ചോഴി

രാമകൃഷ്ണാ ഗോവിന്ദാ
ചാമ കുത്ത്യാ തവിടുണ്ടോ
പപ്പടം കാച്ച്യാ പൊള്ളേണ്ടോ
വെളിച്ചെണ്ണബ്ഭരണിക്കു മൂടുണ്ടോ
പൊരണ്ടേക്കാട്ടില് കാടുണ്ടോ
വട്ടംകുളത്തില് വെള്ളണ്ടോ
ചോലക്കുന്നത്ത് മണ്ണുണ്ടോ
കൊളങ്കരപ്പാടത്ത് ഞണ്ടുണ്ടോ
ഞാറ്റുവേലക്ക് മഴയുണ്ടോ
വാക്കിനുള്ളില് പൊരുളുണ്ടോ
രാമകൃഷ്ണാ ഗോവിന്ദാ
ചാമകുത്ത്യാ തവിടുണ്ടോ

സുഗതൻ

സഹസംവിധായകൻ ആർ. സുഗതൻ അന്തരിച്ചു.
മൂന്നരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തോടൊപ്പം ചിലവിട്ട ഏതാനും ദിവസങ്ങളുടെ ഓർമ്മയിൽ മനസ്സു വിങ്ങി.

സിനിമാപ്രവർത്തകനായിട്ടല്ല നാടകപ്രവർത്തകനായിട്ടാണ് സുഗതനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് സുഗതൻ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടികൾക്കുവേണ്ടി ഞാനെഴുതിയ ഒരു ലഘുനാടകം സംവിധാനം ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കി തരണമെന്ന ആവശ്യവുമായി ഞാനും തോട്ടുപുറം ശങ്കരേട്ടനും കൂടി ഡ്രാമാസ്കൂളിൽ അധ്യാപകനായിരുന്ന നെടുമ്പള്ളി കൃഷ്ണൻ നമ്പൂതിരിയെ ചെന്നുകണ്ടു. നെടുമ്പള്ളിയാണ് സുഗതനെ പരിചയപ്പെടുത്തിയതും സംവിധാനം ചെയ്യാൻ ചുമതലപ്പെടുത്തിയതും.

സുഗതൻ വട്ടംകുളത്തു വന്നു. സ്കൂളിൽവെച്ചായിരുന്നു റിഹേഴ്സൽ. അനാഥരായ തെരുവുബാലകരുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. ഉണ്ണിക്കൈ വളരൂ എന്നോ മറ്റോ ആയിരുന്നു പേര്. സംഗീത നാടക അക്കാദമി പെരുമ്പാവൂരിൽ സംഘടിപ്പിച്ച അഖില കേരള ബാലനാടകോത്സവത്തിൽ അവതരിപ്പിക്കുവാനാണ് ആ നാടകമുണ്ടായത്. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുട്ടികൾക്കും കലാസമിതി പ്രവർത്തകർക്കും അതു നല്ലൊരനുഭവമായി, പരിശീലനമായി. സംഗീതവും നൃത്തവും പോലെ പഠിച്ചറിയേണ്ട ഒരു കലയാണ് നാടകവും എന്ന് ബോധ്യമായി. സുഗതൻ കുമ്മാട്ടിപ്പാട്ടു പാടി കുട്ടികളോടൊത്ത് നൃത്തം ചെയ്ത് അവരിലൊരാളായി മാറി.

നാടകം കഴിഞ്ഞ് സുഗതൻ തിരിച്ചുപോയി. ഡ്രാമാ സ്കൂളിലെ പഠനവും അവസാനിച്ചു. നാട്ടിൽ പോയശേഷവും ഞങ്ങൾ ഇടയ്ക്കിടെ കത്തുകൾ അയക്കുമായിരുന്നു. പിന്നെപ്പിന്നെ അതും ഇല്ലാതായി. വർഷങ്ങൾക്കുശേഷം ഒരിക്കൽ എവിടെയോവെച്ച് കണ്ടുമുട്ടി. ഓർമ്മകൾ പങ്കുവെച്ചു. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണെന്ന് പിന്നീടെപ്പൊഴോ കേട്ടറിഞ്ഞു.

ഇപ്പോൾ രാജീവ് രാമചന്ദ്രനാണ് സുഗതൻ പോയ വിവരം അറിയിച്ചത്.
വിട, പ്രിയനേ!

ഹരിതകം

ഇരുപതു വർഷം മുമ്പ്, 2003ൽ ആണ് ഹരിതകം മലയാള കവിതാജാലിക ആരംഭിച്ചത്. ഒരുപക്ഷെ കവിതക്കുമാത്രമായി ഉണ്ടായ ആദ്യത്തെ മലയാള വെബ്ജേണലായിരിക്കാം അത്. പുഴ ഡോട് കോം പോലുള്ള ഏതാനും വെബ്ജേണലുകൾ അന്നുണ്ടായിരുന്നുവെങ്കിലും അവയിലെല്ലാം ആനുകാലികങ്ങളിലെപ്പോലെ കഥയും കവിതയും വാർത്താഫീച്ചറുകളും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഹരിതകത്തിൽ കവിതയോ കവിതയെക്കുറിച്ചുള്ള കുറിപ്പുകളോ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. പ്രസിദ്ധീകരണത്തിലും മാധ്യമപ്രവർത്തനത്തിലുമുള്ള എന്റെ കൗതുകത്തിൽനിന്നാണ് ഈ വെബ്ജേണലിനെപ്പറ്റിയുള്ള ആശയം ഉദിച്ചത്. സ്വന്തം നിലയിലുള്ള ഒരു ഒറ്റയാൾ സംരംഭമായിരുന്നു അത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യെഴുത്തുമാസികകൾ ഉണ്ടാക്കുന്ന പരിപാടിയുണ്ടായിരുന്നു. വായനശാലയിലെ കൈയ്യെഴുത്തു മാസികയിൽ ഞാൻ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു. അച്ചടി ആനുകാലികങ്ങളെ അനുകരിക്കലാണ് അന്നത്തെ രീതി. പത്രാധിപക്കുറിപ്പ്, വായനക്കാരുടെ പ്രതികരണം, കഥ കവിത ലേഖനം, പുസ്തകനിരൂപണം, ഇലസ്ട്രേഷൻ – എല്ലാം ഞാൻ തന്നെ എഴുതിയും വരച്ചും ഉള്ളടക്കം സൃഷ്ടിക്കും. അച്ചടിപ്രസ്സുകളുടെ കാലം കഴിഞ്ഞ് കംപ്യൂട്ടർ പ്രചാരത്തിലായതോടെ ലേ ഔട്ടിലും പ്രിന്റിങ്ങിലുമായി താത്പര്യം. പ്രോഗ്രാമുകളും ബ്രോഷറുകളും ഉണ്ടാക്കാനായി ഡി.ടി.പി സെന്ററിൽ പോയിരിക്കുക വലിയ ഇഷ്ടമായിരുന്നു. അന്ന് പേജ് മേക്കറിലേയും ഫോട്ടോഷോപ്പിലേയും ടൂളുകൾ കാണിച്ചുതന്ന അനന്തസാധ്യതകൾ കണ്ട് ഞാൻ അന്തം വിട്ടുപോയി.

പിന്നീട് രണ്ടായിരത്തൊന്നിൽ ഒരു P3 കംപ്യൂട്ടർ സിസ്റ്റം വലിയ വിലകൊടുത്തു വാങ്ങി ടെക്സ്റ്റ് എഡിറ്റിങ് ശീലിച്ചുതുടങ്ങി. മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്ത് മലയാളത്തിൽ ടൈപ്പുചെയ്യാനും പഠിച്ചു. വെബ്സൈറ്റ് ഉണ്ടാക്കുന്ന ചില സോഫ്റ്റ്വെയറുകൾ പരിചയപ്പെട്ടു. സ്വന്തമായി ചില പരീക്ഷണങ്ങൾ നടത്തി. അപ്പോഴാണ് ഇന്റർനെറ്റിൽ ഒരു ഡൊമൈൻ എടുത്താൽ ലോകത്തെല്ലാവർക്കും വായിക്കാവുന്ന ഒരു വെബ്ജേണൽ ആരംഭിക്കാം എന്ന ആശയം ഒരു സുഹൃത്തു പറയുന്നത്. ഐ.ടി വിദഗ്ധനായിരുന്ന അദ്ദേഹമാണ് ഹരിതകം ഡോട് കോം എന്ന സൈറ്റ് സൃഷ്ടിച്ചുതന്നത്. എങ്ങനെയാണ് പോസ്റ്റുകൾ ഇടേണ്ടത് എന്ന വിദ്യയും പറഞ്ഞുതന്നു.

അന്നത്തെ ഒരു വലിയ പ്രശ്നം കംപ്യൂട്ടറുകൾ സ്വാഭാവികമായി മലയാളം ഫോണ്ടുകളെ പിന്തുണയ്ക്കില്ല എന്നതായിരുന്നു. ആവശ്യക്കാർ ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. സിസ്റ്റം റീസ്റ്റാർട്ട് ചെയ്യണം. ഇങ്ങനെയൊക്കെ ചെയ്താലും ചില ബ്രൗസറുകറുകളുടെ റെൻഡറിങ് പ്രശ്നം കാരണം മലയാളം കാണാൻ കഴിയുകയുമില്ല. അക്കാലത്ത് ഇതൊന്നും ആർക്കും അറിയുമായിരുന്നില്ല. കവിസുഹൃത്തുക്കൾക്കും സഹൃദയർക്കുമെല്ലാം ലിങ്ക് ഈമെയിലായി അയച്ചുകൊടുക്കുമെങ്കിലും സാങ്കേതികാഭിരുചിയില്ലാത്തതിനാൽ അവരൊന്നും അതു തുറന്നു നോക്കിയതേ ഇല്ല.

എന്നിട്ടും നിരാശനാവാതെ മലയാള കവിതാജാലികയുമായി മുന്നോട്ടുപോകാൻ നിശ്ചയിച്ചു. ആയിടെയാണ് കെ. എച്ഛ്. ഹുസൈനെ പരിചയപ്പെടുന്നത്. രചന എന്ന തനതുമലയാളം ഫോണ്ട് രൂപകല്പന ചെയ്ത ഹുസൈൻ ഹരിതകത്തിനുമാത്രമായി ഒരു ടെക്സ്റ്റ് എഡിറ്ററും ഒരു ഫോണ്ടും ഉണ്ടാക്കിത്തന്നു. ഹുസൈനാണ് ശരിക്കും എന്നെ മലയാളം ‘ടൈപ്പിനിരുത്തിയ’ ആശാൻ! ഭാഷാ കംപ്യൂട്ടിങ്ങിന്റെ പ്രശ്നസങ്കീർണ്ണമായ ലോകത്തേക്ക് ഉൾക്കാഴ്ച നൽകിയതും അദ്ദേഹം തന്നെ. അതിനിടയ്ക്ക് ഹരിതകത്തിന് സാങ്കേതിക പിന്തുണയുമായി തുറവൂരിലെ സുഹൃത്ത് സുനിൽ പ്രഭാകർ വന്നു. അദ്ദേഹം സൈറ്റ് റീ ഡിസൈൻ ചെയ്തു. ഡൊമൈൻ വിലാസം നൽകിയാൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാതെതന്നെ ഹരിതകം ഏതു ബ്രൗസറിലും മലയാളലിപിയിൽ വായിക്കാമെന്നായി.

അക്കാലത്തെല്ലാം എനിക്കിഷ്ടപ്പെട്ട കവിതകൾ കവിയുടെ അനുവാദത്തോടെ ഹരിതകത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. സുനിലിന്റെ സഹായത്തോടെ ശബ്ദഫയലുകൾ അറ്റാച്ച് ചെയ്ത് ‘ചൊല്ലിക്കേൾക്കാം’ എന്നൊരു സാധ്യതകൂടി ഉൾപ്പെടുത്തി. കെ.ജി.എസ്സും സച്ചിമാഷുമെല്ലാം കവിതകൾ ചൊല്ലിത്തന്നത് (ലാന്റ്) ഫോണിൽ റെക്കോഡ് ചെയ്ത് ടെക്സ്റ്റിനോടൊപ്പം കൊടുത്തു. Poetry international, Poetry foundation തുടങ്ങിയ ഇംഗ്ലീഷ് സൈറ്റുകളായിരുന്നു മാതൃക. അന്നെല്ലാം ഇന്റർനെറ്റിന് വേഗത വളരെ കുറവായിരുന്നതിനാൽ ശബ്ദം ലോഡ് ചെയ്തുവരാൻ സമയമെടുക്കും. ഇന്നിപ്പോൾ വീക്കിലിയിൽ ക്യു ആർ കോഡ് കൊടുത്ത് കവിയുടെ ശബ്ദത്തിൽ കവിത കേൾക്കിപ്പിക്കുന്നതിന്റെ ആദിരൂപമായിരുന്നു അത്. അന്ന് എനിക്കു കിട്ടിയ വലിയൊരു പ്രോത്സാഹനം ഡോ.അയ്യപ്പപ്പണിക്കരുടെ ഒരഭിനന്ദനക്കത്താണ്. ഹരിതകം കാലോചിതമായ സംരംഭമാണെന്നും തുടരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് ഒരു ഇ-മെയിൽ അയക്കുകയുണ്ടായി. ആറ്റൂർ മാഷും അത് നോക്കിയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. ഊട്ടി ഫേൺഹിലിൽ നടന്ന തമിഴ്-മലയാളം കവിസംഗമത്തിന് മലയാളത്തിൽനിന്നുള്ള പുതുകവികളെ തിരഞ്ഞെടുത്തത് ഹരിതകത്തിൽ വന്ന കവിതകൾ വായിച്ചിട്ടാണെന്ന് ജയമോഹനും പറഞ്ഞിരുന്നു.

വൈകാതെ മലയാളം യൂണിക്കോഡ് ഫോണ്ടുകൾ പ്രചാരത്തിലായി. ബ്ലോഗുകളുടെ വസന്തകാലമായി. പ്രവാസി മലയാളികളാണ് ബ്ലോഗിലും സൈബർ മലയാളത്തിലും സജീവമായത്.

(അപൂർണ്ണം)