നാടകപ്പൊന്നാനി(ദേശാഭിമാനി മലപ്പുറം മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ചത് )


‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ കുറിപ്പ്.


നാല്പതുകളില്‍ തുടങ്ങി ഏതാണ്ട് മൂന്നു പതിറ്റാണ്ട് സജീവമായി പ്രവര്‍ത്തിച്ച മലബാറിലെ കലാപ്രവര്‍ത്തനങ്ങളുടെ കാതല്‍ പ്രബോധനപരതയാണെന്നു പറയാം. യുദ്ധാനന്തരലോകം, സ്വാതന്ത്ര്യാനന്തരഭാരതം, ഐക്യകേരളം എന്നിവിടങ്ങളിലുണ്ടായ ഏതു ചലനവും അപ്പപ്പോള്‍ പിടിച്ചെടുക്കാനും പഠിച്ചെടുക്കാനും ഇവിടങ്ങളിലെ ഉത്പതിഷ്ണുക്കളായ ഒരു ന്യൂനപക്ഷം എന്നും തയ്യാറായിരുന്നു. വിദ്യാസമ്പന്നരും കര്‍മ്മോത്സുകരും വിപ്ലവകാരികളുമായ അവര്‍ എവിടേയുമെന്നപോലെ ന്യൂനപക്ഷമായിരുന്നു എന്നതില്‍ അത്ഭുതമില്ല. നിരക്ഷരരും ദരിദ്രരുമായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിന്റെ വിത്തുപാകേണ്ട ഉത്തരവാദിത്വം തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തു. നവീനാശയങ്ങളുടെ വിത്തുകള്‍ അത്രയേറെയുണ്ടായിരുന്നു അവരുടെ പക്കല്‍. 


നിരക്ഷരഭൂരിപക്ഷത്തോട് മാനവികതയെക്കുറിച്ചോ സോഷ്യലിസത്തെക്കുറിച്ചോ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അവരെ ബോധവത്കരിക്കാന്‍ കലാപ്രകടനത്തോളം മികച്ച ഒരുപായം വേറെയുണ്ടായിരുന്നില്ല. ചൂഷണമെന്തെന്ന് ചൂഷിതനറിയില്ല. അതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ അവന്റെ ജീവിതം അവന്റെ മുന്നില്‍ അവതരിപ്പിച്ചുകാട്ടുകയാണ് നല്ലത്. ക്ലാസിക്കല്‍ കലകളും അനുഷ്ഠാനകലകളും ആശയപ്രചരണത്തിനുതകുംവിധം വളച്ചൊടിക്കാന്‍ അസാദ്ധ്യമായതിനാല്‍ പാട്ടും നാടകവും പ്രസംഗവും അവര്‍ക്കു പ്രിയമാധ്യമങ്ങളായി. സംഘര്‍ഷഭരിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നാടകത്തെപ്പോലെ യഥാതഥമായി പ്രതിഫലിപ്പിക്കാന്‍പോന്ന മറ്റൊരു മാധ്യമവും അന്നു ലഭ്യവുമല്ല. സ്വാഭാവികമായും നാടകശാല പാവപ്പെട്ടവന്റെ പാഠശാലയായി. 


ഓരോ നാടകപാഠവും ഓരോ ജീവിതപാഠമായിരുന്നു. പാഠം രംഗവേദിയും പരീക്ഷ ജീവിതസമരവും. നടന്മാരോ സംവിധായകനോ ഉണ്ടായിരുന്നില്ല. ഏവരും നാടകപ്രവര്‍ത്തകര്‍മാത്രം. ഇവിടത്തെ നാടകം സംഘാവിഷ്കാരമായിരുന്നു, ആത്മാവിഷ്കാരമായിരുന്നില്ല. അഭിനയമല്ല, അനുകരിച്ചുകാട്ടലാണ് നടന്റെ കലയെന്ന് ഇവര്‍ കരുതി. തൊട്ടുമുന്നില്‍ കണ്ടതാണ് ഇവർക്കു പ്രമേയം. മണ്ണിനും പെണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരമായിരുന്നു മുഖ്യവിഷയം. ജന്മിയുടെ നുകക്കീഴില്‍നിന്ന് കര്‍ഷകനു സ്വാതന്ത്ര്യം. പുരുഷാധിപത്യകുടുംബവ്യവസ്ഥയില്‍ നിന്ന് സ്ത്രീക്കു സ്വാതന്ത്ര്യം. മതപൌരോഹിത്യശാസനകളില്‍നിന്ന് പൌരനു സ്വാതന്ത്ര്യം. ഇങ്ങനെ വ്യത്യസ്തതലങ്ങളില്‍, എന്നാല്‍ പരസ്പരബന്ധിതവുമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആയുധമായിരുന്നു അക്കാലത്ത് മലബാറിലെ നാടകം.


ഈ പ്രകരണത്തിൽത്തന്നെയാണ് പൊന്നാനിയിലും നാടകങ്ങൾ ഉണ്ടാവുന്നത്. സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ ഒരു സമാന്തരപ്രവർത്തനമായിട്ടാണ് ഇവിടെ നാടകക്കൃഷി ആരംഭിക്കുന്നത്. ഇടശ്ശേരി, ഗോവിന്ദൻ, ഉറൂബ് എന്നീ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകളും കൃഷ്ണപ്പണിക്കർ വായനശാലാപ്രവർത്തകരുടെ ഉത്സാഹവും ചേർന്നാണ് അമ്പതുകളിൽ പൊന്നാനിയിൽ ഒരു അമെച്വർ നാടക ഉണർവ് ഉണ്ടാവുന്നത്. അതിനു പശ്ചാത്തലമൊരുക്കുകയും പ്രോത്സാഹനം നൽകുകയും ചെയത രണ്ട് രംഗസംരംഭങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അതിലൊന്ന് വി.ടിയുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ്. ജന്മംകൊണ്ട് പൊന്നാനിക്കാരനായിരുന്നില്ലെങ്കിലും പൊന്നാനിക്കളരിയുമായി നിരന്തരസൗഹൃദം പുലർത്തിയിരുന്ന വി.ടിയുടെ കർമ്മോത്സുകതയും അദ്ദേഹത്തിന്റെ പരിഷ്കരണത്വരയും ഇടശ്ശേരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. മറ്റൊന്ന് കെ. ദാമോദരന്റെ പാട്ടബാക്കി എന്ന നാടകമാണ്. 1937ൽ പൊന്നാനിയിൽ നടന്ന കർഷകസംഘം സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടിയാണല്ലോ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ കൃതി ജനിക്കുന്നത്. മുൻപോ ശേഷമോ അതുപോലൊന്ന് രചിക്കപ്പെടാത്തവിധം അനന്യമായിരുന്നു ഈ രണ്ടു നാടകങ്ങളും. പിൽക്കാലത്ത് പൊന്നാനിയിൽ അമെച്വർ നാടകങ്ങളുടെ കൂട്ടുകൃഷിക്ക് കളമൊരുക്കിയത് ഈ രണ്ടു നാടകങ്ങളായിരുന്നു. 


വള്ളുവനാട്ടിലും ഏറനാട്ടിലും ഉണ്ടായ അക്കാലത്തെ പ്രസിദ്ധനാടകങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. പാട്ടബാക്കിക്കു പുറമെ ചെറുകാടിന്റെ നമ്മളൊന്ന്, തറവാടിത്തം, ഇ.കെ.അയമുവിന്റെ ജ്ജ് നല്ല മനുസനാകാൻ നോക്ക് തുടങ്ങിയവ ഉദാഹരണം. എന്നാൽ മാനവികതാവാദവും ദേശീയസ്വാതന്ത്ര്യപ്രസ്ഥാനവും ഗാന്ധിയൻ ആദർശങ്ങളുമാണ് പൊന്നാനിക്കളരി നാടകങ്ങൾക്കു പ്രമേയമായി സ്വീകരിച്ചത്. ഇടശ്ശേരി നേതൃത്വം നല്‍കിയ പൊന്നാനിക്കളരിക്ക് സമരമല്ല, സമരസപ്പെടലായിരുന്നു അന്തര്‍ദ്ധാര. പുറമെയുള്ള സംഘര്‍ഷത്തേക്കാള്‍ ആന്തരികമായ സംഘര്‍ഷമാണ് അവിടത്തെ പ്രമേയത്തിനും പ്രതിപാദനത്തിനും തനിമയുണ്ടാക്കിയത്. ഇവിടെ കൂട്ടുകൃഷി പ്രത്യേകം പരാമർശമർഹിക്കുന്നു. അക്കാലത്തെ ജന്മി കുടിയാൻ - ഹിന്ദു മുസ്ലീം ആശയസമരത്തിന് സമന്വയത്തിന്റേതും സഹകരണത്തിന്റേതും ആയ ഒരു പരിഹാരമാണല്ലോ അതിൽ അവലംബിക്കാൻ ഉദ്യമിക്കുന്നത്. ഇത് പൊതുവേ മലബാറിൽ അക്കാലത്തുണ്ടായിരുന്ന നാടകങ്ങളുടെ പൊതുരീതിയിൽനിന്ന് ഭിന്നമായിരുന്നു. കൂട്ടുകൃഷി നാടകം സാമുദായികവും സാമ്പത്തികവുമായ സഹകരണസങ്കല്പത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. ഉറൂബിന്റെ തീകൊണ്ടു കളിക്കരുത്, എം ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് എന്നീ കൃതികൾ പ്രത്യക്ഷത്തിൽത്തന്നെ യുദ്ധവിരുദ്ധതയും സമാധാനകാംക്ഷയും ഉയർത്തിപ്പിടിക്കുന്നവയാണ്. കവിതയിലും കഥയിലുമെന്നപോലെ നാടകത്തിലും മനുഷ്യസങ്കീർത്തനമായിരുന്നു പൊന്നാനിയുടെ മുഖമുദ്ര.


പൊന്നാനിയിലെ എഴുത്തുകാർ ആക്ടിവിസ്ററുകൾ കൂടിയായിരുന്നു. ഗോവിന്ദന്റേയും ഇടശ്ശേരിയുടേയും മറ്റും നേതൃത്വത്തിൽ പൊന്നാനിയിൽ നടന്ന ചർച്ചകളാണ് പിന്നീട് മലബാർ കേന്ദ്ര കലാസമിതിയുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത് എന്ന് പവനൻ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്രകലാസമിതിയുടെ നാടകോത്സവങ്ങൾ മലബാറിലെ അമെച്വർ നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയെന്നത് ചരിത്രമാണല്ലോ. വായനശാലാ വാർഷികങ്ങളാണ് മറ്റെവിടെയും പോലെ പൊന്നാനിയിലും അമെച്വർ നാടകാവതരണങ്ങൾക്ക് വേദിയൊരുക്കിയത്. പൊന്നാനി കൃഷ്ണപ്പണിക്കർ വായനശാലക്കുവേണ്ടി ഇടശ്ശേരിയും ഉറൂബും നിരവധി ലഘുനാടകങ്ങൾ രചിക്കുകയുണ്ടായി. പിന്നീട് കൂട്ടുകൃഷിയുടെ രംഗാവതരണത്തിനു മാത്രമായി കൃപ പ്രൊഡക്ഷൻസ് എന്നൊരു ബാനർ പോലും ഉണ്ടാക്കി. വായനശാലാപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന ടി. ഗോപാലക്കുറുപ്പ് നാടകങ്ങളെഴുതാൻ ഇടശ്ശേരിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി.


പുരോഗമനപരമായ സന്ദേശത്തോടൊപ്പം സൗന്ദര്യശാസ്ത്രപരമായ ശില്പഭദ്രതയും നാടകത്തിനുണ്ടായിരിക്കണമെന്ന് ഇടശ്ശേരി നിഷ്കർഷിച്ചിരുന്നു. അക്കാലത്തെ അമെച്വർ നാടകാവതരണങ്ങളിൽ വ്യാപകമായി കണ്ടുവന്ന കലാപരമായ വൈകല്യങ്ങളെയും പോരായ്മകളേയും നിശിതമായി വിമർശിക്കുകയും തന്റെ നാടകസങ്കല്പത്തെ യുക്തിയുക്തം അവതരിപ്പിക്കുകയും ചെയ്ത നാടകസൈദ്ധാന്തികൻ കൂടിയായിരുന്നു ഇടശ്ശേരി. ഗ്രാമീണനാടകവേദിയെക്കുറിച്ച് മാധ്യമപരമായ ഒരു സൌന്ദര്യശാസ്ത്രത്തിന് അന്വേഷണം നടത്തിയത് ഇടശ്ശേരിയാണ്. രംഗാവതരണരീതികള്‍ ആധുനികകാലത്തിനനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരവധി പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാടകവേദി സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനായി അവതരണച്ചെലവു സ്വരൂപിക്കാന്‍ ടിക്കറ്റുവെച്ചുവേണം നാടകം അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ചമയം, സംഗീതം, സ്ത്രീവേഷം, ദീപവിതാനം, അഭിനയം തുടങ്ങിയ നാടകസംബന്ധിയായ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഗാന്ധിയന്‍ദര്‍ശനത്തിലൂന്നിയ ഒരു ഗ്രാമീണനാടകവേദിയായിരുന്നു ഇടശ്ശേരിയുടേത്.


ഇടശ്ശേരിയുടെ നാടകാദർശങ്ങളെ കുറേക്കൂടി അക്കാദമികവും ചരിത്രപരവുമായി പിന്തുടർന്നു വികസിപ്പിച്ച പൊന്നാനിയിലെ മറ്റൊരു സൈദ്ധാന്തികൻ കാട്ടുമാടം നാരായണൻ ആയിരുന്നു. രൂപഭദ്രവും ഭാവസുന്ദരവുമായ ഒരു നാടകശില്പ്പം വാര്‍ത്തെടുക്കേണ്ടതെങ്ങനെയെന്ന് നാടകരചയിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന ഒരു ഹാന്‍ഡ്ബുക്ക് ആണ് അദ്ദേഹത്തിന്റെ നാടകരൂപചർച്ച. മലയാളത്തില്‍ അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ലെന്നു പറയാം. 


നാൽപ്പതുകളിൽ തുടങ്ങി രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും പൊന്നാനിയിലെ നാടകവേദികൾ ദുർബലമായി. ചലച്ചിത്രവും മറ്റു മാധ്യമങ്ങളും ജനപ്രിയത നേടി. പിൽക്കാലത്ത് നാടകം സ്കൂൾ കോളേജ് ക്യാംപസ്സുകളിലെ മത്സരഇനമായി ലഘുത്വമാർജ്ജിക്കുന്നതാണ് നമ്മൾ കാണുന്നത്. തൊണ്ണൂറുകളുടെ അവസാനം ഇടശ്ശേരിയുടെ നവതിയോടനുബന്ധിച്ച് നരിപ്പറ്റ രാജു സംവിധാനം ചെയ്ത കൂട്ടുകൃഷിയുടെ പുനരവതരണമാണ് എടുത്തുപറയേണ്ട പുതിയകാലത്തെ മറ്റൊരു രംഗമുന്നേറ്റം. വി.ടിയുടെ അടുക്കളനാടകത്തിന്റേയും ചെറുകാടിന്റെ നമ്മളൊന്നിന്റേയും പുനരവതരണങ്ങൾ ഈയ്യിടെ പൊന്നാനി കേന്ദ്രമായുള്ള ചില കലാസമിതികൾ ഏറ്റെടുത്തുകാണുകയുണ്ടായി. എന്നാൽ, ഇത്തരം പുനരാവിഷ്കാരങ്ങളും പോയകാലപ്പൊലിമകളുമല്ലാതെ പുതിയ രചനകളും രംഗോദ്യമങ്ങളും ആണ് കാലം ആവശ്യപ്പെടുന്നത്. 

...

2022 ഡിസംബർ 27