ഓർമ്മ

അയാളെ ഓര്‍മ്മ വന്നു.
കണ്‍മുന്നില്‍ നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.

ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.

കൂടെപ്പഠിച്ചതാണോ
സഹപ്രവര്‍ത്തകനാണോ
വഴിയില്‍ കണ്ടുമുട്ടിയതാണോ
ഒന്നും ഓര്‍മ്മയില്ല.
പേരും അറിയില്ല.

എന്നാലും
ഇടയ്ക്ക് ഇതുപോലെ
അയാളെ ഓര്‍മ്മവരും.
ഒരു കാരണവും കൂടാതെ.

കുമിള

കുട്ടികള്‍ക്കും അമ്മമാര്‍ക്കും

അച്ഛന്‍ പണികഴിഞ്ഞെത്തിയാല്‍ കുഞ്ഞിനെ
മുത്തമിടാന്‍ ഓടിയെത്തും
അപ്പൊഴേയ്ക്കമ്മ തടുക്കും: "കൈ സോപ്പിട്ടു
വൃത്തിയാക്കീട്ടേ തൊടാവൂ!"

സോപ്പിട്ടിടയ്ക്കിടെ കൈ കഴുകീല്ലെങ്കില്‍
ചീത്തവിളിക്കുമെല്ലാരേം
കാരണമെന്തെന്നു ചോദിച്ചാല്‍, അമ്മ "കൊ-
റോണ"യെന്നെല്ലാം പറയും.

കുന്തമുനയ്ക്കൊത്തു ചുറ്റിലും മുള്ളുള്ള
പന്തുപോലുള്ളതാണത്രേ
വായിലും മൂക്കിലും കേറുമത്രേ, പ്രാണ
വായുകിട്ടാതെ മരിക്കുമത്രേ!

സോപ്പിന്‍പതയിട്ടു കൈ കഴുകുന്നേരം
കൂട്ടിപ്പിടിച്ചു കുഴല്‍പോല്‍
എന്നിട്ടതിലൂടെ ഊതിയപ്പോളതാ
പൊങ്ങുന്നു നൂറു കുമിള!

"മാരിവില്‍ മിന്നും കുമിളയിലൊന്നില്‍ നാം
കേറിയിരുന്നെങ്കിലമ്മേ,
കീടാണു തോറ്റു തുലഞ്ഞുപോം, നമ്മള്‍ക്കു
പേടികൂടാതങ്ങു വാഴാം!"

പൊങ്ങും കുമിളകള്‍ നോക്കിനിന്നിട്ടമ്മ
ചൊന്നതിന്നര്‍ത്ഥമെന്താവോ:
"സോപ്പുകുമിളയീ ഭൂമിയും- ആയതില്‍
പാര്‍ക്കുമീ നമ്മുടെ വാഴ്വും!"

മുപ്പൂട്ട്

മുഖാവരണമില്ലാതെ
ഉദിക്കാറില്ല സൂര്യനും
കാർമുകിൽക്കീറണിഞ്ഞവൻ
അടച്ചുപൂട്ടിവെച്ചിട്ടെ-
ന്തലമാരയില്‍ ജീവിതം?
ആടു തിന്നുന്ന പുസ്തകം.
ഇണചേരുക നിർബാധം
നായ്ക്കളേ നടുറോട്ടിലും
ലോകം മുപ്പൂട്ടിലായ നാൾ

ഇരിപ്പുനടപ്പ്

ഇരുന്നിരുന്നിരുന്നിരുന്ന്
ഈയിരിപ്പൊരു തപസ്സായ്
തെറ്റിദ്ധരിച്ചാലോ?
ആവശ്യപ്പെടാന്‍ ഒന്നുമില്ലെങ്കിലും
ഏതെങ്കിലുമൊരു ദൈവം പ്രത്യക്ഷപ്പെട്ട്
"നിനക്കിതിരിക്കട്ടെ!" എന്നൊരു
വരം നല്‍കിയനുഗ്രഹിച്ചാലോ?
അതിനാല്‍ എഴുന്നേറ്റു
നടക്കാന്‍ തുടങ്ങി.

കിടപ്പുമുറിയിലെ കട്ടിലൊന്നു വലംവെച്ച്
ഊണുമുറിയിലെ മേശയൊന്നു വലംവെച്ച്
സ്വീകരണമുറിയിലെ സോഫയൊന്നു വലംവെച്ച്
തിരിച്ച് ഊണുമുറി വഴി കിടപ്പുമുറിയിലേക്കും
അതേവഴി സ്വീകരണമുറിയിലേക്കും
അതേപടി വലം വെച്ചും ഇടം വെച്ചും
കിലോമീറ്ററുകള്‍ താണ്ടി.

നടന്നുനടന്നുനടന്നുനടന്ന്
ഈ നടത്തമൊരു യാത്രയായി
തെറ്റിദ്ധരിച്ചാലോ?
പ്രത്യേകിച്ചൊരു ലക്ഷ്യമില്ലെങ്കിലും
ഏതെങ്കിലുമൊരു ദൈവം പ്രത്യക്ഷപ്പെട്ട്
"നിന്റെ കാര്യം നടക്കട്ടെ!" എന്നൊരു
വരം നല്‍കിയനുഗ്രഹിച്ചാലോ?

അതിനാല്‍ ഞാന്‍ ഇരിക്കുന്നു
എഴുന്നേറ്റു നടക്കുന്നു
വീണ്ടും ഇരിക്കുന്നു 
നടക്കുന്നു

മൂളിത്തോറ്റം

മൂക്കും വായും മൂടിയെന്നാലും
വാക്കും നോക്കുമടഞ്ഞിട്ടില്ല
മുട്ടിയും മുത്തിയും നിന്നില്ലയെങ്കിലും
മുട്ടിലിഴഞ്ഞു നടന്നിട്ടില്ല

സോപ്പിട്ടു വൃത്തിയായെ,ന്നാലും മൈലാഞ്ചി-
ച്ചോപ്പു കളഞ്ഞില്ല കൈവെള്ള
കോവിഡൊഴിയാന്‍ വഴിപാടുമായൊരു
കോവിലില്‍ച്ചെന്നു കൈകൂപ്പിയില്ല

“തോണി മറിഞ്ഞാല്‍ പുറം” എന്ന ചൊല്ലിന്റെ-
യാണിപ്പൊരുളാണീ വാഴ്വ്
തോറ്റുകൊടുക്കാതിരിക്കുവാന്‍ മൂളുന്ന
തോറ്റമാണിന്നത്തെ പാട്ട്