പുസ്തകം

ബസ്സിൽ നല്ല തിരക്കുണ്ട്. കമ്പിയിൽ പിടിച്ച് തൂങ്ങിനില്ക്കുമ്പോൾ വലതുവശത്തെ സീറ്റുകളിലേക്കായിരുന്നു കണ്ണ്. മൂന്നുപേർ ഇരിക്കുന്നു. വിന്റോ സീറ്റിൽ ഒരു മധ്യവസ്ക. അവർ ഒരു ഷാളുകൊണ്ട് തല മൂടി ചാഞ്ഞുറങ്ങുകയാണ്. നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അവരുടെ മകനാവണം. അയാൾ മൊബൈൽ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നില്ല. ഇങ്ങേയറ്റത്തുള്ള വൃദ്ധൻ അക്ഷമയോടെ തല പൊക്കി പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് അയാൾക്ക് പരിഭ്രമമുണ്ട്. ബസ്സ് ഒരു സ്റ്റോപ്പു കഴിഞ്ഞ് പുറപ്പെട്ടതോടെ അയാൾ വഴിയോരത്തെ കെട്ടടങ്ങളിലെ ബോർഡുകളിലെഴുതിയ സ്ഥലപ്പേരു ഉരുവിട്ടു. “അടുത്ത സ്റ്റോപ്പാവും.” വൃദ്ധൻ ചെറുപ്പക്കാരനോടു പറഞ്ഞു. അയാളും തല പൊക്കി പുറത്തേക്കു നോക്കി. മൊബൈൽ കാലുറയുടെ പിൻകീശയിൽ നിക്ഷേപിക്കാൻ പാതി എഴുന്നേറ്റു നിന്നു. പിന്നെ അമ്മയെ തൊട്ടുണർത്തി ഇറങ്ങാൻ തയ്യാറാകാൻ സൂചന കൊടുത്തു. അപ്പോഴേക്കും വൃദ്ധനും പാതി എഴുന്നേറ്റുകഴിഞ്ഞിരുന്നു. റാക്കിൽ വെച്ച കനമുള്ള ഒരു സഞ്ചിക്കു നേരേ വൃദ്ധൻ കൈ ചൂണ്ടി. 

“അമല.. അമല ആസ്പത്രി..” ബസ്സിലെ കിളി ഉച്ചത്തിൽ വിളിച്ചുപറഞ്ഞതോടെ മൂവരും ധൃതിവെച്ച് സീറ്റിൽനിന്ന് പുറത്തിറങ്ങാൻ ശ്രമപ്പെട്ടു. അപ്പോഴേക്കും ഒഴിയുന്ന സീറ്റിലേക്ക് തള്ളിക്കയറാനുള്ളവർ മുന്നിൽനിന്നും പിന്നിൽനിന്നും ഇടിച്ചുകയറി. 

ഇരിക്കാൻ സീറ്റു കിട്ടിയപ്പോൾ ഒന്നു നെടുവീർപ്പിട്ടു. വെറുതെ സഞ്ചിയൊന്നു തപ്പി നോക്കി. പേഴ്സും മൊബൈലും കണ്ണടക്കൂടും പേനയും തടഞ്ഞു. എന്നാൽ ആ പുസ്തകമെവിടെ? അതുമാത്രം കാണാനില്ല. അതെവിടെപ്പോയി? പുസ്തകം ആരെങ്കിലും പോക്കറ്റടിക്കുമോ? അതോ വരുമ്പോൾ പുസ്തകം എടുത്തില്ലെന്നു വരുമോ? ഉവ്വ്. പുസ്തകം എടുത്തു സഞ്ചിയിൽ വെച്ചത് നല്ല ഓർമ്മയുണ്ട്. ബസ്സു കാത്ത് വെയിറ്റിങ് ഷെഡ്ഡിൽ ഇരിക്കുമ്പോൾ അതു പുറത്തെടുത്തു മറിച്ചുനോക്കിയല്ലോ. ടൈറ്റിൽ പേജിൽ “പ്രിയപ്പെട്ട പത്മനാഭൻ മാഷക്ക് സ്നേഹപൂർവ്വം” എന്നെഴുതി ഒപ്പിട്ടിരുന്നതുമാണ്. എങ്കിൽ വെയിറ്റിങ് ഷെഡ്ഡിലെ ബഞ്ചിൽ അതു മറന്നുവെച്ചിരിക്കണം. എന്തൊരു മറവിയാണ്. എന്തൊരമളിയാണ് പറ്റിപ്പോയത്. ഇനി ഇന്ന് നഗരത്തിൽ ചെന്നിട്ട് മാഷെ കാണേണ്ട കാര്യമില്ല. 

കടലാസുകൾ ശരിയാക്കാനായി ഓഫീസുകൾ കയറിയിറങ്ങി നേരം വൈകി. സുഹൃത്തിനെ വിളിച്ചപ്പോൾ അയാൾ ലൂസിയയിലുണ്ടെന്നു പറഞ്ഞു. “വാ. രണ്ടെണ്ണം അടിച്ചിട്ടുപോകാം. കണ്ടിട്ടും കുറേയായില്ലേ?” കവിതയും കുശുമ്പും പറഞ്ഞിരുന്ന് പിന്നേയും വൈകി. നഗരത്തിൽനിന്നുള്ള അവസാനത്തെ ബസ്സിൽ കയറിപ്പറ്റി പുറപ്പെട്ടേടത്തു തിരിച്ചെത്തിയപ്പോഴേക്കും അർദ്ധരാത്രി പിന്നിട്ടു. 

തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ആളൊഴിഞ്ഞ അങ്ങാടി അനക്കമറ്റു കിടക്കുന്നു. വെറുതെ വെയിറ്റിങ് ഷെഡ്ഡിലേക്കൊന്നു നോക്കി. ഇരുട്ടത്ത് ബഞ്ചിൽ ആരോ കിടക്കുന്നുണ്ട്. നാടോടിയായ ഏതോ യാചകനാവണം. പുസ്തകം അവിടെത്തന്നെ ഇരിപ്പുണ്ടാകുമോ എന്നൊരാകാംക്ഷ തോന്നി. ബഞ്ചിലേക്ക് മൊബൈൽ ടോർച്ച് അടിച്ചുനോക്കി. 

മുഷിഞ്ഞ മുണ്ടുകൊണ്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ് ഒരു വൃദ്ധൻ. അയാളുടെ തലയിണ ഏതാനും ന്യൂസ്പേപ്പറുകളാണ്. കൂട്ടത്തിൽ ആ പുസ്തകവും! മൊബൈൽ വെളിച്ചത്തിൽ അതിന്റെ വാരിയിൽ എഴുതിയത് വ്യക്തമായി കണ്ടു. പി പി രാമചന്ദ്രന്റെ കവിതകൾ. 

അയാളെ ഉണർത്താൻ തോന്നിയില്ല. 

ആമിനുമ്മ

ആമിനുമ്മയ്ക്ക് ഉറക്കമില്ല. ഇടനാഴിയിലെ കട്ടിലിൽ അവർ ഉറങ്ങിക്കിടക്കുന്നത് ആരും കണ്ടിട്ടില്ല. കണ്ണടച്ചാൽ മയ്യത്തുകട്ടിലിലാണ് കിടക്കുന്നത് എന്നു തോന്നും. പെട്ടെന്ന് എഴുന്നേറ്റിരിക്കും. അവർ എത്തിവലിഞ്ഞ് ജനൽപ്പാളി തുറന്നിട്ടു. രാത്രി എത്രയായിക്കാണും? പുറത്ത് നിലാവുണ്ട്.ആമിനുമ്മ ജനൽപ്പടിയിൽ വെച്ച ചെറിയ കല്ലുരൽ എടുത്തു. മരപ്പെട്ടിയിൽ നിന്ന് അടയ്ക്കാ കഷണങ്ങളിട്ട് ശബ്ദമുണ്ടാക്കാതെ ഇടിക്കാൻ തുടങ്ങി. ഒച്ച കേട്ടാൽ ഉറങ്ങിക്കിടക്കുന്ന മക്കളാരെങ്കിലും എഴുന്നേറ്റുവന്ന് പ്രാകുമെന്ന് അവർക്കറിയാം.

ധും ധും ധും .. ആ ഇടിയിൽ ഒരു താളമുണ്ട്. ആ താളത്തിൽ അവർക്ക് ഒരു പഴയ പാട്ട് ഓർമ്മ വരും.

നിലാവിന്റെ വെത്തിലയിൽ
കിനാവിന്റെ നൂറു തേച്ച്
വെളുക്കോളം ചവച്ചിട്ടും
ചുവന്നീലല്ലോ
കെയക്കത്തീ നിന്റെ ചുണ്ട്
ചുവന്നീലല്ലോ

ആമിനുമ്മ വെറ്റിലനീരിറക്കിക്കൊണ്ട് നിലാവിലേക്കു നോക്കി. അവർക്ക് താൻ ചെറുപ്പമായ പോലെ തോന്നി. ധും ധും ധും … അവരുടെ ഹൃദയവും അതേ താളത്തിൽ മിടിച്ചുകൊണ്ടിരുന്നു.

മാത്തുസ്സാറ്

“മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”

പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.

“അവിട്യല്ല… ഇബടെ” 

ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി. 

മുറിക്കുള്ളിൽ അപരിചിതമായ ഒരു മണം കെട്ടിനില്പുണ്ടായിരുന്നു. മൂത്രച്ചൂരുള്ള ജരാനരയുടെ ഗന്ധം. സാറിന്റെ മുണ്ടിനിടയിൽനിന്ന് ഒരു വള്ളി പോലെ കത്തീറ്ററിന്റെ കുഴൽ പുറത്തേക്കു തൂങ്ങിക്കിടക്കുന്നുണ്ട്. കട്ടിലിന്റെ വാരിക്ക് പിടിപ്പിച്ച ഒരു കൊളുത്തിൽ പാതി നിറഞ്ഞ യൂറിൻ ബാഗും കാണാം.

അപ്പോൾ ഷീജയ്ക്ക് താൻ സ്കൂൾ ഗ്രൗണ്ടിലാണെന്ന് ഒരു തോന്നലുണ്ടായി. പച്ച പാവാടയും കോളറുള്ള വെള്ള ഷർട്ടുമാണ് യൂണിഫോം. രാവിലെ അമ്മ രണ്ടു വാലായി മുടി മെടഞ്ഞ് റിബൺ കെട്ടി വിട്ടതാണെങ്കിലും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ശാരികടീച്ചർ ഒന്നുകൂടി മുറുക്കിത്തന്നു. 100 മീറ്റർ ഫൈനലിൽ ഒന്നാമതായി ഓടിയെത്തിയപ്പോളേക്കും കെട്ടിയ മുടിയെല്ലാം അഴിയുകയും റിബ്ബൺ എവിടേയോ ഊരിപ്പോവുകയും ചെയ്തു. 

സർട്ടിഫിക്കറ്റു വാങ്ങാൻ വിക്ടറി സ്റ്റാന്റിൽ കയറിനില്ക്കുകയായിരുന്നു. സമ്മാനം നൽകിയശേഷം മാത്തുസ്സാറ് അവളുടെ തുടയിലേക്കു നോക്കി ഒന്നു പകച്ചു. സല്യൂട്ട് ചെയ്ത് ഇറങ്ങുമ്പോൾ മാത്തുസ്സാറ് അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. “മോളു വാ.” സാറ് അവളെ സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി. എന്നിട്ട് ശാരിക ടീച്ചറെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു. ടീച്ചർ അവളെയും കൊണ്ട് മൂത്രപ്പുരയിലേക്കു നടന്നു.

കഫം നിറഞ്ഞ തൊണ്ടയിൽ നിന്ന് ഒരു കുറുകുറു ശബ്ദം പൊന്തിയപ്പോൾ ഷീജ വീണ്ടും മാത്തുസ്സാറിന്റെ ശ്രദ്ധ തിരിക്കാൻ നോക്കി. “മാത്തുസ്സാറേ.. നോക്യേ. ഞാനാ.. ഷീജ. മാഷക്ക് ഓർമ്മേണ്ടോ ഇന്നെ?”

മാത്യു സാറ് കേട്ടതായി തോന്നിയില്ല. കണ്ണുകൾ അപ്പോഴും അട്ടത്തെ കൊളുത്തിൽത്തന്നെ. ഷീജ പതുക്കെ സാറിന്റെ മുഖത്തിനുനേരെ കുനിഞ്ഞു. സാരിത്തലപ്പുകൊണ്ട് കണ്ണിലെ പീള സാവകാശം തുടച്ചുമാറ്റി.