അടഞ്ഞ മേനിശരീരം മാധ്യമമായിട്ടുള്ള രംഗകലാകാരികളോളം മഹാമാരിക്കാലത്തെ അടച്ചുപൂട്ടൽ ദുരിതപൂർണ്ണമായിട്ടുള്ളവർ ഉണ്ടാവാനിടയില്ല. അന്യശരീരത്തെ ഭയം കൊണ്ട് നേരിടാനാവാതെ അകലം പാലിച്ചൊഴിഞ്ഞു പോയ അക്കാലം അവരുടെ സർഗ്ഗജീവിതം നിശ്ചലമായി. അരങ്ങുകൾ വിജനമായി. ചിലങ്കകൾ നിശ്ശബ്ദമായി. നാടകം അക്ഷരാർത്ഥത്തിൽ വീടകമായി.


നീണ്ടൊരിടവേളക്കു ശേഷം വീണ്ടും അരങ്ങുണരുകയാണ്. മത്സ്യം ജലത്തിലെന്നപോലെ അവരുടെ ഉടൽ അന്തരീക്ഷത്തിൽ സ്വച്ഛന്ദം ചലിക്കുകയാണ്. അതിന്റെ നെടുവീർപ്പാണ് ‘അടഞ്ഞ മേനി - ഒരു ആനുഭവിക കലാസ്ഥാനം’ (Closed Body - An Experiential Art Space) എന്ന ‘വീടകക്കാഴ്ച’യിൽ ഇന്നലെ അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയ്ക്കടുത്ത് ചെമ്പ്ര യിലെ ഒരു വീട്ടിൽ ആണ് ഈ പ്രദർശനം.

ഒരു വസ്തു അതിരിക്കേണ്ടിടത്ത് ഇരുന്നാൽ അതവിടെ ഉള്ളതായി നമുക്ക് അനുഭവപ്പെടില്ല. അസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ അത് കണ്ണിൽപ്പെടുകയും കൗതുകമുണർത്തുകയും ചെയ്യും. സഹൃദയരുടെ സാകൂതനോട്ടങ്ങളെ ആകർഷിക്കുംവിധം കലാവസ്തുക്കളെ സ്ഥാനഭേദങ്ങളോടെ വിന്യസിച്ചിരിക്കുന്ന പ്രദർശനവേദിയാണ് ഈ വീടും തൊടിയും അവിടത്തെ കിണറും കുളവും എല്ലാം. അവർ കാണിച്ചുതരുന്നതല്ല, നമ്മൾ കണ്ടെടുക്കുന്നതാണ് ഇവിടത്തെ കല.


വിനിത നെടുങ്ങാടിയുടെ ‘സ്വത്വം’ എന്നു പേരിട്ട ഒരു സ്വച്ഛന്ദാവിഷ്കാരത്തോടെയാണ് ഇന്നലെ സന്ധ്യക്ക് പ്രദർശനം ആരംഭിച്ചത്. കലയിലെ കലർപ്പിന്റെ സൗന്ദര്യം നിറഞ്ഞാടിയ നൃത്തവിസ്മയം. കൊയ്ത്തുകാലത്ത് കറ്റ മെതിക്കാൻ മെഴുകിയിടാറുള്ള വീട്ടുമുറ്റത്ത് നൃത്തച്ചുവടുകളാൽ നൂറുമേനി! മുൻനിശ്ചയങ്ങളോ പാഠങ്ങളോ ചിട്ടവട്ടങ്ങളോ ഇല്ലാതെ താൻ നിൽക്കുന്ന ഇടത്തേയും കാലത്തേയും ഉടലുകൊണ്ട് അനുഭവിക്കുന്നതിന്റെ ആനന്ദമായിരുന്നു ആട്ടം. അഭിനന്ദനം, Vinitha Nedungadi !


പ്രദർശനം ജനുവരി 29 വരെ തുടരും.

സന്തോഷം, സുധീർ സി, കെ ജയാനന്ദൻ Karolly Jayanandan , നിർമ്മല നീമ ( Artists and curators).

...

FB/25/12/2022