തിളനില/2020 പട്ടാമ്പി കാര്‍ണിവല്‍ വേദിയില്‍ പ്രകാശിതമായി. അച്ചടിയില്‍ കവിതയ്ക്കു മാത്രമായി മലയാളത്തില്‍ ഇന്നു ലഭ്യമായ ഗൗരവപൂര്‍ണ്ണമായ ഒരു വാർഷിക പ്രസിദ്ധീകരണമാണ് ഇത്. കവിതയുടെ പുതുമയിലും പഴമയിലും ഒരുപോലെ ആണ്ടുമുഴുകുന്ന കവി പി.രാമന്, ഏറെ നാളെടുത്ത് തന്റെ ഏകാന്തപരിശ്രമംകൊണ്ട് ശേഖരിച്ചു സമാഹരിച്ച വ്യത്യസ്തതയുള്ള പുസ്തകം. രാമന്റെ അഭിരുചിയെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും ആ സമര്‍പ്പിത കാവ്യസപര്യയെ അംഗീകരിക്കാതിരിക്കാനാവില്ല.
ഒന്നും രണ്ടും കാര്‍ണിവലിനോടനുബന്ധിച്ച് ആദ്യ രണ്ടു തിളനില പുറത്തിറങ്ങിയെങ്കിലും പിന്നീട് മുടക്കാന്‍ മൂലധനമില്ലാത്തതുകൊണ്ട് അതു മുടങ്ങിപ്പോയി. നമ്മുടെ കവിതാ പ്രസിദ്ധീകരണ ചരിത്രത്തില്‍ തിളനിലയ്ക്ക് സവിശേഷമായ പ്രാധാന്യമുള്ളതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തവണ സംഘാടകസമിതി അത് ഏറ്റെടുത്ത് കാര്‍ണിവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തത്.
വന്‍കിട പ്രസാധകരോ ആനുകാലികങ്ങളോ പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെടാത്ത, മുന്‍പു കേട്ടറിവില്ലാത്ത, പുതുതലമുറ കവികളേയും പഴയ തലമുറയിലെ വീണ്ടെടുക്കേണ്ട കവികളേയും രാമന് തിളനിലയില്‍ പരിചയപ്പെടുത്തുന്നുണ്ട്. അപൂര്‍വ്വതയാണ് രാമന്റെ ചേര്ത്തെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. മലയാളകവിതയെ ഗൗരവത്തോടെ സമീപിക്കുന്ന കാവ്യാസ്വാദകരുടേയും അക്കാദമിക് സമൂഹത്തിന്റേയും പിന്തുണ ഈ പുസ്തകപരമ്പരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രിന്റ് ഓണ്‍ ഡിമാന്റായി 200 കോപ്പികള്‍ മാത്രമേ തിളനില അച്ചടിച്ചിട്ടുള്ളു. ആവശ്യക്കാര്‍ക്കുമാത്രം നല്‍കാനായി ഏതാനും കോപ്പികള്‍ ബാക്കിയുണ്ട്. അത് വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ആസൂത്രണം ചെയ്തുവരുന്നു. ഒപ്പം ഇ-പുസ്തകമായി വായിക്കാന്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി വൈകാതെ ആമസോണ്‍ കിന്റില്‍ സ്റ്റോറിലും ലഭ്യമാക്കുന്നതാണ്.
കാത്തിരിക്കൂ.