കഥയില്ലാത്തവന്റെ കഥ

വൃദ്ധനായ വഴിപോക്കനെ കുഞ്ഞുങ്ങള്‍ വളഞ്ഞു.
അയാള്‍ ഒന്നും മിണ്ടാതെ അവരെ നോക്കുകമാത്രം ചെയ്തു.
പിന്നെ കീശയില്‍നിന്ന് ഒരു പിടി നക്ഷത്രങ്ങളെടുത്ത്
മുകളിലേക്ക് എറിഞ്ഞു.
നക്ഷത്രം പിടിക്കാനായി
തുള്ളിച്ചാടുന്ന കുട്ടികളെക്കണ്ട് അയാള്‍ ചിരിച്ചു.
പല്ലില്ലാത്ത ആ വായില്‍
നാവുമുണ്ടായിരുന്നില്ല.
കഥയില്ലാത്തവരുടെ കഥ പറഞ്ഞതിന്
അത് പിഴുതെടുക്കപ്പെട്ടിരുന്നു.
കണ്ണില്‍ നക്ഷത്രവുമായി
കുട്ടികള്‍ തിരിച്ചെത്തിയപ്പോഴേക്കും
അയാള്‍ കണ്ണെത്താദൂരം
അകലത്തായി.