ജാഥകൾ

കാസർഗോഡുനിന്നും
തിരുവനന്തപുരത്തുനിന്നും
ആരംഭിക്കുന്ന
സംസ്ഥാനതലജാഥകൾ
തൃശ്ശൂരിൽ സമാപിക്കും.

പ്രസ്തുത ജാഥകളുടെ പ്രചരണാർത്ഥം
ജില്ലാടിസ്ഥാനത്തിൽ
പ്രത്യേകം ജാഥകളുണ്ടാവും.

ജില്ലാജാഥകൾക്കു പിന്തുണയുമായി
താലൂക്കു തലത്തിലും
അതിന്റെ സന്ദേശവുമായി
പഞ്ചായത്തു വാർഡ് തലങ്ങളിലും
ജാഥകളുണ്ടാവും.

ഇതെല്ലാം വിസ്തരിച്ചു
ബോധ്യപ്പെടുത്തിക്കൊണ്ട്
എന്റെ വീട്ടിലും വന്നു
ഒരൊറ്റയാൾജാഥ.

ഞാൻ എന്റെ ശരീരത്തെ കാണുന്നു

ഈയിടെ, ഞാൻ എന്റെ ശരീരത്തെ
മറ്റൊരാളുടേതുപോലെ നോക്കിക്കാണുകയാണ്

അയാളുടെ തല നരച്ചിരിക്കുന്നു
വയറല്പം ചാടിയിട്ടുണ്ട്
ചന്തിയിൽ വിട്ടുമാറാത്ത ഒരു ചൊറി

പിന്നെപ്പിന്നെ അയാൾ
സ്വന്തംകാര്യത്തിൽ ഉദാസീനനാവുന്നത്
എന്റെ ശ്രദ്ധയിൽ പെട്ടു
പതിവുകളെല്ലാം തെറ്റിക്കുന്നു

അയാൾ ആവശ്യപ്പെട്ടില്ലെങ്കിലും
മാനുഷികമായ ഒരു പരിഗണനകൊണ്ട്
ഞാനയാളെ പരിചരിച്ചുതുടങ്ങി

നിത്യവും സോപ്പുതേച്ച് കുളിപ്പിക്കുന്നു
കുപ്പായമിടുവിക്കുന്നു
ഭക്ഷണം ഉരുളയുരുട്ടി
വായിൽ വെച്ചുകൊടുക്കുന്നു
കോവിഡുകാലത്ത് ആമസോൺ വഴി
വാങ്ങിയ ഒരു ട്രിമ്മർ ഉപയോഗിച്ച്
മുടി പറ്റെ വെട്ടിക്കൊടുക്കുന്നു

അയാൾ മരിച്ചാൽ
ഞാൻ എന്തു ചെയ്യും എന്നാണ്
ഇപ്പോഴത്തെ എന്റെ വേവലാതി.

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.

മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.

നിരാമയകവിത

കമറുദ്ദീൻ കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ – ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും – സ്വഭാവേന കാണുന്നതും എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്നതുമായ വികൃതികളെ കണ്ടെടുത്ത് കോർത്തെടുക്കുന്ന കലയാണ് കമറുദ്ദീന്റെ കുറുംകവിതകൾ. ഭാഷയിലെ പ്രതിഷ്ഠാപനകല (Installation Art) എന്നും പറയാം.

ശില്പ-ചിത്രവേലയോടുള്ള ഈ കൗതുകം കമറുദ്ദീന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകടമാണ്. തന്റെ കുറിപ്പിനോടൊപ്പം ഇയാൾ ഒരു (വി)ചിത്രം ചേർക്കും. സാധാരണ വസ്തുക്കളെ അസാധാരണമായ രീതിയിൽ വിന്യസിച്ചുകൊണ്ട് അവയുടെ അർത്ഥത്തെയും ധർമ്മത്തെയും അട്ടിമറിക്കുന്ന ഇമേജുകളാവും അത്. ഉദാഹരണത്തിന്, തീൻമേശയിലെ ഒരു ഫോർക്ക് കൈപ്പത്തിയെ ഓർമ്മിപ്പിക്കുന്നു. ഇത് കമറുദ്ദീന്റെ കവിതയിൽ രൂപാന്തരപ്പെടുന്നത് ഇങ്ങനെയാണ്:

ഫോർക്ക് ഉപയോഗിക്കാൻ
അയാൾക്ക് വശമില്ലാഞ്ഞല്ല
ആ കലാപത്തിനു ശേഷം
ഫോർക്കുകൾ
അതിന്റെ കൂമ്പലും വളവും
എല്ലാം ചേർന്ന്
കുതുബുദ്ദീൻ അൻസാരിയുടെ
തൊഴുകൈ
ഓർമിപ്പിക്കുന്നത് കൊണ്ടാണ്.

ഇതുപോലെ വെള്ളത്തിൽ കിടക്കുന്ന സ്കേറ്റിങ്ബോഡ് ചീങ്കണ്ണിയായും ചവറ്റുകൊട്ടയിലെ കൈയ്യുറകൾ തവളകളായും രൂപാന്തരപ്പെടുന്നതു കാണാം. യുദ്ധഭൂമിയിലെ ടാങ്കുകൾക്കാവട്ടെ ഉദ്ധരിച്ച ലിംഗങ്ങളോടാണ് രൂപസാമ്യം.

ടാങ്കുകളെന്നത്
വെറും വിളിപ്പേരാണ്
മുരണ്ടു നീങ്ങുന്നത്
ഉദ്ധരിച്ച ലിംഗങ്ങളാണ്
ഏത് യുദ്ധത്തിലും
ഇരകളിൽ കൂടുതൽ
സ്ത്രീകളും കുഞ്ഞുങ്ങളുമാകുന്നത്
അതുകൊണ്ടാണ്.

പട്ടങ്ങളാകുന്ന തിരണ്ടികൾ, സൂഫി നർത്തകരെ ഓർമ്മിപ്പിക്കുന്ന വിന്റ്മില്ല്, പെരുമ്പാമ്പാകുന്ന വാക്വംക്ലീനർ ഇങ്ങനെ രൂപസാമ്യത്തിൽനിന്ന് ഉരുവംകൊണ്ട നിരീക്ഷണകൗതുകങ്ങളാണ് ഇതിലെ കവിതകളേറെയും.

ഈ കല്പനാകൗതുകത്തിന്റെ ആദിരൂപമായി പെട്ടെന്ന് ഓർമ്മയിൽ വരുന്നത് പാബ്ലോ പിക്കാസോയുടെ കാളത്തല എന്ന പ്രസിദ്ധ ശില്പമാണ്. 1942 ലാണ് ചുമരിലുറപ്പിച്ച ഒരു സൈക്കിൾ സീറ്റും അതിനുമുകളിൽ ഹാന്റിൽ ബാറും വെച്ച് പിക്കാസോ ഈ അനശ്വര രചനക്കു രൂപം കൊടുത്തത്. ഇത് ഒരു ‘കണ്ടെത്തിക്കല’ (Found Art) ആണ്. ശില്പി സ്വന്തം കൈകൊണ്ടു നിർമ്മിച്ചതല്ല, ലഭ്യമായ വസ്തുക്കളെ പ്രത്യേകരീതിയിൽ വിന്യസിച്ച് സൃഷ്ടിക്കുന്നതാണ്. സർവ്വം ശിഥിലമാക്കിയ യുദ്ധഭീകരതയെ ഭാവനകൊണ്ട് അതിജീവിക്കാനുള്ള കലാകാരന്റെ പരിശ്രമമായിരുന്നു അത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരേസമയം അതീവലളിതവും അതിസങ്കീർണ്ണവുമായ ഒരു പ്രതിഷ്ഠാപനം.

ആധുനികകാലത്ത് ഈ ഗണത്തിൽപ്പെടുന്ന ശ്രദ്ധേയമായ മറ്റൊരു ഇൻസ്റ്റലേഷൻ Jean luc Cornec ന്റെ Telephone Sheep ആണ്. കാലഹരണപ്പെട്ട ലാന്റ് ഫോണുകളും അവയുടെ കേബിളുകളും മാത്രം ഉപയോഗിച്ചുകൊണ്ട്, നിൽക്കുകയും കിടക്കുകയും മേയുകയും ചെയ്യുന്ന ആടുകളെ നിർമ്മിച്ചിരിക്കുന്നു. ഇത് ഒരുതരം പുനരുപയോഗകല കൂടിയാണ്. പിക്കാസോയുടെ സൈക്കിൾക്കല ഇവിടെ റീസൈക്കിൾക്കലയായി എന്നും പറയാം. എന്നാൽ സ്മാർട്ഫോണുകളുടെ കാലം മനുഷ്യഭാവനയെ നിരന്തരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു:
‘തൊടു സ്ക്രീനിൽ
പടം വിടർത്തിയപ്പോൾ
കണ്ടു
ഇതുവരെ കണ്ണിൽപ്പെടാത്ത
അവളുടെ കീഴ്ത്താടിയിലെ
നീല മറുക്’ (വിടർച്ച)
ടച്ച്സ്ക്രീനിൽ വിരലുകൾകൊണ്ടുള്ള സൂമിങ്ങ് (പടം വിടർത്തൽ) ആണ് ഇന്നു നമ്മുടെ സൂക്ഷ്മദർശിനി. യാഥാർത്ഥ്യത്തേക്കാൾ അതിയാഥാർത്ഥ്യമാണ് നമ്മൾ കാണുന്നത്. ഡിജിറ്റൽ കാലത്തിന്റെ കൺസ്യൂമർ ഉൽപ്പന്നങ്ങളും പെരുമാറ്റശീലങ്ങളും കമറുദ്ദീന്റെ കവിതകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. ഇടുങ്ങിയ ജനലിലൂടെ നോക്കുമ്പോൾ ‘ബാർക്കോഡു’ മാതിരി കാണപ്പെടുന്ന ചാറ്റൽമഴ, കടൽക്കരയിൽ പറവകളെന്നു കരുതി ‘ഡ്രോണുകൾക്ക്’ തീറ്റയെറിഞ്ഞുകൊടുക്കുന്ന അപ്പൂപ്പൻ, കെട്ടിടത്തിനു മുകളിൽനിന്നു താഴെക്കു ചാടി ആത്മഹത്യ ചെയ്തയാളുടെ ശരീരം റോഡിൽ ‘ക്യു ആർ കോഡ്’ ഉണ്ടാക്കിയത് എന്നിവ ഉദാഹരണം.

വസ്തുക്കളുടെ രൂപസാമ്യത്തിലെന്നപോലെ വാക്കുകളുടെ ഉച്ചാരണസാമ്യത്തിലും ദ്വയാർത്ഥപ്രയോഗത്തിലും കവി കൗതുകം കൊള്ളുന്നു. “കുളിക്കാനിറങ്ങിയവരുടെ റബ്ബർ ചെരുപ്പുകൾ പകുതി കാണും വിധം മണലിൽ കുഴിച്ചിട്ട് കുട്ടികൾ കബർ കളിക്കുന്നു”. (മീസാൻകല്ലുകൾ) ഇതിലെ റബർ / കബർ എന്നീ വാക്കുകൾ നോക്കുക. “വല്ല്യുപ്പ കേട്ടത് വയലും വീടും. ഞങ്ങൾ കേൾക്കുന്നത് വയളും വീടും”. (കേൾവി) ഇതിൽ വയല് / വയള് എന്നീ വാക്കുകളിലാണ് ഉച്ചാരണസാമ്യം. അടുത്തടുത്തു നിർത്തിയിട്ട ലോറികൾ അടക്കം പറയുന്നത് “ഒരു ലോഡുകാലമായില്ലേ നമ്മൾ ഉറക്കെ മിണ്ടിയിട്ട്” എന്നാണ്. ആരോഗ്യകരമായ സൗഹൃദത്തിന്റെ തുടർച്ചക്ക് ഒരു “ബോ” അകലം പാലിക്കണമെന്ന് വയലിനിസ്റ്റുകൾ മാതൃക കാട്ടുന്നുവത്രേ. ആ ‘വില്ലകല’ത്തിന് വല്ലാത്ത ഒരകലമുണ്ട്. ഇതുപോലെ സാത്വികൻ / സ്വാസ്തികൻ / സാർത്രികൻ, ഗൃഹഭരണം / ഗുഹഭരണം, ഫക്കർ / ഫക്കീർ / ഫിക്കർ എന്നിങ്ങനെയുള്ള വാഗ് ലീലകളിൽ അഭിരമിക്കുന്നതും കാണാം.

സാദൃശ്യമുണർത്തുന്ന കൗതുകം പോലെ വൈരുദ്ധ്യമുണർത്തുന്ന നർമ്മവും കമറുദ്ദീന്റെ നിരീക്ഷണങ്ങൾക്ക് മൂർച്ച കൂട്ടുന്നവയാണ്. കോവിഡുകാലത്തെ അടച്ചിരിപ്പ് അടിയുടുപ്പുകളെ ജാലകവിരികളായി സ്വതന്ത്രരാക്കി എന്നൊരു കവിതയിൽ നിരീക്ഷിക്കുന്നു. വീടകങ്ങളിലെ അസംതൃപ്തികളും വൈരുദ്ധ്യങ്ങളും വിഷയമായ ടാബ്ലെറ്റുകൾ വേറേയും പലതുണ്ട്. അപൂർവ്വം ചിലപ്പോൾ ആശയങ്ങളെ വിട്ട് ഹൈക്കുപോലെ ധ്യാനസൂക്ഷ്മമാവുന്ന രചനകളും കാണാം.

മഴയത്ത്
മീനിന്,
പുഴതന്നെ കുട (മീൻകുട)

എന്നാലും പൊതുവേ ചിരിയുണർത്തുന്ന ചിന്തകളും ചിന്തയുണർത്തുന്ന ചിരികളുമാണ് ഈ ‘ഗുളികവിത’കളുടെ ഫലസിദ്ധി.
എന്ന്,
അനുഭവസ്ഥൻ,
പി.പി.രാമചന്ദ്രൻ.

കവി കവിത എഡിറ്റർ

എൺപതുകളിൽ ഞാൻ കവിതകൾ എഴുതുമായിരുന്നുവെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നില്ല. അയച്ചുകൊടുക്കും. കേടുകൂടാതെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. എൺപത്തിയൊമ്പതിലാണെന്നു തോന്നുന്നു കാകാചാര്യൻ എന്ന ശീർഷകത്തിൽ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. പതിവുപോലെ കവർ തിരിച്ചുവരുന്നതും കാത്ത് ഇരിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡ് ആണ് വന്നത്. “കവിത കൊള്ളാം. എന്നാൽ അതിലെ …. വരിയിലെ …. വാക്ക് മാറ്റി …. എന്നാക്കി അയച്ചുതരൂ.” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

പത്രാധിപരുടെ കത്തു കിട്ടുന്നതുപോലും വലിയൊരംഗീകാരമാണ് അന്ന്. എന്നാലും ആ വാക്ക് മാറ്റാൻ എനിക്ക് സമ്മതമായിരുന്നില്ല. പത്രാധിപർ നിർദ്ദേശിച്ച വാക്ക് ആ സന്ദർഭത്തിനോട് ഒട്ടും ചേരുന്നതായി എനിക്കു തോന്നിയില്ല. രണ്ടും കല്പിച്ച് ഞാൻ പത്രാധിപരെ നേരിൽ കാണാൻ നിശ്ചയിച്ചു. ആദ്യമായിട്ടാണ് കോഴിക്കോട് മാതൃഭൂമി ആപ്പീസിൽ പോകുന്നത്. എം. ടി യാണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെങ്കിലും കവിത നോക്കുന്നത് കെ.വി.രാമകൃഷ്ണനാണ് എന്ന് പ്രസ്സിൽ ചോദിച്ചറിഞ്ഞു. മറ്റൊരിടത്താണ് അദ്ദേഹം. (എം എം പ്രസ്, ചെറൂട്ടി റോഡ്?) അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു. സ്വയം പരിചയപ്പെടുത്തി. അദ്ദേഹമയച്ച കാർഡ് കാണിച്ചുകൊടുത്തു.

‘വാക്കു മാറ്റിയോ’ എന്നു ചോദിച്ചു. ‘ഇല്ല’ എന്നു ഞാൻ. അതു മാറ്റുന്നതിലെ അനൗചിത്യവും അതു മാറ്റാതിരിക്കാനുള്ള എന്റെ ന്യായീകരണവും ഞാൻ വിശദീകരിച്ചു. അദ്ദേഹം സൗമ്യതയോടെ എന്റെ തർക്കുത്തരം ശ്രദ്ധിച്ചിരുന്നു. കത്ത് തിരിച്ചുവാങ്ങി, ‘ഇതിവിടെ ഇരിക്കട്ടെ’ എന്നു പറഞ്ഞു. കവിത പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ പറഞ്ഞതുമില്ല. ഞാൻ തിരിച്ചുപോന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആ കവിത തിരുത്തൊന്നും കൂടാതെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നു. ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിൽ വരുന്ന എന്റെ ആദ്യ രചനയായിരുന്നു അത്. അതെനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. വൈലോപ്പിള്ളിക്കവിതയോടുള്ള എന്റെ ആരാധനയും അതിന്റെ സ്വാധീനവും എല്ലാം പ്രകടമാകുന്ന ഒരു ചെറിയ കവിതയായിരുന്നു കാകാചാര്യൻ.
അതൊരു നല്ല തുടക്കമായി. പിന്നീട് പ്രമുഖ ആനുകാലികങ്ങളിലെല്ലാം എന്റെ കവിതകൾ പ്രസിദ്ധീകരിച്ചുവന്നുകൊണ്ടിരുന്നു. ഒരിക്കൽ എവിടെയോ വെച്ച് കണ്ടപ്പോൾ കെ.വി.രാമകൃഷ്ണൻ മാഷ് പറഞ്ഞു: “അന്ന് രാമചന്ദ്രൻ സ്വന്തം വാക്കിനുവേണ്ടി വാദിച്ചത് എനിക്കു ബോധിച്ചു.”

വാക്കു മാറാതെ അടിയുറച്ചുനിന്ന മറ്റൊരു സന്ദർഭം കൂടി പറയാം. ‘കുയിൽവാഹനൻ’ എന്നൊരു കവിതയെഴുതി. ഞാനും പി. രാമനും വരദൻ എന്ന സുഹൃത്തും കൂടി ഒരു പാതിരക്ക് പാലക്കാട് ടൗണിലൂടെ കാവ്യലഹരിയിൽ നടന്നുപോകുമ്പോൾ ഒരു തെരുവുചട്ടമ്പി കത്തിവീശി ആക്രമിക്കാൻ വന്നതും ഞങ്ങൾ മൂവരും ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടതും പിറ്റേന്ന് അയാൾ വന്ന് മാപ്പുപറഞ്ഞതുമാണ് വിഷയം. പൊതുവേ എന്റെ കവിതകളെല്ലാം സ്വീകരിക്കാറുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളൊന്നും പക്ഷെ ഈ കവിത അച്ചടിക്കാൻ തയ്യാറായില്ല. അതിനു കാരണം കവിതയിലെ ഒരു വാക്കാണ്.
“ഏതു മൈരനാണെന്നെക്കുറിച്ചൊരു
പാട്ടുപാടുവാൻ നില്ലു തെമ്മാടീ
കൂരിരുട്ടിന്റെ മൂലയിൽനിന്നും
കാതടയ്ക്കും തെറിയൊന്നു ചാടീ.”

മാതൃഭൂമിയും ഭാഷാപോഷിണിയും തിരിച്ചയച്ചു. മൈരൻ എന്ന പദത്തിന് പകരം സഭ്യമായ മറ്റൊരു പദം ചേർത്താൽ പ്രസിദ്ധപ്പെടുത്താം എന്നറിയിച്ചു. പറ്റില്ലെന്ന് ഞാനും. അമ്പിയണ്ണൻ എന്ന തെരുവുചട്ടമ്പിയുടെ വായിൽനിന്നു ചാടിയ വാക്കാണ് അത്. അതു മാറ്റുക സാധ്യമല്ല. മാറ്റമൊന്നും കൂടാതെ ആ കവിത പിന്നീട് പ്രസിദ്ധപ്പെടുത്തി. മലയാളം ഇന്ത്യാടുഡേയുടെ ഒരു വാർഷികപ്പതിപ്പിൽ ആണ് വന്നത്. ചെന്നൈയിൽനിന്നാണ് ഇന്ത്യാടുഡേ മലയാളം പ്രസിദ്ധീകരിച്ചിരുന്നത്. എഡിറ്റർ എസ്. സുന്ദർദാസ് കവിത ആവശ്യപ്പെട്ടപ്പോൾ ആദ്യമേ ഞാൻ ഈ വാക്കിന്റെ കാര്യം പറഞ്ഞിരുന്നു. എന്നാൽ അയാൾ അതു സ്വീകരിക്കാൻ സന്നദ്ധനായി.

ഇന്ന്, ഈ സോഷ്യൽ മീഡിയായുടെ കാലത്ത്, ഇതിലൊന്നും ഒരു സാഹസികതയുമില്ലെന്ന് നമുക്കറിയാം. എഡിറ്റർ എന്ന തസ്തിക ഗുട്ടൻബർഗ്ഗ് യുഗത്തിന്റെ സൃഷ്ടിയാണ്. വാമൊഴിയിലോ ‘തിരമൊഴി’യിലോ എഡിറ്റർക്ക് സ്ഥാനമില്ല. (വരമൊഴിയിൽ മാത്രമേയുള്ളൂ ആ വരിഷ്ഠപദവി!) മുടക്കുമുതൽ ആവശ്യമുള്ള വ്യവസായമാണ് അച്ചടിയും വിതരണവും. അതുകൊണ്ട് മൂലധന താത്പര്യം സംരക്ഷിക്കേണ്ട ബാധ്യത എഡിറ്റർക്കു വന്നുപെട്ടു. അച്ചടിവ്യവസ്ഥയിൽ ഓഥറുടേയും റീഡറുടേയും മധ്യസ്ഥനാണ് എഡിറ്റർ. സാഹിത്യത്തിലെ പുതുഭാവുകത്തെ തിരിച്ചറിയുകയും പരിചയപ്പെടുത്തുകയും ചെയ്യാൻ അയാൾക്കു സാധിക്കും. എന്നാൽ പലപ്പോഴും നമ്മുടെ എഡിറ്റർ പത്രമുതലാളിയുടെ താത്പര്യം നോക്കുന്ന ജീവനക്കാരൻ മാത്രമായി മാറുകയാണ് പതിവ്.

എൻ എസ് മാധവന്റെ തിരുത്ത് എന്ന ചെറുകഥയിലെ മുഖ്യപത്രാധിപർ ചുല്യാറ്റിനെ ഓർക്കുന്നുണ്ടോ? വാർത്താശീർഷകത്തിലെ തർക്കമന്ദിരം എന്ന വാക്കു തിരുത്തി ബാബ്രി മസ്ജിദ് എന്നു ചേർത്ത എഡിറ്റർ? അത്രയും ശക്തമായ ഒരിടപെടൽ മാധ്യമചരിത്രത്തിൽ ഉണ്ടായിട്ടില്ല. മൂലധനത്തോടല്ല, ചരിത്രത്തിനോടായിരുന്നു അയാളുടെ കൂറ്. സാഹിത്യത്തിൽ ചുല്യാറ്റിനെപ്പോലുള്ള എഡിറ്റർമാർ നമുക്കുണ്ടായിട്ടുണ്ടോ? എം ഗോവിന്ദനാണ് മലയാളത്തിൽ സാഹസികമായ സമാന്തരപ്രസിദ്ധീകരണ സംസ്കാരം കൊണ്ടുവന്നയാൾ. അദ്ദേഹത്തിന്റെ സമീക്ഷ ആനന്ദിനേയും കടമ്മനിട്ടയേയും മലയാളത്തിനു പരിചയപ്പെടുത്തി. മലയാളത്തിലെ മുഖ്യധാര അവരെ കണ്ടില്ലെന്നു നടിച്ചു കഴിയുകയായിരുന്നു. ആ കാലത്ത് രണ്ടു പത്രാധിപന്മാരുടെ വടംവലിയിൽ വലിഞ്ഞുമുറുകിയിരുന്നു മലയാള സാഹിത്യം. ഒരുവശത്ത് എം ഗോവിന്ദൻ. മറുവശത്ത് എൻ.വി കൃഷ്ണവാരിയർ.

കൃഷ്ണവാരിയർ തിരുത്തിന്റെ ആശാനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ചുല്യാറ്റിനെപ്പോലെ വിധ്വംസകമായ തിരുത്തല്ല. തെറിപ്പുകളെ വഴക്കങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരുത്തായിരുന്നു അത്. ‘എൻ വി തിരുത്തിത്തന്ന കവിത’ എന്ന് അക്കാലത്ത് കവികൾ അഭിമാനത്തോടെ പറഞ്ഞിരുന്നുവത്രേ. പഴയകാലത്ത് നവാഗതരായ കവികൾ മഹാകവികളുടെ അടുത്ത് കവിത തിരുത്താൻ കൊടുക്കുക പതിവായിരുന്നു. “ഉണ്ടൊരു കൃതി, അല്ലാ വികൃതി” എന്ന് പൂന്താനം മേൽപ്പത്തൂരിന്റെ മുന്നിൽ എന്നപോലെ (വള്ളത്തോളിന്റെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ) അപേക്ഷയുമായി ചെല്ലും. സ്വന്തം വാക്കിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. തിരുത്തിത്തരൂ എന്നപേക്ഷിക്കുമ്പോൾ തന്റെ രചന ഒരു വലിയ തെറ്റാണ് എന്ന് മുൻകൂറായി സമ്മതിക്കുകയാണ് അയാൾ. വാസ്തവത്തിൽ ഏതു കവിതയും ഒരു വലിയ തെറ്റാണ്. ശരിയായിരിക്കുമ്പോൾ അതിൽ കവിതയില്ല, വാസ്തവം മാത്രമേ ഉണ്ടാകു.

മലയാളത്തിൽ ആനുകാലികങ്ങൾക്കോ പുസ്തക പ്രസിദ്ധീകരണശാലകൾക്കോ കവിതക്കുമാത്രമായി ഒരെഡിറ്റർ ഇല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കഥയും ലേഖനവും എല്ലാം നോക്കുന്ന അതേ കണ്ണിലൂടെയാണ് കവിതയേയും അയാൾ നോക്കുന്നത്. ആധുനികതയുടെ കാലത്താണ് കവിതക്കുമാത്രമായുള്ള ഒരു സമാന്തര പ്രസിദ്ധീകരണത്തെപ്പറ്റി ആലോചനകൾ ഉണ്ടായത്. സച്ചിദാനന്ദനും ബി.രാജീവനും മറ്റും ചേർന്നാണ് സമാന്തര കവിതാപ്രകാശന സംരംഭങ്ങൾ ആരംഭിച്ചത്. ഹരിശ്രീ, നവധാരയുടെ കവിതാപുസ്തക പരമ്പര (കവിത-കക്കാട്, കവിത-കുഞ്ഞുണ്ണി… ), വാർഷിക കവിതാസമാഹാരങ്ങൾ (കവിത 1183…etc) എന്നിവ അടയാളപ്പെടുത്തേണ്ട ഉദ്യമങ്ങൾ ആയിരുന്നു. പണിക്കരുടെ പത്രാധിപത്യത്തിൽ പുറത്തുവന്ന കേരളകവിത ബഹുത്വത്തിന്റെ ആഘോഷങ്ങളായി. പിൽക്കാലത്ത് കെ.ജി.എസ് സമകാലീന കവിത എന്നൊരു പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകി. ഈ സമാന്തരപ്രസിദ്ധീകരണങ്ങൾ എല്ലാം ചെയ്തത് അന്നത്തെ മുഖ്യധാരാ അഭിരുചിയെ വെല്ലുവിളിക്കലായിരുന്നു. മുഖ്യധാര നാടുകടത്തിയ രചനകൾക്ക് ഈ സമാന്തരലോകം പൗരത്വം നൽകി. എന്നാൽ കാലാന്തരത്തിൽ മുഖ്യധാര ഈ സമാന്തരധാരയെ വിഴുങ്ങി എന്നതാണു കൗതുകം.

ഇതുവരെ പറഞ്ഞത് കവിയെ തിരുത്തുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്ന പുറത്തുള്ള ഒരു എഡിറ്ററെപ്പറ്റിയാണ്. എന്നാൽ കവി തന്റെ തന്നെ എഡിറ്റർ കൂടിയാണല്ലോ. എന്തിനെപ്പറ്റി, എങ്ങനെ എഴുതണം എന്ന തിരഞ്ഞെടുപ്പ് കവി സ്വയം ചെയ്യുന്നതാണ്. സ്വന്തം വരികൾ സ്വയം മുറിച്ചുമാറ്റിയും വാക്കു മാറ്റിവെച്ചും അയാൾ സ്വയം തിരുത്തുന്നുണ്ട്. അക്കിത്തത്തിന്റെ ‘വിടരാതിരിക്കില്ല’ എന്ന കവിത ഓർമ്മ വന്നു. ഇങ്ങനെയാണ് തുടക്കം:
“കവിയാകണമെങ്കിലെന്തു ചെയ്യണമെന്നോ
കവിയാകണമെന്നു മോഹിക്കാതിരിക്കണം
കരളിൽ സ്ഥലകാലക്ഷീരസാഗരത്തിലെ
കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം
എഴുതിക്കഴിഞ്ഞതും തിരുത്തീടണം, തൂശി-
പ്പഴുതിൽ നൂലോടിക്കും വിരലിൻ ക്ഷമയോടെ
എന്നെക്കൊണ്ടിതിലേറെ നന്നാക്കാൻ കഴികയി-
ല്ലെന്നു വന്നാലേ നെറ്റിവിയർപ്പു തുടയ്ക്കാവൂ.”
(സർഗ്ഗപ്രക്രിയയിലെ ക്രമാനുഗതമായ ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു പാഠ്യപദ്ധതിയാണ് ഇത്. നെറ്റിവിയർക്കുന്ന ക്ലേശിച്ച പണിയാണ് തിരുത്ത് അഥവാ എഡിറ്റിങ് എന്നാണു കല്പന. ‘എന്നെക്കൊണ്ടിതിലേറെ നന്നാക്കാൻ കഴികയില്ല’ എന്ന പ്രയോഗവും അർത്ഥവത്താണ്. മറ്റുള്ളവർക്ക് കഴിഞ്ഞേക്കും എന്ന ധ്വനി; എഡിറ്ററുടെ പങ്കാളിത്തത്തെ അംഗീകരിക്കൽ.)

ആറ്റൂർ രവിവർമ്മ കർക്കശസ്വഭാവമുള്ള സ്വയം എഡിറ്ററായിരുന്നു. ഭംഗിയുള്ള വരികൾ നിഷ്കരുണം മുറിച്ചുമാറ്റും. സംക്രമണത്തിൽ,
‘അവൾ നനച്ചൊരാ മരങ്ങളൊക്കെയും ഉയർന്നുയർന്നുപോയ്
അവൾ നടന്നൊരാ വഴികളൊക്കെയും അകന്നകന്നുപോയ്’
എന്ന വരികൾ അദ്ദേഹം ഉപേക്ഷിച്ചതയായി ആറ്റൂരിന്റെ ശിഷ്യൻ കൂടിയായ പത്രാധിപർ കെ.സി.നാരായണൻ സങ്കടത്തോടെ പറയുകയുണ്ടായി. ആറിൽ പഠിക്കുന്ന കാലത്താണ് പാഠപുസ്തകത്തിനു പുറത്തുള്ള ഒരു കവിത ഞാൻ വായിക്കുന്നത്. പട്ടാമ്പി കോളേജ് മാഗസിനിൽ വന്ന ‘എത്ര ഞെരുക്കം, എത്രയെളുപ്പം’ എന്ന ശീർഷകമുള്ള ഒരു കവിത. അതെഴുതിയത് ആറ്റൂർ രവിവർമ്മയാണെന്ന് വളരെ മുതിർന്നശേഷമാണ് മനസ്സിലാക്കുന്നത്. ആ കവിത പുസ്തകത്തിൽ വന്നപ്പോൾ ‘എത്രയെളുപ്പം’ എന്ന രണ്ടാം ഖണ്ഡിക പൂർണ്ണമായും അദ്ദേഹം ഒഴിവാക്കി. വരികൾ മാത്രമല്ല, മുഴുവൻ കവിതയും അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ കെ.ആർ.ടോണി അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആറ്റൂർക്കവിതകൾ സമാഹരിക്കാനുള്ള പരിശ്രമത്തിലാണ്.

(രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.)

ആറ്റൂരിന്റെ പ്രിയപ്പെട്ട കവി കുഞ്ഞിരാമൻ നായരായിരുന്നു എന്നതാണ് വലിയ വൈരുദ്ധ്യം! എഡിറ്റിങ് എന്ന പ്രക്രിയ തൊട്ടുതീണ്ടാത്ത കവിയാണ് പി. കാടുപോലെ പടർന്നുപോകുന്ന ആഖ്യാനം! വെട്ടിയൊതുക്കലോ ചിട്ടപ്പെടുത്തലോ ഇല്ല. കേരളീയ ഭൂപ്രകൃതിയിൽ കരിമ്പിൻതോട്ടത്തിലെ ആനയെപ്പോലെ വിഹരിച്ച അദ്ദേഹത്തിന് ആറ്റൂരിന്റെ ശ്രദ്ധാഞ്ജലിയായിരുന്നല്ലോ മേഘരൂപൻ എന്ന കവിത. ഒരിക്കൽ ഒ.എൻ.വി തനിക്കിഷ്ടപ്പെട്ട ഒരു കവിയാണ് എ.അയ്യപ്പൻ എന്നു പറഞ്ഞുകേട്ടപ്പോഴും ഇതുപോലെ അതിശയം തോന്നുകയുണ്ടായി.

ഇന്ന് ആരും കവിത തിരുത്താറുണ്ടെന്നു തോന്നുന്നില്ല. പണ്ടത്തെ എഡിറ്റർ ഇന്ന് ക്യുറേറ്റർ ആണ്. ടെക്സ്റ്റുകളുടെ തിരഞ്ഞെടുപ്പിലൂടെ, അവയുടെ വിന്യാസത്തിലൂടെ, ഒരു കോൺടെക്സ്റ്റ് സൃഷ്ടിക്കുകയാണ് അയാൾ ചെയ്യുന്നത്. ഓഥറും എഡിറ്ററും ഡബിൾറോൾ ചെയ്യുന്നതുപോലെ ഇന്ന് റീഡറും സ്വയം എഡിറ്ററാകുന്നുണ്ട്. അയാൾക്ക് ആവശ്യമുള്ളതുമാത്രമാണ് അയാൾ വായിക്കുന്നത്. കവിതയായി എഴുതി പ്രസിദ്ധീകരിച്ചതു മാത്രമായിക്കൊള്ളണമെന്നില്ല, കവിതയായി വായിച്ചെടുക്കുന്നതും കൂടിയാണ് ഇന്ന് കവിത.