നരിമാളൻകുന്ന്


nari.jpg

രാവിലെ നരിമാളൻകുന്നു കയറി, കൂട്ടുകാരോടൊപ്പം. നാലു പതിറ്റാണ്ടു മുമ്പ് കുമരനെല്ലൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു വെള്ളിയാഴ്ച ഉച്ചക്ക് കുന്നു കേറാൻ പോയതിന്റെ വിശദാംശങ്ങൾ എത്ര ശ്രമിച്ചിട്ടും ഓർമ്മിച്ചെടുക്കാൻ ഇപ്പോൾ സാധിക്കുന്നില്ല. വഴിയും ദിശയും എല്ലാം തിരിച്ചറിയാനാവാത്തവിധം മാറിയിരിക്കുന്നു.

എന്തോ അരുതാത്തതു ചെയ്യുന്നതിലെ ഗൂഢമായ ആവേശവും രോമാഞ്ചവുമായിരുന്നു അന്നത്തെ സാഹസികയാത്രയുടെ ലഹരി. വിജനവും നിശ്ശബ്ദവുമായ നട്ടുച്ചക്ക് ആ ബാലസാഹസികർ നരി പാർക്കുന്ന മാളത്തിലേക്ക് ഉൾക്കിടിലത്തോടെ എത്തിനോക്കി. ദുർഗന്ധം വമിക്കുന്ന ഇരുട്ടിൽ വെളുത്തതെന്തോ കണ്ടത് മനുഷ്യന്റെ അസ്ഥിയാണെന്ന് പറഞ്ഞുകേട്ട് പേടിച്ച് തിരിഞ്ഞോടി. ഇന്നും കണ്ടു ആ മാളം. അതിനകത്ത് ലഹരി ഊറ്റിക്കുടിച്ച് വലിച്ചെറിഞ്ഞ കാലിക്കുപ്പികൾ കിടക്കുന്നു.

എം ടിയുടെ പല കഥകൾക്കും പശ്ചാത്തലമായിരുന്നു ഈ കുന്ന് എന്ന് മുതിർന്നശേഷമാണ് മനസ്സിലാക്കുന്നത്. “ഈ പുഴയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവും പോലെ മനോഹരമായ മറ്റൊരു കാഴ്ചയും ലോകത്തില്ല“ എന്ന് എം ടിയുടെ ഒരു കഥാപാത്രം പറയുന്നുണ്ടെന്ന് ലീലാകൃഷ്ണൻ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് കുന്നു സംരക്ഷണസമിതിയുടെ സമരം ഉദ്ഘാടനം ചെയ്തതും മണ്ണുമാഫിയ സമരക്കാരെ ആട്ടിയോടിച്ചതുമായ സംഭവം ഓർമ്മിച്ചു.

വെട്ടിമുറിക്കപ്പെട്ട ശരീരവുമായി കിടക്കുന്ന വാസവദത്തയെ ഓർമ്മിപ്പിച്ചു, ചെങ്കല്ലു വെട്ടിയെടുത്ത ഗർത്തങ്ങളോടെ കാണപ്പെട്ട ഇന്നത്തെ നരിമാളൻകുന്ന്! അതിന്റെ ഉച്ചിയിൽ, പുലർമഞ്ഞിന്റെ മൂടുപടം ധരിച്ച് നിൽക്കുന്ന ഈ മരങ്ങളിലൊന്ന് ശരണമന്ത്രമോതുന്ന ഉപഗുപ്തനായിരിക്കുമോ?