തടങ്കൽ


thadankal.jpg

ആൽബേർ കാമുവിന്റെ ദി സ്റ്റേറ്റ് ഓഫ് സീജ് എന്ന നാടകത്തിൽനിന്ന്
ഒരു പ്രണയരംഗം

(വിക്ടോറിയയും ദിയെഗോയും. ഇരുവരും ഒരു ജാലകത്തിന്റെ അഴികൾക്ക് അപ്പുറവും ഇപ്പുറവുമായി നിൽക്കുന്നു.)
ദിയെഗോ: എത്രകാലമായി നമ്മളിങ്ങനെ കണ്ടിട്ട്!
വിക്ടോറിയ: ഇതെന്താ നിനക്കു വട്ടായോ? ഇന്നു രാവിലെയല്ലേ നമ്മളു കണ്ടത്?
ദിയെഗോ: അതെ. പക്ഷെ അച്ഛനുണ്ടായിരുന്നല്ലോ ഒപ്പം.
വിക്ടോറിയ: അച്ഛൻ ശരി എന്നു പറഞ്ഞില്ലേ. സമ്മതിക്കുമെന്ന് നമ്മളൊരിക്കലും കരുതിയില്ല, അല്ലേ?
ദിയെഗോ: അദ്ദേഹത്തോട് ഞാൻ കാര്യം നേരേ ചൊവ്വേ പറഞ്ഞത് എത്ര നന്നായി.
വിക്ടോറിയ: ശരിയാ ദിയെഗോ. നീ അങ്ങനെ ചെയ്തതു നന്നായി. എന്നാലും അച്ചൻ സമ്മതം മൂളുംവരെ എന്റെ നെഞ്ചിനുള്ളിൽ ഒരു കുതിരപ്പട ഇരമ്പുകയായിരുന്നു. ദൂരത്തുനിന്ന് ഇരച്ചെത്തുന്ന കുളമ്പൊച്ച. അതൊരു കൊടുങ്കാറ്റുപോലെ അടുത്തെത്തി എന്നെ മറിച്ചിടുമെന്നു തോന്നി. അപ്പൊഴതാ അച്ഛൻ ശരി എന്നു പറയുന്നു!എന്തൊരു സന്തോഷം! ലോകത്ത് ആദ്യമായി സൂര്യനുദിച്ചപോലെ എനിക്കു തോന്നി. ഉണർന്നുകിടന്നു കാണുന്ന ഒരു കിനാവിലെന്നപോലെ അപ്പോൾ ഞാൻ ആ കുതിരകളെ കണ്ടു. കറുത്തു മിനുത്തു മെരുങ്ങിയ കുതിരകൾ.പ്രണയത്തിന്റെ കുതിരകൾ. നമ്മളെയും കൊണ്ടു പോകാൻ വന്നതുപോലെ.
ദിയെഗോ: ഞാനും കാണുന്നുണ്ടായിരുന്നു. എന്റെ ചോരയും ഇരച്ചുപൊന്തി. ഹൃദയം സന്തോഷം കൊണ്ടു തുളുമ്പി. ഹാ ലോകത്തിന് എന്തൊരു പ്രകാശം! ഈ ലോകം ഇനി നമ്മുടേതാണ്. നമ്മളെ മണ്ണു പുണരുംവരെ.നാളെ നമുക്കു പോകണം. ഒരേ കുതിരപ്പുറത്ത്!
വിക്ടോറിയ: അതെ. ഇനി നമുക്കു പ്രണയത്തിന്റെ ഭാഷയിൽ സംസാരിക്കാം. കേൾക്കുന്നോർക്കു പ്രാന്താണെന്നു തോന്നിക്കോട്ടെ. നാളെ നീ എന്റെ ചുണ്ടിൽ ചുംബിക്കും. ഓർക്കുമ്പോൾ ചുടുകാറ്റു കൊണ്ടെന്നപോലെ എന്റെ കവിളുകൾ പൊള്ളുന്നു.
ദിയെഗോ: ആ കാറ്റ് എന്നെയും പൊള്ളിക്കുന്നുണ്ട്. എവിടെ ചൂടണയ്ക്കാനുള്ള ആ തണുത്ത ജലധാര?
(ജനലഴികൾക്കുള്ളിലൂടെ കൈയിട്ട് അവളുടെ തോളിൽ പിടിക്കുന്നു)
വിക്ടോറിയ: ഹൊ ഈ സ്നേഹത്തിന് എന്തൊരു വേദനയാണ്! വരൂ, അടുത്തുവരൂ.
ദിയെഗോ: എന്തൊരു സുന്ദരിയാണു നീ
വിക്ടോറിയ: നീയാണ് എന്റെ സുന്ദരൻ
ദിയെഗോ: ഈ കവിൾ ഇങ്ങനെ തുടുത്തിരിക്കാൻ നീ എന്തുകൊണ്ടാണ് മുഖം കഴുകുന്നത് വിക്ടോറിയ?
വിക്ടോറിയ: ഹ. ഹ. പച്ചവെള്ളം കൊണ്ട്. പിന്നെ.. അതിലിത്തിരി പ്രണയം ചേർക്കും!
ദിയെഗോ: നിന്റെ മുടിക്ക് രാത്രിയുടെ തണുപ്പ്!
വിക്ടോറിയ: രാത്രി മുഴുവൻ ജനാലയ്ക്കൽ ഞാൻ നിന്നെ കാത്തിരിക്കുന്നതുകൊണ്ടാണ് ദിയെഗോ.
ദിയെഗോ: ഓ! അങ്ങനെയെങ്കിൽ ആ ശുദ്ധജലവും രാത്രിയുമായിരിക്കണം നിനക്ക് നാരകത്തിന്റെ സുഗന്ധം സമ്മാനിച്ചത്!
വിക്ടോറിയ: അല്ല. നിന്റെ പ്രണയത്തിന്റെ വായുവേറ്റിട്ടാണ് ഞാനിങ്ങനെ പൂത്തുലഞ്ഞത്.
ദിയെഗോ: പൂക്കളെല്ലാം ഒരിയ്ക്കൽ കൊഴിയും വിക്ടോറിയാ.
വിക്ടോറിയ: അപ്പോഴേക്കും അതിലുണ്ടായ കനികൾ വിളഞ്ഞിരിക്കും!
ദിയെഗോ: പക്ഷെ, തണുപ്പുകാലം വരും.
വിക്ടോറിയ: ആ ദുരിതകാലം നമ്മൾ പങ്കിട്ട് അനുഭവിക്കും! ഓർമ്മയുണ്ടോ പണ്ടൊരിക്കൽ നീയെനിക്കു പാടിത്തന്ന ആ പാട്ട്? അതു കേട്ടിട്ട് യുഗങ്ങളായി എന്നു തോന്നും. എന്തൊരു മുഴക്കമുള്ള വരികൾ!
ദിയെഗോ:
"ഒരുനാള്‍ ഞാൻ മണ്ണടിയും
പലകാലം പോയ് മറയും
ഒരുനാൾ ഭൂമിയാമമ്മ ചോദിക്കും
അവസാനം അവളെ നീ മറന്നു, അല്ലേ?
പറയും ഞാന്‍ മറക്കുവാന്‍ കഴിയില്ലല്ലോ."
(നിശ്ശബ്ദത)
എന്താ മിണ്ടാത്തത്? എന്തുപറ്റി വിക്ടോറിയ?
വിക്ടോറിയ: സന്തോഷം കൊണ്ട് എനിക്കു വാക്കു കിട്ടുന്നില്ല ദിയെഗോ.
....
(സ്വന്തം മൊഴിമാറ്റം)