അമ്മായിപ്രാന്തത്തിഒരിടത്ത്, എല്ലായ്പോഴും ഉടുത്തൊരുങ്ങിയും അഴിച്ചുമാറ്റിയും വീണ്ടും ഉടുത്തൊരുങ്ങിയും ജീവിച്ച ഉന്മാദിനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നത്രേ! ആളുകൾ അവരെ അമ്മായിപ്രാന്തത്തി എന്നു വിളിച്ചു. കോവിഡ്കാലം നമ്മുടെ രംഗകലാകാരികളിൽ പലരേയും അങ്ങനെയൊരവസ്ഥയിലേക്കു തള്ളിയിട്ടു. 


അടച്ചിരിപ്പുകാലത്തെ നടികൾ. വീടകങ്ങളിൽ അവരുടെ മെയ് പടുതികൾ. അതു ഡോക്യുമെന്റ് ചെയ്യുന്ന ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ. അയാളുടെ യാത്രകൾ, ഒരുക്കങ്ങൾ, സ്നാപ്പുകൾ. ഇതെല്ലാം അയാളെ പിന്തുടർന്ന് ചിത്രീകരിക്കുന്ന ഒരു വിഡിയോഗ്രാഫറുടെ കാഴ്ചകൾ. ദൈർഘ്യം കുറഞ്ഞ അത്തരം കുറേ സീക്വൻസുളുടെ ഒരു കൊളാഷ്. ഘടനയിൽ ഇതാണ് കെ.ജയാനന്ദൻ സംവിധാനം ചെയ്ത അമ്മായിപ്രാന്തത്തി എന്ന സിനിമ.


ക്ലോസ്ഡ് ബോഡി എന്ന കലാപ്രദർശന പദ്ധതിയുടെ ഭാഗമായി ചിത്രീകരിച്ചതാണെങ്കിലും ഒരു ഡോക്യുമെന്ററി എന്ന നിലയിൽ സ്വതന്ത്രമായ നിലനിൽപ്പും ആവിഷ്കാരമേന്മയും ഈ ചലച്ചിത്രത്തിനുണ്ട്. രേഖീയമായ ഒരാഖ്യാനഘടന ഇതിനില്ല. ദൃശ്യങ്ങളുടെയും ചെയ്തികളുടേയും ആവർത്തനങ്ങളിലൂടെ അടച്ചിരിപ്പുകാലത്തിന്റെ അസ്വസ്ഥതയും വൈരസ്യവും അനുഭവിപ്പിക്കും. 

...

FB post - 23/01/23