മൂക്കും വായും മൂടിയെന്നാലും
വാക്കും നോക്കുമടഞ്ഞിട്ടില്ല
മുട്ടിയും മുത്തിയും നിന്നില്ലയെങ്കിലും
മുട്ടിലിഴഞ്ഞു നടന്നിട്ടില്ല
സോപ്പിട്ടു വൃത്തിയായെ,ന്നാലും മൈലാഞ്ചി-
ച്ചോപ്പു കളഞ്ഞില്ല കൈവെള്ള
കോവിഡൊഴിയാന് വഴിപാടുമായൊരു
കോവിലില്‍ച്ചെന്നു കൈകൂപ്പിയില്ല
“തോണി മറിഞ്ഞാല്‍ പുറം” എന്ന ചൊല്ലിന്റെ-
യാണിപ്പൊരുളാണീ വാഴ്വ്
തോറ്റുകൊടുക്കാതിരിക്കുവാന് മൂളുന്ന
തോറ്റമാണിന്നത്തെ പാട്ട്