കാത്തിരിപ്പിന്‍ മാപിനി

നീളമേറും കാത്തിരിപ്പിന്‍
വേളയെണ്ണും മാപിനീ,
ജാലകമേ, ഓ! മണല്‍ഘടി-
കാരമല്ലേ നീ?

നീയടുപ്പിക്കുന്നു, നീതാന്‍
വേര്‍പെടുത്തുന്നു
സാഗരം പോല്‍ ചഞ്ചലം നീ
പ്രേമജാലകമേ!

നോക്കിടുന്നോര്‍തന്‍ മുഖങ്ങള്‍
ചേര്‍ത്തുകാട്ടുന്നു
നിന്റെ ചട്ടം ചേര്‍ന്നിണങ്ങും
ചില്ലുകണ്ണാടി.

ജാലകമേ, ജാലകമേ...
***
(പാട്ടു പകര്‍ച്ച: പി പി രാമചന്ദ്രന്‍ Inspired by the poem Windows, Rainer Maria Rilke)

ജ്യാമിതി

റില്‍ക്കെ

ജാലകമേ, ഓ ജാലകമേ!
വലുതാം ജീവിതമെത്രയെളുപ്പം
ചെറുതാം കള്ളിയിലാക്കി - നീയൊരു
ചതുരക്കള്ളിയിലാക്കി!

ജാലകമേ, ഓ ജാലകമേ!
നിന്നരികില്‍ കാണുമ്പോള്‍ മാത്രം
സുന്ദരിയാവുന്നു - ഒരുവള്‍
അനശ്വരയാവുന്നു!

എത്ര സുരക്ഷിതരായീ നമ്മള്‍
ഇച്ചതുരക്കൂട്ടില്‍
ചുറ്റും പരിമിതിതന്‍ നടുവിങ്ങനെ
പറ്റിയിരിക്കുമ്പോള്‍!

ജാലകമേ, ഓ ജാലകമേ

(Inspired by the poem Windows, Rainer Maria Rilke)

നിന്റെ ക്ഷണം

റില്‍ക്കെ


ജാലകമേ, ചിത്രജാലകമേ, ഇളം
നീലയവനിക മെല്ലെയിളക്കി നീ
കാത്തുനില്കാനോ പറഞ്ഞു? ഇളം
കാറ്റില്‍ സ്വകാര്യം പറഞ്ഞു?

ആരു നീയെന്നറിവീല ഞാന്‍, എങ്കിലും
നീങ്ങുവാന്‍ വയ്യ, തങ്ങാനും
ദൂരേയ്ക്കു പാതകള്‍ മാടി വിളിക്കിലും
ആയില്ലെ,നിക്കനങ്ങാനും!

ശോകം നിറഞ്ഞുകവിയും മനസ്സുമായ്
ആശങ്കയോടെ ഞാന്‍ നിന്നു
കാണാന്‍ കൊതിച്ച കിനാവൊന്നു ജാലക
പാളിയില്‍ കാണുവാനാമോ?
ജാലകമേ, ചിത്രജാലകമേ..

(പാട്ടു പകര്‍ച്ച:Inspired by the poem YOUR INVITATION, Rainer Maria Rilke)

താറാവ്

വാസ്കോ പോപ

ആടിയാടി നടക്കുകയാണവള്‍
പൂഴിമണ്ണിലൂടങ്ങനെ, വെള്ളവും
പേറിയെന്നപോല്‍, കണ്ടു ചിരിക്കുവാന്‍
മീനുമില്ലാത്ത പാതയിലങ്ങനെ

എത്ര ക്ലേശമീ യാത്രയെന്നാകിലും
എത്തിടാമവള്‍ തീറ്റ കിട്ടുന്നിടം
ഇല്ല പക്ഷെ,യാവില്ലാ ചരിക്കുവാന്‍
ചില്ലുകണ്ണാടി ചാലുകീറുന്നപോല്‍!

(From Vasko Popa Selected Poems Translated by Anne Pennington)

കണ്ട നിമിഷം

റെയിനര്‍ മരിയ റില്‍ക്കേ

ബാല്‍ക്കണിയില്‍, ജാലകചതുരത്തില്‍
കേവലമൊരു നിമിഷം ഞാനവളെ
കണ്ടൂ, കണ്ടൊരുമാത്ര മറഞ്ഞൂ
എന്തൊരു കഷ്ടം നോക്കൂ!

അങ്ങിനെയെങ്കില,വള്‍ മുടി കെട്ടാന്‍
മന്ദം കൈകളുയര്‍ത്തീയെങ്കില്‍,
അരികിലിരിക്കും പൂപ്പാത്രത്തെ
പരിചോടൊന്നു തൊടാനാഞ്ഞെങ്കില്‍

എത്ര മുറിഞ്ഞേനേ ശോകത്താല്‍
എത്രയെരിഞ്ഞേനേ താപത്താല്‍!

(From When I Go - Selected French Poems - by Rainer Maria Rilke. Translated by Susanne Petermann)

കുട്ടിക്കലാകാരി

ദുന്യ മിഖൈല്‍

എനിക്ക് ആകാശം വരയ്ക്കണം
വരയ്ക്കൂ മോളേ
വരച്ചു
എന്താ നിറങ്ങളിങ്ങനെ പരത്തി പൂശിയിരിക്കുന്നത്?
ആകാശത്തിന് അറ്റമില്ലാത്തതുകൊണ്ട്
..
എനിക്കു ഭൂമി വരയ്ക്കണം
വരയ്ക്കൂ കുട്ടീ
വരച്ചു
ഇതാരാ?
അവളെന്റെ കൂട്ടുകാരി
അപ്പൊ ഭൂമിയെവിടെ?
അവളുടെ കൈസഞ്ചിയില്‍.
..
എനിക്കു ചന്ദ്രനെ വരയ്ക്കണം
വരയ്ക്കൂ വരയ്ക്കു
പറ്റുന്നില്ല
എന്തേ?
അതിനെ തിരമാലകള്‍
മായ്ച്ചുകളയുന്നു.
..
എനിക്കു സ്വര്‍ഗ്ഗത്തെ വരയ്ക്കണം
ഓ വരയ്ക്കു
വരച്ചു
പക്ഷെ നിറങ്ങളൊന്നും കാണുന്നില്ലല്ലോ?
അതു നിറമില്ലാത്തതാണ്.
..
എനിക്കു യുദ്ധം വരയ്ക്കണം
വരയ്ക്കു, കാണട്ടെ
വരച്ചു
ഇതെന്താ ഒരു ചെറിയ വട്ടം?
ഊഹിച്ചു പറയൂ
ഒരു തുള്ളി ചോര?
അല്ല
വെടിയുണ്ട?
അല്ല
പിന്നെന്താണ്?
ഒരു ബട്ടന്‍ –
വിളക്കുകള്‍ അണയ്ക്കാനുള്ളത്.