ബ്രാഹ്മണിയമ്മയെ ഓർത്തു

നിലത്തുവീണാൽ
അശുദ്ധമാകുമല്ലോ എന്നു കരുതി
ക്ഷമയോടെ കാത്തുനിന്ന്
പശു വാൽ പൊക്കുന്നേരം
പിന്നിൽച്ചെന്ന്
ഭക്തിപൂർവം ഇരുകൈകളും നീട്ടി
സ്വീകരിക്കുമായിരുന്ന
ബ്രാഹ്മണിയമ്മയെ ഓർമ്മവന്നു

ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത്
അതു സ്വീകരിച്ചുകൊണ്ട്
ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ.

ആശാൻ

വിരിഞ്ഞ പൂവിൻ സൗന്ദര്യം
പാടുവോർക്കിടയിൽ ഭവാൻ
വീണപൂവിന്റെ സത്യത്തെ-
പ്പകർന്നൂ മാതൃഭാഷയിൽ.

വാഴുന്നോർക്കുള്ള വാഴ്ത്തല്ല
കാവ്യമെന്നു തിരുത്തി നീ;
വീഴുവോർക്കൊപ്പമെന്നെന്നും
നീതിക്കായ് നിലകൊണ്ടു നീ.

(മനോരമ പത്രത്തിനു വേണ്ടി)

ഋതുഭേദങ്ങൾ

ചിങ്ങമൊന്നു രണ്ടുമൂന്നായ്
കന്നിവെയിൽ പൊള്ളുമാറായ്
തുലാമഴയിടക്കിടെ
ചൊരിയുകയായ്.

കാലഭേദം കൊണ്ടു മാസ-
മുറതെറ്റി വരും പ്രതി-
ഭാസമിന്നു നമ്മളനു-
ഭവിക്കുമാറായ്.

നാളുപക്കം ഞാറ്റുവേല
സംക്രമങ്ങളറിയേണ്ട
ന്യൂനമർദ്ദം നിർണ്ണയിപ്പൂ
ദിനഫലങ്ങൾ.

സിഗ്നലുള്ള ജംങ്ഷനിലെ
വാഹനത്തിലെന്നപോലെ
മുന്നിലേക്കു ദൃഷ്ടിയൂന്നി
യിരിപ്പു നമ്മൾ

ഇന്നു മഞ്ഞയെങ്കിൽ നാളെ
ചുവപ്പാകാമോറഞ്ചാകാം
മിന്നുമടയാളമായി
ഋതുഭേദങ്ങൾ.

2022 August

പൊന്നാനി ബസ്

പൊന്നാനിയില്‍ സ്കൂള്‍മാഷായി ചേര്‍ന്ന കാലത്ത്
ബസ്സില്‍ ഒരു സ്ഥിരം സഹയാത്രികനുണ്ടായിരുന്നു
ആലൂര്‍ക്കാരന്‍ ഒരു ബാങ്കുമാനേജര്‍.
എത്ര തിരക്കുണ്ടെങ്കിലും അയാള്‍ക്ക് സീറ്റു കിട്ടും.
അയാളുടെ അരികത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ് പതിവ്.
അതിലിരിക്കാന്‍ ആളുകള്‍ക്ക് ഭയം.
ചുളിവീഴാത്ത അയാളുടെ കുപ്പായത്തിലെങ്ങാനും
അബദ്ധത്തില്‍ ചാരിപ്പോയാലോ.
മാഷായതുകൊണ്ട് എന്നെ അടുത്തുപിടിച്ചിരുത്തും.
ലോകകാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായം ഉച്ചത്തില്‍ കേള്‍പ്പിക്കും.
റേഡിയോ പോലെയാണ്
അങ്ങോട്ടു മിണ്ടാനാവില്ല.
ഒരിക്കല്‍ ഒരു വഴിതടസ്സം.
വിദ്യാര്‍ത്ഥിസമരമായിരുന്നു.
റോഡു മുഴുവന്‍ പരന്ന് വലിയൊരു ജാഥ.
ബസ്സ് ജാഥക്കു പിന്നാലെ അരിച്ചരിച്ചു നീങ്ങി.
ഓഫീസിലെത്താന്‍ നേരം വൈകുമെന്ന് ഉറപ്പായി.
ആലൂര്‍ക്കാരന്‍ ബാങ്കുമാനേജരുടെ തൊണ്ടയില്‍നിന്ന്
അന്നൊരു സൈറണ്‍ മുഴങ്ങി:
“ജനാധിപത്യമാണത്രേ ജനാധിപത്യം!
മാഷേ, രാജ്യത്തു പട്ടാളഭരണം വരണം
എന്നാലേ ഇവര്‍ പഠിക്കൂ!”
അയാള്‍ അസഹിഷ്ണുതയോടെ ബസ്സില്‍നിന്നു ചാടിയിറങ്ങി.
ഓട്ടോ പിടിച്ച് കുറുക്കുവഴിയിലൂടെ അപ്രത്യക്ഷനായി.
വര്‍ഷങ്ങളെത്ര കഴിഞ്ഞു!
ഇന്നലെ വീണ്ടും ആ രംഗം വിഭാവനം ചെയ്തു.
അതേ പൊന്നാനി ബസ്സ് അതേ തിരക്ക്.
പതിവു സീറ്റില്‍ പക്ഷേ അയാളില്ല.
എനിക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍.
അവരുടെ കൈയ്യില്‍ പ്ലക്കാഡുകള്‍.
അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു:
“ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരീസഹോദരന്മാരാണ്”
അപ്പോള്‍ പഴയ മാനേജരുടെ സൈറണ്‍ മുഴങ്ങി
“മാഷേ, ഇതു പഴയ ബസ്സല്ല.
അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യുന്ന പോലീസ് വാനാണ്.
ഞാന്‍ റിട്ടയര്‍ ചെയ്തു.
ശിഷ്ടകാലം രാഷ്ട്രസേവനത്തിനു നീക്കിവെച്ചു.”
അതാ അയാള്‍.
ഡ്രൈവറുടെ സീറ്റില്‍.
മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോം അണിഞ്ഞ്!

2022

ചില്ലലമാരയിൽ

ചുമരിലെ ചില്ലലമാരയിൽ
തട്ടുതട്ടായ് പല വലുപ്പത്തിൽ
കൗതുകവസ്തുക്കൾ.

ചില പുരസ്കാരങ്ങൾ
ചിലതുപഹാരങ്ങൾ.

വിദ്യാലയം വായനശാല
ക്ലബ്ബുകൾ സുഹൃത്തുക്കൾ
പലപ്പോഴായ് സമ്മാനിച്ചവ.

നാട്ടിൽനിന്ന്
മറുനാട്ടിൽനിന്ന്
അപൂർവ്വമൊന്നുരണ്ടെണ്ണം
വിദേശത്തുനിന്ന്.

ഏറെനാളായ്
തുറക്കാതെ തുടയ്ക്കാതെ
പൊടിയണിഞ്ഞു മങ്ങിപ്പോയ്.

ഇന്നതിൻ മുന്നിലൂടെ
കടന്നുപോയപ്പോൾ
അതിലാരോ പുതുതായൊന്നു
കൊണ്ടുവെച്ചപോലെ!

അടുത്തുചെന്നു
സൂക്ഷിച്ചുനോക്കി:
ചില്ലുമൂടിമേൽ
അനക്കമറ്റ്
ഒരു പല്ലി.

ജഡങ്ങൾക്കിടയിൽ
ഒരു ജീവൻ.
പ്രതിനിധാനങ്ങൾക്കിടയ്ക്ക്
ഒരു മുഴുവൻ സാന്നിദ്ധ്യം.
ഭൂതത്തിൽനിന്ന്
വർത്തമാനത്തിലേക്ക്
തട്ടിയുണർത്തുന്ന
ഒരു വാൽ.

ചെറുതെങ്കിലും
ഇതിലും വലുതൊന്ന്
ഇനി വരാനില്ല.