കിളികൾ, ആക്രിപ്രപഞ്ചത്തിനു കുറുകെ


kilikal.jpg

പി രാമൻ എഴുതിയ ലേഖനം
....
അവശിഷ്ടങ്ങളുടെ
കൂമ്പാരത്തിനടിയിൽ നിന്ന്
ഒരു കൈ മാത്രം
പുറത്തേക്കു നീണ്ടു.

ഉയരെ നിന്നുള്ള
കഴുകൻ കണ്ണുകൾക്ക്
തല പൊക്കി നോക്കുന്ന
ഒരു മാൻകുഞ്ഞാണോ
എന്നു തോന്നിക്കും

മണിക്കൂറുകൾക്കു മുമ്പ്
ആവതും ഇളകിക്കൊണ്ട്
സഹായിക്കൂ പുറത്തെടുക്കൂ എന്ന്
പല തരം ആംഗ്യങ്ങൾ
അതു കാണിച്ചിരിക്കണം

ഇപ്പോൾ ശാന്തം
സ്വസ്ഥനായ ഗൃഹസ്ഥൻ
പടിവാതിൽക്കൽ
അതിഥിക്കു നേരെ എന്ന പോലെ
ലോകത്തിന്
സൗഹാർദ്ദപൂർവം നീട്ടിയ
ഒരു കൈ.

- പി.പി.രാമചന്ദ്രൻ (ഒരു കൈ - 2004)

നമ്മുടെ വികസന സങ്കല്പങ്ങൾ പരമാവധിയിലെത്തി വഴിമുട്ടി നിന്ന കാലത്താണ് പി.പി.രാമചന്ദ്രൻ തന്റെ പ്രധാനകവിതകളെല്ലാം എഴുതുന്നത്. മലമുടിഞ്ഞ് ആഴം നികന്ന് നീണ്ട മലയാളമൊട്ടപ്പരപ്പായി നാട് മാറുന്നതു മാത്രമല്ല ഒരു മാലിന്യക്കൂമ്പാരം പെരുകിപ്പെരുകി വരുന്നതും അനുഭവിച്ചുണ്ടായ കവിതയാണത്. അത്തരം അവശിഷ്ടക്കൂമ്പാരങ്ങൾ രാമചന്ദ്രന്റെ പല കവിതകളിലും കൂടിക്കിടക്കുന്നതിൽ ഒന്നാണ് മുകളിലെക്കവിതയിലുള്ളത്. മാലിന്യക്കൂമ്പാരത്തിൽ നിന്നു പുറത്തേക്കു നീളുന്ന നിസ്സഹായമായ ഒരു കൈയാണിതിൽ. ഇതാകട്ടെ, ഇന്ന് ലോകത്തെവിടെയും കാണാവുന്ന ഒരു ദൃശ്യവുമാണ്. താൻ ജീവിക്കുന്ന ലോകത്തെയും കാലത്തെയും കുറിക്കാൻ പോന്ന ഒരു ചിഹ്നമാണ് ഈ കവിക്ക് മാലിന്യക്കൂമ്പാരത്തിൽ നിന്നുയർന്നു കാണുന്ന ആ കൈ. വീട്ടിൽ നിന്നിറങ്ങിയാലുടൻ വട്ടംകുളം സെന്ററിലാവാം ആ കാഴ്ച്ച. അങ്ങു ദൂരെ വാഷിങ്ടൺ നഗരത്തിലുമാവാം.

ഈ മാലിന്യമല എങ്ങനെയാണ് മെല്ലെ മെല്ലെ ഉണ്ടായി വന്നത്, ഇതിന്റെ വർത്തമാനകാല സ്ഥിതിയെന്ത്, ഈ മാലിന്യക്കൂമ്പാരത്തെ എങ്ങനെ നിർവീര്യമാക്കാം അഥവാ ഈ കീറാമുട്ടി പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നിങ്ങനെ മൂന്നു വഴിക്കു തിരിയുന്ന അന്വേഷണമാണ് രാമചന്ദ്രന്റെ എഴുത്ത്.

ഇടശ്ശേരി, വി.ടി.ഭട്ടതിരിപ്പാട്, വൈലോപ്പിള്ളി എന്നിങ്ങനെ നമ്മുടെ സാംസ്കാരിക മണ്ഡലത്തിലെ ചില വലിപ്പങ്ങളെയോർമ്മിച്ചു കൊണ്ടുള്ളവയാണ് രാമചന്ദ്രന്റെ ആദ്യകാല കവിതകളിൽ പലതും. ആ പ്രകാശഗോപുരങ്ങൾ പുതിയ കാലത്ത് അനാവശ്യമായി മാറിയിരിക്കുന്നു. ആ വെളിച്ചങ്ങൾ നോക്കി തീരത്തടുക്കാൻ മാത്രം മൗഢ്യം ഇന്നിന്റെ യാനപാത്രങ്ങൾക്കില്ല. മറക്കുടക്കകത്തിരുട്ടു നീക്കുവാൻ വിളക്കുമായ് വന്ന കറുത്ത പൂജാരിയുടെ ആശയലോകം ഒരു പഴയ കടലാസു കീറിലെ നരയൻകുടച്ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു(മാൻമാർക്കു കുട - 1990). ആ പ്രകാശഗോപുരങ്ങൾ ചൊരിഞ്ഞ വെളിച്ചത്തോടുള്ള കടപ്പാടിനൊപ്പം സമകാലത്ത് അവയെല്ലാം അനാവശ്യമായ അവശിഷ്ടങ്ങളായിരിക്കുന്നെന്ന ബോധ്യവും കവിക്കുണ്ട്.
വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം
അതിരുണ്ടഴൽ ചാറുമ്പോൾ
പൊട്ടിയാട്ടുക താൻ വരം.
എന്ന ഇടശ്ശേരി വരികളിലെ ക്രൂരമായ സത്യസന്ധതയോടെ ലയിച്ചു ചേരാത്ത വലിപ്പങ്ങളെ കാലം വലിച്ചെറിയുന്ന അവശിഷ്ടങ്ങളായി തിരിച്ചറിഞ്ഞു കൊണ്ടാണ് രാമചന്ദ്രൻ തന്റെ എഴുത്തു ജീവിതം ആരംഭിക്കുന്നതു തന്നെ എന്നു ചുരുക്കം. ആ വലിപ്പങ്ങളെ തട്ടിൻപുറത്തേക്കോ പാതാളത്തിലേക്കോ ഭൂതകാല ഗുഹകളിലേക്കോ തള്ളുന്നു ആദ്യകാല കവിതകൾ പലതും. ക്വിറ്റ് ഇന്ത്യ (1993) എന്ന കവിതയിൽ തട്ടിൻപുറത്ത് ഉപേക്ഷിക്കപ്പെട്ട ലൊട്ടുലൊടുക്കു സാധനങ്ങൾക്കിടയിലാണ് ചർക്കയിരിക്കുന്നത്. ചർക്ക മാത്രമല്ല അതിൽ നൂൽനൂൽക്കുന്ന പഞ്ഞിത്തലയനൊരാളുമുണ്ടവിടെ. ദേശീയ പ്രസ്ഥാനകാലത്തെ ഗാന്ധിയൻ ദർശനത്തിന്റെ മൂർത്തരൂപമാണാ പഞ്ഞിത്തലയൻ. ഗാന്ധിദർശനവും ഒരാക്രിസ്സാധനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

മന്ദം കറങ്ങുന്നു ചക്രം തുരുമ്പിച്ച
കമ്പി രഘുപതി പാടുന്നു
പഞ്ഞിത്തലയനൊരുത്തനിരുന്നിട്ടു
വെൺമയിൽ നിന്നു നൂൽ നൂൽക്കുന്നു.

നഷ്ടബോധമോ ദുഃഖമോ ഗൃഹാതുരതയോ ഇല്ലാതെയാണ് ഈ ആക്രിവൽക്കരണത്തെക്കുറിച്ച് കവി പറയുന്നത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. അവയെക്കുറിച്ചോർത്ത് വികാരം കൊള്ളാതിരിക്കാനുള്ള കണിശമായ ജാഗ്രത ഈ ആദ്യകാല കവിതകളെ ഒരളവുവരെ പരുഷമാക്കിയിട്ടുണ്ട്. ( ഈ കണിശത ആറ്റൂർക്കവിതയുടെ കണിശതയിൽ നിന്ന് അതുകൊണ്ടു തന്നെ വ്യത്യസ്തമായിരിക്കുന്നു) ഓരോ കാലവും സ്വന്തം ആക്രികളെ സൃഷ്ടിക്കുന്നു എന്നതിന്റെ സ്വാഭാവികതയിലാണ് രാമചന്ദ്രന്റെ ഊന്നൽ. ആ അവശിഷ്ടങ്ങൾ നശിച്ചു പോകുന്നതും സ്വാഭാവികം. നശിച്ചു പോകാതെ, പ്ലാസ്റ്റിക്കു പോലെ അലിയാതെ കിടക്കുന്നതാണ് അസ്വസ്ഥത.പഴയ കാലത്തിന്റെ വലിപ്പങ്ങളെ അലിയിച്ചെടുക്കാവുന്നേടത്തോളം അലിയിച്ചെടുക്കുകയും അലിയാത്തത് ആക്രിയായി തള്ളുകയും ചെയ്യുന്നു രാമചന്ദ്രന്റെ കവിത. ചരിത്രത്തിന്റെ മാത്രമല്ല മിത്തിന്റെ വലിപ്പങ്ങളേയും പാഴ് വസ്തുക്കളിലേക്ക് ചേർത്തു വയ്ക്കാനാണ് കവിക്കിഷ്ടം. പാതാളത്തിൽ നിന്നു പൊങ്ങി വരുന്ന മഹാബലിയുടെ കിരീടത്തിളക്കം പൊടിമണ്ണിൽ മിന്നുന്ന മിഠായിക്കടലാസിലേക്കെന്ന പോലെ.

മിന്നും മിഠായിക്കടലാസൊ -
ന്നിളകീ പൊടി മണ്ണിൽ
മുങ്ങിപ്പോയ മഹാബലി തന്നുടെ
പൊൻമുടിയോ കണ്ടു?
(ബസ് സ്റ്റാന്റിലെ തൂപ്പുകാരി - 1991)

മിത്തിന്റെ ലോകത്തു നിന്നുള്ള ആക്രിയായ മാബലി രാമചന്ദ്രകവിതയിൽ തിരനോക്കുന്നത് ഇങ്ങനെയാണ്. ഉച്ചനേരത്ത് വരമ്പത്തെ ഞെണ്ടിൻ മാളത്തിലൂടെ ഒടുവിലയാൾ നൂണു പുറത്തു വരുന്നു. കുടുംബ പാരമ്പര്യത്തിന്റെ വലിപ്പത്തെ നിലവിളക്കു നാല്, കവരവിളക്കൊന്ന്, വലിയ കിണ്ടി രണ്ട്, ചെറുതു മൂന്ന്, ഓട്ടുമണി ,ധൂപക്കുറ്റി, മലരോടം, ചന്ദ്രക്കല, പ്രഭാമണ്ഡലം എന്നിങ്ങനെ വസ്തുപരമാക്കുമ്പോൾ (കഴകം - 2012) സ്വാഭാവികമായും ആക്രിവൽക്കരണം കൂടി നടക്കുന്നുണ്ട്.

സമൂഹമനസ്സിലലിഞ്ഞുചേരും വിധം അർത്ഥവത്തായി പ്രയോഗിക്കാത്തപ്പോഴാണ് ഒരാശയം, ആദർശം, മൂല്യം എല്ലാം ആക്രിവൽക്കരിക്കപ്പടുന്നത്. പഴയതായാൽ പിന്നെ കഴിഞ്ഞു. "പഴഞ്ചോർ പോലും പലഹാരമാം പശിയിങ്കൽ" എന്നിങ്ങനെ പഴമയെ വാഴ്ത്തുന്ന വൈലോപ്പിള്ളിയോടൊപ്പമല്ല രാമചന്ദ്രൻ. പഴയ ആകാശത്തെ ഒരു കവിതയിൽ "വായിച്ചു പഴകിയ പെൻഗ്വിൻ പുസ്തകത്തിന്റെ താളി" നോടാണ് സാദൃശ്യപ്പെടുത്തുന്നത്(പാളങ്ങൾ - 1990). പ്രയോഗമില്ലായ്മയാണ് ഗാന്ധി ദർശനത്തെ, വീട്ടിയെപ്പോലുള്ളവരുടെ സാമൂഹ്യ വീക്ഷണത്തെ എല്ലാം ആക്രിവൽക്കരിച്ചത്. പ്രയോഗമില്ലാതായാൽ ജീവനില്ലാതായി. അത് ജഡവസ്തു. വാദനം കഴിഞ്ഞ ശേഷം താഴെ വെയ്ക്കുകയോ എടുത്തു വയ്ക്കുകയോ ചെയ്ത വാദ്യോപകരണങ്ങൾ ഈ കവിതകളിൽ ഇടക്കു വരുന്നുണ്ട്. കാശി വിശ്വനാഥൻ വാദനം കഴിഞ്ഞു വെച്ച ഷെഹനായ്, ദൈവത്തിന്റെ ഷെഹനായ് ആണ് ജീവന്മുക്തനായ ഉസ്താദ് ബിസ്മില്ലാഖാൻ (ദൈവത്തിന്റെ ഷെഹനായ്). കഥ പറഞ്ഞവസാനിപ്പിച്ചു വിട വാങ്ങിയ വി.സാംബശിവൻ ദൈവം ഒന്നൂതി തുടച്ചുമിനുക്കി പെട്ടിയിൽ വയ്ക്കുന്ന വാദ്യോപകരണം തന്നെ (കഥാശേഷം - 1999). മറിച്ച്, പ്രയോഗിക്കുന്ന നേരത്താകട്ടെ, ജഡവും ജീവത്താകുന്നു. പൂരപ്പറമ്പിലെ കൊമ്പ് ഉറക്കെ നിലവിളിക്കുന്ന ജീവിയാകുന്നു (കൊമ്പ് - 2000).

പ്രയോഗക്ഷമതയുടെ കുറവു കാരണം സമകാലത്തിന് ആക്രിവൽക്കരിക്കാനുള്ള പ്രവണത വളരെ കൂടുതലാണ്. നോതാവു മാത്രമല്ല പ്രതിയോഗിയും കട്ടൗട്ടായിക്കഴിഞ്ഞിരിക്കുന്നു. നല്ലൊരു കാറ്റിൽ ഇനി തകർന്നടിയുകയേ വേണ്ടൂ. കെട്ടിപ്പൊക്കിയ വലിപ്പങ്ങളുടേതാണ് സമകാലം. പഴയതാവുക എന്നാൽ പൊരുത്തപ്പെടലാണ് (പാലം കടക്കുവോളം - 1991) സന്ധിചെയ്യലിന്റെ , പൊരുത്തപ്പെടലിന്റെ സമകാലം ആക്രിവൽക്കരണത്തിന്റെ വേഗത കൂട്ടുന്നു. കാലത്തിന്റെ ചരക്കു മുറിയിൽ മുണ്ടുടുത്തിരിക്കുന്ന മാംസപിണ്ഡങ്ങളായിരിക്കുന്നു നമ്മൾ. ഭൂതവർത്തമാനങ്ങളിലെ അവശിഷ്ടങ്ങളെ ഒരുമിച്ചു വെക്കുന്ന കവിതയാണ് ഗുഹ(1995). പ്രാചീന ഗുഹയിൽ നിന്ന്,

പൊട്ടിയ മൺകുടം,
അസ്ഥികൾ, കൈപ്പിടി -
യറ്റോരു വാൾ, കൽവിളക്കും
കെട്ടു നാറുന്നോരിരുട്ടും

ആണു കിട്ടിയതെങ്കിൽ വർത്തമാനകാലത്ത് തന്റെയുള്ളിന്റെ ഗുഹയിലോ, പൊട്ടിയ സ്വപ്നവും തുരുമ്പിച്ച ഭാഷയും കെട്ട മനസ്സുമിരുട്ടുമാണ് ശേഷിപ്പ്. ഈ ആക്രിയാകലിനെ വൈയക്തിക മാനത്തോടെയാണ് ഗുഹയിലും ചതുരംഗം, ലോപസന്ധി, പ്രതിവിരൽ തുടങ്ങിയ കവിതകളിലും അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതൊരു സാമൂഹ്യ അനുഭവമാണ്. മിഠായിത്തെരുവ്, കുഴലുകൾ, ഉത്തരകാലം, ഭാഷ, കണക്ക് തുടങ്ങി ഒട്ടേറെ കവിതകളിൽ സാമൂഹ്യാനുഭവമായിത്തന്നെ ആക്രിവൽക്കരണം കടന്നുവരുന്നു. മിഠായിത്തെരുവിൽ (1992) വർത്തമാനത്തിന്റെ ചരക്കുകൾ കെട്ടിക്കിടക്കുന്നു. അപായകരമാണീ സ്ഥിതി. നമ്മുടെ വായിൽ തുപ്പാനുമിറക്കാനുമാവാത്ത മധുരാർബുദം പടർന്നിരിക്കുന്നു. ബന്ധങ്ങൾക്കിടയിൽ കൃത്രിമക്കുഴലുകൾ തെളിഞ്ഞു കാണുന്നു. ബന്ങ്ങളുടെ ആഴമില്ലായ്മയും ഉപരിപ്ലവതയും നമ്മുടെ വാക്കുകളെ "ലോലമാം റബ്ബറുറയിട്ട വാക്കുക" ളാക്കി മാറ്റിയിരിക്കുന്നു(ഉത്തരകാലം - 1998). മൊഴി, പൊരുളറ്റ് വെറുമൊച്ച മാത്രമായിരിക്കുന്നു(ഭാഷ, കണക്ക് - 1996). "വാങ്ങുക കുടിക്കുക പുറത്തേക്കെറിയുക" എന്നതായിരിക്കുന്നു ആദർശം. പുറത്തേക്കെറിയുന്നവ കുമിഞ്ഞുകൂടി മല പോലെയായി മനുഷ്യനെ വിഴുങ്ങുന്നു. അതാണ് തുടക്കത്തിൽ ഉദ്ധരിച്ച ഒരു കൈ എന്ന കവിത. മലയാള മൊട്ടപ്പരപ്പിലെ ആഴങ്ങൾ നികത്തുന്നത് ആ മാലിന്യക്കൂമ്പാരങ്ങളാണ്.

ഒരു മനുഷ്യന്റെ ജീവിതം അവശിഷ്ടങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു, ബസ്റ്റാന്റിലെ തൂപ്പുകാരി എന്ന കവിത(1991) ആളുകൾ പാതി വലിച്ചു കളഞ്ഞ ബീഡിത്തുണ്ടു പെറുക്കുമ്പോൾ അവളുടെ കൈ പൊള്ളിക്കുന്നു , നീറിപ്പുകയുന്ന ജീവിതം. കാലിയായ പ്ലാസ്റ്റിക് കൂടുകൾ വാരുമ്പോൾ അതിൽ കേൾക്കുന്ന കരച്ചിൽ ശബ്ദം വീട്ടിലെ തുണിത്തൊട്ടിലിൽ തൂങ്ങുന്ന തന്റെ ജീവന്റെയാണ്. മിന്നുന്ന മിഠായിക്കടലാസിളകുമ്പോൾ മുങ്ങിപ്പോയ മഹാബലിയുടെ പൊൻമുടിയാണ് തെളിയുന്നത്. ബസ് സ്റ്റാന്റിലെ തൂപ്പുകാരിയെ നോക്കി നിൽക്കുന്ന കവിയുടെ കണ്ണിലാണ് ഇതെല്ലാം തെളിയുന്നത്. മാലിന്യങ്ങളെല്ലാം തൂത്തുകളയുകയാണ് അവളുടെ ചൂല്.താനും ഒരു മാലിന്യമാണ്. താനും തൂത്തുകളയപ്പെടാം. "നിശ്ചയമവളുടെ ചൂലിൻതുമ്പിങ്ങെത്തില്ല" എന്നാശ്വസിച്ചു കൊണ്ട് അയാൾ സ്റ്റാന്റിൽ നിർത്തിയിട്ട ഒരു ബസ്സിൽ കയറി തൽക്കാലം രക്ഷപ്പെടുകയാണ്. ആ ബസ്സു തന്നെയും "ചപ്പും ചവറും കുത്തി നിറച്ച" ബസ്സാണ്. തൂത്തുവാരപ്പെടാൻ പാകത്തിന് ഒരു മാലിന്യമായിത്തീരലാണ് ഭയം.എന്നാൽ ആ ഭയത്തോടൊപ്പം തൂത്തുവാരപ്പെടും എന്ന വാഗ്ദാനം തരുന്ന മോക്ഷക്കിനാവു മുണ്ട്. മാലിന്യവൽക്കരണത്തിന്റെ വേഗം കൂടി മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ ഒരു കാലത്ത് തൂത്തുവാരപ്പെടലല്ലാതെ മറ്റെന്താണ് മോക്ഷക്കിനാവ്! മറ്റെന്താണ് ഒരാൾക്ക്, ഒരു വസ്തുവിന്, ഒരാശയത്തിന്, ആദർശത്തിന്, മൂല്യത്തിന് നൽകാവുന്ന ഏറ്റവും നല്ല വാഗ്ദാനം?

2

രാമചന്ദ്രന് പാവകൾ ഇഷ്ടമാണ്. പാലം കടക്കുവോളം(1991) എന്ന കവിതയിൽ പെരുന്തച്ചന്റെ പഴയ പാവക്കഥയുടെ സൂചനയുണ്ട്. പാലത്തിന്റെ രണ്ടറ്റത്ത് പെരുന്തച്ചനും മകൻതച്ചനുമുണ്ടാക്കി വെച്ച രണ്ടു പാവകൾ. ഒന്ന് പാലം കേറി വരുന്ന യാത്രികന്റെ മുഖത്തു തുപ്പാൻ ഒരുങ്ങിയിരിക്കും. അപ്പോൾ മറ്റേപ്പാവ ചെകിടത്തടിച്ച് അതിന്റെ ദിശ മാറ്റി യാത്രികനെ രക്ഷപ്പെടുത്തും. സമകാലത്തിന്റെ പ്രതികരണക്ഷമതയെക്കുറിച്ചു പറയുന്നിടത്താണ് രാമചന്ദ്രൻ ഈ പഴയ പാവകളെ കുപ്പത്തൊട്ടിയിൽ കളയാതെ വീണ്ടും ഉപയോഗിക്കുന്നത്. സമകാലത്തിനു ചേരാത്ത ഒരു മരപ്പാവയേയും പിടിച്ച് തിരക്കേറിയ തെരുവിലൂടെ പോകുന്ന പാവക്കാരന്റെ പശ്ചാത്തലത്തിൽ നഗരം നോക്കിക്കാണാനാണ് കവിക്ക് കൗതുകം(പാവക്കാരൻ - 2000).പാവക്കാരനിൽ നിന്ന് ഒരു പക്ഷേ സ്വതന്ത്രമായ പാവ(അതോ മറ്റൊരു പാവയോ?) കൗതുകത്തോടെ വഴിയിലേക്കു നോക്കി നിൽക്കുന്ന ദൃശ്യത്തിലാണ്, പാവ സ്വന്തം കണ്ണുകൊണ്ടു കാണാൻ തുടങ്ങുന്നിടത്താണ്, ആ തിരക്കാഴ്ച്ച അവസാനിക്കുന്നത്. പെരുന്തച്ചന്റേയും പാവക്കാരന്റെയും പാവകളെ കാലത്തിന്റെ ചവറ്റുകുട്ടയിൽ നിന്നെടുത്ത് വീണ്ടും ഉപയോഗപ്പെടുത്തുകയാണ് ഈ രണ്ടു കവിതകളും. 2019 -ലെ പ്രളയത്തിനു ശേഷമുള്ള കേരളത്തെ അടയാളപ്പെടുത്താൻ രാമചന്ദ്രൻ ഉപയോഗിക്കുന്ന ചിഹ്നം ചേക്കുട്ടിപ്പാവയുടേതാണ്. പ്രളയം കവർന്നെടുത്ത കൈത്തറിത്തുണികളുടെ അവശിഷ്ടങ്ങൾ കൊണ്ടുണ്ടാക്കിയ ചേക്കുട്ടിപ്പാവകൾ അതിജീവനത്തെ കുറിക്കുന്നു.

ഉണ്ടാക്കി വെച്ചതു സർവ്വം നശിച്ചുപോയ്
മുണ്ടിന്റെ കോന്തല ബാക്കി
എങ്കിലെന്തത്തല കൊണ്ടുമുണ്ടാക്കിടാം
ചന്തങ്ങളെന്നൊരു ചിന്ത
തെങ്ങിന്റെ മണ്ടയിലച്ചിങ്ങ പോലന്നു
ഞങ്ങൾക്കുമുണ്ടായി വന്നു

അങ്ങനെയുണ്ടായൊരോമനപ്പാവകൾ
നിങ്ങളോടെന്തു പറഞ്ഞു?
പാടും കറയുമഴുക്ക,ല്ലഴകെന്നോ,
പാഴാക്കരുതൊന്നുമെന്നോ?

അവശേഷിപ്പുകളെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് എടുത്തു വീണ്ടും ഉപയോഗപ്പെടുത്തുക എന്ന കാഴ്ച്ചപ്പാട് രാമചന്ദ്രന്റെ കവിതയിൽ പ്രമേയം മാത്രമല്ല. കാവ്യഭാഷയെക്കൂടി നിർണ്ണയിക്കാൻ പോന്ന അടിസ്ഥാന ദർശനമാണ്. പഴയ വാക്കുകൾ പലതും രാമചന്ദ്രൻ തുടച്ചുമിനുക്കി പുതിയ സന്ദർഭങ്ങളിൽ പുതുതാക്കി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് വിണ്ട ശില്പം എന്ന കവിതയിലെ (2006) മരപ്രഭു എന്ന വാക്കു നോക്കൂ. അതൊരു പഴയ വാക്ക്. പൂന്താനകാലത്തു നിന്നുള്ളത്. എന്നാൽ ഇവിടെ സന്ദർഭം പുതുത്, ശില്പ പ്രദർശനം.

ഒരു മരപ്രഭുവിന്റെ കയ്യൂക്കു കണ്ടോ,
പ്ലാസ്റ്റർ ഓഫ് പാരീസിലുള്ള
ആ ബുദ്ധവിഗ്രഹത്തിന്റെ
മണ്ടക്കടിക്കാനാണു പുറപ്പാട്.

ഇതേ കവിതയുടെ അവസാന ഭാഗത്ത് "പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ പാറക്കെട്ടിന്നടിയിൽ കിളിവാതിലിൽക്കൂടി തുറുകണ്ണും പായിച്ചു പകലൊക്കെ പാർക്കുന്ന പൂതത്തെ" മാറ്റി പുതുക്കി ഉപയോഗിക്കുന്നുണ്ട്.ഹരിജൻ കോളനിയും വെള്ളമില്ലാത്ത കിണറും കള്ളുഷാപ്പും ചെങ്കൊടിയും നക്ഷത്രങ്ങളുമുള്ള കുന്നായ മൺ ശില്പത്തിന്റെ നെറുകയിൽ സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന വിള്ളലും അതിൽ പാർക്കുന്ന ശില്പിയും പറയന്റെ കുന്നിനേയും പൂതത്തേയും റീ സൈക്കിൾ ചെയ്തതാണ്. പദങ്ങളുടെയും ഇമേജറിയുടെയും റീ സൈക്കിൾ ചെയ്ത പുനരൂപയോഗം ഇങ്ങനെ പല കവിതകളിലും കാണാൻ കഴിയും. കരട് എന്ന കവിതയിൽ ജി എട്ട് രാഷ്ട്രങ്ങളുടെ ഉച്ചകോടി നടക്കുന്ന വട്ടമേശപ്പുറത്തേക്കു ചാടി വീണ ജന്തുവിന്റെ പേക്രോം പേക്രോം എന്ന പ്രതിഷേധം നമ്മുടെ തവളക്കരച്ചിലിനെ പുനരുപയോഗിച്ചതാണ്. ഭാഷയെ, അതിലെ പദാവലിയെ, ഈണങ്ങളെ താളങ്ങളെ എല്ലാം നീട്ടുകയോ കുറുക്കുകയോ വെട്ടുകയോ ഒട്ടിച്ചു ചേർക്കുകയോ ചെയ്ത് ആവുന്നത്ര പുതുക്കുകയാണ് കവി. കാലം തന്നെയും നീട്ടിയാൽ നീളുന്ന ഒരു റബർത്തുണ്ടമാകാമെന്നും അതിൽ മീട്ടിയുണ്ടാക്കുന്ന മൂളക്കമാകാം കവിത എന്നുമുള്ള വിചാരമാണ് കവിക്ക്. (നീട്ടൽ - 2010)

3

ജീവനുള്ളവ സ്വാഭാവികമായും ചത്ത് അഴുകിപ്പോകും. ആക്രികൾ മാത്രമല്ല മനുഷ്യരും ധാരാളമായി രാമചന്ദ്രന്റെ കവിതയിലുണ്ട്. മനുഷ്യരുൾപ്പെടെ ജീവനുള്ളവ എല്ലാം തരുന്ന വാഗ്ദാനം മരിച്ചു പോകും, അലിയാതെ കിടക്കില്ല എന്നതാണ്. അലിയിപ്പിക്കാനുള്ള വെമ്പൽ അല്പം ക്രൂരമായിത്തന്നെ പ്രകടിപ്പിക്കുന്നു 'ജീവനുള്ളവയിൽ നിന്നും ...' എന്ന കവിത. മേലേ പറന്നു നടക്കുന്ന കഴുകരോട് കവി അപേക്ഷിക്കുന്നത്,

ജീവനുള്ള -
വയിൽ നിന്നും
വേറിട്ടു
കാട്ടിത്തരൂ

തീ കൊളുത്തീടാനുള്ള
ശവത്തെ,

എന്നാണ്. കടലാസാണെങ്കിൽ, എത്ര പ്രിയത്തോടെ സൂക്ഷിച്ചു വെച്ച കത്തുകളായാലും, എടുത്തു കത്തിച്ചു കളയാം. അവ കത്തിയെരിഞ്ഞിട്ടു വേണം പുതിയൊരു കത്തെഴുതാൻ. കത്തുകൾ കത്തുമ്പോൾ കത്തുന്നത് മറ്റു പലതുമാണ് :

പെട്ടെന്നു കത്തി -
പ്പിടിക്കുന്നു , കാറ്റത്തു
ചുറ്റിത്തിരിഞ്ഞു
പരക്കുന്നിതോർമ്മകൾ
പൊട്ടിത്തെറിക്കുന്നൊ-
രസ്ഥികൾ, വിപ്ലവം
കുത്തി നിറച്ച ല -
ക്കോട്ടുകൾ, ചുറ്റിലും
വെന്ത മാംസത്തിന്റെ
ഗന്ധം പരത്തുന്ന
പണ്ടത്തെയാ പ്രേമ -
ലേഖനക്കെട്ടുകൾ
(കത്തുകൾ)

കടലാസുകൾ കൊണ്ടു തീർത്ത പുസ്തകങ്ങളെ അവയുടെ ജഡത്വത്തിൽ നിന്നു മോചിപ്പിക്കൽ കൂടിയാണ് 'ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ' എന്ന കവിത. ജഡത്വത്തിന്റെ വിമോചനത്തിനാണ് ഭാവന പ്രയോജനപ്പെടുക. ഭാവനയെ ഇങ്ങനെ കൃത്യപ്പെടുത്തുന്നുണ്ട് രാമചന്ദ്രൻ. അചുംബിത ഭാവനകളുടെ കന്യാവനങ്ങളാകാൻ രാമചന്ദ്രകവിത ആഗ്രഹിക്കുന്നേയില്ല. രാത്രി സെക്കന്റ് ഷോ സിനിമ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഈ കവിതയിൽ കവി ജഡലൈബ്രറിയെ ഭാവനയിലൂടെ ജൈവ മനുഷ്യരാക്കി വിമോചിപ്പിക്കുന്നത്.അലിയാതെ കിടക്കുന്നവയെ ജൈവപ്രകൃതിയിൽ ലയിപ്പിക്കുന്നതിന്റെ കലയാണ് രാമചന്ദ്രന്റേത്.ഈ കലാവിദ്യ അത്ഭുതകരമായി തിളങ്ങുന്ന കവിതയാണ് ഹരിതാഭരണം(1992) മകളുടെ കമ്മൽ പുല്ലിൽ വീണു പോയത് തിരയുന്നതാണ് സന്ദർഭം. ഖരവസ്തുവായ, ലോഹമായ കമ്മൽ പുല്ലിൽ മറഞ്ഞു കിടക്കുന്നു. നിലാവുദിച്ചപ്പോളതാ പുല്ലിൻ തുമ്പു തോറും സ്വർണ്ണക്കമ്മലുകൾ!

തൊട്ടതു സർവം പൊന്നാക്കും വിധു
രശ്മികളേറ്റു തിളങ്ങുകയത്രേ
മുറ്റും കാടു പിടിച്ചു വളർന്നൊരു
പുൽക്കൊടി തോറും ഹിമബിന്ദുക്കൾ.

ലോഹത്തെ പുൽക്കൊടിത്തുമ്പത്തെ മഞ്ഞിൽ തിളങ്ങുന്ന നിലാവാക്കി ലയിപ്പിച്ചിരിക്കുന്നു ഇക്കവിത. പൊന്നേ എന്ന വിളി പുല്ലേ എന്ന വിളിക്കു വഴിമാറുന്നു. ഖരത്വങ്ങളെ, ഉള്ളിലെ കട്ടിപ്പുകളെ പ്രകൃതിയിലേക്കു ലയിപ്പിക്കലാണ് പുനരുപയോഗം പോലെ തന്നെ മറ്റൊരു പരിഹാരം എന്ന് രാമചന്ദ്രകവിത ചൂണ്ടിക്കാട്ടുന്നു. ആരു മീട്ടിയാലും, അത് ടി.എൻ. കൃഷ്ണനായാൽ പോലും വയലിന്റേത് ലോഹനാദമാണ്. അതിനെ ചീവീടു മീട്ടുന്ന വയലേല നാദമാക്കി പ്രകൃതിയിലേക്കു പടർത്തുന്നു. അങ്ങനെ ലയിക്കുമ്പൊഴേ "മണ്ണിലുണ്ടാകൂ". (ടി.എൻ. കൃഷ്ണന്റെ വയലിൻ - 1995) കാഴ്ച്ചപ്പുറത്തോ കേൾവിപ്പുറത്തോ എന്നും ഉണ്ടാകുന്നത് അസ്വാഭാവികമാണ്, കൃത്രിമമാണ്, അലിയാതെ കിടക്കലാണ്. അലിയാതെ കിടക്കുന്നവ എത്ര മഹത്തായതായാലും മാലിന്യവുമാണ്. മണ്ണിലലിഞ്ഞിരിക്കലാണ് പ്രധാനം. അപ്പൊഴേ പുല്ലിന്റെ നാരായവേരിന്റെ തുമ്പിൽ ഭൂമിയുടെ ദു:ഖാ ശ്രുബിന്ദുവായൂറിപ്പടർന്നു പച്ചയ്ക്കാൻ കഴിയൂ. ആ അലിയലിന്റെ തണുപ്പാണ് രാമചന്ദ്ര കവിതയിലെ ആനന്ദാനുഭൂതിയുടെ ലോകം - അല്ലാതെ ചിലർ വിമർശിച്ചു കണ്ടിട്ടുള്ള പോലെ ഭൂതകാലക്കുളിരല്ല. പ്രകൃതിയുടെ റീ സൈക്കിളിങ്ങിന്റെ തുടർച്ചയായി പച്ചച്ചു നിൽക്കുന്ന പുൽനാമ്പ് പശുക്കുട്ടിയുടെ നാവിന്റെ സ്പർശനത്തെക്കുറിച്ചു പറയുന്നേടത്തുണ്ട് ആ കുളിരനുഭൂതി :

മഞ്ഞിലുമേറെത്തണുത്തതെന്തോ വന്നു
മെയ്യിലുരുമ്മിയതായറിഞ്ഞു.
പാൽ മണമെങ്ങും പരന്നിരുന്നു, ഒരു
മാർദ്ദവമെന്നെപ്പൊതിഞ്ഞിരുന്നു.
(മഞ്ഞിലുമേറെത്തണുത്തത് - 1995)

ഇല്ലാതാവലല്ലത്. അലിഞ്ഞുചേരലാണ്. അലിഞ്ഞു മണ്ണിലേക്കു തന്നെ അണയൽ

യന്ത്രസംവിധാനങ്ങളുടേയും സാങ്കേതികവിദ്യകളുടെയും വേഗക്കുതിപ്പുകളുടേയും ആരാധകനാണ് ഈ കവി. ഏതു പുതിയ സാങ്കേതികവിദ്യയേയും ആദ്യം തന്നെ സ്വാംശീകരിക്കുന്ന പ്രകൃതമുള്ളയാളുമാണ്. ആ യന്ത്ര ലോകത്തെ പ്രകൃതിയുടെ അലിയിക്കുന്ന സ്വാഭാവികതയോടു ചേർത്തു വക്കാനാണ് രാമചന്ദ്രനിഷ്ടം. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ലോകത്തു മാത്രം കൗതുകം പൂണ്ടു നിൽക്കുന്ന ഒരു കുട്ടിയുണ്ട് ഈ കവിതകളിൽ. അഥവാ യന്ത്രങ്ങൾ കാണുമ്പോൾ മാത്രം കുഞ്ഞിനെപ്പോലെ കൗതുകം കൊള്ളുന്ന ഒരാൾ. ഇവിടെ പൂർണ്ണമായും എടുത്തു ചേർക്കേണ്ട കവിതയാണ് കാഴ്ച്ച(1995) :

വലിയ യന്ത്രം
ശബ്ദഘോഷത്തോടെ
പ്രവർത്തിക്കുന്നതും
വലിയ കൊമ്പൻ
ശബ്ദമുണ്ടാക്കാതെ
പട്ടതിന്നുന്നതും
നോക്കിനിൽക്കും കുട്ടികൾ.

യന്ത്രം ശബ്ദമുണ്ടാക്കാതെ
പട്ട തിന്നുന്നതും
കൊമ്പൻ
ശബ്ദഘോഷത്തോടെ
പ്രവർത്തിക്കുന്നതും
കണ്ടു നിൽക്കും ഞാൻ.

യന്ത്രത്തെയും കൊമ്പനേയും ഇങ്ങനെ ചേർത്ത് പരസ്പരം വെച്ചു മാറാനാണ് കവി കുട്ടിയുടെ കണ്ണിലൂടെ നോക്കുന്നത്. യന്ത്രത്തെ പ്രകൃതിയുടെ ഭാഗമാക്കലാണത്.രാമചന്ദ്രന്റെ കവിതയിൽ വിസ്മയഭാവം വരുന്നത് യന്ത്രങ്ങളെക്കുറിച്ചെഴുതുമ്പോഴാണ്. മറ്റെല്ലാം ഉദാസീനമായി തണുപ്പൻ മട്ടിൽ നല്ല മാഷാവാതെ ആവേശമില്ലാതെ കാണുന്നയാൾ യന്ത്രങ്ങൾക്ക്, പ്രത്യേകിച്ചും വാഹനങ്ങൾക്ക് മുമ്പിലെത്തുമ്പോൾ വിസ്മയത്തിന്റെ വേഗത്തിരിപ്പ് അമർത്തിച്ചവിട്ടുന്നു. സിഗ്നൽ മാറിപ്പോയതിനാൽ പാളം തെറ്റി പുലർച്ചെ പാടത്തേക്കിറങ്ങുന്ന കുണ്ടനിടവഴിയിൽ വന്നു നിന്ന തീവണ്ടിയെ കവിത (കാണെക്കാണെ - 1997) അവസാനിക്കുമ്പോൾ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് അത്ഭുതത്തോടെ നമ്മളും നോക്കുന്നു.

പൊന്നാനിസ്സമ്പ്രദായമനുസരിച്ച് ഉണ്ണികൾ വാഴാൻ ന്യായമുള്ള തനിമയുള്ള ഇടങ്ങൾ താഴെപ്പറഞ്ഞവയാണ്:

ആറ്റിൻകരയിൽ കുടിയിരിപ്പ്
കാറ്റും വെളിച്ചവും കയ്യിരുപ്പ്
തെങ്ങും കവുങ്ങും നിറഞ്ഞ തോപ്പ്
മുങ്ങിക്കുളിക്കാൻ കുളക്കടവ്.

പയ്യും കിടാവും തൊഴുത്തിലുണ്ട്
നെല്ലു പത്തായപ്പുരയിലുണ്ട്.
ആലുണ്ടരികത്തു കാവുമുണ്ട്
വേലയുമുണ്ട് വിളക്കുമുണ്ട്.
(ഉണ്ണിയെത്തേടി - 1994)

ഉണ്ണിയെത്തേടി വരുന്ന പൂതത്തെ അങ്ങോട്ടു ചൂണ്ടി വഴി തിരിച്ചു വിടുകയാണ് കവി. ഉണ്ണിയെത്തിരഞ്ഞു വരുന്ന പൂതത്തെ ഭൂതത്തിലേക്കു വഴി തിരിച്ചു വിടുന്നു. പൊട്ടപ്പൂതം അതു വിശ്വസിച്ച് നേരെ അങ്ങോട്ടു പോകുമ്പോൾ വർത്തമാനകാലത്തിലെ യന്ത്രലോകത്തിനു മുന്നിൽ താൻ കൊണ്ടു നിർത്തിയ ഉണ്ണിയെ കവി നമുക്കു കാണിച്ചു തരുന്നു.

യന്ത്രലോകത്ത് ഉണ്ണിക്കേറ്റവും കമ്പം വാഹനങ്ങളോടു തന്നെ. സൈക്കിളും കാറും ബസ്സും ബോട്ടും തീവണ്ടിയും മാറി മാറി വരുന്നു. മൈക്കിളു ചേട്ടനോടു സൈക്കിളു വാടകക്കെടുത്ത് ഒരൊറ്റക്കുതിയാണ്, ലോകത്തിന്റെ അറ്റത്തേക്ക് (സൈക്കിളു ചവിട്ടാൻ) സൈക്കിൾ എന്ന പേരിൽ തന്നെയുണ്ട് ഒരു കവിത(1993). വഴിമാറുകെന്നു ചെവി തിരുമ്മുമ്പോൾ മണിനാദം കേൾപ്പിക്കുന്ന കുഞ്ഞുവിസ്മയം. വനഹൃദയത്തിൽ നൗകയാണ് - പ്രണയ നൗക. അതൊടുവിൽ വഞ്ചനയുടെ മുതലയായി മാറുന്നു. 1990-ലെ പാളങ്ങൾ തൊട്ട് അനേകം കവിതകളിൽ തീവണ്ടി വരുന്നു. ത്രികാലങ്ങളേയും കൂട്ടിയിണക്കാൻ കഴിയുന്നുവെന്നതാണ് തീവണ്ടിയുടെ മെച്ചം. പാളങ്ങളിൽ അത് ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലൂടെ മനുഷ്യനെ ചരക്കാക്കി ഭാവിയിലേക്കു കുതിക്കുന്നു. ഷൊറണൂർ നിലമ്പൂർ പാസഞ്ചറിൽ തീവണ്ടി കല്ലുരുട്ടിക്കേറ്റുന്ന പഴയ ഭ്രാന്തനെ ഓർമ്മിപ്പിക്കുന്ന വൃദ്ധനാണ് - പഴങ്കാലത്തു നിന്ന് പതിവു ദിനസരിയുടെ മടുപ്പുമായി വരുന്നയാൾ. വർത്തമാനകാലത്തു തന്നെ പ്രകൃതിയിൽ അഴിഞ്ഞു ചേരാൻ ഭാഗ്യം കിട്ടിയ മാതൃകാ തീവണ്ടിയാണ് കാണെക്കാണെയിലെ വണ്ടി. കാട്ടുവള്ളി ചുറ്റിപ്പടർന്നു കേറി എഞ്ചിനിൽ തൊടുമ്പോഴാണ് കട്ടപ്പുറത്തെ കാറ് ഭൂമിക്കടിയിലെ ഇന്ധനമൊക്കെ കേറി ഉള്ളം ജ്വലിച്ച് ഹനുമാനെപ്പോലെ കുതിക്കുന്നത്. ഇങ്ങനെ യന്ത്രങ്ങളെയും വാഹനങ്ങളെയും പ്രകൃതിയുടെയും കാലത്തിന്റെയും മഹാവന്യതയിലേക്ക് ലയിപ്പിച്ചെടുക്കലാണ് പുതിയ കാലത്തിന്റെ യന്ത്രങ്ങളും വസ്തുക്കളും ഭൂമിക്കു ഭാരമാകാതെയിരിക്കാനുള്ള ഒരു വഴിയെന്ന് ഈ കവിതകൾ ചൂണ്ടിക്കാട്ടുന്നു. വീണു കഴിഞ്ഞതെന്തും ഭാരമാണ്. കോണി കേറുന്നതിനിടെ വീണു പോയ അമ്മയെ കോരിയെടുക്കുമ്പോൾ മക്കൾ അറിയുന്നത് ഭൂമിയുടെ ഭാരമാണ്.

4

ഘടനാപരമായി വലിയ സവിശേഷതയുള്ള കവിതയാണ് നിശ്ശബ്ദം(2000) എഴുപത്തിരണ്ടു വരികളുള്ള ഈ കവിത ഒരൊറ്റ നീണ്ട വാക്യമാണ്. പല നിലക്കാഴ്ച്ചകൾ താണ്ടിക്കുതിച്ചും പല നിലയങ്ങളിൽ നിറുത്തിയും ലക്ഷ്യത്തിലേക്കു പായുന്ന തീവണ്ടി പോലെ. സുഹൃത്തായ വരദന്റെ ഗഹന നിശ്ശബ്ദത എന്ന സ്റ്റോപ്പിൽ നിന്നു തുടങ്ങി എന്റെ നിലപാട് എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ് ആ കവിത. അതിനിടയിൽ മുഴുവൻ പലവക വസ്തുക്കളാണ്, ആക്രി സാധനങ്ങൾ. കൂമ്പാരം കൂടിക്കൂടിക്കിടക്കുന്ന ആക്രി താണ്ടിയാണ് കവി നിശ്ശബ്ദതക്കെതിരായ തന്റെ നിലപാടിൽ എത്തിച്ചേരുന്നത്. കാലം പുറന്തള്ളുന്നവയെ തിരിച്ചറിഞ്ഞു വേണം നിലപാടുകൾ എടുക്കാൻ എന്ന രാഷ്ട്രീയ വിവേകത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഈ കവിത. ഏതു നിലപാടിനും പിന്നിൽ കാണും ഈ കവിതയിലേതു പോലുള്ള ആക്രി സാധനങ്ങൾ. കാലം പുറ ന്തള്ളിയവയെ തുടച്ചുമിനുക്കി വെക്കലാണ് കഴകം, പാരമ്പര്യം. പൊരുത്തപ്പെടലാണത്. അതിനെ മുറിച്ചു കടക്കലാണ് നിലപാട്, ശരിയായ നിലപാട്.

ആക്രികൾ താണ്ടി, അവയെ മനസ്സിലാക്കി മുറിച്ചു കടന്ന് ഈ കവി തന്റെ നിലപാടുകളിലെത്തുന്നു. സ്വാഭാവികമായും രാമചന്ദ്രന്റെ കവിത ഉയർത്തിപ്പിടിക്കുന്ന പ്രധാന നിലപാടുകളിലൊന്ന് അനശ്വരതയെ റദ്ദു ചെയ്യലാണ്. വാഗ്ദേവത കവിക്കു നീട്ടിയ വാഗ്ദാനമാണല്ലോ അനശ്വരത. എന്നാൽ പശ്ചാത്തലത്തിലുള്ള ആക്രിപ്രപഞ്ചത്തിനു മുന്നിൽ നിൽക്കുമ്പോൾ അനശ്വരത എന്ന ആശയം മങ്ങി വാടിപ്പോകുന്നു. ഞാനിവിടെയുണ്ട് എന്നറിയിക്കാൻ ഒരു വസ്തുവും വേണ്ട, മധുരമായ ഒരു കൂവൽ മാത്രം മതി. അത് കാറ്റിലലിഞ്ഞ് ഇല്ലാതായിക്കോളും. ഇവിടെ ഉണ്ടായിരുന്നു എന്നു കാണിക്കാൻ ഒരു തൂവൽ ധാരാളം. വസ്തുവാണെങ്കിലും അത് വൈകാതെ ദ്രവിച്ച് ഇല്ലാതാകും. നാളെ ഉണ്ടാകും എന്നതിന്റെ സാക്ഷ്യം പൊരുന്നച്ചൂട് മാത്രം. പക്ഷികൾ അനശ്വരമായ ആക്രികളെയും മാലിന്യങ്ങളേയും പുറന്തള്ളുന്നില്ല. രാമചന്ദ്രകവിതയുടെ നിലപാടിനു പിന്നിൽ നിശ്ശബ്ദം എന്ന കവിതയിലെപ്പോലെ, ആക്രികൾ കിടക്കുന്നു. നിലപാടിനു മുന്നിൽ പക്ഷികൾ പറക്കുന്നു. നശിക്കാതെ കിടക്കലല്ല, നശിച്ചില്ലാതായി മണ്ണിലലിയലാണ് അനശ്വരത എന്ന് ഈ കവിതകൾ വിളംബരം ചെയ്യുന്നു.

അഴിയണമെങ്കിൽ, അലിയണമെങ്കിൽ മാറണം. ഉറച്ചു നില്പ് ഈ കവിയുടെ നയമല്ല. ഒരു രൂപത്തിലും തൃപ്തിയോടെ ഉറച്ചുനിൽക്കാതിരിക്കൽ രാമചന്ദ്രകവിതകളുടെ പൊതുസ്വഭാവമാണ്. ഏറ്റവും പുതിയ മട്ടിൽ അയഞ്ഞ ഗദ്യത്തിൽ ഒരു കവിതയെഴുതിയാൽ അടുത്ത കവിത മിക്കവാറും ഏതെങ്കിലും പരമ്പരാഗത രൂപത്തിലാവും രാമചന്ദ്രൻ എഴുതുക. അടുത്ത കവിത മുറുക്കമുള്ള ഗദ്യത്തിലാവാം. അതിനടുത്തത് ഒരു നാടകീയ കാവ്യമാവാം. സംസ്കൃത-ദ്രാവിഡ വൃത്തങ്ങളും മുറുകിയതും അയഞ്ഞതുമായ ഗദ്യവും ഒരുപോലെ വഴങ്ങുന്ന കവികൾ ഇന്നു നമുക്ക് അധികമില്ല. ആ വഴക്കത്തോടെ, പുതുമയിലേക്കും പഴമയിലേക്കും രൂപങ്ങളിലൂടെ ഊഞ്ഞാലാടുന്നു, ആന്ദോളനം ചെയ്യുന്നു, ഈ കവിതകൾ. ഇത്രത്തോളം രൂപവൈവിധ്യത്തിലേക്കു പകർന്നു പകർന്നു പോയിട്ടും കവിതയിൽ രൂപവൈവിധ്യത്തിനുള്ള സാധ്യതകൾ എത്ര പരിമിതമാണ് എന്ന അസംതൃപ്തിയായിരിക്കാം ഈ കവിക്ക് ഒരു പക്ഷേ കാവ്യകലയോടു തന്നെയുള്ള ഒരു മുഷിപ്പ്.
———
ഡിസംബർ, 2021