പകർന്നാട്ടം


body.jpg

ഓർമ്മകൾ ഹൈപ്പർലിങ്കുകളാവുന്നതിനെപ്പറ്റി മുൻപൊരു എപിസോഡിൽ ഞാൻ പറഞ്ഞിരുന്നു. യാതൊരു ക്രമവും പാലിക്കാതെ ഉള്ള ഹൈപ്പർസഞ്ചാങ്ങൾ. മനോരാജ്യസഞ്ചാരങ്ങൾ. നാവിഗേഷൻ മാപ്പ് അവിടെ ഇല്ല. പുറപ്പെടുന്ന ഇടമില്ല. എത്തിച്ചേരാനുള്ള ഇടവും ഇല്ല. ഒരു വിചാരത്തിൽനിന്ന് യാദൃശ്ചികമായി തോന്നിപ്പോകുന്ന മറ്റൊരു വിചാരത്തിൽ തൂങ്ങിയുള്ള സഞ്ചാരമാണ് അത്. ശരിക്കും ശാഖാചംക്രമണം. ചില്ല വിട്ടു ചില്ല പിടിച്ചുകൊണ്ടുള്ള കുരങ്ങുസഞ്ചാരമാണ് അത്. മനസ്സ് മരംചാടിയാണ് എന്നു പഴമക്കാർ പറയും.

ഇപ്പോൾ പ്രത്യേകിച്ചും ആ വിശേഷണം ഔചിത്യപൂർണ്ണമായി അനുഭവപ്പെടുന്നു. മഹാമാരിക്കാലവും തുടർച്ചയായുള്ള അടച്ചുപൂട്ടലും സഞ്ചാരവിലക്കും ശരീരത്തെ വീട്ടുതടങ്കലിലാക്കി. പക്ഷെ മരഞ്ചാടി വെറുതെയിരിക്കുന്നില്ല. അതു ഓർമ്മകളെ ഹൈപ്പർലിങ്കുകളാക്കി അനന്തമായി സഞ്ചരിക്കുകയാണ്.

വെറുതെയിരിക്കുന്ന ശരീരം. കസേരയിലോ കിടക്കയിലോ ഉമ്മറത്തിണ്ണയിലോ ഭദ്രമായി വെച്ച നിലയിൽ എന്റെ ശരീരം. അത് പിണ്ഡവും ഭാരവുമുള്ള ഒരു പദാർത്ഥമായി മാറിയതുപോലെ തോന്നുന്നു. വിചാരങ്ങൾ അതിനുള്ളിൽനിന്നാണ് പുറപ്പെടുന്നത്. മരത്തിന്റെ പോടിൽനിന്ന് ഉറുമ്പുകൾ പോലെ അത് ശരീരത്തെ പൊതിയുകയാണ്.

ശരീരത്തെക്കുറിച്ചുള്ള ആലോചന എങ്ങനെയോ മൈക്കിൾ ജാക്സനിൽ എത്തിച്ചേർന്നു. സത്യത്തിൽ എനിക്ക് മൈക്കിൾ ജാക്സനെക്കുറിച്ചോ അദ്ദേഹത്തിന്റെ പോപ്സംഗീതത്തെക്കുറിച്ചോ ഒരു പിടിയും ഇല്ല. ചില പാട്ടുകോലാഹലങ്ങൾ കേട്ടിട്ടുണ്ട്. പെണ്ണാണത്തമുള്ള ആ ഉടലിന്റെ വെട്ടിമുറിക്കുമ്പോലുള്ള ആട്ടം ചെറുതിരയിൽ കണ്ടിട്ടുമുണ്ട്. എന്നാലും ആരാധകനല്ല.

കോവിഡ് വന്നു പോയതിനുശേഷം ഉറക്കം കമ്മിയായി. അസമയത്ത് ഉണർന്നുകിടക്കും. അന്നേരം ആലോചനകൾ ഹൈപ്പർലിങ്കുകളാവും. ഇന്നുരാവിലെയും അതാണുണ്ടായത്. എന്നാലും മൈക്കിൾ ജാക്സനിലേക്ക് കടത്തിവിട്ട കണ്ണി ഏതാണെന്ന് ഓർത്തെടുക്കാനാവുന്നില്ല. നാവിഗേഷൻ ഹിസ്റ്ററി കാണിച്ചുതരുന്ന ഒരു ആപ്പിന്റെ കുറവുണ്ട് തലച്ചോറിന്. ചിലപ്പോൾ ഈ ഉടൽവിചാരം തന്നെയാകാം ജാക്സനെ ഓർമ്മിപ്പിച്ച ലിങ്ക്.

അപ്പോൾ ജാക്സനെ കാണണമെന്നായി. ലാപ് തുറന്ന് തിരഞ്ഞു. പ്രൈം മ്യൂസിക്കിൽ പാട്ടുകൾ കേട്ടു. ലിറിക്സ് മനസ്സിലാക്കിക്കൊണ്ട് പാട്ടുകേൾക്കാം എന്ന സാധ്യതയില്ലായിരുന്നെങ്കിൽ എനിക്ക് ഈ പടിഞ്ഞാറൻ പാട്ടുകളൊന്നും ആസ്വദിക്കാനാവില്ല.

യൂട്യൂബിൽ ജാക്സൻ സർപ്പം പോലെ ആടുകയാണ്. കാട്ടുതാളങ്ങൾ അകമ്പടിയേകുന്നു. ഞാൻ എന്റെ ശരീരത്തെ പതുക്കെ എഴുന്നേൽപ്പിക്കുന്നു. കിഴക്കു ചാത്തു തല ഉയർത്തുകയാണ്. രണ്ടു കുത്ത്. നാലു തോണ്ടൽ. സുപ്രഭാതം!

(28 June 2021)