നു സംശയിക്കാം. ആറങ്ങോട്ടുകരയിലും കൂറ്റനാട്ടും കൊളത്തൂരിലും കടമ്പഴിപ്പുറത്തുമെല്ലാം നാടകാവതരണങ്ങള്‍ നടക്കാറില്ലേ? ഉണ്ട്. പക്ഷെ ഈ പ്രദേശങ്ങളെല്ലാം ഇന്ന് കവി പറഞ്ഞതുപോലുള്ള നാട്ടിന്‍പുറങ്ങളാണോ? ഏതു സമയവും ഒരു മാളോ മള്‍ട്ടിപ്ലക്സ് തിയ്യേറ്ററോ മുളച്ചുപൊന്താന്‍ വെമ്പിനില്‍ക്കുന്ന അര്‍ദ്ധനഗരങ്ങളാണ് കേരളത്തിലെ കൊച്ചുപട്ടണങ്ങള്‍. നാട്ടിന്‍പുറത്തെ തനതു സംസ്കൃതിയില്‍ നിലനിര്‍ത്തിയിരുന്ന കൃഷി ഇല്ലാതായി. ഇന്ന് കൃഷി ഒരു സ്വാഭാവിക പ്രക്രിയയല്ല. ബോധപൂര്‍വ്വം ഏര്‍പ്പെടുന്ന ഒരു സംരംഭകത്വമാണ്. കൃഷിയിലും നാടകത്തിലും ഒരുപോലെ വിളയിറക്കുന്ന പാഠശാലയെ ഒരപവാദമായിട്ടേ കാണാനാവു. എന്നാല്‍ അത് നമ്മുടെ സമീപകാല സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റവുമാണെന്നതില്‍ സംശയമില്ല. ഈ കലവറ പോലും ആ നെല്ലറയുടെ അനുബന്ധമാണെന്ന് പറയാം.

ആദ്യകാല സിനിമകള്‍ നാടകവേദിയെ അനുകരിക്കുകയായിരുന്നു എന്ന് നമുക്കറിയാം. എന്നാലിന്ന് നാടകം സിനിമയെ അനുകരിക്കുന്നു എന്നല്ല പറയേണ്ടത്. സിനിമയടക്കം അനേകം മാധ്യമങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഭീമന്‍ നിര്‍മ്മിതികളായി പരിണമിച്ചിരിക്കുന്നു. ഇറ്റ്ഫോക്കിലും മറ്റു മത്സരവേദികളിലും നാമതു തിരിച്ചറിയുന്നുണ്ട്. പഴയ നാട്ടിന്‍പുറത്തെ കൂട്ടായ്മകള്‍ക്ക് സങ്കല്പിക്കാനാവാത്തവിധം അതിന്റെ ഘടന മാറിക്കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം രംഗാവതരണങ്ങള്‍ നഗരത്തെ ലക്ഷ്യമാക്കിയുള്ളതാണ്.

വന്‍കിട അണക്കെട്ടുകളേക്കാള്‍ ചെറിയ തടയണകളാണ് ജലദൗര്‍ലഭ്യത്തിനു പരിഹാരമെന്ന് പരിസ്ഥിതിവാദികള്‍ നിരീക്ഷിക്കുന്നു. അതുപോലെ ഇത്തരം വന്‍കിട കെട്ടുകാഴ്ചകളാണോ ചെറുകിട രംഗോദ്യമങ്ങളാണോ നാടകത്തിനു നല്ലതെന്ന് ആലോചിക്കേണ്ട കാലമായി. അതിനും മുമ്പ് നാടകവേദിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ നമ്മള്‍ സഹായിക്കേണ്ടതുണ്ട്.

ഇത്രകാലവും നാടകം മനുഷ്യന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. എങ്കില്‍ ഇനി നാടകത്തിന്റെ സ്വയംനിര്‍ണ്ണയാവകാശത്തിനുവേണ്ടി നമ്മളും ഒരു നിലപാട് എടുക്കേണ്ടതല്ലേ? നാടകത്തിന് സമൂഹത്തിനോട് പ്രതിബദ്ധത വേണം എന്നു വാദിക്കുന്നവരോട് സമൂഹത്തിന് ഒരു നാടകപ്രതിബദ്ധതയും വേണ്ടേ എന്നു തിരിച്ചു ചോദിക്കണ്ടതല്ലേ?

നാടകം സൗജന്യമായി കാണിച്ചുകൊടുത്തുകൂടാ എന്ന് അന്‍പതുകളില്‍ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാലത്തെഴുതിയ ഒരു ലേഖനത്തില്‍ ചുരുങ്ങിയത് രണ്ടു രൂപയെങ്കിലും പ്രേക്ഷകരില്‍നിന്ന് പ്രവേശനഫീസായി വാങ്ങണമെന്ന് ഇടശ്ശേരി നിര്‍ദ്ദേശിക്കുന്നു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനത്തിനും സേവനത്തിനും മാന്യതയുണ്ടാകണമെങ്കില്‍ അതു വിലമതിക്കപ്പെടണം എന്നാണ് ആ പ്രവേശനഫീസിന്റെ താത്പര്യം. ഇതു മാത്രമല്ല, നാടാകപരിശീലനത്തിനും രംഗാവതരണത്തിനുമായി സ്കൂളുകളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാടകസംഘങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ടിക്കറ്റുവെച്ചുള്ള നാടകാവതരണങ്ങളെ സര്‍ക്കാര്‍ വിനോദനികുതിയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണമെന്നും ഇടശ്ശേരി ആവശ്യപ്പെടുന്നുണ്ട്.

നാടകവേദിക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിക്കുവേണ്ടി ആറുപതിറ്റാണ്ടു മുമ്പ് ഇടശ്ശേരി മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഇന്നും നടപ്പിലായില്ല. നാടകം ടിക്കറ്റെടുത്തു കാണേണ്ട ഒരു കലയായി സമൂഹം പരിഗണിച്ചുതുടങ്ങിയില്ല. എന്തുകൊണ്ട്? ഇവിടെ നാടകം മുഖ്യമായും ഒരു പ്രചരണോപാധിയായിരുന്നു. പുരോഗമനപ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും അവരുടെ ആശയപ്രചരണത്തിന് ചെലവുകുറഞ്ഞ ഒരു മാധ്യമമായി നാടകത്തെ കണ്ടു. സിനിമാപ്രദര്‍ശനത്തിനുവേണ്ടി കൈരളി, ശ്രീ പോലുള്ള തിയ്യേറ്ററുകള്‍ സര്‍ക്കാര്‍ തുടങ്ങിയെങ്കിലും നാടകം മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ നഗരങ്ങളില്‍പ്പോലും ഉണ്ടായില്ല. ഉണ്ടായത് കല്യാണമണ്ഡപങ്ങളും കമ്യൂണിറ്റി ഹാളുകളുമാണ്. മുംബൈയിലെ പൃഥ്വി തിയ്യേറ്റര്‍ പോലെ എന്നും നാടകാവതരണങ്ങളുള്ള ഒരു നാടകശാല കേരളത്തിലില്ല എന്നത് പൂരപ്പറമ്പില്‍ രാജ്യാന്തര നാടകമേള സംഘടിപ്പിക്കുന്ന നമുക്ക് ഒരു കുറച്ചിലായി തോന്നുന്നില്ല എന്നതാണ് അത്ഭുതം.

ലീലാകൃഷ്ണന്റെ കര്‍ണ്ണനും എന്റെ ധൃതരാഷ്ട്രരും

“കുറേക്കാലത്തേക്ക് എന്റെ ഉള്ളില്‍നിന്നും നാടകം നാടുനീങ്ങി. ഉണങ്ങിപ്പോയ ആ കമ്പം വീണ്ടും തളിര്‍ക്കുന്നത് പൊന്നാനി എം ഇ എസ്സില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ്. പ്രൊഫ. എം.എം.നാരായണന്‍ അന്ന് എം.ഇ.എസ്സില്‍ മലയാളാദ്ധ്യാപകനായി ചേര്‍ന്ന കാലമാണ്. മെലിഞ്ഞുനീണ്ട ആകാരം. ഘനമുള്ള ശബ്ദം. കണ്ണുകളില്‍ നക്ഷത്രം. വാക്കില്‍ തീപ്പൊരി. സംസാരിക്കുമ്പോള്‍ നീണ്ടകഴുത്തിലെ മുഴ ഒരു ജലജീവികണക്കെ ഇളകിക്കൊണ്ടിരിക്കും. പ്രതിജ്ഞായൗഗന്ധരായണം നാടകമാണ് മാഷ് എടുത്തിരുന്നത്. ആയിടയ്ക്ക് ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഒരു നാടകക്യാമ്പില്‍ മാഷ് പങ്കെടുത്തിരുന്നു. അതിന്റെ ആവേശമുണ്ട്. സംസ്‌കാരത്തിന്റെ മണിത്തൊട്ടിലായ ഗ്രീസില്‍ ഡയണീഷ്യസ് എന്ന മദ്യദേവന്റെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആട്ടവും പാട്ടും നാടകമായി പരിണമിച്ചതിന്റെ കഥ മാഷ് ആവേശപൂര്‍വ്വം പറയും. സംസ്‌കൃതനാടകം പഠിപ്പിക്കുംമുമ്പ് ഗ്രീക്കുനാടകത്തിന്റെ ചരിത്രം. എന്തിനാണ് ഇത്രയും വിസ്തരിച്ചതെന്നറിയില്ല. ആര്‍ക്കു ബോധിച്ചില്ലെങ്കിലും ആ നാടകപാഠം എന്നെ വളരെയേറെ പ്രചോദിപ്പിച്ചു.

അടിയന്തരാവസ്ഥ പിന്‍വലിച്ചതേയുള്ളൂ. ക്യാംപസ്സുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം ഇടക്കാലത്തിനുശേഷം സജീവമായി. പൊന്നാനിയില്‍ കെ.എസ്.യു എം.എസ്.എഫ് കൂട്ടുകെട്ടിനാണ് സ്വാധീനം. എസ്.എഫ്.ഐക്ക് മിടുക്കന്മാരായ നേതാക്കളുണ്ടെങ്കിലും എന്തുകൊണ്ടോ വോട്ടു കിട്ടില്ല. ഇതിനുപുറമെ അരാഷ്ട്രീയബുദ്ധിജീവികളുടെ ഒരു സംഘവും വലതുപിന്തുണയോടെ ക്യാമ്പസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയ വായനക്കാരും താടിക്കാരും കഞ്ചാവുവലിക്കാരും പൈങ്കിളിവിരോധികളുമായിരുന്നു ഇവര്‍. നല്ല പ്രതിഭാശാലികളും. ആധുനികതയുടെ ആരാധകരാണ്. സമ്പന്നകുടുംബങ്ങളില്‍നിന്നുള്ളവരാണ് അധികംപേരും. എന്നാലും കുളിക്കാതേയും മുടിചീകാതെയും മുഷിഞ്ഞുനടക്കും. കാഫ്ക, കാമു എന്നൊക്കെ പറയും. കാഞ്ചനസീതയും ചുവന്നവിത്തുകളും കാണാന്‍ ബെഞ്ചിനു ടിക്കറ്റെടുത്ത് മുന്നിലിരിക്കും.

കലോത്സവത്തിന് ഇവരുടെ വക ആധുനികനാടകമുണ്ടാവും. കറുത്ത മുഖംമൂടി ധരിച്ച്, കഴുത്തില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകള്‍ തൂക്കി അരങ്ങിനെ ഞെട്ടിക്കും. ‘ഹേ വഴിപോക്കാ, എവിടന്നു വരുന്നു?’, ‘സഹസ്രാബ്ദങ്ങളുടെ മണ്‍പുറ്റില്‍നിന്ന്..’ എന്നൊക്കെയാവും സംഭാഷണം. ദുരൂഹതയാണ് ആധുനികതയുടെ മുദ്ര എന്നെനിക്കു മനസ്സിലായി. നാരായണന്‍സാറിന് ഈ വിഭാഗത്തോട് അനുഭാവമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരനായിരുന്നു അടിമുടി. എങ്കിലും ആധുനിക രംഗസങ്കേതങ്ങളുപയോഗിച്ച് നാടകാവതരണത്തെ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദഹം പറയുമായിരുന്നു. ആയിടയ്ക്ക് കോളേജ് വാര്‍ഷികത്തിന് ഒരു പുതിയ നാടകമവതരിപ്പിക്കാന്‍ നിശ്ചയിച്ചു. നാരായണന്‍സാറാണ് സംവിധായകന്‍. ജി.ശങ്കരപ്പിള്ളയുടെ ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകത്തിലെ ഒരങ്കം. ആലങ്കോടു ലീലാകൃഷ്ണനാണ് കര്‍ണ്ണന്‍. ഞാന്‍ ധൃതരാഷ്ട്രരും. മറ്റുള്ളവരുടെ പേര് ഓര്‍മ്മയില്ല. ഏതാനും ദിവസം റിഹേഴ്‌സലുണ്ടായി. ലളിതമായ രംഗസജ്ജീകരണം. ഒരു വെളുത്ത പിന്‍കര്‍ട്ടന്‍. ഒന്നുരണ്ടു പീഠങ്ങള്‍. സുപ്രധാന ഡയലോഗുകള്‍ പറയുമ്പോള്‍ പീഠത്തിന്മേല്‍ കയറിനില്‍ക്കണമെന്ന് സാറു പറയും. നടന്മാരുടെ രംഗസഞ്ചാരം ചിട്ടപ്പെടുത്താന്‍ തറയില്‍ ചോക്കുകൊണ്ട് വരയ്ക്കുമായിരുന്നു. തൃശ്ശൂരിലെ നാടകക്യാമ്പില്‍നിന്നു കിട്ടിയ പാഠങ്ങളെല്ലാം നാരായണന്‍സാര്‍ പ്രയോജനപ്പെടുത്തി.

അത്യന്തം നിഷ്ഠയോടെ തയ്യാറാക്കിയ നാടകം ഒടുക്കം അരങ്ങിലെത്തി. സദസ്സും തയ്യാറായി ഇരിക്കയായിരുന്നു. കര്‍ട്ടന്‍ ഉയര്‍ന്ന് താഴുവോളം അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ടുയര്‍ന്ന കൂക്കിവിളിയിലും ബഹളത്തിലും ആ നാടകം മുങ്ങിപ്പോയി.”

‘നാടകപ്പച്ച’ എന്ന ലേഖനത്തില്‍നിന്ന്. കൂടുതല്‍ വായിക്കാന്‍ ഈ പുസ്തകം @ Amazon Kindle Store

മീന്‍ ചെതുമ്പല്‍ മിന്നുന്ന വാക്ക്

വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌. കോഴിക്കോട്ടുനിന്നുള്ള ഒരു സ്മരണികയ്ക്കുവേണ്ടി, പോള്‍ കല്ലാനോട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌, ഞാന്‍ ഒരഭിമുഖത്തിനായി സഖാവ് ഇമ്പിച്ചിബാവയെ കാണാന്‍ ചെന്നു. പൊന്നാനി എം.ഇ.എസ്‌ കോളേജിനെതിര്‍വശത്തുള്ള ‘ലാല്‍ഭവ’നില്‍ അദ്ദേഹം തിരക്കൊഴിഞ്ഞിരിക്കുകയായിരുന്നു. ഒര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ പറ്റിയ ശാന്തമായ അന്തരീക്ഷം.

കോഴിക്കോട്ടു ചെലവഴിച്ച ചെറുപ്പകാലത്തെക്കുറിച്ചാണ്‌ ഞാന്‍ ചോദിച്ചത്‌. സ്കൂളും വിദ്യാഭ്യാസവും സമരവും പാര്‍ട്ടിപ്രവര്‍ത്തനവും മറ്റും.സത്യം പറഞ്ഞാല്‍, എനിക്കന്ന്‌ സഖാവിന്റെ വ്യക്തിത്വത്തെക്കുറിച്ചോ സാമൂഹിക-രാഷ്ട്രീയ സംഭാവനകളെക്കുറിച്ചോ വ്യക്തമായ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഈ അജ്ഞത, എന്റെ ചോദ്യങ്ങളിലെ ബാലിശത്വത്തില്‍നിന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. എന്നിട്ടും അദ്ദേഹം വാചാലനായി. എന്റെ ചോദ്യങ്ങളായിരുന്നില്ല, ഓര്‍മ്മകളുടെ പുറങ്കടലില്‍ വലവീശാന്‍ അനുകൂലാന്തരീക്ഷമൊരുക്കിയ അപ്പോഴത്തെ സുസ്ഥിതിയായിരുന്നു അന്നു സഖാവിനെ പ്രചോദിപ്പിച്ചതെന്ന്‌ ഇന്നെനിക്കു തോന്നുന്നു.

പൊന്നാനിക്കടപ്പുറത്തിന്റെ തനിവാമൊഴിയാണ്‌ സഖാവിന്റേത്‌. വാക്കുകളില്‍ മീന്‍ചെതുമ്പല്‍ മിന്നും. ഓര്‍മ്മിക്കലും പറയലും ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമാണ്‌. പഠിച്ചുപറയുന്ന കൃത്രിമത്വം ഒട്ടുമില്ല.കടലിരമ്പംപോലെ ഞാനാ ഓര്‍മ്മകള്‍ കേട്ടിരുന്നു. ബാപ്പയെ ചുറ്റിപ്പറ്റി നടന്ന ബാല്യം. കോഴിക്കോട്ടങ്ങാടിയില്‍ ചുറ്റിത്തിരിഞ്ഞ കൌമാരം. പാര്‍ട്ടിയാപ്പീസില്‍ കാര്യസ്ഥനായി കഴിഞ്ഞുകൂടിയ ചോരതുടിക്കുന്ന ചെറുപ്പം.അക്കൂട്ടത്തില്‍ രസകരമായ ഒരു സംഭവം അദ്ദേഹം ഓര്‍ത്തു.

“പാര്‍ട്ടി സ്റ്റഡിക്ലാസ്‌ ചിട്ടയായി നടക്കുന്ന കാലം. രാത്രി ഒരു പീടികക്കെട്ടിടത്തിനു മുകള്‍നിലയില്‍, മണ്ണെണ്ണവിളക്കത്താണ്‌ സിദ്ധാന്തം പഠിപ്പിക്കല്‍. മാര്‍ക്സ്‌, ഏംഗല്‍സ്‌, ലെനിന്‍, സ്റ്റാലിന്‍, മിച്ചമൂല്യം, മാനിഫെസ്റ്റോ തുടങ്ങിയ വാക്കുകള്‍ മുഴങ്ങും. അന്നൊരു സന്ധ്യക്ക്‌ പ്രഗത്ഭനായ ഒരാള്‍ ക്ലാസെടുക്കാന്‍ വരുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ആവേശപൂര്‍വ്വം കാത്തിരുന്നു.

കൃത്യസമയത്ത്‌ ആളെത്തി. കറുത്ത്‌ കുറിയ രൂപം. കട്ടിക്കണ്ണട. കൈയ്യില്‍ ഒരു ചാക്കുസഞ്ചി നിറച്ച്‌ പുസ്തകങ്ങള്‍. എനിക്കാ രൂപം ഒട്ടും പിടിച്ചില്ല. ക്ലാസു തുടങ്ങിയതോടെ അതൃപ്തി കൂടുകയും ചെയ്തു. വിക്കുണ്ട്‌. ശബ്ദം പുറപ്പെടുവിക്കാന്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ സങ്കടവും ചിരിയും വരും. ക്ലാസെടുത്തുകഴിഞ്ഞാല്‍ സ്കൂള്‍മാസ്റ്റര്‍മാരെപ്പോലെ ചോദ്യം ചോദിക്കും. സഖാക്കള്‍ ഉത്തരം പറയണം. അതെനിക്ക്‌ ഒട്ടും പറ്റിയില്ല.

അന്ന്‌ വിപ്ലവത്തെക്കുറിച്ചാണ്‌ പഠിപ്പിച്ചത്‌. ചോദ്യം എന്നോടായിരുന്നു.
“അപ്പോള്‍, എന്താണു വിപ്ലവം?”
എനിക്കത്‌ വിശദമാക്കാന്‍ അറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു:
“കുഴപ്പം ഉണ്ടാക്കല്‍തന്നെ.”
സഖാവ്‌ ഒരുനിമിഷം കണ്ണടച്ചു. പിന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു:
“താന്‍ പറഞ്ഞതും ശരിയാണ്‌.”
നിഷേധഭാവത്തിലുള്ള എന്റെ മറുപടിയിലെ കുരുത്തക്കേട്‌ അദ്ദേഹം കണ്ടില്ലെന്നു നടിച്ചതാണോ എന്തോ!

പിന്നീട്‌ വര്‍ഷങ്ങള്‍ക്കുശേഷം ഇ.എം.എസ്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഞാന്‍ പണ്ടത്തെ ഈ സ്റ്റഡിക്ലാസിലെ കുസൃതിക്കഥ ഓര്‍മ്മിപ്പിക്കുകയുണ്ടായി. അന്നും ഇ.എം.എസ്‌ ചിരിച്ചുകൊണ്ട്‌, ‘താന്‍ പറഞ്ഞതു ശരിയാണെ’ന്ന്‌ ആവര്‍ത്തിക്കുകയാണുണ്ടായത്‌.”

ഒറ്റക്കേള്‍വിയില്‍ ഒരു കുസൃതിക്കഥമാത്രമായി തോന്നാവുന്ന സഖാവിന്റെ ഈ ഓര്‍മ്മ, ഒരദ്ധ്യാപകനായ എന്റെ തോളത്ത്‌ വേതാളംപോലെ തൂങ്ങിക്കിടന്ന്‌ ഏറെനാള്‍ എന്നെ ഉത്തരം മുട്ടിച്ചുകൊണ്ടിരുന്നു. അഗാധവും വിസ്തൃതവുമായ സാമൂഹിക രാഷ്ട്രീയമാനങ്ങളുള്ള വിപ്ലവം എന്ന ദാര്‍ശനികസമസ്യക്ക്‌, ‘കുഴപ്പമുണ്ടാക്കല്‍’ എന്നു നിരുത്തരവാദപരമായി ഒറ്റവാക്യത്തില്‍ ഉത്തരം നല്‍കിയതിനെ ഇ.എം.എസ്‌ ശരിവച്ചത്‌ എന്തുകൊണ്ടാകാം?

പറഞ്ഞുകൊടുത്തതപ്പടി ഒരു ശബ്ദലേഖിനിയില്‍നിന്നെന്നപോലെ യാന്ത്രികമായി പ്രകടിപ്പിക്കുന്ന ഒരു പഠിതാവിനെയാവില്ലല്ലോ ഇ.എം.എസ്‌ ആഗ്രഹിച്ചത്‌. താനുള്‍ക്കൊണ്ടത്‌ തന്റെ ഭാഷയില്‍ പ്രകടിപ്പിച്ച ആ നാട്ടുമിടുക്കാകണം അദ്ദേഹത്തെ രസിപ്പിച്ചത്‌. കൊടുക്കുന്നതു മാത്രമല്ല, എടുക്കുന്നതു കൂടിയാണ്‌ അറിവ്‌ എന്ന അറിവിന്റെ വിനിമയത്തിലെ പാരസ്പര്യമാണ്‌ ഈ സന്ദര്‍ഭം ദൃഷ്ടാന്തവല്‍ക്കരിക്കുന്നത്‌. ഇ.എം.എസ്‌ ശരിവച്ചത്‌ ഈ പാരസ്പര്യത്തെയാവണം.

അദ്ദേഹത്തെപ്പോലെ സൈദ്ധാന്തികനായിരുന്നില്ല ഇമ്പിച്ചിബാവ. തനിക്കു മുമ്പിലുള്ള പ്രത്യക്ഷമായ പ്രതിബന്ധങ്ങളെ നാട്ടുമര്യാദയ്ക്കിണങ്ങുന്ന ഏറ്റവും ലളിതമായ ഒരു യുക്തിയിലൂടെ മറികടന്നുപോകണമെന്ന ഒരു പ്രായോഗികവാദിയായിരുന്നു.
‘അരിയില്ല തുണിയില്ല ദുരിതമാണെന്നാലും
നരി തിന്നാല്‍നന്നോ മനുഷ്യന്മാരെ?’
എന്നതുകൊണ്ട്‌, അഹിംസാമൂര്‍ത്തിയായ ബുദ്ധഭഗവാന്റെ വിഗ്രഹമെടുത്ത്‌ നരിക്കുനേരെ എറിഞ്ഞ ഇടശ്ശേരിയുടെ കഥാപാത്രത്തെപ്പോലെ മാര്‍ഗ്ഗവും ലക്ഷ്യവും ഇടറിയോ എന്നതെല്ലാം ഇമ്പിച്ചിബാവ ഇടയുള്ളോര്‍ക്കു ചിന്തിക്കാന്‍ വിട്ടുകൊടുക്കും. 

ഈ ലേഖനം താഴെ കൊടുത്ത ഇ-പുസ്തകത്തില്‍നിന്ന്