ഇരിപ്പുനടപ്പ്

ഇരുന്നിരുന്നിരുന്നിരുന്ന്
ഈയിരിപ്പൊരു തപസ്സായ്
തെറ്റിദ്ധരിച്ചാലോ?
ആവശ്യപ്പെടാന്‍ ഒന്നുമില്ലെങ്കിലും
ഏതെങ്കിലുമൊരു ദൈവം പ്രത്യക്ഷപ്പെട്ട്
"നിനക്കിതിരിക്കട്ടെ!" എന്നൊരു
വരം നല്‍കിയനുഗ്രഹിച്ചാലോ?
അതിനാല്‍ എഴുന്നേറ്റു
നടക്കാന്‍ തുടങ്ങി.

കിടപ്പുമുറിയിലെ കട്ടിലൊന്നു വലംവെച്ച്
ഊണുമുറിയിലെ മേശയൊന്നു വലംവെച്ച്
സ്വീകരണമുറിയിലെ സോഫയൊന്നു വലംവെച്ച്
തിരിച്ച് ഊണുമുറി വഴി കിടപ്പുമുറിയിലേക്കും
അതേവഴി സ്വീകരണമുറിയിലേക്കും
അതേപടി വലം വെച്ചും ഇടം വെച്ചും
കിലോമീറ്ററുകള്‍ താണ്ടി.

നടന്നുനടന്നുനടന്നുനടന്ന്
ഈ നടത്തമൊരു യാത്രയായി
തെറ്റിദ്ധരിച്ചാലോ?
പ്രത്യേകിച്ചൊരു ലക്ഷ്യമില്ലെങ്കിലും
ഏതെങ്കിലുമൊരു ദൈവം പ്രത്യക്ഷപ്പെട്ട്
"നിന്റെ കാര്യം നടക്കട്ടെ!" എന്നൊരു
വരം നല്‍കിയനുഗ്രഹിച്ചാലോ?

അതിനാല്‍ ഞാന്‍ ഇരിക്കുന്നു
എഴുന്നേറ്റു നടക്കുന്നു
വീണ്ടും ഇരിക്കുന്നു 
നടക്കുന്നു