1
അര നൂറ്റാണ്ടുമുമ്പ് ഞാൻ കണ്ട ഒരു ഭൂപ്രകൃതി ഓർത്തെടുത്തുകൊണ്ട് ആരംഭിക്കാം. കുമരനെല്ലൂരിൽ അക്കിത്തത്തിന്റെ വീട്ടിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് ഇറങ്ങിനടക്കാൻ ഒരു കുണ്ടനിടവഴിയുണ്ടായിരുന്നു. അത് ചെല്ലുന്നത് വിശാലമായ ഒരു പാടത്തേക്കാണ്. ആ പാടവരമ്പിലൂടെ മറുകരയിലേക്കു നടന്നാൽ നീലിയാട് വളവിൽ എത്തും. നീലിയാട് വളവ് റോഡും തോടും കടന്നുപോകുന്ന ഒരു സ്ഥലമാണ്. ഏതാണ്ട് തൊണ്ണൂറു ഡിഗ്രിയിലുള്ള ഈ കൊടുംവളവ്, മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തിയുമാണ്. വർഷകാലത്ത് തോട് നിറഞ്ഞുകവിയും. ഈ തോടിന്റെ പാലത്തിന്മേലാണ് കവി ബസ്സുംകാത്ത് ഇരിക്കാറുള്ളത്. (ഇങ്ങനെയൊരു കാത്തിരിപ്പിനിടയിലാണ് വളവിങ്കൽ മൂസ എന്ന തണ്ണീർപ്പന്തൽ പ്രത്യക്ഷപ്പെടുന്നത്. അതിനെക്കുറിച്ച് വഴിയേ പറയുന്നുണ്ട്.) ആ വളവിൽനിന്ന് അല്പം വടക്കോട്ടു നടന്നാൽ വഴിയോരത്ത് ഒരു കൊക്കരണിയുണ്ട്. അതിനോടു ചേർന്ന് ഒരു കരിങ്കല്ലത്താണിയും. തോടും അത്താണിയും ഇന്നുമുണ്ട്. കൊക്കരണി തൂർന്നുപോയിരിക്കുന്നു.
Tag: ലേഖനം
നാടകപ്പൊന്നാനി
‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധം.
നാല്പതുകളില്‍ തുടങ്ങി ഏതാണ്ട് മൂന്നു പതിറ്റാണ്ട് സജീവമായി പ്രവര്‍ത്തിച്ച മലബാറിലെ കലാപ്രവര്‍ത്തനങ്ങളുടെ കാതല്‍ പ്രബോധനപരതയാണെന്നു പറയാം. യുദ്ധാനന്തരലോകം, സ്വാതന്ത്ര്യാനന്തരഭാരതം, ഐക്യകേരളം എന്നിവിടങ്ങളിലുണ്ടായ ഏതു ചലനവും അപ്പപ്പോള്‍ പിടിച്ചെടുക്കാനും പഠിച്ചെടുക്കാനും ഇവിടങ്ങളിലെ ഉത്പതിഷ്ണുക്കളായ ഒരു ന്യൂനപക്ഷം എന്നും തയ്യാറായിരുന്നു. വിദ്യാസമ്പന്നരും കര്‍മ്മോത്സുകരും വിപ്ലവകാരികളുമായ അവര്‍ എവിടേയുമെന്നപോലെ ന്യൂനപക്ഷമായിരുന്നു എന്നതില്‍ അത്ഭുതമില്ല. നിരക്ഷരരും ദരിദ്രരുമായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിന്റെ വിത്തുപാകേണ്ട ഉത്തരവാദിത്വം തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തു. നവീനാശയങ്ങളുടെ വിത്തുകള്‍ അത്രയേറെയുണ്ടായിരുന്നു അവരുടെ പക്കല്‍.
നിരക്ഷരഭൂരിപക്ഷത്തോട് മാനവികതയെക്കുറിച്ചോ സോഷ്യലിസത്തെക്കുറിച്ചോ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അവരെ ബോധവത്കരിക്കാന്‍ കലാപ്രകടനത്തോളം മികച്ച ഒരുപായം വേറെയുണ്ടായിരുന്നില്ല. ചൂഷണമെന്തെന്ന് ചൂഷിതനറിയില്ല. അതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ അവന്റെ ജീവിതം അവന്റെ മുന്നില്‍ അവതരിപ്പിച്ചുകാട്ടുകയാണ് നല്ലത്. ക്ലാസിക്കല്‍ കലകളും അനുഷ്ഠാനകലകളും ആശയപ്രചരണത്തിനുതകുംവിധം വളച്ചൊടിക്കാന്‍ അസാദ്ധ്യമായതിനാല്‍ പാട്ടും നാടകവും പ്രസംഗവും അവര്‍ക്കു പ്രിയമാധ്യമങ്ങളായി. സംഘര്‍ഷഭരിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നാടകത്തെപ്പോലെ യഥാതഥമായി പ്രതിഫലിപ്പിക്കാന്‍പോന്ന മറ്റൊരു മാധ്യമവും അന്നു ലഭ്യവുമല്ല. സ്വാഭാവികമായും നാടകശാല പാവപ്പെട്ടവന്റെ പാഠശാലയായി.
ഓരോ നാടകപാഠവും ഓരോ ജീവിതപാഠമായിരുന്നു. പാഠം രംഗവേദിയും പരീക്ഷ ജീവിതസമരവും. നടന്മാരോ സംവിധായകനോ ഉണ്ടായിരുന്നില്ല. ഏവരും നാടകപ്രവര്‍ത്തകര്‍മാത്രം. ഇവിടത്തെ നാടകം സംഘാവിഷ്കാരമായിരുന്നു, ആത്മാവിഷ്കാരമായിരുന്നില്ല. അഭിനയമല്ല, അനുകരിച്ചുകാട്ടലാണ് നടന്റെ കലയെന്ന് ഇവര്‍ കരുതി. തൊട്ടുമുന്നില്‍ കണ്ടതാണ് ഇവർക്കു പ്രമേയം. മണ്ണിനും പെണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരമായിരുന്നു മുഖ്യവിഷയം. ജന്മിയുടെ നുകക്കീഴില്‍നിന്ന് കര്‍ഷകനു സ്വാതന്ത്ര്യം. പുരുഷാധിപത്യകുടുംബവ്യവസ്ഥയില്‍ നിന്ന് സ്ത്രീക്കു സ്വാതന്ത്ര്യം. മതപൌരോഹിത്യശാസനകളില്‍നിന്ന് പൌരനു സ്വാതന്ത്ര്യം. ഇങ്ങനെ വ്യത്യസ്തതലങ്ങളില്‍, എന്നാല്‍ പരസ്പരബന്ധിതവുമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആയുധമായിരുന്നു അക്കാലത്ത് മലബാറിലെ നാടകം.
ഈ പ്രകരണത്തിൽത്തന്നെയാണ് പൊന്നാനിയിലും നാടകങ്ങൾ ഉണ്ടാവുന്നത്. സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ ഒരു സമാന്തരപ്രവർത്തനമായിട്ടാണ് ഇവിടെ നാടകക്കൃഷി ആരംഭിക്കുന്നത്. ഇടശ്ശേരി, ഗോവിന്ദൻ, ഉറൂബ് എന്നീ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകളും കൃഷ്ണപ്പണിക്കർ വായനശാലാപ്രവർത്തകരുടെ ഉത്സാഹവും ചേർന്നാണ് അമ്പതുകളിൽ പൊന്നാനിയിൽ ഒരു അമെച്വർ നാടക ഉണർവ് ഉണ്ടാവുന്നത്. അതിനു പശ്ചാത്തലമൊരുക്കുകയും പ്രോത്സാഹനം നൽകുകയും ചെയത രണ്ട് രംഗസംരംഭങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അതിലൊന്ന് വി.ടിയുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ്. ജന്മംകൊണ്ട് പൊന്നാനിക്കാരനായിരുന്നില്ലെങ്കിലും പൊന്നാനിക്കളരിയുമായി നിരന്തരസൗഹൃദം പുലർത്തിയിരുന്ന വി.ടിയുടെ കർമ്മോത്സുകതയും അദ്ദേഹത്തിന്റെ പരിഷ്കരണത്വരയും ഇടശ്ശേരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. മറ്റൊന്ന് കെ. ദാമോദരന്റെ പാട്ടബാക്കി എന്ന നാടകമാണ്. 1937ൽ പൊന്നാനിയിൽ നടന്ന കർഷകസംഘം സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടിയാണല്ലോ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ കൃതി ജനിക്കുന്നത്. മുൻപോ ശേഷമോ അതുപോലൊന്ന് രചിക്കപ്പെടാത്തവിധം അനന്യമായിരുന്നു ഈ രണ്ടു നാടകങ്ങളും. പിൽക്കാലത്ത് പൊന്നാനിയിൽ അമെച്വർ നാടകങ്ങളുടെ കൂട്ടുകൃഷിക്ക് കളമൊരുക്കിയത് ഈ രണ്ടു നാടകങ്ങളായിരുന്നു.
വള്ളുവനാട്ടിലും ഏറനാട്ടിലും ഉണ്ടായ അക്കാലത്തെ പ്രസിദ്ധനാടകങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. പാട്ടബാക്കിക്കു പുറമെ ചെറുകാടിന്റെ നമ്മളൊന്ന്, തറവാടിത്തം, ഇ.കെ.അയമുവിന്റെ ജ്ജ് നല്ല മനുസനാകാൻ നോക്ക് തുടങ്ങിയവ ഉദാഹരണം. എന്നാൽ മാനവികതാവാദവും ദേശീയസ്വാതന്ത്ര്യപ്രസ്ഥാനവും ഗാന്ധിയൻ ആദർശങ്ങളുമാണ് പൊന്നാനിക്കളരി നാടകങ്ങൾക്കു പ്രമേയമായി സ്വീകരിച്ചത്. ഇടശ്ശേരി നേതൃത്വം നല്‍കിയ പൊന്നാനിക്കളരിക്ക് സമരമല്ല, സമരസപ്പെടലായിരുന്നു അന്തര്‍ദ്ധാര. പുറമെയുള്ള സംഘര്‍ഷത്തേക്കാള്‍ ആന്തരികമായ സംഘര്‍ഷമാണ് അവിടത്തെ പ്രമേയത്തിനും പ്രതിപാദനത്തിനും തനിമയുണ്ടാക്കിയത്. ഇവിടെ കൂട്ടുകൃഷി പ്രത്യേകം പരാമർശമർഹിക്കുന്നു. അക്കാലത്തെ ജന്മി കുടിയാൻ – ഹിന്ദു മുസ്ലീം ആശയസമരത്തിന് സമന്വയത്തിന്റേതും സഹകരണത്തിന്റേതും ആയ ഒരു പരിഹാരമാണല്ലോ അതിൽ അവലംബിക്കാൻ ഉദ്യമിക്കുന്നത്. ഇത് പൊതുവേ മലബാറിൽ അക്കാലത്തുണ്ടായിരുന്ന നാടകങ്ങളുടെ പൊതുരീതിയിൽനിന്ന് ഭിന്നമായിരുന്നു. കൂട്ടുകൃഷി നാടകം സാമുദായികവും സാമ്പത്തികവുമായ സഹകരണസങ്കല്പത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. ഉറൂബിന്റെ തീകൊണ്ടു കളിക്കരുത്, എം ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് എന്നീ കൃതികൾ പ്രത്യക്ഷത്തിൽത്തന്നെ യുദ്ധവിരുദ്ധതയും സമാധാനകാംക്ഷയും ഉയർത്തിപ്പിടിക്കുന്നവയാണ്. കവിതയിലും കഥയിലുമെന്നപോലെ നാടകത്തിലും മനുഷ്യസങ്കീർത്തനമായിരുന്നു പൊന്നാനിയുടെ മുഖമുദ്ര.
പൊന്നാനിയിലെ എഴുത്തുകാർ ആക്ടിവിസ്ററുകൾ കൂടിയായിരുന്നു. ഗോവിന്ദന്റേയും ഇടശ്ശേരിയുടേയും മറ്റും നേതൃത്വത്തിൽ പൊന്നാനിയിൽ നടന്ന ചർച്ചകളാണ് പിന്നീട് മലബാർ കേന്ദ്ര കലാസമിതിയുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത് എന്ന് പവനൻ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്രകലാസമിതിയുടെ നാടകോത്സവങ്ങൾ മലബാറിലെ അമെച്വർ നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയെന്നത് ചരിത്രമാണല്ലോ. വായനശാലാ വാർഷികങ്ങളാണ് മറ്റെവിടെയും പോലെ പൊന്നാനിയിലും അമെച്വർ നാടകാവതരണങ്ങൾക്ക് വേദിയൊരുക്കിയത്. പൊന്നാനി കൃഷ്ണപ്പണിക്കർ വായനശാലക്കുവേണ്ടി ഇടശ്ശേരിയും ഉറൂബും നിരവധി ലഘുനാടകങ്ങൾ രചിക്കുകയുണ്ടായി. പിന്നീട് കൂട്ടുകൃഷിയുടെ രംഗാവതരണത്തിനു മാത്രമായി കൃപ പ്രൊഡക്ഷൻസ് എന്നൊരു ബാനർ പോലും ഉണ്ടാക്കി. വായനശാലാപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന ടി. ഗോപാലക്കുറുപ്പ് നാടകങ്ങളെഴുതാൻ ഇടശ്ശേരിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി.
പുരോഗമനപരമായ സന്ദേശത്തോടൊപ്പം സൗന്ദര്യശാസ്ത്രപരമായ ശില്പഭദ്രതയും നാടകത്തിനുണ്ടായിരിക്കണമെന്ന് ഇടശ്ശേരി നിഷ്കർഷിച്ചിരുന്നു. അക്കാലത്തെ അമെച്വർ നാടകാവതരണങ്ങളിൽ വ്യാപകമായി കണ്ടുവന്ന കലാപരമായ വൈകല്യങ്ങളെയും പോരായ്മകളേയും നിശിതമായി വിമർശിക്കുകയും തന്റെ നാടകസങ്കല്പത്തെ യുക്തിയുക്തം അവതരിപ്പിക്കുകയും ചെയ്ത നാടകസൈദ്ധാന്തികൻ കൂടിയായിരുന്നു ഇടശ്ശേരി. ഗ്രാമീണനാടകവേദിയെക്കുറിച്ച് മാധ്യമപരമായ ഒരു സൌന്ദര്യശാസ്ത്രത്തിന് അന്വേഷണം നടത്തിയത് ഇടശ്ശേരിയാണ്. രംഗാവതരണരീതികള്‍ ആധുനികകാലത്തിനനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരവധി പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാടകവേദി സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനായി അവതരണച്ചെലവു സ്വരൂപിക്കാന്‍ ടിക്കറ്റുവെച്ചുവേണം നാടകം അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ചമയം, സംഗീതം, സ്ത്രീവേഷം, ദീപവിതാനം, അഭിനയം തുടങ്ങിയ നാടകസംബന്ധിയായ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഗാന്ധിയന്‍ദര്‍ശനത്തിലൂന്നിയ ഒരു ഗ്രാമീണനാടകവേദിയായിരുന്നു ഇടശ്ശേരിയുടേത്.
ഇടശ്ശേരിയുടെ നാടകാദർശങ്ങളെ കുറേക്കൂടി അക്കാദമികവും ചരിത്രപരവുമായി പിന്തുടർന്നു വികസിപ്പിച്ച പൊന്നാനിയിലെ മറ്റൊരു സൈദ്ധാന്തികൻ കാട്ടുമാടം നാരായണൻ ആയിരുന്നു. രൂപഭദ്രവും ഭാവസുന്ദരവുമായ ഒരു നാടകശില്പ്പം വാര്‍ത്തെടുക്കേണ്ടതെങ്ങനെയെന്ന് നാടകരചയിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന ഒരു ഹാന്‍ഡ്ബുക്ക് ആണ് അദ്ദേഹത്തിന്റെ നാടകരൂപചർച്ച. മലയാളത്തില്‍ അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ലെന്നു പറയാം.
നാൽപ്പതുകളിൽ തുടങ്ങി രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും പൊന്നാനിയിലെ നാടകവേദികൾ ദുർബലമായി. ചലച്ചിത്രവും മറ്റു മാധ്യമങ്ങളും ജനപ്രിയത നേടി. പിൽക്കാലത്ത് നാടകം സ്കൂൾ കോളേജ് ക്യാംപസ്സുകളിലെ മത്സരഇനമായി ലഘുത്വമാർജ്ജിക്കുന്നതാണ് നമ്മൾ കാണുന്നത്. തൊണ്ണൂറുകളുടെ അവസാനം ഇടശ്ശേരിയുടെ നവതിയോടനുബന്ധിച്ച് നരിപ്പറ്റ രാജു സംവിധാനം ചെയ്ത കൂട്ടുകൃഷിയുടെ പുനരവതരണമാണ് എടുത്തുപറയേണ്ട പുതിയകാലത്തെ മറ്റൊരു രംഗമുന്നേറ്റം. ബാബരി മസ്ജിദ് തകർക്കപ്പെട്ട ചരിത്രപശ്ചാത്തലത്തിൽ പുതിയ കൂട്ടുകൃഷിയിലെ പ്രമേയപരമായ ഊന്നൽഭേദം ശ്രദ്ധേയമായിരുന്നു. വി.ടിയുടെ അടുക്കളനാടകത്തിന്റേയും ചെറുകാടിന്റെ നമ്മളൊന്നിന്റേയും പുനരവതരണങ്ങൾ ഈയ്യിടെ പൊന്നാനി കേന്ദ്രമായുള്ള ചില കലാസമിതികൾ ഏറ്റെടുത്തുകാണുകയുണ്ടായി. എന്നാൽ, ഇത്തരം പുനരാവിഷ്കാരങ്ങളും പോയകാലപ്പൊലിമകളുമല്ലാതെ പുതിയ രചനകളും രംഗോദ്യമങ്ങളും ആണ് കാലം ആവശ്യപ്പെടുന്നത്.
കവി കവിത എഡിറ്റർ
എൺപതുകളിൽ ഞാൻ കവിതകൾ എഴുതുമായിരുന്നുവെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നില്ല. അയച്ചുകൊടുക്കും. കേടുകൂടാതെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. എൺപത്തിയൊമ്പതിലാണെന്നു തോന്നുന്നു കാകാചാര്യൻ എന്ന ശീർഷകത്തിൽ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. പതിവുപോലെ കവർ തിരിച്ചുവരുന്നതും കാത്ത് ഇരിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡ് ആണ് വന്നത്. “കവിത കൊള്ളാം. എന്നാൽ അതിലെ …. വരിയിലെ …. വാക്ക് മാറ്റി …. എന്നാക്കി അയച്ചുതരൂ.” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
പത്രാധിപരുടെ കത്തു കിട്ടുന്നതുപോലും വലിയൊരംഗീകാരമാണ് അന്ന്. എന്നാലും ആ വാക്ക് മാറ്റാൻ എനിക്ക് സമ്മതമായിരുന്നില്ല. പത്രാധിപർ നിർദ്ദേശിച്ച വാക്ക് ആ സന്ദർഭത്തിനോട് ഒട്ടും ചേരുന്നതായി എനിക്കു തോന്നിയില്ല. രണ്ടും കല്പിച്ച് ഞാൻ പത്രാധിപരെ നേരിൽ കാണാൻ നിശ്ചയിച്ചു. ആദ്യമായിട്ടാണ് കോഴിക്കോട് മാതൃഭൂമി ആപ്പീസിൽ പോകുന്നത്. എം. ടി യാണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെങ്കിലും കവിത നോക്കുന്നത് കെ.വി.രാമകൃഷ്ണനാണ് എന്ന് പ്രസ്സിൽ ചോദിച്ചറിഞ്ഞു. മറ്റൊരിടത്താണ് അദ്ദേഹം. (എം എം പ്രസ്, ചെറൂട്ടി റോഡ്?) അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു. സ്വയം പരിചയപ്പെടുത്തി. അദ്ദേഹമയച്ച കാർഡ് കാണിച്ചുകൊടുത്തു.
‘വാക്കു മാറ്റിയോ’ എന്നു ചോദിച്ചു. ‘ഇല്ല’ എന്നു ഞാൻ. അതു മാറ്റുന്നതിലെ അനൗചിത്യവും അതു മാറ്റാതിരിക്കാനുള്ള എന്റെ ന്യായീകരണവും ഞാൻ വിശദീകരിച്ചു. അദ്ദേഹം സൗമ്യതയോടെ എന്റെ തർക്കുത്തരം ശ്രദ്ധിച്ചിരുന്നു. കത്ത് തിരിച്ചുവാങ്ങി, ‘ഇതിവിടെ ഇരിക്കട്ടെ’ എന്നു പറഞ്ഞു. കവിത പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ പറഞ്ഞതുമില്ല. ഞാൻ തിരിച്ചുപോന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആ കവിത തിരുത്തൊന്നും കൂടാതെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നു. ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിൽ വരുന്ന എന്റെ ആദ്യ രചനയായിരുന്നു അത്. അതെനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. വൈലോപ്പിള്ളിക്കവിതയോടുള്ള എന്റെ ആരാധനയും അതിന്റെ സ്വാധീനവും എല്ലാം പ്രകടമാകുന്ന ഒരു ചെറിയ കവിതയായിരുന്നു കാകാചാര്യൻ.
അതൊരു നല്ല തുടക്കമായി. പിന്നീട് പ്രമുഖ ആനുകാലികങ്ങളിലെല്ലാം എന്റെ കവിതകൾ പ്രസിദ്ധീകരിച്ചുവന്നുകൊണ്ടിരുന്നു. ഒരിക്കൽ എവിടെയോ വെച്ച് കണ്ടപ്പോൾ കെ.വി.രാമകൃഷ്ണൻ മാഷ് പറഞ്ഞു: “അന്ന് രാമചന്ദ്രൻ സ്വന്തം വാക്കിനുവേണ്ടി വാദിച്ചത് എനിക്കു ബോധിച്ചു.”
വാക്കു മാറാതെ അടിയുറച്ചുനിന്ന മറ്റൊരു സന്ദർഭം കൂടി പറയാം. ‘കുയിൽവാഹനൻ’ എന്നൊരു കവിതയെഴുതി. ഞാനും പി. രാമനും വരദൻ എന്ന സുഹൃത്തും കൂടി ഒരു പാതിരക്ക് പാലക്കാട് ടൗണിലൂടെ കാവ്യലഹരിയിൽ നടന്നുപോകുമ്പോൾ ഒരു തെരുവുചട്ടമ്പി കത്തിവീശി ആക്രമിക്കാൻ വന്നതും ഞങ്ങൾ മൂവരും ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടതും പിറ്റേന്ന് അയാൾ വന്ന് മാപ്പുപറഞ്ഞതുമാണ് വിഷയം. പൊതുവേ എന്റെ കവിതകളെല്ലാം സ്വീകരിക്കാറുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളൊന്നും പക്ഷെ ഈ കവിത അച്ചടിക്കാൻ തയ്യാറായില്ല. അതിനു കാരണം കവിതയിലെ ഒരു വാക്കാണ്.
“ഏതു മൈരനാണെന്നെക്കുറിച്ചൊരു
പാട്ടുപാടുവാൻ നില്ലു തെമ്മാടീ
കൂരിരുട്ടിന്റെ മൂലയിൽനിന്നും
കാതടയ്ക്കും തെറിയൊന്നു ചാടീ.”
മാതൃഭൂമിയും ഭാഷാപോഷിണിയും തിരിച്ചയച്ചു. മൈരൻ എന്ന പദത്തിന് പകരം സഭ്യമായ മറ്റൊരു പദം ചേർത്താൽ പ്രസിദ്ധപ്പെടുത്താം എന്നറിയിച്ചു. പറ്റില്ലെന്ന് ഞാനും. അമ്പിയണ്ണൻ എന്ന തെരുവുചട്ടമ്പിയുടെ വായിൽനിന്നു ചാടിയ വാക്കാണ് അത്. അതു മാറ്റുക സാധ്യമല്ല. മാറ്റമൊന്നും കൂടാതെ ആ കവിത പിന്നീട് പ്രസിദ്ധപ്പെടുത്തി. മലയാളം ഇന്ത്യാടുഡേയുടെ ഒരു വാർഷികപ്പതിപ്പിൽ ആണ് വന്നത്. ചെന്നൈയിൽനിന്നാണ് ഇന്ത്യാടുഡേ മലയാളം പ്രസിദ്ധീകരിച്ചിരുന്നത്. എഡിറ്റർ എസ്. സുന്ദർദാസ് കവിത ആവശ്യപ്പെട്ടപ്പോൾ ആദ്യമേ ഞാൻ ഈ വാക്കിന്റെ കാര്യം പറഞ്ഞിരുന്നു. എന്നാൽ അയാൾ അതു സ്വീകരിക്കാൻ സന്നദ്ധനായി.
ഇന്ന്, ഈ സോഷ്യൽ മീഡിയായുടെ കാലത്ത്, ഇതിലൊന്നും ഒരു സാഹസികതയുമില്ലെന്ന് നമുക്കറിയാം. എഡിറ്റർ എന്ന തസ്തിക ഗുട്ടൻബർഗ്ഗ് യുഗത്തിന്റെ സൃഷ്ടിയാണ്. വാമൊഴിയിലോ ‘തിരമൊഴി’യിലോ എഡിറ്റർക്ക് സ്ഥാനമില്ല. (വരമൊഴിയിൽ മാത്രമേയുള്ളൂ ആ വരിഷ്ഠപദവി!) മുടക്കുമുതൽ ആവശ്യമുള്ള വ്യവസായമാണ് അച്ചടിയും വിതരണവും. അതുകൊണ്ട് മൂലധന താത്പര്യം സംരക്ഷിക്കേണ്ട ബാധ്യത എഡിറ്റർക്കു വന്നുപെട്ടു. അച്ചടിവ്യവസ്ഥയിൽ ഓഥറുടേയും റീഡറുടേയും മധ്യസ്ഥനാണ് എഡിറ്റർ. സാഹിത്യത്തിലെ പുതുഭാവുകത്തെ തിരിച്ചറിയുകയും പരിചയപ്പെടുത്തുകയും ചെയ്യാൻ അയാൾക്കു സാധിക്കും. എന്നാൽ പലപ്പോഴും നമ്മുടെ എഡിറ്റർ പത്രമുതലാളിയുടെ താത്പര്യം നോക്കുന്ന ജീവനക്കാരൻ മാത്രമായി മാറുകയാണ് പതിവ്.
എൻ എസ് മാധവന്റെ തിരുത്ത് എന്ന ചെറുകഥയിലെ മുഖ്യപത്രാധിപർ ചുല്യാറ്റിനെ ഓർക്കുന്നുണ്ടോ? വാർത്താശീർഷകത്തിലെ തർക്കമന്ദിരം എന്ന വാക്കു തിരുത്തി ബാബ്രി മസ്ജിദ് എന്നു ചേർത്ത എഡിറ്റർ? അത്രയും ശക്തമായ ഒരിടപെടൽ മാധ്യമചരിത്രത്തിൽ ഉണ്ടായിട്ടില്ല. മൂലധനത്തോടല്ല, ചരിത്രത്തിനോടായിരുന്നു അയാളുടെ കൂറ്. സാഹിത്യത്തിൽ ചുല്യാറ്റിനെപ്പോലുള്ള എഡിറ്റർമാർ നമുക്കുണ്ടായിട്ടുണ്ടോ? എം ഗോവിന്ദനാണ് മലയാളത്തിൽ സാഹസികമായ സമാന്തരപ്രസിദ്ധീകരണ സംസ്കാരം കൊണ്ടുവന്നയാൾ. അദ്ദേഹത്തിന്റെ സമീക്ഷ ആനന്ദിനേയും കടമ്മനിട്ടയേയും മലയാളത്തിനു പരിചയപ്പെടുത്തി. മലയാളത്തിലെ മുഖ്യധാര അവരെ കണ്ടില്ലെന്നു നടിച്ചു കഴിയുകയായിരുന്നു. ആ കാലത്ത് രണ്ടു പത്രാധിപന്മാരുടെ വടംവലിയിൽ വലിഞ്ഞുമുറുകിയിരുന്നു മലയാള സാഹിത്യം. ഒരുവശത്ത് എം ഗോവിന്ദൻ. മറുവശത്ത് എൻ.വി കൃഷ്ണവാരിയർ.
കൃഷ്ണവാരിയർ തിരുത്തിന്റെ ആശാനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ചുല്യാറ്റിനെപ്പോലെ വിധ്വംസകമായ തിരുത്തല്ല. തെറിപ്പുകളെ വഴക്കങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരുത്തായിരുന്നു അത്. ‘എൻ വി തിരുത്തിത്തന്ന കവിത’ എന്ന് അക്കാലത്ത് കവികൾ അഭിമാനത്തോടെ പറഞ്ഞിരുന്നുവത്രേ. പഴയകാലത്ത് നവാഗതരായ കവികൾ മഹാകവികളുടെ അടുത്ത് കവിത തിരുത്താൻ കൊടുക്കുക പതിവായിരുന്നു. “ഉണ്ടൊരു കൃതി, അല്ലാ വികൃതി” എന്ന് പൂന്താനം മേൽപ്പത്തൂരിന്റെ മുന്നിൽ എന്നപോലെ (വള്ളത്തോളിന്റെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ) അപേക്ഷയുമായി ചെല്ലും. സ്വന്തം വാക്കിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. തിരുത്തിത്തരൂ എന്നപേക്ഷിക്കുമ്പോൾ തന്റെ രചന ഒരു വലിയ തെറ്റാണ് എന്ന് മുൻകൂറായി സമ്മതിക്കുകയാണ് അയാൾ. വാസ്തവത്തിൽ ഏതു കവിതയും ഒരു വലിയ തെറ്റാണ്. ശരിയായിരിക്കുമ്പോൾ അതിൽ കവിതയില്ല, വാസ്തവം മാത്രമേ ഉണ്ടാകു.
മലയാളത്തിൽ ആനുകാലികങ്ങൾക്കോ പുസ്തക പ്രസിദ്ധീകരണശാലകൾക്കോ കവിതക്കുമാത്രമായി ഒരെഡിറ്റർ ഇല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കഥയും ലേഖനവും എല്ലാം നോക്കുന്ന അതേ കണ്ണിലൂടെയാണ് കവിതയേയും അയാൾ നോക്കുന്നത്. ആധുനികതയുടെ കാലത്താണ് കവിതക്കുമാത്രമായുള്ള ഒരു സമാന്തര പ്രസിദ്ധീകരണത്തെപ്പറ്റി ആലോചനകൾ ഉണ്ടായത്. സച്ചിദാനന്ദനും ബി.രാജീവനും മറ്റും ചേർന്നാണ് സമാന്തര കവിതാപ്രകാശന സംരംഭങ്ങൾ ആരംഭിച്ചത്. ഹരിശ്രീ, നവധാരയുടെ കവിതാപുസ്തക പരമ്പര (കവിത-കക്കാട്, കവിത-കുഞ്ഞുണ്ണി… ), വാർഷിക കവിതാസമാഹാരങ്ങൾ (കവിത 1183…etc) എന്നിവ അടയാളപ്പെടുത്തേണ്ട ഉദ്യമങ്ങൾ ആയിരുന്നു. പണിക്കരുടെ പത്രാധിപത്യത്തിൽ പുറത്തുവന്ന കേരളകവിത ബഹുത്വത്തിന്റെ ആഘോഷങ്ങളായി. പിൽക്കാലത്ത് കെ.ജി.എസ് സമകാലീന കവിത എന്നൊരു പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകി. ഈ സമാന്തരപ്രസിദ്ധീകരണങ്ങൾ എല്ലാം ചെയ്തത് അന്നത്തെ മുഖ്യധാരാ അഭിരുചിയെ വെല്ലുവിളിക്കലായിരുന്നു. മുഖ്യധാര നാടുകടത്തിയ രചനകൾക്ക് ഈ സമാന്തരലോകം പൗരത്വം നൽകി. എന്നാൽ കാലാന്തരത്തിൽ മുഖ്യധാര ഈ സമാന്തരധാരയെ വിഴുങ്ങി എന്നതാണു കൗതുകം.
ഇതുവരെ പറഞ്ഞത് കവിയെ തിരുത്തുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്ന പുറത്തുള്ള ഒരു എഡിറ്ററെപ്പറ്റിയാണ്. എന്നാൽ കവി തന്റെ തന്നെ എഡിറ്റർ കൂടിയാണല്ലോ. എന്തിനെപ്പറ്റി, എങ്ങനെ എഴുതണം എന്ന തിരഞ്ഞെടുപ്പ് കവി സ്വയം ചെയ്യുന്നതാണ്. സ്വന്തം വരികൾ സ്വയം മുറിച്ചുമാറ്റിയും വാക്കു മാറ്റിവെച്ചും അയാൾ സ്വയം തിരുത്തുന്നുണ്ട്. അക്കിത്തത്തിന്റെ ‘വിടരാതിരിക്കില്ല’ എന്ന കവിത ഓർമ്മ വന്നു. ഇങ്ങനെയാണ് തുടക്കം:
“കവിയാകണമെങ്കിലെന്തു ചെയ്യണമെന്നോ
കവിയാകണമെന്നു മോഹിക്കാതിരിക്കണം
കരളിൽ സ്ഥലകാലക്ഷീരസാഗരത്തിലെ
കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം
എഴുതിക്കഴിഞ്ഞതും തിരുത്തീടണം, തൂശി-
പ്പഴുതിൽ നൂലോടിക്കും വിരലിൻ ക്ഷമയോടെ
എന്നെക്കൊണ്ടിതിലേറെ നന്നാക്കാൻ കഴികയി-
ല്ലെന്നു വന്നാലേ നെറ്റിവിയർപ്പു തുടയ്ക്കാവൂ.”
(സർഗ്ഗപ്രക്രിയയിലെ ക്രമാനുഗതമായ ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു പാഠ്യപദ്ധതിയാണ് ഇത്. നെറ്റിവിയർക്കുന്ന ക്ലേശിച്ച പണിയാണ് തിരുത്ത് അഥവാ എഡിറ്റിങ് എന്നാണു കല്പന. ‘എന്നെക്കൊണ്ടിതിലേറെ നന്നാക്കാൻ കഴികയില്ല’ എന്ന പ്രയോഗവും അർത്ഥവത്താണ്. മറ്റുള്ളവർക്ക് കഴിഞ്ഞേക്കും എന്ന ധ്വനി; എഡിറ്ററുടെ പങ്കാളിത്തത്തെ അംഗീകരിക്കൽ.)
ആറ്റൂർ രവിവർമ്മ കർക്കശസ്വഭാവമുള്ള സ്വയം എഡിറ്ററായിരുന്നു. ഭംഗിയുള്ള വരികൾ നിഷ്കരുണം മുറിച്ചുമാറ്റും. സംക്രമണത്തിൽ,
‘അവൾ നനച്ചൊരാ മരങ്ങളൊക്കെയും ഉയർന്നുയർന്നുപോയ്
അവൾ നടന്നൊരാ വഴികളൊക്കെയും അകന്നകന്നുപോയ്’
എന്ന വരികൾ അദ്ദേഹം ഉപേക്ഷിച്ചതയായി ആറ്റൂരിന്റെ ശിഷ്യൻ കൂടിയായ പത്രാധിപർ കെ.സി.നാരായണൻ സങ്കടത്തോടെ പറയുകയുണ്ടായി. ആറിൽ പഠിക്കുന്ന കാലത്താണ് പാഠപുസ്തകത്തിനു പുറത്തുള്ള ഒരു കവിത ഞാൻ വായിക്കുന്നത്. പട്ടാമ്പി കോളേജ് മാഗസിനിൽ വന്ന ‘എത്ര ഞെരുക്കം, എത്രയെളുപ്പം’ എന്ന ശീർഷകമുള്ള ഒരു കവിത. അതെഴുതിയത് ആറ്റൂർ രവിവർമ്മയാണെന്ന് വളരെ മുതിർന്നശേഷമാണ് മനസ്സിലാക്കുന്നത്. ആ കവിത പുസ്തകത്തിൽ വന്നപ്പോൾ ‘എത്രയെളുപ്പം’ എന്ന രണ്ടാം ഖണ്ഡിക പൂർണ്ണമായും അദ്ദേഹം ഒഴിവാക്കി. വരികൾ മാത്രമല്ല, മുഴുവൻ കവിതയും അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ കെ.ആർ.ടോണി അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആറ്റൂർക്കവിതകൾ സമാഹരിക്കാനുള്ള പരിശ്രമത്തിലാണ്.
(രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.)
ആറ്റൂരിന്റെ പ്രിയപ്പെട്ട കവി കുഞ്ഞിരാമൻ നായരായിരുന്നു എന്നതാണ് വലിയ വൈരുദ്ധ്യം! എഡിറ്റിങ് എന്ന പ്രക്രിയ തൊട്ടുതീണ്ടാത്ത കവിയാണ് പി. കാടുപോലെ പടർന്നുപോകുന്ന ആഖ്യാനം! വെട്ടിയൊതുക്കലോ ചിട്ടപ്പെടുത്തലോ ഇല്ല. കേരളീയ ഭൂപ്രകൃതിയിൽ കരിമ്പിൻതോട്ടത്തിലെ ആനയെപ്പോലെ വിഹരിച്ച അദ്ദേഹത്തിന് ആറ്റൂരിന്റെ ശ്രദ്ധാഞ്ജലിയായിരുന്നല്ലോ മേഘരൂപൻ എന്ന കവിത. ഒരിക്കൽ ഒ.എൻ.വി തനിക്കിഷ്ടപ്പെട്ട ഒരു കവിയാണ് എ.അയ്യപ്പൻ എന്നു പറഞ്ഞുകേട്ടപ്പോഴും ഇതുപോലെ അതിശയം തോന്നുകയുണ്ടായി.
ഇന്ന് ആരും കവിത തിരുത്താറുണ്ടെന്നു തോന്നുന്നില്ല. പണ്ടത്തെ എഡിറ്റർ ഇന്ന് ക്യുറേറ്റർ ആണ്. ടെക്സ്റ്റുകളുടെ തിരഞ്ഞെടുപ്പിലൂടെ, അവയുടെ വിന്യാസത്തിലൂടെ, ഒരു കോൺടെക്സ്റ്റ് സൃഷ്ടിക്കുകയാണ് അയാൾ ചെയ്യുന്നത്. ഓഥറും എഡിറ്ററും ഡബിൾറോൾ ചെയ്യുന്നതുപോലെ ഇന്ന് റീഡറും സ്വയം എഡിറ്ററാകുന്നുണ്ട്. അയാൾക്ക് ആവശ്യമുള്ളതുമാത്രമാണ് അയാൾ വായിക്കുന്നത്. കവിതയായി എഴുതി പ്രസിദ്ധീകരിച്ചതു മാത്രമായിക്കൊള്ളണമെന്നില്ല, കവിതയായി വായിച്ചെടുക്കുന്നതും കൂടിയാണ് ഇന്ന് കവിത.