ഖണ്ഡശ്ശ


book

എഫ് ബി പോസ്റ്റ് 23/07/2019

സത്യം പറയാമല്ലോ, ആഴ്ചപ്പതിപ്പുകളില്‍ വരാറുള്ള തുടരന്‍ നോവലുകള്‍ ഞാന്‍ വായിക്കാറില്ല. പുസ്തകമായി ഇറങ്ങിയാല്‍ വാങ്ങി വായിക്കും. പണ്ടൊക്കെ മാതൃഭൂമിയില്‍ വന്നിരുന്ന നോവല്‍ വിവര്‍ത്തനങ്ങള്‍ മുടങ്ങാതെ വായിക്കുമായിരുന്നു. ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍, സുവര്‍ണ്ണലത തുടങ്ങിയവ ഓര്‍ക്കുന്നു.

അന്നൊക്കെ പുസ്തകപ്രസിദ്ധീകരണവും അവയുടെ ലഭ്യതയും കുറവായിരുന്നു. ഇപ്പോള്‍ അതിനൊന്നും പ്രയാസമില്ലാതായി. പിന്നെ എന്തിന് ആനുകാലികങ്ങളില്‍ ഖണ്ഡശ്ശ വായിക്കണം? ആഴ്ചകഴിയുമ്പോഴേക്കും കഥാപാത്രങ്ങളെയും സംഭവങ്ങളേയും മറന്നുപോകും. തുടര്‍ച്ച കിട്ടില്ല. നമ്മുടെ ഓര്‍മ്മയേയും ഏകാഗ്രതയേയും ശിഥിലീകരിക്കുന്ന നിരവധി വിനോദോപാധികള്‍ ഇന്നുണ്ട്. ടി.വി മുതല്‍ മൊബൈല്‍ വരെ.

ഇലസ്ട്രേഷനാണ് ആനുകാലികവായനയിലെ ഒരധികസാധ്യത. രണ്ടാമൂഴത്തിന് നമ്പൂതിരിയും ഭുജംഗയ്യന് ഏ എസ്സും വരച്ചിരുന്ന ചിത്രങ്ങള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. (പണ്ട് മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ക്ക് ഇലസ്ട്രേഷനു പകരം സ്ഥിരം നടീനടന്മാരെ വെച്ച് എടുത്ത ഫോട്ടോഗ്രാഫുകള്‍ കൊടുത്തു കണ്ടിട്ടുണ്ട്. നോവലിന്റെ അവസാനം "ഈ നോവലിലെ കഥാപാത്രങ്ങളും അഭിനേതാക്കളും" എന്ന് പ്രത്യേകം ക്രെഡിറ്റ് ചിത്രസഹിതം ചേര്‍ത്തിരുന്നു!) ഇപ്പോള്‍ കെ. ഷെരീഫും ഭാഗ്യനാഥനും കെ.പി.മുരളീധരനും ചാന്‍സും എല്ലാം നന്നായി വരയ്ക്കുന്നുണ്ട്. ആ ചിത്രങ്ങള്‍ നോക്കി താളുകള്‍ മറിച്ചുപോകും. പുസ്തകം വരാന്‍ കാത്തിരിക്കും.

മനോജ് കുറൂരിന്റെ പുതിയ നോവല്‍ ആഴ്ചപ്പതിപ്പില്‍ വരാന്‍ പോകുന്നു എന്ന പരസ്യം കണ്ടപ്പോഴാണ് ഇതൊക്കെ ആലോചനയില്‍ വന്നത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ മനോജിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന കൃതിയുടെ ആദ്യവായനക്കാരില്‍ ഒരാളായിരുന്നു ഞാന്‍. ഭാഷാപരവും ഇതിവൃത്തപരവുമായ അതിന്റെ സവിശേഷതകളെപ്പറ്റി പറയുവാന്‍ പുസ്തകമിറങ്ങിയ ശേഷം നടന്ന സംവാദത്തിലും പങ്കെടുത്തിരുന്നു.

മനോജിന്റെ പുതിയ നോവലിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോള്‍ മാഗ്സ്റ്ററില്‍ വീക്കിലി ഡിജിറ്റലായി കിട്ടുന്നുണ്ട്. മുന്‍ലക്കങ്ങളും സൂക്ഷിക്കാമെന്ന സൗകര്യവുമുണ്ട്. അതിനാല്‍ തുടര്‍വായന തുടങ്ങാമെന്നു കരുതുന്നു.

വാല്‍മുറി:
ഒരിക്കല്‍ കോഴിക്കോട്ട് ടൗണ്‍ഹാളില്‍വെച്ച് ഒരു നോവലിസ്റ്റ് വി.കെ.എനോട് ആഴ്ചപ്പതിപ്പില്‍ വരുന്ന തന്റെ നോവല്‍ വായിക്കാറുണ്ടോ എന്നു ചോദിച്ചു. "ഞാന്‍ കണ്ണശ്ശരാമായണം വായിക്കാറില്ല" എന്നായിരുന്നു അതികായന്റെ മറുപടി!