നാടകപ്പൊന്നാനി

‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധം.

നാല്പതുകളില്‍ തുടങ്ങി ഏതാണ്ട് മൂന്നു പതിറ്റാണ്ട് സജീവമായി പ്രവര്‍ത്തിച്ച മലബാറിലെ കലാപ്രവര്‍ത്തനങ്ങളുടെ കാതല്‍ പ്രബോധനപരതയാണെന്നു പറയാം. യുദ്ധാനന്തരലോകം, സ്വാതന്ത്ര്യാനന്തരഭാരതം, ഐക്യകേരളം എന്നിവിടങ്ങളിലുണ്ടായ ഏതു ചലനവും അപ്പപ്പോള്‍ പിടിച്ചെടുക്കാനും പഠിച്ചെടുക്കാനും ഇവിടങ്ങളിലെ ഉത്പതിഷ്ണുക്കളായ ഒരു ന്യൂനപക്ഷം എന്നും തയ്യാറായിരുന്നു. വിദ്യാസമ്പന്നരും കര്‍മ്മോത്സുകരും വിപ്ലവകാരികളുമായ അവര്‍ എവിടേയുമെന്നപോലെ ന്യൂനപക്ഷമായിരുന്നു എന്നതില്‍ അത്ഭുതമില്ല. നിരക്ഷരരും ദരിദ്രരുമായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിന്റെ വിത്തുപാകേണ്ട ഉത്തരവാദിത്വം തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തു. നവീനാശയങ്ങളുടെ വിത്തുകള്‍ അത്രയേറെയുണ്ടായിരുന്നു അവരുടെ പക്കല്‍.

നിരക്ഷരഭൂരിപക്ഷത്തോട് മാനവികതയെക്കുറിച്ചോ സോഷ്യലിസത്തെക്കുറിച്ചോ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അവരെ ബോധവത്കരിക്കാന്‍ കലാപ്രകടനത്തോളം മികച്ച ഒരുപായം വേറെയുണ്ടായിരുന്നില്ല. ചൂഷണമെന്തെന്ന് ചൂഷിതനറിയില്ല. അതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ അവന്റെ ജീവിതം അവന്റെ മുന്നില്‍ അവതരിപ്പിച്ചുകാട്ടുകയാണ് നല്ലത്. ക്ലാസിക്കല്‍ കലകളും അനുഷ്ഠാനകലകളും ആശയപ്രചരണത്തിനുതകുംവിധം വളച്ചൊടിക്കാന്‍ അസാദ്ധ്യമായതിനാല്‍ പാട്ടും നാടകവും പ്രസംഗവും അവര്‍ക്കു പ്രിയമാധ്യമങ്ങളായി. സംഘര്‍ഷഭരിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നാടകത്തെപ്പോലെ യഥാതഥമായി പ്രതിഫലിപ്പിക്കാന്‍പോന്ന മറ്റൊരു മാധ്യമവും അന്നു ലഭ്യവുമല്ല. സ്വാഭാവികമായും നാടകശാല പാവപ്പെട്ടവന്റെ പാഠശാലയായി.

ഓരോ നാടകപാഠവും ഓരോ ജീവിതപാഠമായിരുന്നു. പാഠം രംഗവേദിയും പരീക്ഷ ജീവിതസമരവും. നടന്മാരോ സംവിധായകനോ ഉണ്ടായിരുന്നില്ല. ഏവരും നാടകപ്രവര്‍ത്തകര്‍മാത്രം. ഇവിടത്തെ നാടകം സംഘാവിഷ്കാരമായിരുന്നു, ആത്മാവിഷ്കാരമായിരുന്നില്ല. അഭിനയമല്ല, അനുകരിച്ചുകാട്ടലാണ് നടന്റെ കലയെന്ന് ഇവര്‍ കരുതി. തൊട്ടുമുന്നില്‍ കണ്ടതാണ് ഇവർക്കു പ്രമേയം. മണ്ണിനും പെണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരമായിരുന്നു മുഖ്യവിഷയം. ജന്മിയുടെ നുകക്കീഴില്‍നിന്ന് കര്‍ഷകനു സ്വാതന്ത്ര്യം. പുരുഷാധിപത്യകുടുംബവ്യവസ്ഥയില്‍ നിന്ന് സ്ത്രീക്കു സ്വാതന്ത്ര്യം. മതപൌരോഹിത്യശാസനകളില്‍നിന്ന് പൌരനു സ്വാതന്ത്ര്യം. ഇങ്ങനെ വ്യത്യസ്തതലങ്ങളില്‍, എന്നാല്‍ പരസ്പരബന്ധിതവുമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആയുധമായിരുന്നു അക്കാലത്ത് മലബാറിലെ നാടകം.

ഈ പ്രകരണത്തിൽത്തന്നെയാണ് പൊന്നാനിയിലും നാടകങ്ങൾ ഉണ്ടാവുന്നത്. സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ ഒരു സമാന്തരപ്രവർത്തനമായിട്ടാണ് ഇവിടെ നാടകക്കൃഷി ആരംഭിക്കുന്നത്. ഇടശ്ശേരി, ഗോവിന്ദൻ, ഉറൂബ് എന്നീ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകളും കൃഷ്ണപ്പണിക്കർ വായനശാലാപ്രവർത്തകരുടെ ഉത്സാഹവും ചേർന്നാണ് അമ്പതുകളിൽ പൊന്നാനിയിൽ ഒരു അമെച്വർ നാടക ഉണർവ് ഉണ്ടാവുന്നത്. അതിനു പശ്ചാത്തലമൊരുക്കുകയും പ്രോത്സാഹനം നൽകുകയും ചെയത രണ്ട് രംഗസംരംഭങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അതിലൊന്ന് വി.ടിയുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ്. ജന്മംകൊണ്ട് പൊന്നാനിക്കാരനായിരുന്നില്ലെങ്കിലും പൊന്നാനിക്കളരിയുമായി നിരന്തരസൗഹൃദം പുലർത്തിയിരുന്ന വി.ടിയുടെ കർമ്മോത്സുകതയും അദ്ദേഹത്തിന്റെ പരിഷ്കരണത്വരയും ഇടശ്ശേരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. മറ്റൊന്ന് കെ. ദാമോദരന്റെ പാട്ടബാക്കി എന്ന നാടകമാണ്. 1937ൽ പൊന്നാനിയിൽ നടന്ന കർഷകസംഘം സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടിയാണല്ലോ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ കൃതി ജനിക്കുന്നത്. മുൻപോ ശേഷമോ അതുപോലൊന്ന് രചിക്കപ്പെടാത്തവിധം അനന്യമായിരുന്നു ഈ രണ്ടു നാടകങ്ങളും. പിൽക്കാലത്ത് പൊന്നാനിയിൽ അമെച്വർ നാടകങ്ങളുടെ കൂട്ടുകൃഷിക്ക് കളമൊരുക്കിയത് ഈ രണ്ടു നാടകങ്ങളായിരുന്നു.

വള്ളുവനാട്ടിലും ഏറനാട്ടിലും ഉണ്ടായ അക്കാലത്തെ പ്രസിദ്ധനാടകങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. പാട്ടബാക്കിക്കു പുറമെ ചെറുകാടിന്റെ നമ്മളൊന്ന്, തറവാടിത്തം, ഇ.കെ.അയമുവിന്റെ ജ്ജ് നല്ല മനുസനാകാൻ നോക്ക് തുടങ്ങിയവ ഉദാഹരണം. എന്നാൽ മാനവികതാവാദവും ദേശീയസ്വാതന്ത്ര്യപ്രസ്ഥാനവും ഗാന്ധിയൻ ആദർശങ്ങളുമാണ് പൊന്നാനിക്കളരി നാടകങ്ങൾക്കു പ്രമേയമായി സ്വീകരിച്ചത്. ഇടശ്ശേരി നേതൃത്വം നല്‍കിയ പൊന്നാനിക്കളരിക്ക് സമരമല്ല, സമരസപ്പെടലായിരുന്നു അന്തര്‍ദ്ധാര. പുറമെയുള്ള സംഘര്‍ഷത്തേക്കാള്‍ ആന്തരികമായ സംഘര്‍ഷമാണ് അവിടത്തെ പ്രമേയത്തിനും പ്രതിപാദനത്തിനും തനിമയുണ്ടാക്കിയത്. ഇവിടെ കൂട്ടുകൃഷി പ്രത്യേകം പരാമർശമർഹിക്കുന്നു. അക്കാലത്തെ ജന്മി കുടിയാൻ – ഹിന്ദു മുസ്ലീം ആശയസമരത്തിന് സമന്വയത്തിന്റേതും സഹകരണത്തിന്റേതും ആയ ഒരു പരിഹാരമാണല്ലോ അതിൽ അവലംബിക്കാൻ ഉദ്യമിക്കുന്നത്. ഇത് പൊതുവേ മലബാറിൽ അക്കാലത്തുണ്ടായിരുന്ന നാടകങ്ങളുടെ പൊതുരീതിയിൽനിന്ന് ഭിന്നമായിരുന്നു. കൂട്ടുകൃഷി നാടകം സാമുദായികവും സാമ്പത്തികവുമായ സഹകരണസങ്കല്പത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. ഉറൂബിന്റെ തീകൊണ്ടു കളിക്കരുത്, എം ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് എന്നീ കൃതികൾ പ്രത്യക്ഷത്തിൽത്തന്നെ യുദ്ധവിരുദ്ധതയും സമാധാനകാംക്ഷയും ഉയർത്തിപ്പിടിക്കുന്നവയാണ്. കവിതയിലും കഥയിലുമെന്നപോലെ നാടകത്തിലും മനുഷ്യസങ്കീർത്തനമായിരുന്നു പൊന്നാനിയുടെ മുഖമുദ്ര.

പൊന്നാനിയിലെ എഴുത്തുകാർ ആക്ടിവിസ്ററുകൾ കൂടിയായിരുന്നു. ഗോവിന്ദന്റേയും ഇടശ്ശേരിയുടേയും മറ്റും നേതൃത്വത്തിൽ പൊന്നാനിയിൽ നടന്ന ചർച്ചകളാണ് പിന്നീട് മലബാർ കേന്ദ്ര കലാസമിതിയുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത് എന്ന് പവനൻ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്രകലാസമിതിയുടെ നാടകോത്സവങ്ങൾ മലബാറിലെ അമെച്വർ നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയെന്നത് ചരിത്രമാണല്ലോ. വായനശാലാ വാർഷികങ്ങളാണ് മറ്റെവിടെയും പോലെ പൊന്നാനിയിലും അമെച്വർ നാടകാവതരണങ്ങൾക്ക് വേദിയൊരുക്കിയത്. പൊന്നാനി കൃഷ്ണപ്പണിക്കർ വായനശാലക്കുവേണ്ടി ഇടശ്ശേരിയും ഉറൂബും നിരവധി ലഘുനാടകങ്ങൾ രചിക്കുകയുണ്ടായി. പിന്നീട് കൂട്ടുകൃഷിയുടെ രംഗാവതരണത്തിനു മാത്രമായി കൃപ പ്രൊഡക്ഷൻസ് എന്നൊരു ബാനർ പോലും ഉണ്ടാക്കി. വായനശാലാപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന ടി. ഗോപാലക്കുറുപ്പ് നാടകങ്ങളെഴുതാൻ ഇടശ്ശേരിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി.

പുരോഗമനപരമായ സന്ദേശത്തോടൊപ്പം സൗന്ദര്യശാസ്ത്രപരമായ ശില്പഭദ്രതയും നാടകത്തിനുണ്ടായിരിക്കണമെന്ന് ഇടശ്ശേരി നിഷ്കർഷിച്ചിരുന്നു. അക്കാലത്തെ അമെച്വർ നാടകാവതരണങ്ങളിൽ വ്യാപകമായി കണ്ടുവന്ന കലാപരമായ വൈകല്യങ്ങളെയും പോരായ്മകളേയും നിശിതമായി വിമർശിക്കുകയും തന്റെ നാടകസങ്കല്പത്തെ യുക്തിയുക്തം അവതരിപ്പിക്കുകയും ചെയ്ത നാടകസൈദ്ധാന്തികൻ കൂടിയായിരുന്നു ഇടശ്ശേരി. ഗ്രാമീണനാടകവേദിയെക്കുറിച്ച് മാധ്യമപരമായ ഒരു സൌന്ദര്യശാസ്ത്രത്തിന് അന്വേഷണം നടത്തിയത് ഇടശ്ശേരിയാണ്. രംഗാവതരണരീതികള്‍ ആധുനികകാലത്തിനനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരവധി പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാടകവേദി സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനായി അവതരണച്ചെലവു സ്വരൂപിക്കാന്‍ ടിക്കറ്റുവെച്ചുവേണം നാടകം അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ചമയം, സംഗീതം, സ്ത്രീവേഷം, ദീപവിതാനം, അഭിനയം തുടങ്ങിയ നാടകസംബന്ധിയായ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഗാന്ധിയന്‍ദര്‍ശനത്തിലൂന്നിയ ഒരു ഗ്രാമീണനാടകവേദിയായിരുന്നു ഇടശ്ശേരിയുടേത്.

ഇടശ്ശേരിയുടെ നാടകാദർശങ്ങളെ കുറേക്കൂടി അക്കാദമികവും ചരിത്രപരവുമായി പിന്തുടർന്നു വികസിപ്പിച്ച പൊന്നാനിയിലെ മറ്റൊരു സൈദ്ധാന്തികൻ കാട്ടുമാടം നാരായണൻ ആയിരുന്നു. രൂപഭദ്രവും ഭാവസുന്ദരവുമായ ഒരു നാടകശില്പ്പം വാര്‍ത്തെടുക്കേണ്ടതെങ്ങനെയെന്ന് നാടകരചയിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന ഒരു ഹാന്‍ഡ്ബുക്ക് ആണ് അദ്ദേഹത്തിന്റെ നാടകരൂപചർച്ച. മലയാളത്തില്‍ അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ലെന്നു പറയാം.

നാൽപ്പതുകളിൽ തുടങ്ങി രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും പൊന്നാനിയിലെ നാടകവേദികൾ ദുർബലമായി. ചലച്ചിത്രവും മറ്റു മാധ്യമങ്ങളും ജനപ്രിയത നേടി. പിൽക്കാലത്ത് നാടകം സ്കൂൾ കോളേജ് ക്യാംപസ്സുകളിലെ മത്സരഇനമായി ലഘുത്വമാർജ്ജിക്കുന്നതാണ് നമ്മൾ കാണുന്നത്. തൊണ്ണൂറുകളുടെ അവസാനം ഇടശ്ശേരിയുടെ നവതിയോടനുബന്ധിച്ച് നരിപ്പറ്റ രാജു സംവിധാനം ചെയ്ത കൂട്ടുകൃഷിയുടെ പുനരവതരണമാണ് എടുത്തുപറയേണ്ട പുതിയകാലത്തെ മറ്റൊരു രംഗമുന്നേറ്റം. ബാബരി മസ്ജിദ് തകർക്കപ്പെട്ട ചരിത്രപശ്ചാത്തലത്തിൽ പുതിയ കൂട്ടുകൃഷിയിലെ പ്രമേയപരമായ ഊന്നൽഭേദം ശ്രദ്ധേയമായിരുന്നു. വി.ടിയുടെ അടുക്കളനാടകത്തിന്റേയും ചെറുകാടിന്റെ നമ്മളൊന്നിന്റേയും പുനരവതരണങ്ങൾ ഈയ്യിടെ പൊന്നാനി കേന്ദ്രമായുള്ള ചില കലാസമിതികൾ ഏറ്റെടുത്തുകാണുകയുണ്ടായി. എന്നാൽ, ഇത്തരം പുനരാവിഷ്കാരങ്ങളും പോയകാലപ്പൊലിമകളുമല്ലാതെ പുതിയ രചനകളും രംഗോദ്യമങ്ങളും ആണ് കാലം ആവശ്യപ്പെടുന്നത്.

കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December

കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

എന്നാല്‍ പൊതുവേ പരിഷ്കാരോന്മുഖരായ മേല്‍ജാതി സമുദായങ്ങളിലെ കെടുതികളും കലാപങ്ങളുമായിരുന്നു ഇവര്‍ ആഖ്യാനം ചെയ്തത്. മലബാറിലെ മുസ്ളിങ്ങള്‍ക്കിടയിലും ഇതര അവര്‍ണ്ണസമുദായങ്ങളിലും ഇതേസമയം സംഭവിച്ചുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് തത്തുല്യമായ ആഖ്യാനങ്ങള്‍ ഉണ്ടായി എന്നു പറയാനാവില്ല. പറയരും പുലയരും പാണരും കണക്കരും കുശവരുമെല്ലാം അടങ്ങുന്ന അടിയാളജീവിതം ഈ പരിണാമങ്ങളെ എങ്ങനെയാണ് നേരിട്ടത്? അവര്‍ക്കു തകര്‍ക്കുവാന്‍ പത്തായങ്ങളോ നാലുകെട്ടുകളോ ഉണ്ടായിരുന്നില്ല. പകരം അവര്‍ വേരാഴ്ത്തിനിന്ന തറയാണ് തകര്‍ത്തെറിയപ്പെട്ടത്. വെടികൊണ്ട് ചെരിയുന്ന നിസ്സഹായമായ ആ ഗോത്രസംസ്കൃതികളുടെ നിലവിളി ഉത്സവത്തിമര്‍പ്പിനിടയില്‍ കേള്‍ക്കാതെപോയി. ആ നിലവിളിയാണ് ഒരു കുറുംകുഴലിലൂടെ എന്നവണ്ണം ദിനേശ്കുമാര്‍ കാളഭൈരവന്‍ എന്ന നാടകത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരപൂര്‍വ്വ വാങ്മയമാണ് കാളഭൈരവന്‍. കമ്പോളത്തിന്റേയും വികസനത്തിന്റേയും യുക്തികള്‍ക്കൊത്ത് സകലതിനേയും മാനകീകരിക്കുന്ന പുതുകാലത്തിനോട് ദൈവങ്ങളോടൊപ്പം നിലനില്‍പ്പിനായി പൊരുതുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ. പ്രകൃതിയില്‍നിന്നു പറിച്ചെറിയപ്പെടുന്ന മനുഷ്യദുരന്തത്തിന്റെ പലപാടു പറഞ്ഞ കഥയ്ക്ക് ഏറനാടന്‍ തനിമയാര്‍ന്ന ഒരു മൊഴിവഴിപാട്!

കോളനിവത്കരണം ഗോത്രസംസ്കൃതികളെ ഛിന്നഭിന്നമാക്കിയ ചരിത്രം പറയുന്ന ചിന്നു അച്ചാബെയുടെ സര്‍വ്വം ശിഥിലമാകുന്നു എന്ന കൃതി, പോയ നൂറ്റാണ്ടില്‍ സംസ്കാരവൈവിധ്യങ്ങളെ പുതിയൊരു വീക്ഷണകോണില്‍ വിലയിരുത്താന്‍ പ്രചോദിപ്പിക്കുകയുണ്ടായി. ജനതയുടെ സുസ്ഥിതി, വിശേഷിച്ചും ഗോത്രജീവിതത്തില്‍, അവരുടെ സാംസ്കാരികസ്വത്വവുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരുന്നു. മണ്ണും മലയും പക്ഷിമൃഗാദികളും മാത്രമല്ല മണ്‍മറഞ്ഞ പൂര്‍വ്വികരേയും ആരാധനാമൂര്‍ത്തികളായി പരിഗണിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്രസമൂഹത്തെ കീഴടക്കാന്‍ പാശ്ചാത്യശക്തികള്‍ അവലംബിച്ച മാര്‍ഗ്ഗം അവരുടെ വിശ്വാസത്തെ തകര്‍ക്കുക എന്നതായിരുന്നു. മിഷണറിമാര്‍ ആദ്യം ദൈവങ്ങളെ നിര്‍വ്വീര്യരാക്കി. എന്നിട്ട് മനുഷ്യരെ നിരാലംബരാക്കി.

മുന്‍കാലങ്ങളില്‍ പ്രത്യക്ഷാധിനിവേശമാണ് ശിഥിലീകരണത്തിന് നിദാനമായിരുന്നതെങ്കില്‍ പില്‍ക്കാലത്ത് അത് ആധുനിക വികസനരാഷ്ട്രീയത്തിന്റെ ഫലമായിട്ടായിരുന്നു. പിറന്ന മണ്ണും വളര്‍ന്ന നാടും വിട്ടൊഴിയാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം പെരുകിവരുന്ന ലോകത്താണ് ഇന്നു നാം ജീവിക്കുന്നത്. അഭ്യന്തരയുദ്ധങ്ങളും അരാജകത്വവും പ്രകൃതിദുരന്തങ്ങളും കാരണം ദരിദ്രരാജ്യങ്ങളില്‍നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ അഭയംതേടി അലയുകയാണ് ലോകമെങ്ങും. ലോകയുദ്ധാനന്തരമുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് ഇപ്പോഴത്തേതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പണ്ട് കമ്പോളത്തിനുവേണ്ടി മതിലുകള്‍ തട്ടിനിരത്താന്‍ ആഹ്വാനം ചെയ്ത വികസിതരാജ്യങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളെ തടയാന്‍ മതിലുകെട്ടി ഉയര്‍ത്തുകയാണ്. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും അത് ആത്യന്തികമായി മനുഷ്യനിര്‍മ്മിതമായ ദുരന്തം തന്നെ. വികസനത്തെക്കുറിച്ച് ലാഭകേന്ദ്രിതമായ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ആധുനികതയുടെ പരിണതഫലവും. ഈ സമകാലീനപശ്ചാത്തലത്തില്‍ പ്രസക്തിയേറുന്ന ഒരു കുടിയിറക്കിന്റെ കഥയാണ് കാളഭൈരവന്‍.

ദൈവങ്ങള്‍ മനുഷ്യരെ രക്ഷിച്ചുപോന്ന ഒരു പഴങ്കാലം, മനുഷ്യര്‍ ദൈവങ്ങളെ രക്ഷിക്കാന്‍ പാടുപെടുന്ന സമകാലം, മനുഷ്യരും ദൈവങ്ങളും ഒരുപോലെ അരക്ഷിതരായിത്തീരുന്ന യന്ത്രഭീകരതയുടെ പുതുകാലം – ഇങ്ങനെ മൂന്നു കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു തലമുറയാണ് ഇതിലെ കഥാപാത്രങ്ങള്‍. കാരിക്കുട്ടി വല്യാത്ത, വല്യാത്തയുടെ സഹോദരപുത്രനായ കുഞ്ഞാടി, കുഞ്ഞാടിയുടെ മകന്‍ ദേവന്‍ എന്നിവരാണ് അവര്‍.

മണ്‍കട്ടയില്‍നിന്ന് ഉയിരും ഉരുവവും തിരിഞ്ഞ തിരുവള്ളം ചാത്തന്റെ പരമ്പരയാണ്ഏറനാട്ടിലെ കണക്കര്‍. കൃഷിയും കാലിമേയ്ക്കലുമാണ് കണക്കരുടെ കുലത്തൊഴില്‍. നിലത്തിനോ കാലിക്കോ ഉടമകളല്ലെങ്കിലും മണ്ണിന്റെയും മൃഗത്തിന്റേയും പൊരുളറിഞ്ഞ പുരാതനര്‍. അഞ്ചില്ലങ്ങളായി ഏറനാട്ടില്‍ വ്യാപിച്ച കണക്കരുടെ ജീവിതത്തെ നിയന്ത്രിച്ചത് അവരുടെ ഗാഢമായ വിശ്വാസമായിരുന്നു. കുലദൈവങ്ങള്‍ക്കു പുറമെ അവര്‍ ആരാധിച്ചുപോന്ന നിരവധി ദൈവങ്ങളില്‍ ഒന്നാണ് കാളഭൈരവന്‍. നൂറുകണക്കിന് കാലികളെ മെരുക്കി നിയന്ത്രിക്കാന്‍ കാളഭൈരവസേവയുള്ള ഒറ്റ മേക്കാരാനു കഴിയുമായിരുന്നു. കേന്ദ്രകഥാപാത്രമായ കുഞ്ഞാടിയുടെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന കാരിക്കുട്ടി വല്യാത്തയുടെ പുരാവൃത്തത്തിലൂടെയാണ് നാം ഈ സിദ്ധി തിരിച്ചറിയുന്നത്. ആദ്യത്തെ രണ്ടു രംഗങ്ങളില്‍ അതികായനായ ഈ പൂര്‍വ്വികന്റെ അത്ഭുതസിദ്ധികള്‍ അവതരിപ്പിക്കുന്നു.

കുഞ്ഞാടിയും ഭാര്യ ഉണ്ണിപ്പേരിയും താമസിക്കുന്ന വീടാണ് നാടകത്തിന്റെ നടുവരങ്ങ്. വീട്ടുമുറ്റത്തെ തറയില്‍ ദൈവങ്ങളെ കുടിവെച്ച തറ. അതിനപ്പുറം തൈതാരംപാറ. ഇവരുടെ യൗവനകാലമാണ് മൂന്നും നാലും രംഗങ്ങള്‍. കൃഷി ലഹരിയായിരുന്ന, മഴയും മൊഴിയും ചേറും ഞാറും നിറഞ്ഞ് കര്‍മ്മനിരതമായ ദിനങ്ങള്‍. നാട്ടുവെളിവുകളുടെ ആ നിലാവെളിച്ചത്തിലേക്കാണ് ടോര്‍ച്ചടിച്ചുകൊണ്ട് മാറിയ കാലം വെടിക്കാരന്‍ മായീന്റെ വേഷത്തില്‍ കടന്നുവരുന്നത്. ടോര്‍ച്ചു മാത്രമല്ല, തോക്കും കടന്നുവരുന്നുണ്ട്. തൈതാരംപാറയിലെ വിഗ്രഹങ്ങള്‍ക്കു നേരെ ടോര്‍ച്ചടിക്കുന്നതോടെ ദൈവങ്ങള്‍ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.

വൈകാതെ തൈതാരംപാറ ‘കരിങ്കല്ല് ചവയ്ക്കുന്ന ചെയ്ത്താന്മാര് കടിച്ചുതുപ്പി’. അവിടെ കോറി വന്നു. ടോര്‍ച്ചുവെളിച്ചത്തെ തുടര്‍ന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളും കുന്നുകയറിവന്നു. വൃദ്ധരായ കുഞ്ഞാടിയും ഭാര്യയും അതിജീവിക്കാന്‍ പാടുപെടുകയാണ്. പാറ പോയതോടെ അവര്‍ ഒറ്റപ്പെട്ടു. തട്ടകം കൈയ്യേറിവരുന്ന പുതുകാലത്തെ നേരിടാന്‍ അവര്‍ക്ക് പഴമ്പാട്ടുകളേ ബാക്കിയുണ്ടായിരുന്നുള്ളു. ഉണ്ണിയാര്‍ച്ചയുടെ ഉറുമികണക്കെ അവര്‍ ആ പാട്ടുകള്‍ പാടിപ്പാടി മൂര്‍ച്ച വരുത്തി.

എന്നാല്‍ പഠിപ്പും പരിഷ്കാരവുമുള്ള അവരുടെ മകന്‍ ദേവന് ഈ പഴമ്പാട്ടുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. അയാള്‍ മറ്റൊരു ലോകം കണ്ടവനാണ്. അയാളുടെ ദൈവം വേറെയാണ്. അയാളുടെ ഭാഷ മാനകമലയാളമാണ്. അയാള്‍ക്കു വഴികാട്ടുന്നത് മൊബൈല്‍വെളിച്ചമാണ്. അതിന്റെ റിങ്ടോണ്‍ സംസ്കൃതശ്ലോകമാണ്. വട്ടിയും കുട്ടയും കുടയും നെയ്ത് പരിഹാസ്യരായി ജീവിക്കുന്ന മാതാപിതാക്കള്‍ അയാള്‍ക്ക് അപമാനമാണ്.

കോറിക്കമ്പനിക്കു തീറുകൊടുത്ത പറമ്പില്‍നിന്ന് കുടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. താഴെയുള്ള തന്റെ പുതിയ വീട്ടിലേക്ക് അവരെ കൊണ്ടുപോകാന്‍ അയാളൊരുക്കമാണ്. പക്ഷെ ദൈവങ്ങളോ? മനുഷ്യന്‍ മണ്ണില്‍ നിന്നു കുടിയിറങ്ങുമ്പോള്‍ അവരുടെ മനസ്സില്‍നിന്ന് ദൈവങ്ങള്‍ക്കും കുടിയിറങ്ങേണ്ടിവരുന്നു. പകല്‍വെളിച്ചത്തിന് വഴിമാറിക്കൊടുക്കുന്ന നിലാവെളിച്ചമുള്ള ഒരു രാത്രിയുടെ അനിവാര്യമായ നിസ്സഹായത ഈ കഥാപരിണാമത്തിനുണ്ട്.

വികസനം കുടിയിറക്കിയ അരികുജീവിതത്തെ പ്രമേയമാക്കിയതുകൊണ്ടു മാത്രമല്ല കാളഭൈരവന്‍ ശ്രദ്ധേയമാകുന്നത്. ഗോത്രസംസ്കാരത്തിന്റെ അനേകം അടരുകളെ നാടകത്തിലുടനീളം സമര്‍ത്ഥമായി നെയ്തുചേര്‍ത്തിരിക്കുന്നു. ഇതില്‍ പ്രധാനം ഭാഷ തന്നെ. വാളും ചിലമ്പും അരമണിയും കിലുങ്ങുന്ന ഒരു വാമൊഴിയാട്ടം തന്നെയാണ് കാളഭൈരവന്‍. തമിഴും മലയാളവും കലര്‍ന്ന ഉച്ചാരണവും പ്രാദേശികമായ ചൊല്‍വടിവുകളും നാടകകൃത്ത് തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ അടിക്കുറിപ്പുകളിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യന്തം ഗോത്രമുദ്രയുള്ള പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മുടിങ്കോല്‍ മെടയല്‍, ഊര്‍ച്ച, കൊട്ടനെയ്ത്ത്, കാലിരാകല്‍, ഞാറുനടീല്‍ എന്നിങ്ങനെ കുലവൃത്തിയുമായി ബന്ധപ്പെട്ട ചെയ്ത്തുകളുടെ സൂക്ഷ്മനിരീക്ഷണങ്ങള്‍ കൗതുകകരമാണ്. ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട തോറ്റങ്ങളും കര്‍മ്മങ്ങളും ഒരു ഡോക്യുമെന്റേഷനായി തോന്നിക്കാത്തവിധം കഥാപാത്രങ്ങളുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.

നാടകമെന്നാല്‍ രംഗത്ത് അവതരിപ്പിച്ചുകാണാനുള്ളതാണ്, വായിച്ചുരസിക്കാന്‍ വേണ്ടിയുള്ളതല്ല എന്നൊരു വിശ്വാസം നമ്മുടെ വായനക്കാര്‍ക്കും പ്രസാധകര്‍ക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. ഏറെക്കുറെ അതു ശരിയാണുതാനും. നാടകം പ്രസിദ്ധീകരിക്കാന്‍ അപൂര്‍വ്വമായി മാത്രമേ പ്രസാധകര്‍ മുന്നോട്ടുവരുന്നുള്ളു. അതിനു മുഖ്യകാരണം നാടകരചനയെക്കുറിച്ച് നമുക്കുള്ള മുന്‍വിധിയും പരിചയക്കുറവുമാണ്. കഥാപാത്രങ്ങളുടെ പേരിനു നേരെ അവരുടെ സംഭാഷണം എഴുതിച്ചേര്‍ക്കുകയും ആവശ്യമെങ്കില്‍ ബ്രാക്കറ്റില്‍ രംഗസൂചനകള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തിനേയാണ് നാം നാടകങ്ങളെന്നു വിളിച്ചുപോന്നത്. ഇവ മിക്കവാറും രംഗപാഠങ്ങളായിരുന്നു. എന്നാല്‍ നാടകത്തിനു പാരായണപാഠമായും ജീവിക്കാനാവുമെന്ന് നമ്മുടെ ക്ലാസിക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടേയും സി.ജെ തോമസ്സിന്റേയും നാടകങ്ങള്‍ മികച്ച ഉദാഹരണങ്ങള്‍. കാളഭൈരവനെ വേറിട്ട ഒരു നാടകമാക്കുന്നത് അതിന്റെ ഈ ദ്വിമുഖ സാദ്ധ്യതയാണ്. ഒരേസമയം രംഗപാഠമായും പാരായണക്ഷമതയുള്ള സാഹിത്യമായും നിലനില്‍ക്കുവാന്‍ കഴിയുംവിധം അപൂര്‍വ്വമായ ഒരാഖ്യാനരീതിയാണ് ഈ കൃതിയില്‍ ദിനേശ്കുമാര്‍ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കൃതിയുടെ പ്രസിദ്ധീകരണം കാലികപ്രസക്തമാണെന്നു ഞാന്‍ വിചാരിക്കുന്നു.

റിൽക്കെ

വിഖ്യാത ജർമ്മൻ കവി റെയ്നർ മരിയ റിൽക്കെ (1875 – 1926) ഫ്രഞ്ചുഭാഷയിലെഴുതിയ ഒരു കവിതാപരമ്പരയുടെ മലയാളപ്പകർച്ചയാണ് ഈ കാവ്യജാലകങ്ങൾ. സൂസാന്ന പീറ്റർമാൻ ഫ്രഞ്ചിൽനിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ച When I go – Selected French Poems of Rainer Maria Rilke എന്ന പുസ്തകമാണ് അവലംബം. ഒന്നാം ലോകയുദ്ധാനന്തരം സ്വിറ്റ്സർലണ്ടിലേക്കു താമസം മാറ്റിയ റിൽകെ തന്റെ ജീവിതാന്ത്യത്തിലെഴുതിയതാണ് ഈ രചനകൾ. Windows എന്ന ഈ പരമ്പരയ്ക്ക് പ്രചോദകമായത് കവിയുടെ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന ഒരു കാമുകിയായിരുന്നു എന്ന് സൂസാന്ന പറയുന്നുണ്ട്.
ബാൽക്കണിയിൽ ഉദ്യാനത്തിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങളുള്ള ഒരു മന്ദിരം. ആ ജാലകങ്ങളുടെ തിരശ്ശീലയിട്ട ചട്ടത്തിൽ എപ്പൊഴോ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു സുന്ദരിയുടെ നിഴൽ. അസ്പഷ്ടവും അമൂർത്തവുമായ ആ നിഴലിനെ ആകാംക്ഷാപൂർവ്വം ഉറ്റുനോക്കി താഴെ ഒരു കാമുകൻ. ഒരു യൂറോപ്യൻ ക്ലാസിക്കിൽ വായിച്ചുപരിചയിച്ച ഇത്തരമൊരു സന്ദർഭമാണ് ഈ പരമ്പരയുടെ പശ്ചാത്തലം.
ജാലകത്തിലൂടെ നോക്കിക്കാണുന്നതിനു പകരം ജാലകത്തെത്തന്നെ പല കോണിൽനിന്നു നോക്കിക്കാണുന്ന ഒരു പ്രതീകാത്മക ആവിഷ്കാരമാണ് ഇത്. ജാലകം ചിലപ്പോൾ മണൽഘടികാരം പോലെ ‘കാത്തിരിപ്പിൻ മാപിനി’യാവാം. ചിലപ്പോൾ അതു ‘കിന്നരം’ പോലെ ഒരു തന്ത്രിവാദ്യമാകാം. അഴികളുള്ള ആ ചട്ടം ചിലപ്പോൾ ഒരു തടവറയാകാം. അതിലൂടെയുള്ള നോട്ടമാകട്ടെ കൂടുവിട്ടു പറക്കുന്ന ഒരു പക്ഷിയുടെ സ്വതന്ത്രവിഹാരവുമാകാം.
ജനലിന്റെ ജ്യാമിതീയ ഘടനയെത്തന്നെയും റിൽക്കെ പ്രതീകവത്കരിക്കുന്നുണ്ട്. ആ ദീർഘചതുരം ചിതറിപ്പോകുന്ന നിത്യജീവിതത്തിന് ഒരു ശ്രദ്ധാകേന്ദ്രം നൽകുന്നു. ചട്ടങ്ങൾ – ഫ്രെയിം എന്ന അർത്ഥത്തിലും നിയമങ്ങൾ എന്ന അർത്ഥത്തിലും – പാലിക്കുവാനുള്ളതോ മാറ്റുവാനുള്ളതോ എന്ന സന്ദിഗ്ദ്ധതയും അതുന്നയിക്കുന്നു.
‘ചട്ടക്കൂടുകളുടെ പരിമിതി സൃഷ്ടിക്കുന്ന അപരിമിതമായ സാധ്യത’ എന്ന വൈരുദ്ധ്യത്തെ പ്രകീർത്തിക്കുകയാണ് റിൽക്കെ; വൃത്തബദ്ധമായ പദ്യത്തിനുള്ളിൽ കവിത എന്ന പോലെ! (“Henceforth, the window serves as an ironic gift: limitless possibility within a limited framework, like poetry contained within rhyme and meter.” – Susanne Petermann)
പുസ്തകദാരിദ്ര്യം മൂലം വളരെ വൈകിയാണ് ഞാൻ റിൽകെയെ വായിക്കാനാരംഭിച്ചത്. വർഷങ്ങൾക്കു മുമ്പ് കെ.ജി.എസ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന ‘സമകാലീനകവിത’ ഒരു റിൽക്കെ പതിപ്പ് ഇറക്കുകയുണ്ടായി. അതിലേക്ക് പരിഭാഷപ്പെടുത്താമോ എന്നു ചോദിച്ചുകൊണ്ട് മാഷ് ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് ഫോട്ടോസ്റ്റാറ്റ് ചെയ്ത് എനിക്ക് അയച്ചുതന്നു. എത്ര പരിശ്രമിച്ചിട്ടും ആ കവിത എനിക്കു വഴങ്ങിയില്ല. ഞാൻ പരാജയം സമ്മതിച്ചു. എന്നാലും ഒരിക്കലും മുഴുവനായും പിടി തരാത്ത റിൽക്കെ എന്നെ വെല്ലുവിളിച്ചുകൊണ്ട് പിന്തുടർന്നു. ഈ മൊഴിമാറ്റവും വഴക്കത്തോടെ ചെയ്തതല്ല. ഉയരത്തിലുള്ളതിനെ എത്തിപ്പിടിക്കാൻ നടത്തിയ ഒരു പരിശ്രമം മാത്രമായി കരുതിയാൽ മതി.

ജാലകമേ ജാലകമേ

1 നിന്റെ ക്ഷണം
ജാലകമേ, ചിത്രജാലകമേ, ഇളം
നീലയവനിക മെല്ലെയിളക്കി നീ
കാത്തുനില്കാനോ പറഞ്ഞു? ഇളം
കാറ്റില്‍ സ്വകാര്യം പറഞ്ഞു?
ആരു നീയെന്നറിവീല ഞാന്‍, എങ്കിലും
നീങ്ങുവാന്‍ വയ്യ, തങ്ങാനും
ദൂരേയ്ക്കു പാതകള്‍ മാടി വിളിക്കിലും
ആയില്ലെ,നിക്കനങ്ങാനും!
ശോകം നിറഞ്ഞുകവിയും മനസ്സുമായ്
ആശങ്കയോടെ ഞാന്‍ നിന്നു
കാണാന്‍ കൊതിച്ച കിനാവൊന്നു ജാലക
പാളിയില്‍ കാണുവാനാമോ?

2 കണ്ട നിമിഷം
ബാല്‍ക്കണിയില്‍, ജാലകചതുരത്തില്‍
കേവലമൊരു നിമിഷം ഞാനവളെ
കണ്ടൂ, കണ്ടൊരുമാത്ര മറഞ്ഞൂ
എന്തൊരു കഷ്ടം നോക്കൂ!
അങ്ങിനെയെങ്കില,വള്‍ മുടി കെട്ടാന്‍
മന്ദം കൈകളുയര്‍ത്തീയെങ്കില്‍,
അരികിലിരിക്കും പൂപ്പാത്രത്തെ
പരിചോടൊന്നു തൊടാനാഞ്ഞെങ്കില്‍,
എത്ര മുറിഞ്ഞേനേ ശോകത്താല്‍
എത്രയെരിഞ്ഞേനേ താപത്താല്‍!

3 ജ്യാമിതി
വലുതാം ജീവിതമെത്രയെളുപ്പം
ചെറുതാം കള്ളിയിലാക്കി – നീയൊരു
ചതുരക്കള്ളിയിലാക്കി!
നിന്നരികില്‍ കാണുമ്പോള്‍ മാത്രം
സുന്ദരിയാവുന്നു – ഒരുവള്‍
അനശ്വരയാവുന്നു!
എത്ര സുരക്ഷിതരായീ നമ്മള്‍
ഇച്ചതുരക്കൂട്ടില്‍
ചുറ്റും പരിമിതിതന്‍ നടുവിങ്ങനെ
പറ്റിയിരിക്കുമ്പോള്‍!

4 കാത്തിരിപ്പിൻ മാപിനി
നീളമേറും കാത്തിരിപ്പിന്‍
വേളയെണ്ണും മാപിനീ,
ജാലകമേ, ഓ! മണല്‍ഘടി-
കാരമല്ലേ നീ?
നീയടുപ്പിക്കുന്നു, നീതാന്‍
വേര്‍പെടുത്തുന്നു
സാഗരം പോല്‍ ചഞ്ചലം നീ
പ്രേമജാലകമേ!
നോക്കിടുന്നോര്‍തന്‍ മുഖങ്ങള്‍
ചേര്‍ത്തുകാട്ടുന്നു
നിന്റെ ചട്ടം ചേര്‍ന്നിണങ്ങും
ചില്ലുകണ്ണാടി.

5 ഓര്‍മ്മയില്‍ തങ്ങും മുഹൂര്‍ത്തം
ആരെയോ കാത്തുകൊ-
ണ്ടാരെങ്കിലും നിന്റെ
ചാരേയണഞ്ഞു നിന്നെങ്കില്‍,
ആരംഗമോര്‍മ്മയില്‍
തങ്ങും മുഹൂര്‍ത്തമായ്
നീ ചട്ടമിട്ടു തൂക്കുന്നൂ
ജാലകമേ നിന്നരികിലണഞ്ഞതൊ-
രാലസ്യം താനോ
വാതിൽപ്പഴുതിൽ കണ്ടതു ചിതറിയൊ-
രാലോചനയാണോ
സ്വപ്നം കാണുകയാണൊരു കുഞ്ഞാ
ചട്ടത്തിൽ ചാരി
കുപ്പായം പഴകുന്നതുമറിയാ-
താന്തരസഞ്ചാരി
ചിറകിനു വേണ്ടി കുത്തിനിറുത്തിയ
ശലഭങ്ങള്‍ പോലെ
പ്രണയികളിരുവര്‍ നില്പാണവിടെ
വിളറിയുമിളകാതെ

6 ജാലകാധീനന്‍
ജാലകാധീനനാകുന്നു ഞാന്‍ കേവലം
ആലോകനം തന്നെ ജന്മം
കാണുന്നതെന്തിലും കൗതുകം, കാഴ്ചകള്‍
കാര്യങ്ങളോതുന്ന ഗ്രന്ഥം
ഓരോ പറവയുമെന്നോടു സമ്മതം
ചോദിച്ചിടുന്നതു പോലെ
പേടിപ്പെടുത്തുന്നതില്ലാ പൊരുത്ത-
ക്കേടുകള്‍ പണ്ടെന്നപോലെ
നീളും പകല്‍മുഴുനീളവും ഈ ജനല്‍-
പ്പാളിക്കടിപ്പെട്ടൊരെന്നെ
കാണാമിരവിലീ ഭൂലോകഗോളത്തിന്‍
കാണാമറുപുറം പോലെ

7 ജാലകാധീന
ജാലകാധീനയാണിന്നിവൾ, ജീവിതം
കേവലമാലസ്യമാർന്ന നോട്ടം.
ലോകം അനിശ്ചിതത്വം വിട്ടു തൻ മനോ-
ഭാവത്തിനൊത്തിണങ്ങുന്ന നേരം
താഴെയുദ്യാനത്തിലെങ്ങുമാ വീക്ഷണം
മാധുര്യവർഷം ചൊരിഞ്ഞിടുന്നു.
ബന്ദിയോ സർവ്വസ്വതന്ത്രയോ – കാരണ-
മെന്തിവൾ ഇങ്ങനെ നിൽക്കാൻ?
ആയിരം മങ്ങിയ താരകങ്ങൾക്കിട-
ക്കേതാനുമെണ്ണം തിളങ്ങി,
ഏതോ വിദൂരസ്ഥ നക്ഷത്രരാശിയെ
വേറിട്ടു കാട്ടുന്ന പോലെ
കാണുക, നഷ്ടഹൃദയവുമായൊരാൾ
ജാലകത്തിൻ ചതുരത്തിൽ.

8 കിന്നരം
ജാലകമേ, ഓ ജാലകമേ!
ഞങ്ങടെയാത്മാവിഷ്കാരത്തിൻ
കിന്നരമത്രേ നീ
ഇതുവരെ ഞങ്ങൾ മീട്ടി കണ്ണാൽ
ഉയരുകയിനി വിണ്ണിൽ
ഗഗനപഥത്തിൽനിന്നു പ്രകാശം
ചൊരിയുക കാവ്യത്തിൽ.

കെ എ ഗഫൂർ

അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുമായിരുന്നു. എന്നാൽ ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. “ഓന്ത് ഒരു തുള്ളി മുതലയാണ്” എന്ന് ഗുരുജി ലോർക്കയുടെ കവിതയെ ഉദ്ധരിച്ചു പറഞ്ഞ ഒരു വാക്യം മാത്രം പൊരുളറിഞ്ഞല്ലെങ്കിലും എന്റെ ഉള്ളിൽ തങ്ങി നിന്നത് ഓർക്കുന്നു.

അക്കാലത്ത് മുഴുനീള ചിത്രകഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നോവലുകളെപ്പോലെ ഖണ്ഡശ്ശയായി ആണ് വന്നിരുന്നത്. ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയിൽ നെഞ്ചിടിപ്പിച്ചുകൊണ്ടാണ് ഓരോ ലക്കവും അവസാനിക്കുക. അടുത്ത ലക്കത്തിനുവേണ്ടിയുള്ള ആ കാത്തിരിപ്പിന്റെ മധുരവേദന അനുഭവിച്ച അവസാന തലമുറയായിരിക്കണം ഞങ്ങളുടേത്.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതുമായ ചിത്രകഥാപരമ്പര ഏതാണ് എന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, മണ്ണുണ്ണി എന്ന്. മെലിഞ്ഞുനീണ്ട കൈയ്യും കാലുമായി കുന്തിച്ചിരുന്ന് മണ്ണുരുട്ടി പാവയെ ഉണ്ടാക്കുന്ന ആ കിഴവക്കൊശവന്റേയും അയാളുടെ ഭാര്യയുടേയും രൂപം ചതുരക്കള്ളികളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടാക്കിയ ഉടനെ തലയാട്ടുകയും കൈ ഉയർത്തുകയും ചെയ്ത ആ മൺപാവയെ കൊശവൻ കൈപിടിച്ച് പിച്ച വെപ്പിക്കുന്നതും പിന്നീട് അയാളുടെ പിടി വിട്ട് അത് റോഡിലൂടെ നടന്നുപോകുന്നതും നീണ്ട മുടി കൊണ്ടു റോഡ് ബ്ലോക്കാകുന്നതുമെല്ലാം എത്രയെത്ര തവണയാണ് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുള്ളത്! മണ്ണുണ്ണിയിൽനിന്നും ആവേശമുൾക്കൊണ്ട്, വരയിൽ അല്പം കമ്പമുണ്ടായിരുന്ന ഞാൻ അക്കാലത്ത് നോട്ടുപുസ്തകത്തിൽ ചിത്രകഥ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ മണ്ണുണ്ണിയുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാനും ആരാധിക്കാനും ആരംഭിച്ചത്.

കെ എ ഗഫൂർ എന്ന പേരിനേക്കാൾ, അവ്യക്തലിപികളിലുള്ള അദ്ദേഹത്തിന്റെ ഒപ്പാണ് കുട്ടിക്കാലത്ത് എന്റെ മനസ്സിൽ അടയാളപ്പെട്ടത്. ആ ചിഹ്നം ചാർത്തിയ ചിത്രജാലകങ്ങൾ തുറന്ന് വിചിത്രമായ ലോകങ്ങളിലൂടെ സഞ്ചരിക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. പറക്കുംതളികയാണ് ഗഫൂർ മാഷിന്റെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രകഥ. എന്നാലും മണ്ണുണ്ണിയിലാണ് മാഷിന്റെ കഥനകൗതുകവും കലാകൗശലവും ഒരുപോലെ ഇണങ്ങിയത് എന്നു ഞാൻ കരുതുന്നു.

പിൽക്കാലത്ത് ഞാനെഴുതിയ ‘കലംകാരി’ എന്ന നാടകീയകാവ്യത്തിൽ (2004) ഈ ചിത്രകഥയുടെ സ്വാധീനം കാണാം. അതിൽ കുശവത്തിയാണ് മണ്ണുകുഴച്ച് ഉണ്ണിയെ ഉണ്ടാക്കുന്നത്.
“ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ കല്ലും ദൈവം
ഉയിരായി നിനച്ചാല്‍ മണ്ണുരുളയുമുണ്ണി”
എന്ന് അവൾ തിരിച്ചറിയുന്നുണ്ട്.
വൈകിയാണെങ്കിലും എന്റെ കടപ്പാട് വെളിപ്പെടുത്താനും കൃതജ്ഞത പ്രകടിപ്പിക്കാനും ബഷീർ മാഷിന്റെ ഈ ആദരപുസ്തകം നിമിത്തമായതിൽ സന്തോഷമുണ്ട്.