അല്‍ബേര്‍ കമ്യു
ഭാഗം 1 പ്രാരംഭം
(വായുസേനയുടെ നിരീക്ഷണപ്പറക്കലിന്റെ സൈറണ്‍ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലസംഗീതം. തിരശ്ശീല ഉയരുമ്പോള്‍ അരങ്ങ് ഇരുട്ടിലാണ്. സാവധാനം സംഗീതം നിലയ്ക്കുന്നു. അപ്പോഴും സൈറണ്‍ തുടരുന്നുണ്ട്. പൊടുന്നനെ അരങ്ങിനു വലതുവശത്ത് മുകളിലായി ഒരു വാല്‍നക്ഷത്രം പ്രത്യക്ഷമായി. അതു പതുക്കെ ആകാശമാര്‍ഗ്ഗം ഇടതുഭാഗത്തേക്ക് നീങ്ങുകയാണ്. അതിന്റെ പ്രകാശത്തില്‍ ഒരു സ്പാനിഷ് നഗരത്തിന്റെ എടുപ്പുകളുടെ രൂപരേഖ തെളിയുന്നു. ഒരു കൂട്ടം ആളുകള്‍ അവിടെ, ആ വാല്‍നക്ഷത്രത്തെ നോക്കിക്കൊണ്ട്, സദസ്സിനു പുറംതിരിഞ്ഞു നില്ക്കുന്നതു കാണാം. ക്ലോക്കില്‍ മണി നാലടിച്ചു. താഴെ കൊടുക്കുന്ന സംഭാഷണം മുറിഞ്ഞും അവ്യക്തമായും ഉയരുന്നു.)
ഇതു ലോകാവസാനമാണ്.
വിഡ്ഢിത്തം പറയാതെ!
ലോകാവസാനമാണെങ്കില്‍…
എന്നാലും സ്പെയിനിന് ഒന്നും സംഭവിക്കില്ല.
സ്പെയിനും അവസാനിക്കും.
എല്ലാരും മുട്ടുകുത്തിക്കോ. കരുണയ്ക്കായി പ്രാര്‍ത്ഥിച്ചോ!
നാശത്തിന്റെ നക്ഷത്രമാണത്.
സ്പെയിനിന്റെ അല്ല. സ്പെയിനിന് നാശമില്ല.!
(ആള്‍ക്കൂട്ടം പതുക്കെ അനങ്ങിത്തുടങ്ങി. രണ്ടുമൂന്നാളുകള് തല ചെരിച്ചു നോക്കി. ചിലര്‍ ജാഗ്രതയോടെ അങ്ങിങ്ങു സ്ഥാനം മാറി. വീണ്ടും നിശ്ചലരായി. അതേസമയം പശ്ചാത്തലത്തില്‍ ഒരു മുഴക്കം പതുക്കെപ്പതുക്കെ ഉയര്‍ന്നുയര്‍ന്ന് ഭയപ്പെടുത്തുംവിധം ഉച്ചസ്ഥായിയില്‍ എത്തുന്നു. ഒപ്പം വാല്‍നക്ഷത്രത്തിനും വലുപ്പം വര്‍ദ്ധിച്ചുവന്നു. പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി ഉയര്‍ന്നു. അതോടെ മുഴക്കം നിലച്ചു. വാല്‍നക്ഷത്രം പഴയപടിയിലേക്ക് രൂപാന്തരപ്പെട്ടു. പ്രാണവായുവിനു വേണ്ടി പിടയുന്നതുപോലെ കാണപ്പെട്ട ആ സ്ത്രീ ഓടിമറഞ്ഞു. ആള്‍ക്കൂട്ടം ഒന്നിളകി. ഇനി വരുന്ന സംഭാഷണം നേരത്തേ കേട്ടതിനേക്കാള്‍ അല്പം കൂടി ഉറക്കെയാണ്. അതു നമുക്കു വ്യക്തമായി കേള്‍ക്കാം.)
ഒരു യുദ്ധത്തിന്റെ സൂചനയാണത്.
ശരിയാണ്.
ഏയ്. അതൊന്നുല്ല.
ഒരുപക്ഷ, അങ്ങനെയുമാവാം.
വിഡ്ഢിത്തം! ചൂടാണ് വെറും ചൂട്!
കാഡിസിന്റെ ചൂട്
മതി മതി.
ഭയങ്കരം തന്നെ, ആ ശബ്ദം
ചെവി പൊട്ടിപ്പോകും
നമ്മുടെ നഗരം ശപിക്കപ്പെട്ടു
കഷ്ടം! പാവം കാഡിസ്, നീ ശപിക്കപ്പെട്ടുകഴിഞ്ഞു.
മിണ്ടാതെ.. ഒച്ചവെക്കാതെ..
(അവര്‍ വാല്‍നക്ഷത്രത്തെ നോക്കിക്കൊണ്ടു നില്‍ക്കെ, ഒരു കാവല്ക്കാരന് ഓഫീസറുടെ ശബ്ദം ഉയര്‍ന്നു.)
ഓഫീസര്‍: എല്ലാവരും വീട്ടിലേക്കു പോകൂ. കണ്ടതു കണ്ടു. അതുമതി. ഇതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാഡിസിന് ഒരു കുഴപ്പവും വരാനില്ല.
ഒരു ശബ്ദം : എന്നാലും അതൊരു മുന്നറിയിപ്പാണ്. ആകാശത്തു പ്രത്യക്ഷപ്പെടുന്ന അപശകുനങ്ങള്‍.
ഒരു ശബ്ദം : ദൈവമേ! സര്‍വ്വശക്തനായ ദൈവമേ!
ഒരു ശബ്ദം : യുദ്ധം വരാന്‍ പോകുന്നു. അതിന്റെ അടയാളമാണത്.
ഒരു ശബ്ദം : പൊട്ടാ! അതൊക്കെ തള്ളപ്പെണ്ണുങ്ങള് കെട്ടിയുണ്ടാക്കിയ പഴങ്കഥയാ. നമ്മളിന്ന് ബുദ്ധിയുള്ളവരാണ്. അത്തരം അന്ധവിശ്വാസങ്ങളും അസംബന്ധങ്ങളും ഇക്കാലത്ത് വിലപ്പോവില്ല.
ഒരു ശബ്ദം : ഈ പറയുന്നവരാണ് ഇക്കാലത്ത് കുഴപ്പത്തില്‍ ചെന്നു ചാടുന്നത്. തലയ്ക്കുള്ളില്‍ ഒന്നുമില്ലാത്ത വെറും പന്നികളാണ് ഇപ്പറയുന്ന ബുദ്ധിമാന്മാര്! പന്നികളെപ്പോലെ കഴുത്തു കണ്ടിച്ചുപോകുന്നത് അറിയില്ല.
ഓഫീസര്‍ : പോ. വീട്ടില്‍ പോ. യുദ്ധമൊക്കെ ഞങ്ങളു നോക്കിക്കോളാം. നിങ്ങളു വേണ്ട.
നാഡ : ഓ! അങ്ങനെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! യുദ്ധമുണ്ടായാല്‍ എന്താ സംഭവിക്ക്യാ? ആപ്പീസര്മാര് കിടക്കയില്‍ കിടന്നു മരിക്കും. ദുരിതമെല്ലാം ഞങ്ങളനുഭവിക്കണം!
ഒരു ശബ്ദം : നാഡയാണ് അത്. പിരിയന്‍ നാഡ. എന്താ അവനു പറയാനുള്ളത്?
ഒരു ശബ്ദം : പറ നാഡാ. എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം? നിനക്കറിയാമല്ലോ.
നാഡ : (അയാള്‍ മുടന്തനാണ്) ഞാന്‍ പറയുന്നതൊന്നും നിങ്ങക്കു പറ്റൂല. നിങ്ങളെക്കാലത്തും എന്നെ പരിഹസിച്ചിട്ടേയുള്ളു. എന്നോടു ചോദിക്കുന്നതിനു പകരം നിങ്ങക്കെന്താ ആ മെഡിക്കല്‍ വിദ്യാര്‍ത്ഥിയോടു ചോദിച്ചാല്‍? അവന് വൈകാതെ ഡോക്ടറാകും എന്നല്ലേ കേള്‍ക്കുന്നത്? അവനോടു ചോദിക്ക്. എനിക്കറിയാവുന്നത് ഇതാ, ഇതു മാത്രം! (ഒരു കുപ്പി ഉയര്‍ത്തി വായിലേക്കു ചെരിക്കുന്നു.)
ഒരു ശബ്ദം : ഏയ്, ദിയേഗോ! എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം?
ദിയെഗോ : എന്തായാലെന്ത്! ധൈര്യമായിരിക്കുക. എല്ലാം നേരെയാവും.
ഒരു ശബ്ദം : എന്നാല്‍ ആപ്പീസറോടു ചോദിച്ചുനോക്കാം. അയാളുടെ അഭിപ്രായമെന്താ നോക്കാം.
ഓഫീസര്‍ : ആപ്പീസറുടെ അഭിപ്രായത്തില്‍ നിങ്ങള്‍ ക്രമസമാധാനം ലംഘിക്കുകയാണ്.
നാഡ : മൂപ്പര് ഭാഗ്യവാന്! ഏല്‍പ്പിച്ച ഡ്യൂട്ടി ചെയ്യുന്നു, അത്ര തന്നെ. വലിയ പിടിപാടൊന്നും അങ്ങോര്‍ക്കില്ല.
ദിയെഗോ : നോക്ക്! അതാ വീണ്ടും!
ഒരു ശബ്ദം : ദൈവമേ!
(മൂളക്കം ഉയരുന്നു. മുമ്പെപ്പോലെ വാല്‍നക്ഷത്രം ആകാശം മുറിച്ചു നീങ്ങുന്നു. ആള്‍ക്കൂട്ടത്തില്‍നിന്നു ചില ശബ്ദങ്ങള്‍.)
നിര്‍ത്തൂ!
മതി, മതിയാക്കൂ!
പാവം കാഡിസ്!
കേള്ക്കു, അതിന്റെയൊരു സീല്‍ക്കാരം!
അതായത്, നമ്മളുടെ അന്ത്യമായി എന്ന്!
മിണ്ടാതെടാ, ശല്യങ്ങളേ!
(മണി അഞ്ചടിച്ചു. വാല്‍നക്ഷത്രം അപ്രത്യക്ഷമായി. നേരം പുലരുകയാണ്.)
നാഡ : (ഒരു നാഴികക്കല്ലിന്മേല് ഇരുന്ന്, പരിഹാസത്തോടെ) ഞാന്‍ നാഡ. ഈ നഗരത്തിലെ വിവരവും ബുദ്ധിയുമുള്ള പൗരപ്രമുഖന്‍. പക്ഷെ, കുടിയനായിപ്പോയി, നിങ്ങളുടെ അഹങ്കാരം കണ്ട്, സകലതിനോടുമുള്ള വെറുപ്പുകൊണ്ട്. എന്നോട് നിങ്ങള്‍ക്ക് മുഴുത്ത അസൂയയായണെന്ന് എനിക്കറിയാം. കാരണം, താന്തോന്നിയായ എനിക്കുള്ള സ്വാതന്ത്ര്യം ഇവിടെ മറ്റാര്‍ക്കുണ്ട്? എന്നാലും കൂട്ടരേ, എന്റെ പ്രവചനം ഞാന്‍ പറയാം. വെടിക്കെട്ടു കഴിഞ്ഞു. ആഘോഷവും തീര്‍ന്നു. ഇതൊരു മുന്നറിയിപ്പാണ്. ഉറപ്പായും എല്ലാം അവസാനിക്കാന്‍ പോവുകയാണ്. നമ്മള് കഴുത്തോളം മുങ്ങിക്കഴിഞ്ഞിരിക്കുന്നു.
കുറച്ചു കാലമായി നമ്മള് മുങ്ങാന്‍ തുടങ്ങിയിട്ട്. കുടിയനായ ഞാന്‍ മാത്രമേ ഇതറിഞ്ഞിട്ടുള്ളു. എന്തുകൊണ്ടാണെന്നോ? ആലോചിച്ചു കണ്ടുപിടിക്ക് ബുദ്ധിയുണ്ടെങ്കില്‍. എനിക്കു കാര്യങ്ങള്‍ എന്നേ ബോധ്യമായിരുന്നു. അതില്നിന്നൊട്ടു മാറാനും ഉദ്ദേശമില്ല. ജീവിതവും മരണവും ഒന്നാണു സുഹൃത്തുക്കളേ. മനുഷ്യന് കത്തിച്ചാമ്പലാവാനുള്ള വിറകുമാത്രം. നാശമാണ് വരാനിരിക്കുന്നത്. ഓര്‍ത്തുവെച്ചോ. ഞാന്‍ പറയുന്നു, ആ വാല്‍നക്ഷത്രം ഒരു അപശകുനമാണ്. നിങ്ങള്‍ക്കുള്ള മുന്നറിയിപ്പ്.
വിശ്വാസമാകുന്നില്ല, അല്ലേ? എനിക്കറിയാം. മൂന്നുനേരം തിന്നുന്നു, എട്ടുമണിക്കൂര്‍ പണിയെടുക്കുന്നു, രണ്ടു ഭാര്യമാരെ പോറ്റുന്നു. എന്നിട്ട് എല്ലാം നേര്‍വഴിക്കു പോകുന്നു എന്നു വിശ്വസിക്കുന്നു. എന്നാല്‍ സുഹൃത്തുക്കളേ നിങ്ങള്‍ പോകുന്നത് സര്‍വ്വനാശത്തിലേക്കാണ്. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു. എന്റെ മനഃസാക്ഷിക്കുത്തൊഴിഞ്ഞു. എന്നാലും നിങ്ങള്‍ക്കു പേടിക്കാനില്ല. അവിടെ ഒരാളുണ്ടല്ലോ നിങ്ങളുടെ കാര്യം നോക്കാന്‍. (ആകാശത്തേക്കു ചൂണ്ടുന്നു). മനസ്സിലായല്ലോ? വിശുദ്ധ ഭീകരന്.
ജഡ്ജി കസാഡോ: മതി. നിര്‍ത്ത് നാഡാ. ദൈവനിന്ദ ഞാന്‍ അനുവദിക്കില്ല. കര്‍ത്താവിനെയാണ് നാണമില്ലാത്ത നീ അപമാനിക്കുന്നത്!
നാഡാ: ഓ! ബഹുമാന്യനായ ജഡ്ജിക്കു സ്വാഗതം! കര്‍ത്താവിനെ ഞാനും അംഗീകരിക്കുന്നുണ്ട്. കാരണം എന്റേതായ രീതിയില്‍ ഞാനും ഒരു വിധികര്‍ത്താവാണ്. കര്‍ത്താവിന്റെ ഇരയായി മാറുന്നതിനേക്കാള്‍ അങ്ങോരുടെ പങ്കാളിയാവുന്നതാ നല്ലതെന്ന് ഞാന്‍ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ദൈവത്തെ എന്തിനു കുറ്റപ്പെടുത്തണം? മനുഷ്യര്‍ സ്വയം കുഴപ്പങ്ങളുണ്ടാക്കി അന്യോന്യം കുത്തിച്ചാവുന്നതു കണ്ടാല്‍ അവരോളം വരില്ല ദൈവം എന്നു തോന്നും.
ജഡ്ജി കസാഡോ: നിന്നെപ്പോലുള്ള തെമ്മാടികളാണ് ഈ അപശകുനം കൊണ്ടുവന്നത്. ഞാന്‍ പറയുന്നു, ആ മുന്നറിയിപ്പ് ഉള്ളില്‍ പിശാചുള്ള പാപികള്‍ക്കുള്ളതാണ്. എന്നാല്‍ ഇവിടെ ആരുണ്ട് പാപികളല്ലാത്തവരായി? അതുകൊണ്ട് ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവത്തെ പേടിക്കുക. അവനോടു പ്രാര്‍ത്ഥിക്കുക. തെറ്റുകള്‍ പൊറുക്കാന്‍ യാചിക്കുക. നാഡാ, നീ മുട്ടുകുത്തി നില്ക്ക്, പ്രാര്‍ത്ഥിക്ക്!
നാഡാ: എന്നോടു പറഞ്ഞിട്ടു കാര്യമല്ല. എനിക്കു മുട്ടുകുത്താന്‍ ആവില്ല. മുടന്തനല്ലേ? പിന്നെ പേടിയാണെങ്കില്‍ എനിക്ക് തീരെയില്ല. ഞാന്‍ എന്തിനും തയ്യാറായവനാ.
ജഡ്ജി കസാഡോ: അപ്പൊ, നിനക്ക് ഒന്നിലും വിശ്വാസമില്ല, അല്ലേ, നശിച്ചവനേ?
നാഡാ: ഈ ലോകത്ത് കള്ളിലൊഴിച്ച് മറ്റൊന്നിലും വിശ്വാസമില്ല. പരലോകത്തെ കാര്യം പറയുകയും വേണ്ട.
ജഡ്ജി കസാഡോ: കര്‍ത്താവേ! ഇവനു മാപ്പു കൊടുക്കണമേ! ഇവന് പറയുന്നതെന്തെന്ന് ഇവന് അറിയുന്നില്ലല്ലോ. നഗരവാസികളായ നിന്റെ ഈ കുഞ്ഞാടുകളെ കാത്തുരക്ഷിക്കണേ!
നാഡാ: ആമേന്‍! ഹേയ്, ദിയെഗോ! വാ, അപശകുനം കണ്ടതു പ്രമാണിച്ച് നമുക്കൊരു കുപ്പി പൊട്ടിക്കാം. പറ, എന്തായി ആ പെണ്ണുമൊത്തുള്ള നിന്റെ ചുറ്റിക്കളി? പുരോഗതിയുണ്ടോ?
ദിയെഗോ: അതുറപ്പിച്ചു നാഡാ. ജഡ്ജിയുടെ മകളെ ഞാന്‍ കെട്ടാന്‍ പോകുന്നു! ങാ, പിന്നെ നീ ജഡ്ജിയദ്ദേഹത്തോട് ഇങ്ങനെ പെരുമാറരുത്. ഇനിമേല്‍ എനിക്കും അതൊരു അപമാനമാവും.
(കാഹളം മുഴങ്ങുന്നു. കാവല്ക്കാരുടെ അകമ്പടിയോടെ ഒരു ഉദ്യോഗസ്ഥന് വരുന്നു.)
ഉദ്യോഗസ്ഥന്: ഗവര്‍ണറുടെ ഉത്തരവ്. ഇവിടെ കൂടിയിരിക്കുന്നവരെല്ലാം ഉടനെ പിരിഞ്ഞുപോകേണ്ടതും പതിവുപോലെ അവരവരുടെ ജോലികളില്‍ ഏര്പ്പെടേണ്ടതുമാണെന്ന് ഗവര്‍ണര്‍ ഉത്തരവാകുന്നു. യാതൊന്നും സംഭവിക്കാന്‍ അനുവദിക്കാത്ത ഭരണമാണ് സല്‍ഭരണം എന്നതുകൊണ്ടും സംഭവിക്കാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കാത്തതിനാലും തുടര്‍ന്നും അദ്ദേഹം പൗരജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നു. സമാധാനജീവിതത്തിന് ആശങ്കയുളവാക്കുന്ന യാതൊന്നും കാഡിസില്‍ സംഭവിച്ചിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. ആയതിനാല്‍, നമ്മുടെ നഗരചക്രവാളത്തില് വാല്‍നക്ഷത്രം ഉദിച്ച സംഭവം എല്ലാവരും നിഷേധിക്കണമെന്നും ഇതിനുവിപരീതമായി ആരെങ്കിലും അതെക്കുറിച്ച് പരാമര്ശിക്കുന്നതായാല് അവര്‍ക്കെതിരെ കഠിനമായ ശിക്ഷാനടപടി കൈക്കൊള്ളുന്നതാണെന്നും എല്ലാ പൗരജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.
(കാഹളം. ഉദ്യോഗസ്ഥന് പോയി.)
നാഡാ: കൊള്ളാം. എങ്ങനെയുണ്ട് ദിയെഗോ? ഇതിനെപ്പറ്റി നീ എന്തു പറയുന്നു?
ദിയെഗോ: അസംബന്ധം! ഇതു സത്യം മൂടിവെക്കലാണ്.
നാഡാ: അല്ല. ഇതാണ് സര്ഭരണത്തിന്റെ രീതി. ഈ ഉത്തരവ് നിലവിലുള്ള വിശ്വാസങ്ങളുടെ അടി ചോര്‍ത്തിക്കളയും എന്നതുകൊണ്ട് ഞാനിതിനെ സ്വാഗതം ചെയ്യുന്നു. ഇത്തരമൊരു ഗവര്‍ണറെ ലഭിച്ച നമ്മള് എത്ര ഭാഗ്യവാന്മാരാണ്! ബജറ്റില്‍ കമ്മി വന്നാല്‍ അയാളത് എഴുതിത്തള്ളും. ഭാര്യ മറ്റാരുടെയെങ്കിലും കൂടെക്കിടന്നാല്‍ അയാളതു കണ്ടില്ലെന്നു നടിക്കും. അതിനാല്‍ വഞ്ചിതരായ ഭര്ത്താക്കന്മാരേ, നിങ്ങളുടെ പെണ്ണുങ്ങള് ചാരിത്രവതികളാകുന്നു! മുടന്തരേ, നിങ്ങള്‍ക്കു നടക്കാനാകുന്നു! കണ്ണുപൊട്ടന്മാരേ, നിങ്ങള്‍ക്കു കാണാനാകുന്നു! സത്യത്തിന്റെ കാലം വന്നുചേര്‍ന്നിരിക്കുന്നു!
ദിയെഗോ: ദുശ്ശകുനം കൊണ്ടു കളിക്കണ്ട നാഡാ. സത്യത്തിന്റെ ഇക്കാലം മരണമാണ്.
നാഡാ: അദ്ദാണ് സത്യം! ലോകം മുഴുവന്‍ ചത്തുപോട്ടെ! പോര്‍ക്കളത്തിലെ കാളയെപ്പോലെ പേടിച്ചുവിരണ്ട്, കണ്ണു കലങ്ങി, വായില്‍നിന്ന് നുരയുംപതയുമൊലിപ്പിച്ച് ലോകത്തെ ജനങ്ങളെല്ലാം ഇപ്പോള്‍ എന്റെ മുന്നില്‍ വന്നിരുന്നെങ്കില്‍! വയസ്സനാണെങ്കിലും എന്റെ കൈക്കു ക്ഷീണം പറ്റിയിട്ടില്ല മോനേ. ഒറ്റവെട്ടിന് അതിന്റെ നെട്ടെല്ലു തകര്‍ക്കും. മറിഞ്ഞുരുണ്ട് സ്ഥലകാലങ്ങളുടെ പടുകുഴിയിലേക്കു ആ കൂറ്റന്‍ മൃഗത്തെ ഞാന്‍ തള്ളിയിട്ടേനേ!
ദിയെഗോ: ആവേശം കൊള്ളാതെ നാഡാ. ഇങ്ങനെ വീരവാദം മുഴക്കിയാല്‍ ആളുകള്‍ക്കു നിന്നെ വിലയില്ലാതാവും.
നാഡാ: എന്നെ ആരും വിലവെക്കേണ്ട. എല്ലാരേക്കാളും മീതെയാ ഞാന്‍, അറിയാമോ?
ദിയെഗോ: അഭിമാനം കളയരുത്. അതാണ് എല്ലാറ്റിലും വലുത്.
നാഡാ: ആണോ? എന്നാല്‍ എന്താ മോനേ ഈ അഭിമാനം?
ദിയെഗോ: തലയുയര്‍ത്തിനില്‍ക്കാനുള്ള അന്തസ്സ്
നാഡാ: ഓഹോ! എന്നാല്‍ അതെനിക്കു ജന്മനാ ഉള്ള കാര്യമാ. അക്കാര്യം വിട്
ദിയെഗോ: നിന്റെ ഇഷ്ടം പോലെ ചെയ്തോ. എനിക്കു നില്ക്കാന് നേരമില്ല. അവള് എന്നെ കാത്തുനില്‍ക്കുകയാവും. സര്‍വ്വനാശത്തെക്കുറിച്ചുള്ള നിന്റെ ഭാവിപ്രവചനം കേട്ടു നില്ക്കാന് സമയമില്ല. എനിക്കു സന്തോഷമായിരിക്കണം. സന്തോഷമായിരിക്കല്‍ ഒരു മുഴുവന്‍ സമയ ഏര്‍പ്പാടാണ് നാഡാ. അതിന് ശാന്തിയും സമാധാനവും വേണം.
നാഡാ: ഞാന്‍ പറയാനുള്ളതു പറഞ്ഞു. നമ്മള് മൂക്കോളം മുങ്ങിക്കഴിഞ്ഞു. ആശിക്കാന്‍ ഒരു ചുക്കും ബാക്കിയില്ല. ഇനിയാണ് തമാശ. ആ കളി തുടങ്ങാറായി. നേരു പറഞ്ഞാല്‍ എനിക്കും നേരമില്ല. മരണക്കളി ആഘോഷിക്കാന്‍ മാര്‍ക്കറ്റില്‍ പോയി ഒരു കുപ്പി വാങ്ങിവരാനുള്ള സമയമേ ബാക്കിയുള്ളു.
(വെളിച്ചം കെട്ടു)
Continue reading തടങ്കല്‍ – 1