“അയാളുടെ ദേഹത്തുനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ ആ മലയാളപരിഭാഷയിലൂടെയാണ് ഞാൻ ഷെക്സ്പിയറെക്കുറിച്ച് കേൾക്കുന്നത്. പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്ത ലോകത്തിന്റെ ക്രൂരതെക്കുറിച്ച് മനസ്സിലാക്കുന്നതും അതുവഴിയാണ്.
പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം വായിച്ചുപഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ ഷെക്സ്പിയറുടെ ടെംപെസ്റ്റിന് രംഗാവതരണമൊരുക്കിയപ്പോൾ അതിനായി ചില പാട്ടുകൾ എഴുതി. കാലിബനെ കഥാകേന്ദ്രമാക്കിയുള്ള ഒരു രംഗവ്യാഖ്യാനമായിരുന്നു അത്.
അപ്പോഴൊന്നും ഷെക്സ്പിയറുടെ സോണെറ്റ്സ് എന്റെ വായനാപരിചയത്തിൽ വന്നില്ല. ഏതോ ക്ലാസിൽ ഒരു സോണെറ്റ് പഠിച്ചതായി ഓർക്കുന്നുണ്ടെങ്കിലും അന്നത് ഉൾക്കൊണ്ടിട്ടില്ല. ഇപ്പോൾ സച്ചിമാഷുടെ പരിഭാഷ, ഷെക്സ്പിയറുടെ ഗീതകങ്ങൾ, പ്രകാശനം ചെയ്യാൻ ഇടവന്നപ്പോഴാണ് അത് വീണ്ടും വായിക്കുന്നത്. നൂറ്റി അമ്പത്തിനാലു ഗീതകങ്ങളിൽ പകുതിയോളമേ ഇതിനകം വായിച്ചിട്ടുള്ളു. വായിച്ചേടത്തോളം വെച്ചു പറഞ്ഞാൽ ഇതു ശരിക്കുമൊരു മലയാളപ്പകർച്ചയാണ്. രൂപം കൊണ്ടു മലയാളിയും ഭാവം കൊണ്ട് ആംഗലനും. അയാംബിക് പെന്റാമീറ്ററിൽ എഴുതിയ ഗീതകങ്ങളെല്ലാം മാഷ് കേകാവൃത്തത്തിലാണ് പകർന്നിട്ടുള്ളത്. കോവിഡിന്റെ അടച്ചിരിപ്പുകാലത്തെ വ്യായാമമായിരുന്നു ഇത് എന്നു മാഷ് പറയുന്നു.
കവിതയിലെ വക്താവ് തന്റെ തോഴനോട് പറയുന്ന നിവേദനങ്ങളോ വിചാരങ്ങളോ ഒക്കെയാണ് ഈ ഗീതകങ്ങൾ. യുവാവും സുന്ദരനുമായ തോഴനോട് അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി സന്തത്യുത്പാദനത്തിൽ ഏർപ്പെടാനും അതുവഴി സൗന്ദര്യവും പൗരുഷവും അനശ്വരമാക്കാനും അപേക്ഷിക്കുകയാണ് ആദ്യഗീതങ്ങളിലെ പ്രമേയം. യൗവനം ഭോഗിക്കുവാനുള്ളതാണ്, അതു ചെയ്യാതിരുന്നാൽ ജീവിതം പാഴായിപ്പോകും എന്നുപദേശിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഷെക്സ്പിയർ ആസക്തിയുടെ ഈ ഗീതങ്ങൾ രചിക്കുമ്പോൾ മലയാളത്തിൽ എഴുത്തച്ഛൻ വിരക്തിയുടെ കിളിപ്പാട്ടുകളാണ് രചിച്ചിരുന്നത് എന്നോർക്കുന്നത് കൗതുകമായിരിക്കും. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമാണ് എന്ന് നമ്മുടെ എഴുത്തച്ഛൻ ഉപദേശിക്കുമ്പോൾ അതനുഷ്ഠിച്ച് അനശ്വരത കൈവരിക്കാനാണ് ആംഗലത്തെ എഴുത്തച്ഛൻ ആഹ്വാനം ചെയ്യുന്നത്.