(മദ്രാസ് യൂണിവേഴ്സിറ്റി മലയാളവകുപ്പ് 2023 ജനുവരി 20ന് സംഘടിപ്പിച്ച സദസ്സിൽ ചെയ്ത ആശാൻ സ്മാരക എൻഡവ്മെന്റ് പ്രഭാഷണത്തിന്റെ ലിഖിതരൂപം)
മദിരാശിപ്പട്ടണം മൂന്നു വിധത്തിൽ കുമാരനാശാന്റെ ജീവിതവുമായും മലയാളകവിതാചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന്, ചെറിയൊരു കാലയളവ് ആശാൻ ഇവിടെ വിദ്യാഭ്യാസത്തിനായി ചെലവിട്ടിട്ടുണ്ട്. രണ്ട്, ആശാന്റെ ഓർമ്മ നിലനിർത്തിക്കൊണ്ട് വലിയൊരു സ്ഥാപനസമുച്ചയം - ആശാൻ മെമ്മോറിയൽ അസോസിയേഷൻ - ഇവിടെ പ്രവർത്തിച്ചുവരുന്നു; ഓരോ വർഷവും മലയാളത്തിലെ പ്രധാനപ്പെട്ട ഒരു കവിക്ക് ആശാൻ സ്മാരക കവിതാപുരസ്കാരം സമ്മാനിക്കുന്നു. മൂന്ന്, ആശാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്, Poetry and Renaisance - Kumaran asan birth centerary volume എന്ന അസാധാരണമായ ഒരു പുസ്തകം - ഒരു ഗ്രന്ഥാഞ്ജലി എന്നു വിശേഷിപ്പിക്കാം - എം ഗോവിന്ദൻ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നു.
2023 ആശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികമാണ്. ഒന്നര നൂറ്റാണ്ടായിട്ടും മലയാള കാവ്യഭാവുകത്വത്തിൽ ആശാൻ സൃഷ്ടിച്ച കോളിളക്കം സംവാദവിഷയമായി തുടരുകയാണ്. എത്ര പഠിക്കപ്പെട്ടിട്ടും എത്ര വ്യാഖ്യാനിച്ചിട്ടും ആശാന്റെ കൃതികളിലെ നിഗൂഢസൗന്ദര്യം പിന്നെയും പിന്നെയും പറയപ്പെടാതെ ബാക്കിയാവുന്ന വിസ്മയത്തിന് കാലം സാക്ഷിയാവുന്നു. ആശാൻകൃതികളിലൂടെ ഒരിക്കൽക്കൂടി കടന്നുപോകാൻ ഈ പ്രഭാഷണനിയോഗം നിമിത്തമായി എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനകാര്യം. പണ്ടു പഠിച്ചതും പഠിപ്പിച്ചതുമായ കാവ്യങ്ങൾ, അതിലെ ഈരടികൾ, സന്ദർഭങ്ങൾ എല്ലാം അയവിറക്കാൻ ഒരവസരം കിട്ടി. പഴയ പുസ്തകങ്ങൾ പൊടിതട്ടിയെടുത്തു.
ആശാൻ ജന്മശാതാബ്ദിയോടനുബന്ധിച്ച് 1974ൽ എം ഗോവിന്ദൻ എഡിറ്റു ചെയ്തിറക്കിയ പോയട്രി ആൻറ് റിനായ്സാൻസിന്റെ പുതിയ പതിപ്പ് എന്റെ ഷെൽഫിൽ വാങ്ങിവെച്ചത് ഞാനെടുത്തു മറിച്ചുനോക്കി. എന്തൊരു ഗംഭീരമായ പുസ്തകം! ഈ മദിരാശിയിൽനിന്നാണ് ഗോവിന്ദൻ ആ പുസ്തകം ആദ്യമിറക്കിയത്. 77B ഹാരിസ് റോഡിലെ പ്രസിദ്ധമായ സമീക്ഷയാണ് അതു പ്രസിദ്ധീകരിച്ചത്. ലോകകവിതയുടേയും ഭാരതീയകവിതയുടെയും പശ്ചാത്തലത്തിൽ നവോത്ഥാനത്തേയും അതിൽ കുമാരനാശാന്റെ സംഭാവനകളേയും വിലയിരുത്തുന്ന ഇത്രമേൽ സമഗ്രമായ ഒരു പുസ്തകം മുമ്പുണ്ടായിട്ടില്ല. ആ പുസ്തകത്തിൽ ആശാൻകവിതാപഠനങ്ങളും ഇംഗ്ലീഷ് പരിഭാഷകളും ഉൾക്കൊള്ളുന്ന മൂന്നാംഭാഗത്തിന് ഗോവിന്ദൻ എഴുതിയ ആമുഖം ആ മഹാകവിയുടെ ജീവിതസാരസർവ്വസ്വം സംഗ്രഹിച്ച ഒരു കുറിപ്പാണ്. ആറ്റിക്കുറുക്കിയ ആ വരികൾ നീട്ടിപ്പരത്തുകമാത്രമാണ് പലകാലങ്ങളിലായി നമ്മുടെ നിരൂപകർ ചെയ്തിട്ടുള്ളത് എന്നു പറയാം. അത്രക്കു കാതലാണ് ആ അവതാരിക.
മൂന്നു കാര്യങ്ങളാണ് ഇതിൽ:
ഒന്ന് : ആശാൻ എഴുത്തച്ഛന്റെ തുടർച്ചയാണ് എന്ന നിരീക്ഷണം.
രണ്ട് : സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രാവബോധം.
മൂന്ന് : ദേശീയസ്വത്വത്തേക്കാൾ മാനവികസ്വത്വത്തിലുള്ള അഭിമാനം.
അരനൂറ്റാണ്ടിനുശേഷം ആശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തിൽ ഈ പുസ്തകം തുറക്കുമ്പോഴും 74ൽ ഗോവിന്ദനെഴുതിയ ഈ കുറിപ്പ് പൂർവാധികം സാരവത്തായി അനുഭവപ്പെടുന്നു എന്നതാണ് അത്ഭുതം. ലോകരാഷ്ട്രീയഗതിയിലും ദേശീയസ്ഥിതിയിലും വലതുപക്ഷവ്യതിയാനത്തിന് ആക്കം കൂടിയ പുതിയ സാഹചര്യംതന്നെയായിരിക്കാം അതിനു ഒരു കാരണം.
കാലവും ചരിത്രസന്ദർഭവുമാണല്ലോ കൃതികളെ പ്രസക്തമാക്കുന്നത്. കവിത്രയങ്ങളിൽ പിൽക്കാലത്ത് ഏറ്റവുമധികം പഠിക്കപ്പെട്ടതും ഉദ്ധരിക്കപ്പെട്ടതും കുമാരനാശാനെയാണ് എന്നത് തർക്കമറ്റ വസ്തുതയാണ്. ആശാൻ എന്ന കവിയുടെ ജന്മശാതാബ്ദി മാത്രമല്ല ആശാന്റെ ഓരോ കൃതികളുടെ ജന്മശാതാബ്ദിയും മലയാളം കൊണ്ടാടുകയുണ്ടായി. 2009ൽ വീണപൂവ്. 2019ൽ ചിന്താവിഷ്ടയായ സീത. 2022ൽ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. ഇനി 23ൽ കരുണ. വള്ളത്തോളിന്റേയോ ഉള്ളൂരിന്റേയോ ഏതെങ്കിലും കൃതികൾക്ക് ഇത്തരത്തിൽ വ്യാപകമായ ജന്മശതാബ്ദിയാഘോഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. 2019 ലെ സാംസ്കാരികകേരളം സീതാപ്രഭാഷണങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. ശബരിമല സ്ത്രീപ്രവേശനവിധിയും അതിനെത്തുടർന്നുണ്ടായ കോലാഹലങ്ങളുമാണ് അന്ന് സീതാകാവ്യത്തിന് പണ്ടില്ലാത്ത ഒരു സാന്ദർഭിക പ്രസക്തി ഉണ്ടാക്കിയത് എന്നു നമുക്കറിയാം. ലിംഗഭേദമില്ലാതെ മനുഷ്യാവകാശത്തിനായുള്ള ഒരു സമൂഹത്തിന്റെ ചെറുത്തുനിൽപ്പിൽ സീതാകാവ്യവും ഒരായുധമായിത്തീരുകയായിരുന്നു. തെരുവുമൂലകളെപ്പോലും കാവ്യപാഠശാലകളാക്കിമാറ്റിയ കാലമായിരുന്നു അത്. ചരിത്രസന്ദർഭങ്ങൾ പാഠങ്ങൾക്ക് പുനർജന്മം നൽകുന്നതിന് മികച്ച ഉദാഹരണമാണിത്.
മലബാർ കലാപസ്മരണകളുടേയും ജാതി-ന്യൂനപക്ഷവേട്ടയുടേയും പശ്ചാത്തലത്തിലാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഇന്നു ചർച്ചയാവുന്നത്. തങ്ങളുടെ നിലപാടുകൾക്കൊത്ത് ദുരവസ്ഥയിൽ മുസ്ലീംവിരുദ്ധതക്കോ സവർണ്ണഹിന്ദുണവിരുദ്ധതക്കോ മേൽക്കൈ കല്പിച്ച് തർക്കം തുടരുന്നു. രണ്ടുദിവസം മുമ്പ് ഇറങ്ങിയ ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുതിയൊരു വീക്ഷണംകൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. “കുമാരനാശാന്റെ ദുരവസ്ഥയിലെ ക്രൂരമുഹമ്മദീയന്റെ ആദിരൂപം ദുഷ്ടമുഹമ്മദീയരായി കാരക്കോട്ടൈ വടിവേലു ചെട്ടിയാർ തമിഴിൽ 10.10.1921ൽ എഴുതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ‘മലയാള ദേശമാപ്പിളമാർ ആയിരം പേർ മരണമടഞ്ഞ കള്ളിക്കോട്ടൈ കലഹച്ചിന്ത്’ എന്ന കാവ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നു.” വി.മുസഫർ അഹമ്മദ് എഴുതിയ ഈ ലേഖനത്തിൽ (കുമാരനാശാന്റെ ദുരവസ്ഥയും കള്ളിക്കോട്ടൈ കലഹച്ചിന്തും) ആശാൻ കലഹച്ചിന്തിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കാം എന്ന് ഊഹിക്കുകയും, ‘കലാപത്തിന്റെ ബ്രിട്ടിഷ് വിരുദ്ധത കണക്കിലെടുക്കാത്ത വടിവേലുച്ചെട്ടിയാരുടെ അതേ കോളനി ഏജൻസി നില തന്നെയാവുമോ കുമാരനാശാനും പങ്കുവെക്കുകയും പ്രായോഗികവത്കരിക്കുകയും ചെയ്തത്’ എന്ന് സന്ദേഹിക്കുകയും ചെയ്യുന്നു.
തീർച്ചയായും കോൺടെക്സ്റ്റുകളാണ് ടെക്സ്റ്റുകൾ എഴുതുന്നത്. ഭിന്നപാരായണക്ഷമതയില്ലാത്ത ഒരു ശാശ്വതപാഠവും നിലനിൽക്കുന്നില്ല. എന്നാൽ നമ്മൾ നമ്മുടെ കൺമുന്നിലും കാൽച്ചുവട്ടിലുമുള്ള ചെറിയവൃത്തത്തിലേക്ക് കോൺടെക്സ്റ്റുകളെ ഒതുക്കിക്കളയുമ്പോൾ അത് ടെക്സ്റ്റുകളെയും ചെറുതാക്കുന്നു എന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. അതായത്, ഇങ്ങനെ അപ്പപ്പോഴത്തെ രാഷ്ട്രീയശരികളെ ആസ്പദമാക്കി കൃതികളുടെ മൂല്യം വിലയിരുത്തുന്ന രീതി പാഠങ്ങളെ താത്കാലിക സാംഗത്യം മാത്രമുള്ളവ ആക്കിത്തീർക്കുന്നു.
2023ൽ ഇരുന്നുകൊണ്ട് ആശാൻകൃതികൾ വായിക്കുമ്പോൾ കുറച്ചുകൂടി വലിയ കോൺടെക്സ്റ്റ് നമ്മുടെ ഉള്ളിലുണ്ടാവേണ്ടതല്ലേ? മഹാമാരിയുടേയും കാലാവസ്ഥാവ്യതിയാനത്തിന്റേയും പ്രകൃതിദുരന്തങ്ങളുടേയും അനിശ്ചിതത്വത്തിലൂടെ കടന്നുപോയ ഇക്കാലത്തിരുന്ന് ആശാനെ വായിക്കുമ്പോൾ പണ്ടു വായിച്ചതിൽനിന്നു വ്യത്യസ്തമായി എന്താണ് ആ കൃതികളിൽ അനുഭവപ്പെടുന്നത്? അന്നു പരീക്ഷക്കു ചോദിച്ച ചോദ്യങ്ങളും അതിനെഴുതിയ ഉത്തരങ്ങളും തന്നെയാണോ ഇന്നും ചോദിക്കാനും പറയാനും ഉള്ളത്? കാലവും ജീവിതാനുഭവങ്ങളും നമ്മൾക്ക് നൽകുന്ന ഉൾക്കാഴ്ചകൾക്കനുസരിച്ച് കൃതിയുടെ രസനീയതയിലും മാറ്റം സംഭവിച്ചിട്ടില്ലേ? ഹാ പുഷ്പമേ എന്ന ശ്ലോകത്തിന് പണ്ടില്ലാത്ത ഒരു മുഴക്കം ഇന്നു തോന്നുന്നില്ലേ? ആ വീഴ്ചക്ക് മുമ്പില്ലാത്ത ആഘാതം അനുഭവപ്പെടുന്നില്ലേ?
വിരിഞ്ഞ പൂവിനെയല്ല വീണ പൂവിനെയാണ് കവി കണ്ടത്. വാഴുന്നവരുടെ കൂടെയല്ല വീഴുന്നവരുടെ കൂടെയായിരുന്നുവല്ലോ കവി. വാഴ്(ച)വ്, കിനാവ് ആണെങ്കിൽ വീഴ്ചയാണ് സത്യം. അതുതന്നെയാണ് സൗന്ദര്യവും. വീണ കായിൽ ന്യൂട്ടൻ കണ്ടത് ഒരു ശാസ്ത്രസത്യം. വീണ പൂവിൽ ആശാൻ കണ്ടത് ഒരു ജീവിതദർശനം. സത്യവും സൗന്ദര്യവും പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മളത് കാണുന്നുണ്ടോ എന്നാണ് ചോദ്യം. ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കും. നമുക്കു മിഴിയുണ്ടോ, അതു മിഴിക്കുന്നുണ്ടോ എന്നാണ് സ്വയം ചോദിക്കേണ്ടത്.
ഒരർത്ഥത്തിൽ വീഴ്ചയുടെ കഥയാണ് ആശാന്റെ എല്ലാ കൃതികളും. വീണപൂവിൽ അതു പൂ തന്നെ. നളിനിയിൽ ചായുന്ന സൂര്യനുനേരെ താമരയെന്നപോലെ നളിനി. ലീലയിൽ മദനനോടൊപ്പം രേവാനദിയിലേക്ക് ചമ്പകം ചൂടിയ ലീല. ചിന്താവിഷ്ടയായ സീതയിൽ ഭൂമി പിളർന്ന് സീത. കരുണയിൽ നഭസ്സെയുമ്മ വെക്കുന്ന വെൺമാളികയിൽനിന്ന് ചുടുകാട്ടിലേക്ക് വാസവദത്ത. ദുരവസ്ഥയിൽ കൊട്ടാരക്കെട്ടിൽനിന്ന് പുല്ലുമാടത്തിലേക്ക് സാവിത്രി.
“വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
കുണ്ടിൽ പതിച്ചു നീ കഷ്ടമോർത്താൽ!
ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
യിന്നതിന്നാർക്കേ വരുവെന്നില്ല.”
വീണപൂവ് ഒരു കവിതയുടെ ശീർഷകം മാത്രമല്ല, ആശാന്റെ രചനാസഞ്ചയത്തിന് പൊതുവായി നൽകാവുന്ന ശീർഷകം കൂടിയാണ് എന്നു ചുരുക്കം.
വീഴുന്നത് എത്ര ഉയരത്തിൽനിന്നോ അത്രക്ക് ആഘാതത്തിന് ശക്തി കൂടുകയും ചെയ്യുന്നു. ഉയരത്തിൽ ഇരിക്കുന്നതിന് സ്ഥാനികോർജ്ജം ഉണ്ട് എന്നത് ഒരു ശാസ്ത്രതത്വവുമാണ്. അണക്കെട്ടിലെ വെള്ളത്തിന് സ്ഥാനികോർജ്ജമുണ്ട്. വെള്ളച്ചാട്ടത്തിന്റെ പതനശക്തിയിൽനിന്ന് വൈദ്യുതി ഉണ്ടാകുന്നതുപോലെ ഈ നായികമാരുടെ വീഴ്ചയിൽനിന്ന് ആശാൻ സൃഷ്ടിച്ച ദാർശനികോർജ്ജം മഗാവാട്ടുകളാണ്.
ഈ വീഴ്ചകൾ ദശാന്തരമാണ്, അവസ്ഥാഭേദങ്ങളാണ്. ഇതു കാണിച്ച് മനുഷ്യജീവിതത്തിന്റെ നശ്വരതയും ഭോഗങ്ങളുടെ നിഷ്ഫലതയും സ്പഷ്ടമാക്കുകയായിരുന്നു ആശാൻ. ഇന്ന് അവസ്ഥാഭേദങ്ങൾക്ക് മറ്റൊരു മാനം കൈവന്നിരിക്കുന്നു. കാലാവസ്ഥാഭേദങ്ങളാണ് ഇന്നു ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെടുത്തുന്ന പ്രകൃതിപ്രതിഭാസം. രണ്ടു പ്രളയകാലങ്ങളും മഹാമാരിയും മലയാളികളെ പലതും പഠിപ്പിച്ചു. ഒന്നിന്നുമില്ല നില ഉന്നതമായ കുന്നുമെന്നല്ല ആഴിയുമൊരിക്കൽ നശിക്കും എന്നത് പരോക്ഷമായ കാവ്യാനുഭവമായിട്ടല്ല പ്രത്യക്ഷമായ ഇന്ദ്രിയാനുഭവമായിട്ടുതന്നെ നമ്മൾക്കു ബോധ്യപ്പെട്ടു.
ആശാന്റെ കാലത്ത് ഭൂപ്രകൃതിക്ക് സ്ഥിരതയും മനുഷ്യപ്രകൃതിക്ക് അസ്ഥിരതയും ആയിരുന്നു.
“അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും”
ഋതുക്കൾ സമയനിഷ്ഠപാലിച്ചു വന്നും പോയും കൊണ്ടിരുന്നു. എന്നാൽ മനുഷ്യപ്രകൃതിയാണ് അനിശ്ചിതം:
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാർക്കുമേ”
ഇന്ന് പുതിയ പ്രകൃതിപാഠത്തിന്റെ പശ്ചാത്തലത്തിൽ ആശാനെ വായിക്കുമ്പോൾ ആ ദുരന്തദർശനത്തിന് കാലം കൊടുക്കുന്ന ഒരധികമാനം അനുഭവപ്പെട്ടേക്കാം. കഴിഞ്ഞ മാസത്തിൽ പട്ടാമ്പിയിലെ കവിതാകാർണിവലിൽ നടന്ന ആശാൻ കാവ്യപാഠശാലയിൽ കവി വീരാൻകുട്ടി വീണപൂവിന് ഒരു കോവിഡാനന്തര വായന അവതരിപ്പിച്ചത് ഈ സന്ദർഭത്തിൽ ഓർമ്മവരുന്നു. രോഗബാധിതനായി പാലക്കാട്ട് ചികിത്സയിൽ കഴിയുന്ന ഗുരുവിനെ ശുശ്രൂഷിച്ചു താമസിക്കുന്ന കാലത്താണല്ലോ ആശാൻ വീണപൂവ് രചിക്കുന്നത്. അന്നത്തെ പശ്ചാത്തലത്തിലും ഒരു പാൻഡെമിക് ഉണ്ട്. വീണപൂവിന് മുമ്പ് എഴുതപ്പെട്ട വി സി ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപത്തിൽ ‘നാട്ടാരെല്ലാം വിഷൂചീലഹളയിൽ ഉതിരും കാലം’ എന്നു വിവരിക്കുന്നു. ആ ഉതിരുംകാലത്തുതന്നെയാണ് ആശാന്റെ പൂവും ഉതിർന്നുവീഴുന്നത്. കോവിഡുകാലത്ത് ചരമശുശ്രൂഷപോലും ചെയ്യാനാവാതെ മറചെയ്യപ്പെടേണ്ടിവന്ന മൃതദേഹങ്ങളുടെ പ്രതീകാത്മകമായ പ്രാതിനിധ്യം കൂടി വീണപൂവിന്റെ സമീപകാലവായനയിൽ അനുഭവപ്പെട്ടു എന്ന് വീരാൻകുട്ടി പറയുകയുണ്ടായി.
പകർച്ചവ്യാധികളുടെ പശ്ചാത്തലം ആശാന്റെ ജീവിതത്തിലുടനീളം കാണാം. ബാംഗ്ലൂരിലെ സംസ്കൃതപഠനവും കൊൽക്കത്തയിലെ ഉപരിപഠനവും ആശാന് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നത് പകർച്ചവ്യാധി കാരണമായിരുന്നു എന്ന് പി കെ ബാലകൃഷ്ണൻ എഴുതിയിട്ടുണ്ട്. ആശാന്റെ അമ്മ മരണപ്പെടുന്നത് വസൂരി ബാധയെത്തുടർന്നാണ്. 1898-1900 വിഷൂചികയുടെ മൂർധന്യകാലവുമായിരുന്നു. ആശാന്റെ രക്ഷാകർത്താവും സഹപ്രവർത്തകനുമായിരുന്ന ഡോ.പല്പു ബാംഗളൂരിൽ പ്ലേഗ് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശസ്തനായ വൈറോളജിസ്റ്റ് ആയിരുന്നല്ലോ. Love in the time of Cholera എന്ന മാർകേസ് കൃതിയുടെ ടൈറ്റിലിനെ ഓർമ്മിപ്പിക്കുംവിധം കോളറാക്കാലത്തെ പ്രണയകഥകളാണ് ആശാൻ എഴുതിയിരുന്നത്. മരണത്തിൽ കലാശിക്കുന്ന പ്രണയങ്ങൾ. “തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ” എന്ന വരികൾ പാൻഡമിക് കാലത്ത് മറ്റൊരർത്ഥത്തിൽ പ്രസക്തമായത് കൗതുകകരമാണ്. ജാതിയും ഒരു നടപ്പുദീനമായിരുന്നു. ആശാന്റെ നായികാനായകന്മാർ സാമൂഹിക അകലം പാലിക്കുന്നവരാണ്. പരസ്പരം തൊടുന്നതോടെ അവർ മരണത്തിലേക്കു കൂപ്പുകുത്തുന്നു! മൃതിയിലേക്കു നയിക്കുന്ന രതിയാണ് നമ്മൾ കാണുന്നത്. മാർകേസിന്റെ നോവലിലെ കോളറ കാമാസക്തിയുടെ സൂചകമാണെന്ന് പഠനങ്ങളുണ്ട്.
മരണം നിഴൽപോലെ കൂടെയുണ്ടായിരുന്ന രോഗാതുരമായ ഒരു കാലത്ത് സ്വാഭാവികമായും ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നു. ‘ശ്രീ ഭൂവിലസ്ഥിരയാണ്’ എന്നെഴുതുന്നത് മനുഷ്യർ വിഷൂചികാലഹളയിൽ ഉതിരുംകാലത്ത് ആണ്.
ജാതിവ്യാധിയുടെ പിടിയിലമർന്ന ഒരു സമൂഹത്തിൽ സ്നേഹത്തിനോ സമഭാവനക്കോ ജീവിക്കാനാവാതെ വരുന്നു. സർഗ്ഗാത്മകത അസാധ്യമാകുന്നു. അർഹതയുണ്ടായിട്ടും കീഴ്ജാതിയായതുകൊണ്ടുമാത്രം വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഡോ.പൽപ്പുവിനെപ്പോലുള്ളവർ നാടുവിടുകയാണ് ഉണ്ടായത്. ആശാനും നാടുവിടേണ്ടിവന്നു. തന്റെ ഭാവനയ്ക്ക് പശ്ചാത്തലമാകാൻ പോലും ജന്മനാടിന് അർഹതയുള്ളതായി അദ്ദേഹത്തിന് തോന്നിയിരിക്കില്ല. അതുകൊണ്ടാണോ ആശാൻ തന്റെ കഥാപാത്രങ്ങളെയും നാടുകടത്തിയത്? ദുരവസ്ഥയൊഴിച്ച് മറ്റു കാവ്യങ്ങളിലെ കഥയെല്ലാം നടക്കുന്നത് മറുനാട്ടിലാണ്. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ. പ്രധാനപ്പെട്ട ഈ കൃതികളുടെയെല്ലാം രംഗഭൂമി ഉത്തരഭാരതമാണ്. ഇതിഹാസപാത്രമായതുകൊണ്ട് സീതക്ക് ഒരു നിശ്ചിതഭൂമിക പറയാനാവില്ല. എന്നാലും സംസ്കാരത്തിലെ ആര്യാധിപത്യത്തെ ചെറുത്തുതോല്പിക്കുന്ന സ്ത്രൈണമായ ദ്രാവിഡശക്തി ആ കാവ്യത്തിനു ഭൂമികയായുണ്ട്.
സ്ഥലകാലസൂചനകൾ നൽകിക്കൊണ്ടുള്ള കഥാരംഭം ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങളിലൊന്നാണല്ലോ.
നല്ല ഹൈമവതഭൂവിൽ ഏറെയായ് കൊല്ലം.. എന്നു നളിനിയിലും (ഹിമാലയം-വിഭാതം)
ഉദയപുരമതിന്നുപാന്തമായ്
വിദിതമഹീധരസാനുഭൂമിയിൽ
സദനസുമവനത്തിലൊന്നിൽ
ഉന്മദമരുളും മധുമാസരാത്രിയിൽ.. എന്നു ലീലയിലും (ഉദയപുരം-രാത്രി)
സുതർമാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയിൽ… എന്നു സീതയിലും (ഉടജാന്തവാടി-സന്ധ്യ)
പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻപുകൾ
കൊണ്ട ശ്രാവസ്തിക്കടുത്തൊരൂരിൽ
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ.. എന്നു ചണ്ഡാലഭിക്ഷുകിയിലും (ശ്രാവസ്തി-ഉച്ച)
അനുപമകൃപാനിധി അഖിലബാന്ധവൻ ശാക്യ
ജിനദേവൻ ധർമ്മരശ്മി ചൊരിയും നാളിൽ
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വസ്തൃതരാജവീഥിതൻ കിഴക്കരികിൽ.. എന്നു കരുണയിലും (ഉത്തരമധുരാപുരി-പകൽ).
ദുരവസ്ഥയിൽ മാത്രമാണ് കഥ കേരളത്തിൽ നടക്കുന്നത്:
“മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി
വമ്പാർന്നനാചാരമണ്ഡലഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ
കേരളജില്ലയിൽ കേദാരവും കാടും
ഊരും മലകളുമാർന്ന ദിക്കിൽ…”
ഇവിടെ കാലം നിശ്ചലമാണ്. ഇത് നമ്പൂരാർ വാണരുളുന്ന നാടാണ്. മറ്റുള്ളവർക്ക് പ്രവേശനം നിഷേധിക്കുമാറ് സ്മൃതികളാൽ കോട്ട കെട്ടിയ ഇടമാണ്. മറ്റു കഥകളെല്ലാം നടക്കുന്നത് നന്മയും ശാന്തിയും കളിയാടുന്ന പുകൾപെറ്റ ഇടങ്ങളിലാണ്. ദുരവസ്ഥ ജന്മനാടായ കേരളത്തിലാണ് സംഭവിക്കുന്നത്. നാടിന്റെ ദുരവസ്ഥയാണിത്. (ഇത് നായികയുടെ ദുരവസ്ഥയാണെന്ന് വ്യാഖ്യാനിച്ച് ഒരു വേദിയിൽ പ്രസംഗിച്ചതിന് സദസ്യരുടെ കൈയ്യടി - കൈ കൊണ്ടുള്ള അടി - കിട്ടാതെ കഷ്ടിച്ചു രക്ഷപ്പെട്ട ഒരു റിട്ടയേഡ് പ്രൊഫസറെ എനിക്കറിയാം.)
ആശാൻ, വള്ളത്തോളിനെപ്പോലെ ഒരു ദേശാഭിമാനിയായിരുന്നില്ല. ജാതിസ്പർദ്ധകൊണ്ട് ഇത്രക്കു കെട്ടുപോയ ഒരു ദേശത്തെച്ചൊല്ലി എങ്ങനെ അഭിമാനിക്കും? കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര എന്നു വള്ളത്തോളിനു പറയാം. പക്ഷെ ആശാന് അതു പറയാനാവില്ല. ഇതാണ് ഗോവിന്ദൻ പോയട്രി ആൻഡ് റിനായ്സൻസിൽ എഴുതിയ അവതാരികക്കുറിപ്പിന്റെ മുഴക്കം. “Identity problem, for him, was not so national as it was human”.
അസാധാരണമായ തന്റെ പ്രണയനാടകങ്ങൾക്ക് രംഗഭൂമിയാകാൻ യോഗ്യതയില്ലാത്ത നാട്ടിൽനിന്ന് തന്റെ ഭാവനയെ സ്വയം നാടുകടത്തുകയായിരുന്നു അദ്ദേഹം എന്നു പറയാം. മോറൽ പോലീസ് അന്നേയുണ്ട് കേരളത്തിൽ. കാമുകനെ അന്വേഷിച്ച് വീടു വിട്ടു പോകുന്ന ഒരു സ്ത്രീയെ, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ, കേരളത്തിലെ ഒരു നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചാൽ എന്തായിരിക്കും ഫലം? സദാചാരഗുണ്ടകൾ വെറുതെ വിടുമോ? പിൽക്കാലത്തുപോലും (1944) സദാചാരക്കുറ്റം ചുമത്തി ബഷീറിന്റെ പ്രേമലേഖനം നിരോധിച്ച നാടാണ് കേരളം. എന്തിന്, നാലുവർഷം മുമ്പാണ് ഒരെഴുത്തുകാരന് തന്റെ നോവൽ ആഴ്ചപ്പതിപ്പിൽനിന്ന് പിൻവലിക്കേണ്ടിവന്നത്. സദാചാരക്കുറ്റംതന്നെയായിരന്നു അതിലും ചാർത്തപ്പെട്ടത്. പുസ്തകം നിരോധിക്കണമെന്ന് ജാതിസംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അതു ശരിവച്ചില്ല.
ഒരു നൂറ്റാണ്ടുമുമ്പ് അങ്ങനെയൊരു ജാതികേരളത്തിന്റെ മുഖത്തടിച്ച കൃതിയായിരുന്നു ദുരവസ്ഥ. അത് ആശാന്റെ ഒരു സാമൂഹിക ഇടപെടലായിരുന്നു. സൗന്ദര്യാത്മക ഇടപെടലായിരുന്നില്ല. വിലക്ഷണരചനയെന്ന് ആശാൻ തന്നെയും വിശേഷിപ്പിച്ചതാണ്. പച്ചക്കു പറഞ്ഞാൽ മനുഷ്യർക്കു പിടിക്കില്ല എന്നു നല്ലപോലെ അറിയാവുന്ന കവിയായിരുന്നു ആശാൻ. ദുരവസ്ഥയുടെ ആമുഖത്തിൽ അതു വെളിവാക്കുന്നുണ്ട്. “വർത്തമാനകാലത്തും വായനക്കാരുടെ മുമ്പിലും നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി രചിക്കുന്ന കഥാകാവ്യങ്ങളിൽ സാരസ്യം വരുത്താൻ പ്രയാസമാണെന്നു പറയേണ്ടതില്ലല്ലോ. ഭൂതകാലവും പരോക്ഷതയുമാണ് കവിതാചിത്രനിർമ്മാണത്തിനു പറ്റിയതായി പണ്ടുപണ്ടേ അറിയപ്പെടുന്നതും സ്പൃഹണീയവുമായ ഭിത്തികൾ.”
അപ്പോൾ ദുരവസ്ഥയുടെ ദൗത്യം ഒരു പ്രഹരമായിരുന്നു. അനുനയത്തിനും സമന്വയത്തിനും പലനാൾ ക്ഷമിച്ച് സഹികെട്ട ഒരു സാത്വികൻ നിവൃത്തികെട്ട് ചെയ്തുപോയ ഒരപകൃത്യം പോലെ. ദുരവസ്ഥയിലെ കഥ കാവ്യയുക്തിക്കോ ലോകയുക്തിക്കോ നിരക്കുന്നതല്ല എന്ന വിമർശനം അക്കാലത്തേ ഉയർന്നിരുന്നു. ആശാന്റെ ഏറ്റവും മികച്ച പഠിതാവായിരുന്ന പി.കെ.ബാലകൃഷ്ണൻ അതിനിശിതമായിത്തന്നെ ദുരവസ്ഥാഖണ്ഡനം എഴുതിയിട്ടുണ്ട്. “കാവ്യമെന്ന നിലയിലും സാമൂഹ്യവിപ്ലവ പ്രബന്ധമെന്ന നിലയിലും ഒരുപോലെ പരാജയമാണ് ഈ കൃതി. കുമാരനാശാന് ഏർപ്പെട്ട ഈ രണ്ടു പരാജയങ്ങൾ ‘ഞാൻ വലുത് - ഞാൻ വലുത്’ എന്നു പറഞ്ഞു മത്സരിക്കുന്ന ഒരു പ്രദർശനവേദിയാണ് ദുരവസ്ഥ.”
നൂറുവർഷം കഴിഞ്ഞിട്ടും ആ കൃതിയിലെ ഉള്ളടക്കം നമ്മൾ ചർച്ച ചെയ്യുകയും വരികൾ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെയർത്ഥം നമ്മുടെ നാട്ടിൽനിന്ന് ആ ദുരവസ്ഥ നീങ്ങിയിട്ടില്ല എന്നുതന്നെയല്ലേ?
“കാലം വൈകിപ്പോയി!, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി.
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്ക്കാ.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം, അല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താന്‍
മാറ്റൊലിക്കൊണ്ടീമൊഴിതന്നെ സര്‍വ്വദാ
കാറ്റിരമ്പുന്നിന്നു കേരളത്തില്‍
നാലുപാടുംനിന്നതുതന്നെ ചൊല്ലുന്നു
കാലവും, നിങ്ങളിന്നൂന്നിനില്ക്കും
കാലിന്നടിയിലുമസ്സ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴങ്ങിടുന്നു.”
അന്നെന്നപോലെ ഇന്നും മുഴങ്ങുന്നു ഈ വരികൾ! കൃതിയേയും അതിലെ ഉള്ളടക്കത്തേയും അവലംബിക്കാതെ, അതെല്ലാം കാലംകൊണ്ട് നഷ്ടപ്പെട്ടാലും, അതിജീവിക്കുന്ന ആഹ്വാനമാണ് ഈ വരികൾ. ആവർത്തിക്കുന്ന ചരിത്രസന്ദർഭങ്ങൾ ഈ വരികൾക്ക് നിത്യപ്രസക്തി നൽകിക്കൊണ്ടിരിക്കുന്നു.
സ്വന്തം ദേശവും സമകാലവും കഥാപശ്ചാത്തലമായി സ്വീകരിച്ച ഏക ആശാൻകൃതിയാണ് ദുരവസ്ഥ. ഇത് ഒരപവാദമാണ്. സാമാന്യമായി, സ്വദേശമല്ല, അന്യദേശമാണ് ആശാന്റെ കാവ്യകഥാരംഗവേദികൾ. കഥയും കഥാപാത്രങ്ങളും നാടു വിട്ടുപോവുകയാണ്. അതിർത്തികളെ ആശാൻ പരിഗണിക്കുന്നതേയില്ല. അതിർത്തികളാൽ വലയിതമായ ഒരു ദേശത്തെച്ചൊല്ലി അഭിമാനിക്കുന്നുമില്ല. അതിർത്തി എന്നാൽ രാജ്യാതിർത്തി എന്നു മാത്രമല്ല അർത്ഥമാക്കുന്നത്. സമൂഹത്തിലെ അധികാരശ്രേണി സവർണതാത്പര്യത്തിനായി സൃഷ്ടിച്ച ആചാരാതിർത്തികൾ കൂടിയാണ്. മനുഷ്യബന്ധങ്ങളിൽ ശരീരങ്ങൾക്ക്പോലും അതിർത്തി കല്പിക്കപ്പെട്ട നാട്ടിലാണ് ആശാൻ ജീവിച്ചത്. അയിത്താചരണമാണ് ആ അതിർത്തി. വഴി നടക്കാൻ പോലും അവകാശമില്ലാത്ത വിധത്തിൽ അവർണ്ണനെ അതിർത്തിക്കപ്പുറത്തേക്ക് മാറ്റിനിർത്തിയിരുന്ന വ്യവസ്ഥ. അതിനെ അതിലംഘിക്കുവാൻകൂടിയാണ് ആശാന്റെ ഭാവന അതിരുകടന്നു പോയത്.
വിട്ടുപോവുക എന്നതും വീഴ്ച പോലെ ആശാന്റെ ഒരു പ്രിയപ്പെട്ട പ്രമേയമായിരുന്നു എന്നു കാണാം. പൂവ് ഞെട്ടിയിൽനിന്ന് അറ്റുപോവുകയാണ്. നളിനിയും ലീലയും വീട് വിട്ടു പോവുകയാണ്. (വിടാനുള്ളതാണ് വീട്!). വീടു വിട്ട് കാട്ടിലേക്ക്. കാടുവിട്ട് പരലോകത്തേക്ക് എന്നതാണ് അവരുടെ ഗതി. വാസവദത്ത പരലോകം പൂകുന്നതിനുമുമ്പ് ചുടുകാട്ടിലേക്കാണ് പോകുന്നത്. സാവിത്രി നാലുകെട്ടിൽനിന്ന് പുല്ലുമാടത്തിലേക്കാണ് പോകുന്നത്. മാതംഗിയാവട്ടെ പുല്ലുമാടം വിട്ട് ശ്രാവസ്തിയിലെ ബുദ്ധവിഹാരത്തിലേക്ക് പോകുന്നു.
വിട്ടുപോവുക, ഉപേക്ഷിച്ചുപോവുക, ഇറങ്ങിപ്പോവുക എന്നിവയെല്ലാം വലിയ മനഃപരിവർത്തനങ്ങളുടേയും അന്വേഷണത്വരയുടേയും പരിണതഫലങ്ങളാണ്. കൊട്ടാരം വിട്ടിറങ്ങുന്ന സിദ്ധാർത്ഥന്റെ പ്രവൃത്തിയെ മഹാഭിനിഷ്ക്രമണം എന്നാണ് വിശേഷിപ്പിച്ചത്. Doll’s House ലെ നോറ വീടു വിട്ടിറങ്ങുന്നതിനെ The Great Exit എന്നാണ് വിശേഷിപ്പിച്ചത്. (An exit with a bang!) ചരിത്രത്തിലും ഇതിഹാസത്തിലും വലിയ Entry കൾ ഉള്ളതുപോലെ വലിയ Exit കളും ഉണ്ട്.
ആശാനും ചെറുപ്പത്തിലേ വീടു വിട്ടുപോയ ആളാണ്. 14വയസ്സുവരെ മാത്രമേ ആശാന് വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നുള്ളു എന്നാണ് കേട്ടിട്ടുള്ളത്. മാതാപിതാക്കൾ മരിച്ച അവസരത്തിൽപോലും ആശാൻ വീട്ടിലേക്കു പോയിട്ടില്ല. അത് അനാദരവുകൊണ്ടായിരുന്നില്ല. അദ്ദേഹം ആ സമയത്ത് അകലത്തായതുകൊണ്ടാണ്. ബാംഗളൂരിലും ചെന്നൈയിലും കൽക്കത്തയിലും ചിലവഴിച്ച പ്രവാസമാണ് ആശാനെ പുതുക്കിപ്പണിഞ്ഞത്. അതുകഴിഞ്ഞ് ശക്തമായ ഒരു തിരിച്ചുവരവായിരുന്നു അദ്ദേഹത്തിന്റേത്.
എന്നാൽ ആശാന്റെ കഥാപാത്രങ്ങളാരും തിരിച്ചുവരുന്നില്ല. തിരിച്ചുവരാൻവേണ്ടി ഇറങ്ങിത്തിരിച്ചവരല്ല അവരാരും. വീണ പൂവ് തിരിച്ച് ഞെട്ടിയിലേക്ക് പോകാത്തതുപോലെ അസാധ്യവും അലംഘനീയവുമായ ഒരു പ്രകൃതിനിയമമാണ് അത്.
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടു ദുഃഖമിയലാം, വപുസ്സു വേ-
റിട്ട നിൻ സുഖമഹോ കൊതിക്കിലാം.
എന്നാൽ അതിന് മറ്റൊരിടത്ത് പുനർജന്മം ഉണ്ടായേക്കാം:
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാൽ
ഉത്പന്നശോഭം ഉദയാദ്രിയിൽ എത്തിടുംപോൽ
സൽപ്പുഷ്പമേ, ഇവിടെ മാഞ്ഞു സുമേരുവിന്മേൽ
കല്പദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.
അല്ലെങ്കിൽ:
തിടിനീജലബിംബിതാംഗിയായ്
ക്ഷമയെക്കുമ്പിടുവോരു താരപോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാൻ
അമലേ, ദ്യോവിലുയർന്ന ദീപമാം!
പുറപ്പെട്ടത് ഒരിടത്തുനിന്ന് എത്തിയത് മറ്റൊരിടത്ത്. ലീലയിൽ കഥാഗതിയുടെ പരിണാമമോർത്ത് തോഴി മാധവി ഇങ്ങനെ പറയുന്നു:
എവിടമിവിടം? എങ്ങു വാസഭൂ? ഏ-
തിവരുടെ കാംക്ഷിതം? എന്തു സംഭവിച്ചു?
അവിദിതപരിണാമമൊക്കെയോർക്കിൽ
ശിവ!ശിവ സർവ്വമനാഥമീ ജഗത്തിൽ.
മാത്രമല്ല,
ആരും തോഴീ, ഉലകിൽ മറയുന്നില്ല ; മാംസം വെടിഞ്ഞാൽ
തീരുന്നില്ലീ പ്രണയജടിലം ദേഹിതൻ ദേഹബന്ധം.. എന്നു സമാധാനിക്കുന്നുമുണ്ട്.
ഏതായാലും വിട്ട ഇടത്തേക്ക് ആരും തിരിച്ചുവരവില്ല.
മലയാളികൾ പൊതുവേ തിരിച്ചുവരാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നവരാണ്. മടക്കയാത്രക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുത്തശേഷമേ പുറപ്പെടുകയുള്ളു. അങ്ങനെയല്ലാത്ത ഒരു കാലവും ഉണ്ടായിരുന്നു. പട്ടിണികൊണ്ട് പിറന്ന നാടിനെ ശപിച്ച് അന്നം തേടി കേരളം വിട്ടുപോകുന്നവരുടെ ഒരു കാലം. ആസാംപണിക്കാരിൽ വൈലോപ്പിള്ളി ആവിഷ്കരിച്ചത് ആ ഇറങ്ങിപ്പോക്കിന്റെയും അവരുടെ ഗൃഹാതുരതമായ തിരിച്ചുവരവിന്റേയും വേദനകളായിരുന്നു.
ഉദരത്തിൻ പശി കെടുത്താൻ പോയ് ഞങ്ങൾ
ഹൃദയത്തിൻ വിശപ്പടക്കുവാൻ പോന്നു. (ആസാം പണിക്കാർ)
തിരിച്ചാണ് ആശാന്റെ നായികമാരുടെ അവസ്ഥ. അവർ വീടു വിട്ടിറങ്ങിയത് ഹൃദയത്തിന്റെ പശിയടക്കാനാണ്. നളിനിക്കോ ലീലക്കോ മാതംഗിക്കോ വാസവദത്തക്കോ സാവിത്രിക്കോ ഉദരത്തിന്റെ പശി അറിയേണ്ടിവന്നിട്ടില്ല. വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളം അശിച്ചിട്ടുള്ളവരാണ് അവർ. അനുരാഗമാകുന്ന വിശിഷ്ടഭോജ്യം (അത് ഹൃദയത്തിന്റെ വിശപ്പാണ്) അന്വേഷിച്ചാണ് അവർ വീടുവിട്ട് അലയുന്നത്. ആശാൻതന്നെയും വീടും നാടും വിട്ടുപോയത് ഉദരത്തിനുവേണ്ടിയായിരുന്നില്ലല്ലോ. വിജ്ഞാനദാഹമാണ്, ആത്മീയാന്വേഷണങ്ങളാണ്, ആശാനെ ദേശാന്തരങ്ങൾക്ക് പ്രേരിപ്പിച്ചത്.
വീടും നാടും വിട്ടു പോകുന്ന ആശാന്റെ ഈ കഥാപാത്രങ്ങളെല്ലാം നായികമാരാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ‘ഒരുമ്പെട്ടിറങ്ങിയ പെണ്ണു’ങ്ങളാണ് അവരെല്ലാം. ലക്ഷണശാസ്ത്രപ്രകാരം നോക്കിയാൽ അഭിസാരികമാരാണ് അവർ. പുരുഷനെ അന്വേഷിച്ച് സങ്കേതം തേടി പോകുന്നവൾ. എന്നാൽ ആശാന്റെ പുരുഷന്മാർ അവരുടെ ആഗമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരല്ല എന്നതുകൊണ്ട് ഈ നായികമാർ അഭിസാരികകളാവുന്നില്ല. മാംസനിബദ്ധവുമല്ല അവരുടെ രാഗം. നദി സമുദ്രത്തിലേക്ക് എന്നതുപോലെ ഏകമുഖമായ ഒരു ജീവിതപ്രവാഹമാണ് അവരുടേത്. പരമാത്മാവിൽ വിലയം പ്രാപിക്കുന്ന ജീവാത്മാക്കളാണ് അവർ. രാഗം മാംസനിബദ്ധമാണെങ്കിൽ മാത്രമേ സമുദായനിയമങ്ങളെ ഭയപ്പെടേണ്ടതുള്ളു. ആത്മനിബദ്ധമായ രാഗത്തിന് അതു ബാധകമല്ല. ( “പ്രേമവിവശകളായി ജീവിതബന്ധങ്ങളപ്പാടെ ത്യജിച്ച് കാമുകാന്വേഷണത്തിനിറങ്ങി കാമുകദർശനം നടത്തി ജന്മസാക്ഷാത്കാരം അദ്ദേഹത്തിന്റെ നായികമാർ, ആ കവിക്കുണ്ടായിരുന്ന (ഇല്ലാതിരുന്ന) സ്ത്രീഹൃദയവിജ്ഞാനത്തിന്റെ സൃഷ്ടികളേയല്ല. സ്വന്തം ഭക്തഹൃദയത്തിന്റെ വകഭേദം വന്ന ചിത്രങ്ങൾ മാത്രമാണ്”. - പി കെ ബാലകൃഷ്ണൻ, കാവ്യകല കുമാരനാശാനിലൂടെ)
നിർഗുണമായ പരബ്രഹ്മപ്രതീകമായതുകൊണ്ടാകുമോ ആശാന്റെ നായകന്മാർ കർതൃത്വമില്ലാത്ത കേവലമനുഷ്യരൂപങ്ങൾ മാത്രമായിത്തീർന്നത്? ദിവാകരൻ യോഗിയാണ്. മദനൻ ഉന്മാദിയാണ്. ചാത്തൻ വ്യക്തിത്വശൂന്യനാണ്. ഉപഗുപ്തനോ ആനന്ദനോ സ്പഷ്ടമായ രൂപം പോലും ഇല്ല. “ആശാന്റെ നായികമാരെ വരയ്ക്കാൻ ഒരു ചിത്രകാരന് എളുപ്പം സാധിക്കും. എന്നാൽ നായകന്മാരെ വരക്കുക പ്രയാസമാണ്” എന്നു പി.കെ. കാരണം, ആശാനെ സംബന്ധിച്ചിടത്തോളം പുരുഷൻ സ്ത്രീക്കു പശ്ചാത്തലം മാത്രമായിരുന്നു.
വീഴ്ചകളും വേർപാടുകളുമാണ്, അഥവാ ദശാന്തരങ്ങളും ദേശാന്തരങ്ങളുമാണ്, ആശാൻകവിതയുടെ ആഖ്യാനഘടനയെ നിർണ്ണയിക്കുന്നത്. വിധിവിഹിതമാണ് വീഴ്ചകളെങ്കിൽ അത് അപരിഹാര്യമാണ്; വീണപൂവിലെപ്പോലെ പ്രകൃതിനിയമമാണെങ്കിൽ. എന്നാൽ അസന്തുലിതമായ സമുദായനീതിയാണ് കാരണമെങ്കിൽ അത് മാറ്റിയെടുക്കേണ്ടതുമാണ്. ഇതായിരുന്നു ആശാന്റെ നിലപാട് .
ഇന്ന് വീഴ്ച മനുഷ്യപ്രകൃതിയിൽ മാത്രമായി ഒതുങ്ങുന്നില്ല. വിശ്വപ്രകൃതിയിലെ വീഴ്ചകളും വേർപാടുകളും ഭയാനകമായിരിക്കുന്നു. കാലാവസ്ഥാവ്യതിയാനവും വിഭവചൂഷണവും വികസനഭീകരതയും ഭോഗാസക്തിയും സൃഷ്ടിക്കുന്ന വൻവീഴ്ചകൾ. അതുണ്ടാക്കുന്ന പലായനങ്ങൾ. തൻനാടുവിട്ട് അലയുന്ന മനുഷ്യർ. അഭയാർത്ഥിപ്രവാഹം. പ്രത്യക്ഷത്തിൽ ഇതിനൊന്നും ആശാന്റെ കൃതികളുമായി ബന്ധമുണ്ടാവണമെന്നില്ല. എന്നാൽ അനിശ്ചിതവും അസ്വസ്ഥവുമായ നമ്മുടെ കാലത്തിരുന്ന് ഈ കൃതികൾ വായിക്കുമ്പോൾ നശ്വരതയേയും നൈമിഷികതയേയും പറ്റി ആശാനെഴുതിയ വരികൾക്ക് പുതിയൊരു മാനം ലഭിക്കുന്നതായി തോന്നാം എന്നുമാത്രം. കൃതിയിൽ എഴുതിവെച്ചതുമാത്രമല്ല, കാലം വായിച്ചെടുക്കുന്നതുകൂടിയാണല്ലോ കാവ്യം.