ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ കാലമാണ് ഇപ്പോൾ. പണ്ട് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ചുമാത്രം നടന്നിരുന്ന സാഹിത്യോത്സവങ്ങൾ ഇന്നു കേരളത്തിലെ ചെറുപട്ടണങ്ങളിൽപ്പോലും ആഘോഷത്തോടെ സംഘടിപ്പിച്ചുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള വിഖ്യാതരായ എഴുത്തുകാരെ നേരിൽ കാണാനും സംസാരിക്കാനുമുള്ള വേദികൾ ഇന്നു നിരവധിയാണ്. സാഹിത്യശാഖകളിൽ കവിതക്കു പ്രത്യേകമായി പട്ടാമ്പി കോളേജിൽ സംഘടിപ്പിക്കാറുള്ള കാർണിവലും ഇതിനകം സഹൃദയശ്രദ്ധ നേടിക്കഴിഞ്ഞു.
മുൻകാലത്ത് നമ്മളാരാധിക്കുന്ന എഴുത്തുകാരെ നേരിൽ കാണാനുള്ള അവസരമൊരുക്കിയിരുന്നത് സാഹിത്യക്യാമ്പുകളായിരുന്നു. ക്യാമ്പുകളിൽ അവർ പറയുന്ന അനുഭവങ്ങളും നിലപാടുകളും അതിലെ പ്രതിനിധികൾക്ക് വലിയ ആവേശമായിരുന്നു. മുതിർന്ന എഴുത്തുകാരും നവാഗതരായ എഴുത്തുകാരും സഹവസിച്ചുകൊണ്ടുള്ള അന്നത്തെ ക്യാമ്പുകളിലെ പാരസ്പര്യമോ ഹൃദയബന്ധമോ ഇന്നത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്ക് പകരാനാവില്ല. ഫെസ്റ്റിവലുകളുടേയും ശില്പശാലകളുടേയും ലക്ഷ്യവും വ്യത്യസ്തമാണ്. ഒരേസമയം പല വേദികളിലായി നടക്കുന്ന ഫെസ്റ്റിവൽ സംവാദങ്ങളിൽ പ്രതിനിധികൾക്കു പങ്കെടുക്കാൻ പോലും കഴിയാറില്ല. ഇത്തരം സാഹിത്യോത്സവങ്ങളുടെ ശബ്ദായമാനമായ പശ്ചാത്തലത്തിലാണ് കേരള സാഹിത്യ അക്കാദമിയുടെ മൂന്നു ദിവസത്തെ കവിതാശില്പശാല അരുവിപ്പുറത്തു നടക്കുന്നത്.
കവികൾ കവികൾക്കുവേണ്ടി നടത്തുന്ന കളരികളാണല്ലോ കവിതാശില്പശാലകൾ. വ്യത്യസ്ത രചനാശൈലികളെ മനസ്സിലാക്കാനും പോരായ്മകൾ തിരിച്ചറിഞ്ഞ് സ്വയം പുതുക്കാനും ക്യാമ്പിലെ സംവാദങ്ങൾ സഹായിക്കും എന്നാണ് പൊതുധാരണ. നമ്മുടെ സാഹിത്യചരിത്രത്തിൽ പ്രസിദ്ധമായ പല കളരികളെക്കുറിച്ചും പരാമർശമുണ്ട്. കൊടുങ്ങല്ലൂർ കളരി, വള്ളത്തോൾ കളരി, പൊന്നാനിക്കളരി എന്നിങ്ങനെ അറിയപ്പെട്ട എഴുത്തുവഴികൾ. ഈ കളരികളെല്ലാം അന്നത്തെ ഓരോ സ്കൂൾ ഓഫ് പോയട്രി ആയിരുന്നു. അതിൽ പെട്ടവരെല്ലാം ജീവിതത്തേയും കവിതയേയും പറ്റി മിക്കവാറും ഒരേ ശൈലിയും കാഴ്ചപ്പാടും പിൻപറ്റുന്നവരാവും. കളരികളുടെ ഒരു പ്രശ്നം അതിന് ഒരാശാൻ ഉണ്ടാവും എന്നതാണ്. നേതാവും അനുയായികളും ചേർന്ന സംഘങ്ങളായി അവ മാറിപ്പോകും. ഒറ്റയ്ക്കു നിൽക്കാൻ കഴിയുന്ന എഴുത്തുകാരൻ/കാരി പക്ഷേ ഈ കളരിക്കു പുറത്താവുകയും ചെയ്യും. ഗദ്യസാഹിത്യത്തിൽ ഇതുപോലെ പ്രസിദ്ധമായ കളരികൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
തമിഴ് എഴുത്തുകാരൻ ജയമോഹൻ സംഘടിപ്പിച്ച ദ്വിഭാഷാ കവിത ശില്പശാലകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. കുറ്റാലത്തും ഊട്ടിയിലെ ഫേൺഹിലിലും നടന്ന തമിഴ് മലയാളം പുതുകവിതാ സംവാദങ്ങളിൽ മൊഴിമാറ്റവും വായനയും ചർച്ചയുമായിരുന്നു നടന്നത്. വ്യത്യസ്തമായ രചനാരീതികളെ പരിചയപ്പെടാൻ സഹായിച്ച അരങ്ങുകളായിരുന്നു അവ. കവിതയിലെ ഉള്ളടക്കത്തേക്കാൾ ഭാഷാശില്പമാണ് അവിടെ ചർച്ചാവിഷയം. വിരലിലെണ്ണാവുന്ന കവികളേ ഉണ്ടാവു. ആരും ആരേയും പഠിപ്പിക്കുന്നില്ല. ക്ലാസുകളോ നോട്ടെഴുത്തോ ഇല്ല. ആറ്റൂർ രവിവർമ്മ, സുന്ദരരാമസ്വാമി തുടങ്ങിയ സീനിയർ കവികൾ കുറ്റാലത്ത് നിരീക്ഷകരായി ഉണ്ടായിരുന്നത് ഓർക്കുന്നു.
അറുപതുകളിൽ കോഴിക്കോട് കേന്ദ്രമായി ‘കോലായ’ എന്നൊരു ചർച്ചാവേദിയുണ്ടായിരുന്നു. കക്കാടും ആർ രാമചന്ദ്രനും മറ്റും നേതൃത്വം നൽകിയിരുന്ന പ്രസിദ്ധരായ എഴുത്തുകാരുടെ സ്വകാര്യ വീട്ടുസദസ്സുകളായിരുന്നു അവ. മലയാളകവിതയിലെ ആധുനികതയെ അടയാളപ്പെടുത്താൻ കോലായയിലെ സംവാദങ്ങൾ സഹായിച്ചിട്ടുണ്ട്. അന്നത്തെ ചർച്ചകൾ പിന്നീട് പുസ്തകമായി സമാഹരിക്കുകയും ചെയ്തിരുന്നു.
കവിതാക്യാമ്പുകൾ കവികളെ സൃഷ്ടിക്കുന്ന കളരികളല്ല. ഉള്ളിൽ കവിതയില്ലാത്തവർക്ക് അതു സ്വയം തിരിച്ചറിയാനും പിന്മാറാനും പറ്റിയ സന്ദർഭങ്ങളാണ് എന്നു പറയാം. കവിതാവിശകലനങ്ങളാണ് ക്യാമ്പിൽ നടക്കേണ്ടത്. ക്യാമ്പംഗങ്ങളുടെ രചനകൾ മാത്രം വിശകലനവിധേയമാക്കിയാൽ പോരാ. മലയാളത്തിലേയും അന്യഭാഷകളിലേയും മികച്ച കവിതകളുടെ സൂക്ഷ്മപഠനങ്ങൾ ഉണ്ടാവണം. എന്നാലേ താരതമ്യപഠനത്തിനും നേരത്തേ പറഞ്ഞ സ്വയം തിരിച്ചറിവിനും അവസരം ലഭിക്കൂ. നിർഭാഗ്യവശാൽ നമ്മുടെ ക്യാമ്പുകളിൽ അധികവും പ്രഭാഷണങ്ങളാണ് കണ്ടുവരുന്നത്.
ക്രിയേറ്റീവ് റൈറ്റിങ് ഇപ്പോൾ നമ്മുടെ സർവ്വകലാശാലകളിൽ പഠനവിഭാഗമായി വന്നിട്ടുണ്ട്. മലയാള സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട്. സർഗ്ഗാത്മകരചനയിൽ നൈസർഗ്ഗികമായ അഭിരുചിയുള്ളവർക്ക് ഇത്തരം കോഴ്സുകൾ പ്രയോജനപ്രദമായിരിക്കും. IGNOU ൽ നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഡിപ്ലോമ നേടിയ ഒരു സുഹൃത്ത് പണ്ട് ഒരു കഥയെഴുതി വാരികക്ക് അയച്ചു. കൂടെ ഈ ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും വെച്ചു. എന്നിട്ടും കഥ തിരിച്ചുവന്നു എന്നാണ് സുഹൃത്തിന്റെ ആക്ഷേപം! ജോലിക്ക് അപേക്ഷിക്കുന്നതുപോലെ യോഗ്യതാസർട്ടിഫിക്കറ്റുകൊണ്ട് നേടാവുന്ന ഒരു തസ്തികയല്ലല്ലോ കഥാകൃത്തിന്റേത്.
മലയാളത്തിൽ കവിതാഭിരുചിയുള്ളവരെല്ലാം അവശ്യം വായിച്ചിരിക്കേണ്ട ഒന്നുരണ്ടു കൃതികളുണ്ട്. മഹാകവിയുടെ പി.യുടെ ആത്മകഥ – കവിയുടെ കാല്പാടുകൾ – ആണ് ഒന്ന്. മറ്റൊന്ന് ഇടശ്ശേരിയുടെ ലേഖനമായ ‘എന്റെ പണിപ്പുര’. ക്രിയേറ്റീവ് റൈറ്റിങ്ങിന് പാഠപുസ്തകത്തിൽനിന്നു ലഭിക്കാത്ത ഉൾക്കാഴ്ചകൾ ഈ കൃതികളിൽനിന്നു ലഭിക്കും എന്നാണ് അനുഭവം. ഇരുമ്പുപണിക്കാരന്റെ ആലയോടാണല്ലോ ഇടശ്ശേരി തന്റെ പണിപ്പുരയെ സാദൃശ്യപ്പെടുത്തുന്നത്. താനുണ്ടാക്കിയ പിച്ചാത്തി തന്റെ പങ്കാളിയെ കാണിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അവർ പറയുന്നത് ‘ഇങ്ങനെത്തന്നെയാണല്ലോ ഒരു മടവാൾ’ എന്നാണ്! ആവശ്യക്കാർക്കു കൊടുക്കുമ്പോഴേക്കും ഉണ്ടാക്കിയ വസ്തുവിന്റെ ധർമ്മത്തിൽ വ്യത്യാസം വരുന്നു. കവി കല്പിച്ചതായിരിക്കണമെന്നില്ല സഹൃദയൻ സ്വീകരിക്കുന്നത്. അത് കവിതയുടെ പരിമിതിയല്ല, സാധ്യതയാണ്.
അരുവിക്കരയിൽ ഗുരു ചെയ്തു കാണിച്ചതും ഇതാണ്. പുഴയിൽനിന്ന് പൊക്കിയെടുത്ത വെറും കല്ല് കരയിൽ പ്രതിഷ്ഠിച്ചതോടെ പൂജാവിഗ്രഹമായി മാറി. ഗുരു അനേകം ശിവസ്തുതികൾ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം രചിച്ച ഏറ്റവും ഉജ്വലമായ കാവ്യം ഈ പ്രതിഷ്ഠാപനമായിരുന്നു. കവിതയുടെ ധ്വന്യാത്മകതയും പ്രതിഷ്ഠാപനകലയുടെ വിധ്വംസകതയും ഒന്നിച്ചുചേർന്ന ചരിത്രമുഹൂർത്തമായിരുന്നു അത്. ഏതാനും വർഷം മുമ്പ് കൊച്ചി ബിനാലെയിൽ റൗൾ സുരിറ്റ എന്ന ചിലിയൻ കവി ചെയ്ത ‘Sea of Pain’ എന്ന കവിതാ പ്രതിഷ്ഠാപനകല ഓർമ്മവരുന്നു. സമുദ്രതീരത്ത് മരിച്ചുകിടക്കുന്ന അഭയാർത്ഥിക്കുഞ്ഞിനെക്കുറിച്ചുള്ള കവിത ചുമരിലെഴുതിവച്ചത് വായിക്കാൻ മുട്ടോളം വെള്ളത്തിലൂടെ നടന്നുപോയ വിചിത്രവും വേദനാജനകവുമായ അനുഭവം. കവിതയെന്നത് മനനം ചെയ്തു ഗ്രഹിക്കേണ്ട ഭാഷാനുഭവം മാത്രമല്ലാതെ പ്രത്യക്ഷമായ പങ്കാളിത്തത്തിലൂടെ നേടേണ്ട ഇന്ദ്രിയാനുഭവം കൂടിയാണെന്ന് ആ ഇൻസ്റ്റലേഷൻ ഉദാഹരിച്ചു.
തന്റെ പ്രതിഷ്ഠയെ സവർണ്ണ പുരോഹിതർ വിമർശിച്ചപ്പോൾ ‘ഇതു നിങ്ങളുടെ ശിവനല്ല, ഞങ്ങളുടെ ശിവനാണ്’ എന്ന് ഗുരു മറുപടി നൽകി. കവിതയിലുമുണ്ട് ഇത്തരം പുരോഹിതർ. അവരോട് പുതിയ തലമുറ പറയേണ്ടത് ഇതു നിങ്ങളുടെ കവിതയല്ല, ഞങ്ങളുടെ കവിതയാണ് എന്നാകണം. സാധാരണജനങ്ങളുടെ വായിൽനിന്ന് വീണുകിട്ടുന്ന വാക്കുകൊണ്ടാണ് ഇന്ന് കവി കവിതയെഴുതുന്നത്. ഗുരു പുഴയിൽനിന്ന് പെറുക്കിയെടുത്ത കല്ലുപോലെ സവിശേഷതയൊന്നുമില്ലാത്തതാണ് വ്യവഹാരഭാഷയിലെ വാക്ക്. എന്നാൽ അത് കവിതയിൽ പ്രതിഷ്ഠിക്കപ്പെടുമ്പോൾ ഒരു വിധ്വംസന പ്രവർത്തനമായി മാറുന്നു. അതാണ് അരുവിപ്പുറത്തെ കവിതാശില്പശാലയുടെ ഔചിത്യവും പരിപ്രേക്ഷ്യവും.