വിവർത്തനം


steve-johnson-x4iP2RKzIdM-unsplash.jpg

കവിതാവിവർത്തനത്തെക്കുറിച്ചുള്ള ഒരു ക്ലബ്ഹൗസ് ചർച്ചയിൽ ഇന്നലെ പറഞ്ഞ പോയിന്റുകൾ: (പണ്ടൊക്കെ സംസാരിക്കുന്നതിനു മുമ്പ് കുറിപ്പു തയ്യാറാക്കും. ഇപ്പോൾ സംസാരം കഴിഞ്ഞിട്ടാണ് കുറിപ്പ്!)

  1. മലയാളത്തിൽ കവിതാവിവർത്തനം കാവ്യാസ്വാദകരുടെ ആവശ്യമായിട്ടല്ല കവികളുടെ ആസ്വാദനപ്രവർത്തനമോ ഭാഷാവ്യായാമമോ ആയിട്ടാണ് ഉണ്ടാകുന്നത്. എന്നാൽ ഫിക്ഷന്റെ കാര്യം വ്യത്യസ്തമാണ്. ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറുകള്ക്ക് മലയാള പരിഭാഷയുണ്ടാക്കാൻ പ്രസാധകർ പണം കൊടുത്ത് തർജ്ജമക്കാരെ നിയമിക്കുന്നു.
  2. കവിത എന്നാൽ അച്ചടിപ്പാഠം മാത്രമാണ് എന്നു കരുതിയാണ് ഇവിടെ വിവർത്തനം നടക്കുന്നത്. മിക്കവാറും കവിതയിലെ ആശയമാണ് പരിഭാഷക്കു പരിഗണിക്കുന്നത്. ഇത് ചെയ്യുവാൻ സോഫ്റ്റ്വെയറുകൾക്കു സാധിക്കും. ഗുഗിൾ ട്രാൻസലേറ്ററും മറ്റും ഉണ്ട്. ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നാളെ പരിഭാഷകൾ കൂടുതൽ കൃത്യത കൈവരിക്കും.
  3. പട്ടാമ്പിയിലെ കാർണിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ച തെന്നിന്ത്യൻ കവിതാവിവർത്തന ശില്പശാല, അർത്ഥത്തിനോടൊപ്പം ഉച്ചാരണത്തിനു കൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള പരീക്ഷണമായിരുന്നു. ട്രാൻസ്ലിറ്ററേറ്റഡ് ടെക്സ്റ്റ് പ്രയോജനപ്പെടുത്തിയിരുന്നു. ദ്രാവിഡഭാഷകളിലെ സമാനശബ്ദങ്ങളെ അതേപടി സ്വീകരിച്ചുകൊണ്ടുള്ള ഒരു കാവ്യസാഹോദര്യം. പൂർണ്ണ വിജയമായില്ലെങ്കിലും അതിലേക്കുള്ള ഒരു ചുവടുവെപ്പായി.
  4. മലയാളപ്പകർച്ച എന്നാണ് സ്വന്തം വിവർത്തനങ്ങളെ വിശേഷിപ്പിക്കാറുള്ളത്. എന്റെ പാത്രത്തിൽ കൊള്ളുന്നതു ഞാനെടുക്കുന്നു. വിവർത്തനത്തിൽ മൂലഭാഷയോടല്ല മാതൃഭാഷയോടാണ് എന്റെ കൂറ്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ ബന്ധമല്ല വിവർത്തനത്തിൽ ഏർപ്പെടുന്ന ഭാഷകൾ തമ്മിലുള്ളത്. ബ്രെഹ്തിന്റെ നാടകഗാനങ്ങൾ പെർഫോമൻസിനുവേണ്ടിയാണ് വിവർത്തനം ചെയ്തത്. താളത്തിൽ മൊഴിമാറ്റുന്നതാണ് ഇഷ്ടം.