വിശ്വരൂപം



രാമ,

പണ്ടു നമ്മൾ

ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്

കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ

ഇരുന്നത് ഓർമ്മയില്ലേ?


അന്ന് 

അവിടയൊരു മണൽക്കുഴിയിൽ

നമ്മുടെ കാലു നക്കിക്കൊണ്ട്

പുഴുത്തു നരച്ചു 

കെട്ടുനാറി കിടന്ന

ആ വയസ്സൻ പുഴവെള്ളത്തെ 

കണ്ടത്,


അതിന്റെ 

വാലുപോലെ നീണ്ട നീർച്ചാല്

നിഷ്പ്രയാസം ചാടിക്കടന്നത്,


കവിതയുടെ

സൗഗന്ധികം തേടിപ്പോയത്..


ഓർമ്മയില്ലേ?


അതിനെ ഞാൻ

വീണ്ടും കണ്ടു.


ഇന്നലെ

പ്രഭാതസവാരിക്കിടയിൽ

റോഡു മുറിച്ചു കടക്കുമ്പോൾ

കാലു തെറ്റി ഓടയിൽ ചവിട്ടി.


അവിടെ 

കെട്ടിക്കിടക്കുകയായിരുന്ന അത്

പെട്ടെന്ന് കോപത്തോടെ

എഴുന്നേറ്റ് 

എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു


ഞാൻ ഭയന്ന്

തിരിഞ്ഞോടി.


വീട്ടിലെത്തി

ടീവി തുറന്നപ്പോൾ

തിരയിലും കണ്ടു അതിനെ.


മലമുകളിൽനിന്ന്

ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,

വീടും വഴിയും 

നാടും നഗരവും

വിഴുങ്ങി നിറയുന്നത്,


രാമ,

നമ്മൾ കവിത ചൊല്ലിയ പാലം

മുങ്ങിപ്പോകുന്നത്.

...

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്. നവംബർ 2021