കലാലയകാലം


blog04.jpg

പൊന്നാനി എം ഇ എസ് കോളേജിലായിരുന്നു എന്റെ കലാലയ പഠനം. നേരെ മുമ്പില്‍ സഖാവ് ഇമ്പിച്ചിബാവയുടെ ഭവനം. ആ വീടിനു തെക്കായി ചുറ്റുമതിലില്ലാത്ത വിശാലമായ തെങ്ങിന്‍ തോട്ടം. ആ തെങ്ങിന്‍ തോപ്പിലെ നിഴല്‍ വിരിച്ച മണലിലിരുന്ന് ഗൌരവമേറിയ സാഹിത്യരാഷ്ട്രീയ സംവാദങ്ങളിലേര്‍പ്പെടുന്ന ചെറിയ ചെറിയ സംഘങ്ങള്‍. ചതുരവടിവാര്‍ന്ന ക്ലാസുമുറിയുടെ സുരക്ഷിതത്വത്തേക്കാള്‍ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ നേരിടാനുള്ള സാഹസികത. രേഖകളനുസരിച്ച് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും ഹാജര്‍വിളിയോ ഫീസോ പരീക്ഷയോ ഇല്ലാത്ത പ്രകൃതിയുടെ ആ ഹരിതവിദ്യാലയത്തിലെ പഠിതാവാകാനാണ് ഞാനാഗ്രഹിച്ചത്.

പൊന്നാനിയിലെ പഠിപ്പുകാലം ചില മണങ്ങളായി ഞാന്‍ ഓര്‍മ്മിച്ചെടുക്കുന്നു. കോടതിപ്പടി കഴിഞ്ഞാല്‍ വായുവിൽ ഒരു ചീഞ്ഞ മണം. ആസ്പത്രിപ്പടിക്കല്‍ ജീവച്ഛവങ്ങളായവരുടെ മണം. ബസ്സ് സ്റ്റാന്റിലെത്തുമ്പോള്‍ ഓയില്‍മില്ലില്‍നിന്നുയരുന്ന വെളിച്ചെണ്ണമണം. ലൈബ്രറിയില്‍ച്ചെന്ന് ഇന്ത്യന്‍ എക്കണോമി എന്ന തടിയന്‍ ഗ്രന്ഥമെടുത്തു പകുത്തപ്പോഴത്തെ ഓക്സ്ഫോര്‍ഡ് മണം. ഇതിനെയെല്ലാം മൂടിക്കളയുന്ന അറബിക്കടലിന്റെ അനാദിയായ മീന്‍മണം.

കൌമാരത്തിന്റെ ആഘോഷവേദിയായിരുന്നു കലാലയം. എവിടെ നോക്കിയാലും സുന്ദരികളും സുന്ദരന്മാരും. മറവിലും തിരിവിലും അമ്പ് ഉന്നംപിടിച്ചുകൊണ്ട് അദൃശ്യനായി നില്‍ക്കുന്ന കാമദേവന് കൈയൊഴിഞ്ഞ നേരമില്ല. കൊടിതോരണം. മുദ്രാവാക്യം. ജാഥ. ഇലക്ഷന്‍. കലോത്സവം. പാട്ട്. നാടകം...

പഴയൊരു നോവലിലെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപകര്‍. കൊമ്പന്‍മീശക്കാരന്‍ പോള്‍സണ്‍ തോമസ്. (Debit what comes in and Credit what goes out.) നിന്ന നില്പില്‍ നിന്നുകൊണ്ട് ആഴങ്ങളിലേയ്ക്കും ഉയരങ്ങളിലേയ്ക്കും സഞ്ചരിക്കുന്ന എം എം നാരായണന്‍ മാഷ്. (കാളിന്ദിയിലെ കാഞ്ചന ശലാക പോലെ..) രാഷ്ട്രീയകാര്യാലോചനകള്‍ക്കിടയില്‍നിന്ന് മുടിചീകുകപോലും ചെയ്യാതെ ധൃതിപ്പെട്ടുവന്ന് ക്ലാസാരംഭിക്കുന്ന പ്രൊ.ഇ പി എം ( The Man who knew too much.. ) സ്കൂള്‍ ഹെഡ്മാസ്റ്റരെപ്പോലെ പോക്കിരികളുടെ ചെവിക്കു പിടിക്കാന്‍ മടിക്കാത്ത പ്രിന്‍സിപ്പാള്‍ മൊയ്തീന്‍കുട്ടിസ്സാര്‍ ( a+b)2=..

ലൈബ്രറിയില്‍ നിന്ന് തടിച്ച പുസ്തകങ്ങള്‍മാത്രം തെരഞ്ഞെടുത്തുകൊണ്ട് സഹപാഠികളെ അത്ഭുതപ്പെടുത്തിയിരുന്ന പ്രേമാനന്ദന്‍ ചേന്നര ( വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍, ഭാരതീയ ചിന്ത.. ), പ്രൊഫഷണല്‍ കാഥികരെപ്പോലും നാണിപ്പിക്കുന്ന വശ്യവചസ്സായ ലീലാകൃഷ്ണന്റെ കഥാപ്രസംഗം ( മതിലേരിക്കന്നി )..

ചില ഓര്‍മ്മകള്‍ ഓര്‍മ്മിക്കപ്പെടാനാഗ്രഹിക്കാതെ ഒളിച്ചുനില്ക്കുന്നു.
പുറത്തെ പെട്ടിക്കടയില്‍നിന്ന് പുകവലി ശീലിച്ചുതുടങ്ങിയതോടെ കോണിച്ചുവട്ടില്‍നിന്ന് പ്രേമിച്ചു തുടങ്ങണമെന്നും ഞാന്‍ കലശലായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, വായിലൂടെയും മൂക്കിലൂടെയും പുക പുറത്തുവിടുമ്പോലെ വാക്കുകളിലൂടെ പ്രേമം പ്രകടിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഞാന്‍ പരാജയപ്പെട്ടുപോയി.