വര്‍ഷങ്ങള്‍ക്കുമുമ്പാണ്. കോഴിക്കോട്ടുനിന്നുള്ള ഒരു സ്മരണികയ്ക്കുവേണ്ടി, പോള്‍ കല്ലാനോട് ആവശ്യപ്പെട്ടതനുസരിച്ച്, ഞാന്‍ ഒരഭിമുഖത്തിനായി സഖാവ് ഇമ്പിച്ചിബാവയെ കാണാന്‍ ചെന്നു. പൊന്നാനി എം.ഇ.എസ് കോളേജിനെതിര്വശത്തുള്ള ‘ലാല്ഭവ’നില് അദ്ദേഹം തിരക്കൊഴിഞ്ഞിരിക്കുകയായിരുന്നു. ഒര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ പറ്റിയ ശാന്തമായ അന്തരീക്ഷം.
കോഴിക്കോട്ടു ചെലവഴിച്ച ചെറുപ്പകാലത്തെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്. സ്കൂളും വിദ്യാഭ്യാസവും സമരവും പാര്‍ട്ടിപ്രവര്‍ത്തനവും മറ്റും.സത്യം പറഞ്ഞാല്‍, എനിക്കന്ന് സഖാവിന്റെ വ്യക്തിത്വത്തെക്കുറിച്ചോ സാമൂഹിക-രാഷ്ട്രീയ സംഭാവനകളെക്കുറിച്ചോ വ്യക്തമായ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഈ അജ്ഞത, എന്റെ ചോദ്യങ്ങളിലെ ബാലിശത്വത്തില്നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. എന്നിട്ടും അദ്ദേഹം വാചാലനായി. എന്റെ ചോദ്യങ്ങളായിരുന്നില്ല, ഓര്‍മ്മകളുടെ പുറങ്കടലില്‍ വലവീശാന്‍ അനുകൂലാന്തരീക്ഷമൊരുക്കിയ അപ്പോഴത്തെ സുസ്ഥിതിയായിരുന്നു അന്നു സഖാവിനെ പ്രചോദിപ്പിച്ചതെന്ന് ഇന്നെനിക്കു തോന്നുന്നു.
പൊന്നാനിക്കടപ്പുറത്തിന്റെ തനിവാമൊഴിയാണ് സഖാവിന്റേത്. വാക്കുകളില്‍ മീന്‍ചെതുമ്പല്‍ മിന്നും. ഓര്‍മ്മിക്കലും പറയലും ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമാണ്. പഠിച്ചുപറയുന്ന കൃത്രിമത്വം ഒട്ടുമില്ല.കടലിരമ്പംപോലെ ഞാനാ ഓര്‍മ്മകള്‍ കേട്ടിരുന്നു. ബാപ്പയെ ചുറ്റിപ്പറ്റി നടന്ന ബാല്യം. കോഴിക്കോട്ടങ്ങാടിയില്‍ ചുറ്റിത്തിരിഞ്ഞ കൌമാരം. പാര്‍ട്ടിയാപ്പീസില്‍ കാര്യസ്ഥനായി കഴിഞ്ഞുകൂടിയ ചോരതുടിക്കുന്ന ചെറുപ്പം.അക്കൂട്ടത്തില്‍ രസകരമായ ഒരു സംഭവം അദ്ദേഹം ഓര്‍ത്തു.
“പാര്‍ട്ടി സ്റ്റഡിക്ലാസ് ചിട്ടയായി നടക്കുന്ന കാലം. രാത്രി ഒരു പീടികക്കെട്ടിടത്തിനു മുകള്‍നിലയില്‍, മണ്ണെണ്ണവിളക്കത്താണ് സിദ്ധാന്തം പഠിപ്പിക്കല്‍. മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്, സ്റ്റാലിന്, മിച്ചമൂല്യം, മാനിഫെസ്റ്റോ തുടങ്ങിയ വാക്കുകള്‍ മുഴങ്ങും. അന്നൊരു സന്ധ്യക്ക് പ്രഗത്ഭനായ ഒരാള്‍ ക്ലാസെടുക്കാന്‍ വരുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ആവേശപൂര്‍വ്വം കാത്തിരുന്നു.
കൃത്യസമയത്ത് ആളെത്തി. കറുത്ത് കുറിയ രൂപം. കട്ടിക്കണ്ണട. കൈയ്യില്‍ ഒരു ചാക്കുസഞ്ചി നിറച്ച് പുസ്തകങ്ങള്‍. എനിക്കാ രൂപം ഒട്ടും പിടിച്ചില്ല. ക്ലാസു തുടങ്ങിയതോടെ അതൃപ്തി കൂടുകയും ചെയ്തു. വിക്കുണ്ട്. ശബ്ദം പുറപ്പെടുവിക്കാന്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ സങ്കടവും ചിരിയും വരും. ക്ലാസെടുത്തുകഴിഞ്ഞാല് സ്കൂള്മാസ്റ്റര്മാരെപ്പോലെ ചോദ്യം ചോദിക്കും. സഖാക്കള്‍ ഉത്തരം പറയണം. അതെനിക്ക് ഒട്ടും പറ്റിയില്ല.
അന്ന് വിപ്ലവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ചോദ്യം എന്നോടായിരുന്നു.
“അപ്പോള്‍, എന്താണു വിപ്ലവം?”
എനിക്കത് വിശദമാക്കാന്‍ അറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു:
“കുഴപ്പം ഉണ്ടാക്കല്‍തന്നെ.”
സഖാവ് ഒരുനിമിഷം കണ്ണടച്ചു. പിന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു:
“താന്‍ പറഞ്ഞതും ശരിയാണ്.”
നിഷേധഭാവത്തിലുള്ള എന്റെ മറുപടിയിലെ കുരുത്തക്കേട് അദ്ദേഹം കണ്ടില്ലെന്നു നടിച്ചതാണോ എന്തോ!
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഞാന്‍ പണ്ടത്തെ ഈ സ്റ്റഡിക്ലാസിലെ കുസൃതിക്കഥ ഓര്‍മ്മിപ്പിക്കുകയുണ്ടായി. അന്നും ഇ.എം.എസ് ചിരിച്ചുകൊണ്ട്, ‘താന്‍ പറഞ്ഞതു ശരിയാണെ’ന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്.”
ഒറ്റക്കേള്‍വിയില്‍ ഒരു കുസൃതിക്കഥമാത്രമായി തോന്നാവുന്ന സഖാവിന്റെ ഈ ഓര്‍മ്മ, ഒരദ്ധ്യാപകനായ എന്റെ തോളത്ത് വേതാളംപോലെ തൂങ്ങിക്കിടന്ന് ഏറെനാള്‍ എന്നെ ഉത്തരം മുട്ടിച്ചുകൊണ്ടിരുന്നു. അഗാധവും വിസ്തൃതവുമായ സാമൂഹിക രാഷ്ട്രീയമാനങ്ങളുള്ള വിപ്ലവം എന്ന ദാര്ശനികസമസ്യക്ക്, ‘കുഴപ്പമുണ്ടാക്കല്‍’ എന്നു നിരുത്തരവാദപരമായി ഒറ്റവാക്യത്തില്‍ ഉത്തരം നല്‍കിയതിനെ ഇ.എം.എസ് ശരിവച്ചത് എന്തുകൊണ്ടാകാം?
പറഞ്ഞുകൊടുത്തതപ്പടി ഒരു ശബ്ദലേഖിനിയില്നിന്നെന്നപോലെ യാന്ത്രികമായി പ്രകടിപ്പിക്കുന്ന ഒരു പഠിതാവിനെയാവില്ലല്ലോ ഇ.എം.എസ് ആഗ്രഹിച്ചത്. താനുള്‍ക്കൊണ്ടത് തന്റെ ഭാഷയില്‍ പ്രകടിപ്പിച്ച ആ നാട്ടുമിടുക്കാകണം അദ്ദേഹത്തെ രസിപ്പിച്ചത്. കൊടുക്കുന്നതു മാത്രമല്ല, എടുക്കുന്നതു കൂടിയാണ് അറിവ് എന്ന അറിവിന്റെ വിനിമയത്തിലെ പാരസ്പര്യമാണ് ഈ സന്ദര്‍ഭം ദൃഷ്ടാന്തവല്‍ക്കരിക്കുന്നത്. ഇ.എം.എസ് ശരിവച്ചത് ഈ പാരസ്പര്യത്തെയാവണം.
അദ്ദേഹത്തെപ്പോലെ സൈദ്ധാന്തികനായിരുന്നില്ല ഇമ്പിച്ചിബാവ. തനിക്കു മുമ്പിലുള്ള പ്രത്യക്ഷമായ പ്രതിബന്ധങ്ങളെ നാട്ടുമര്യാദയ്ക്കിണങ്ങുന്ന ഏറ്റവും ലളിതമായ ഒരു യുക്തിയിലൂടെ മറികടന്നുപോകണമെന്ന ഒരു പ്രായോഗികവാദിയായിരുന്നു.
‘അരിയില്ല തുണിയില്ല ദുരിതമാണെന്നാലും
നരി തിന്നാല്നന്നോ മനുഷ്യന്മാരെ?’
എന്നതുകൊണ്ട്, അഹിംസാമൂര്‍ത്തിയായ ബുദ്ധഭഗവാന്റെ വിഗ്രഹമെടുത്ത് നരിക്കുനേരെ എറിഞ്ഞ ഇടശ്ശേരിയുടെ കഥാപാത്രത്തെപ്പോലെ മാര്‍ഗ്ഗവും ലക്ഷ്യവും ഇടറിയോ എന്നതെല്ലാം ഇമ്പിച്ചിബാവ ഇടയുള്ളോര്ക്കു ചിന്തിക്കാന്‍ വിട്ടുകൊടുക്കും.