ചുള്ളിക്കൂട്

ശാന്തിനികേതനിൽ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയുടെ ആദർശസൂക്തം “യത്ര വിശ്വം ഭവത്യേകനീഡം” എന്ന വേദവാക്യമാണ്. ഇവിടെ ലോകം ഒരു പക്ഷിക്കൂടുപോലെ വർത്തിക്കുന്നു എന്നർത്ഥം. ദേശീയപൗരത്വത്തേക്കാൾ വിശ്വപൗരത്വമാണ് അഭികാമ്യമെന്നു വിശ്വസിച്ച ടാഗോർ, തന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ അറിവുതേടുന്നതിലും ആവിഷ്കരിക്കുന്നതിലും ആകാശത്തിലെ പറവകളെപ്പോലെ സ്വതന്ത്രരായിരിക്കണം എന്നും ആഗ്രഹിച്ചിരുന്നു.

ഇന്ന്, പൗരത്വനിയമഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് ജെ എൻ യുവിലേയും ജാമിയയിലേയും വിദ്യാർത്ഥികളാണ് തിരികൊളുത്തിയത് എന്ന് നമുക്കറിയാം. ഒരർത്ഥത്തിൽ വിശ്വഭാരതിയുടെ ആദർശസൂക്തം ഇന്ത്യയിലെ മുഴുവൻ സർവ്വകലാശാലകളുടേയും ആദർശസൂക്തമായി മാറുകയായിരുന്നു.

ചിറകുവിരിക്കുന്ന സ്വാതന്ത്ര്യബോധത്തിന് അതിർത്തികളില്ലാത്ത ആശയചക്രവാളത്തിലേക്കു കുതിക്കാനുള്ള ഇടം മാത്രമാണ് കൂട്. അത് വിശ്വഭാരതിയോ ജെ എൻ യു ഓ ആകാം. അടഞ്ഞു കിടക്കുവാനുള്ളതല്ല, തുറന്നു കുതിക്കുവാനുള്ളതാണ് കലാലയം എന്ന കൂട്.

കവിതയുടെ കാർണിവലിനോടനുബന്ധിച്ച്, പട്ടാമ്പി കോളേജിൽ പ്രമോദ് ഗോപാലകൃഷ്ണൻ ചെയ്ത ചുള്ളിക്കൂട് എന്ന ഇൻസ്റ്റലേഷൻ വിശ്വഭാരതിയുടെ ആദർശസൂക്തത്തിനു നൽകിയ മൂർത്തരൂപമാണെന്നു പറയാം. ഏതാണ്ട് പതിമൂന്നടി ഉയരവും പതിനെട്ടടി വീതിയും അടിവശത്ത് നാനാഭാഗത്തേക്കും തുറവികളുമുള്ള, ചുള്ളിക്കമ്പുകൾ ചേർത്തുനിർമ്മിച്ച ഒരു വലിയകൂട്. ഇതിനകത്തേക്കു സന്ദർശകർക്കു കയറുവാനും ഓരോ ചുള്ളിക്കമ്പെടുത്ത് ചേർത്തുകെട്ടി കൂടിനെ ബലവത്താക്കാനുമുള്ള സൗകര്യവുമുണ്ട്. കലാരചനയിൽ കാണികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട്, കലാസൃഷ്ടി ആത്യന്തികമായ ഒരുത്പന്നമല്ല, അനുക്രമവികസ്വരമായ ഒരു പ്രക്രിയയാണെന്ന് ഈ രചന ഓർമ്മപ്പെടുത്തുന്നു.