കാവ്യാധ്യാപിക

മേരി ഒലിവർ

എനിക്കു പഠിപ്പിക്കാൻ സർവ്വകലാശാല പുതിയതും ഗംഭീരവുമായ ഒരു ക്ലാസ്മുറി അനുവദിച്ചു. “എന്നാൽ ഒരുകാര്യം: നിങ്ങളുടെ വളർത്തുനായയെ ഇവിടെ കയറ്റരുത്.” അവർ പറഞ്ഞു. “പക്ഷെ അത് അനുവദിക്കണമെന്ന് എന്റെ കരാറിൽ ഞാൻ ചേർത്തിട്ടുള്ളതാണല്ലോ?” ഞാൻ വാദിച്ചു. (ഇക്കാര്യം മുൻകൂട്ടിക്കണ്ട് ഞാൻ ഉറപ്പുവരുത്തിയിരുന്നു.)

ഏതായാലും വാദപ്രതിവാദങ്ങൾക്കൊടുവിൽ പഴയൊരു കെട്ടിടത്തിലെ പഴയൊരു മുറിയിലേക്കു മാറാൻ ഞാൻ തയ്യാറായി. വാതിൽ തുറന്നുതന്നെ വെച്ചു. മുറിയിൽ ഒരു പാത്രം വെള്ളം നിറച്ചുവെച്ചു. അകലെനിന്ന് ബെൻ (നായ) കുരയ്ക്കുന്നതും ഓരിയിടുന്നതും മറ്റുശബ്ദങ്ങൾക്കിടയിൽ എനിക്കു കേൾക്കാമായിരുന്നു. ചിലപ്പോൾ അവരെല്ലാം കൂടി – ബെന്നും അവന്റ കൂട്ടുകാരായ ഏതാനും അപരിചിതരും – മുറിയിലേക്കു കയറിവരും. അവർക്ക് നല്ല ദാഹവും സന്തോഷവും! അവർ വെള്ളം കുടിച്ച് എന്റെ വിദ്യാർത്ഥികൾക്കിടയിൽ ഓടിക്കളിക്കും. അവർക്കും അത് വലിയ ഇഷ്ടമായി.

അങ്ങനെ എന്റെ വിദ്യാർത്ഥികൾ ദാഹവും ആനന്ദവുമുള്ള കവിതകൾ എഴുതാൻ പഠിച്ചു.

ചോഴി

രാമകൃഷ്ണാ ഗോവിന്ദാ
ചാമ കുത്ത്യാ തവിടുണ്ടോ
പപ്പടം കാച്ച്യാ പൊള്ളേണ്ടോ
വെളിച്ചെണ്ണബ്ഭരണിക്കു മൂടുണ്ടോ
പൊരണ്ടേക്കാട്ടില് കാടുണ്ടോ
വട്ടംകുളത്തില് വെള്ളണ്ടോ
ചോലക്കുന്നത്ത് മണ്ണുണ്ടോ
കൊളങ്കരപ്പാടത്ത് ഞണ്ടുണ്ടോ
ഞാറ്റുവേലക്ക് മഴയുണ്ടോ
വാക്കിനുള്ളില് പൊരുളുണ്ടോ
രാമകൃഷ്ണാ ഗോവിന്ദാ
ചാമകുത്ത്യാ തവിടുണ്ടോ

ശേഷം

ലോർണ ക്രോസിയെർ

ഞാൻ തന്നെ
എന്റെ വളർത്തു നായ്.
നടക്ക് –
ഞാൻ എന്നോടു പറയും;
എന്നിട്ട് വാതിൽക്കലോളം പോകും.
തിന്ന്, എന്നു പറഞ്ഞ്
എനിക്കു വെച്ചത്
ഞാൻതന്നെ തിന്നും.
കിടക്ക്, എന്നു കല്പിച്ച്
ഞാൻ തന്നെ നിലത്തു ചുരുണ്ടുകൂടും;
കൈപ്പത്തിമേൽ തല ചായ്ക്കും.
മറ്റൊന്നും ആവശ്യമില്ല.
ഇനിയെന്തെന്ന്
വിചാരവുമില്ല.
നായ് ഓരിയിടുംപോലെ
ഞാൻ ഓരിയിടുന്നു.
നായ് മോങ്ങുംപോലെ
ഞാൻ മോങ്ങുന്നു.
രാത്രികളിൽ
എന്റെ കാൽക്കൽ ഇരിക്കുന്ന,
എന്നെത്തന്നെ നാറുന്ന,
ഉറക്കം നിറച്ച ചാക്കും
ഞാൻ തന്നെ.

അടരുകൾ

അർത്ഥത്തിന്റെ അനേകം അടരുകളും ധ്വനികളുമുള്ള ഒരു രചന കഷ്ടപ്പെട്ട് വായിക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ തലതിരിച്ച് ചുമരിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റിനെ നോക്കി ആശ്ചര്യപ്പെടുകയും എത്ര സ്പഷ്ടമായാണ് അത് മുറിയിലുള്ള വസ്തുക്കളെ നിഴൽരഹിതമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും മുമ്പൊരിക്കലും കാണാത്തവിധത്തിൽ മുറിയിൽ ഇരിക്കുന്ന അലമാര മേശ അതിന്മേൽ വെള്ളം നിറച്ച കൂജ ചുമരിൽ അനക്കമില്ലാതിരിക്കുന്ന പല്ലി എന്നിവയെ അവ മറ്റൊന്നിന്റേയും പ്രതീകമോ സൂചനകളോ അല്ലെന്ന ഉദാരവും ഭാരരഹിതവുമായ തിരിച്ചറിവോടെ കേവലം നിരീക്ഷിക്കുകയും ഒപ്പം എന്നെത്തന്നെ അവയിൽ ഒന്നായി കണ്ട് ആനന്ദിക്കുകയും ചെയ്തു.

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.
മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.