മിണ്ടാട്ടം


mindattam.jpg

ഹൃദയത്തിലേക്കു നോക്കി എഴുതൂ എന്നാണ് അക്കിത്തത്തിന്റെ ഒരു പുസ്തകത്തിന്റെ ശീർഷകം. ഉലകത്തിലേക്കു നോക്കി എഴുതൂ എന്നല്ല. അതൊരു വലിയ വ്യത്യാസമാണ്. ഹൃദയത്തിലേക്കു നോക്കുന്നത് ഉൾക്കാഴ്ചയാണ്. ഉലകത്തിലേക്കു നോക്കുന്നത് പുറം കാഴ്ചയും. പുറത്തുള്ള ലോകത്തെ കുറിച്ചുള്ള എഴുത്തിനാണ് സ്വീകാര്യത കൂടുതൽ. ഉള്ളിലുള്ളത് ആർക്കുവേണം? എന്നാൽ ഉള്ളിലുള്ളത് എഴുതുന്നതല്ലേ ഉള്ളെഴുത്ത്. അതിലല്ലേ ഉണ്മയുള്ളത്.

ഉള്ളിലേക്ക് എങ്ങനെയാണ് നോക്കുക. തന്നെത്തന്നെ നിരീക്ഷിക്കുന്നത് എങ്ങനെയാണ്. ലോകത്തിന്റെ ശരിതെറ്റുകളെ വിലയിരുത്തുന്നതുപോലെ സ്വന്തം ചെയ്തികളേയും വിലയിരുത്താൻ സാധിക്കുമോ. ഈ ചോദ്യങ്ങൾതന്നെ ആരോടാണ്. ഇതെല്ലാം എന്റെ ഉള്ളിലേക്കു നോക്കിയാണ് ഞാൻ ചോദിക്കുന്നത്. ഹൃദയത്തിലേക്കു നോക്കുക മാത്രമല്ല, ഹൃദയത്തോട്, മനഃസാക്ഷിയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.

തന്നോടുതന്നെ ചോദിക്കുകയും തന്നോടുതന്നെ മറുപടി പറയുകയും ചെയ്യുന്ന സംവാദം. ഓരോ വിചാരവും ഒരു സംവാദമാണ്. ചോദിച്ചും പറഞ്ഞും ആണ് വിചാരം മുന്നോട്ടുപോകുന്നത്. അപ്പോൾ ഹൃദയത്തിലേക്കു നോക്കി എഴുതുക മാത്രമല്ല പറയുകയും ചെയ്യാം.

തന്നോടുതന്നെ പറയുന്നതിനെ പിറുപിറുപ്പ് എന്നും വിശേഷിപ്പിക്കാറുണ്ട്. മറ്റൊരാളെ കേൾപ്പിക്കുവാനല്ലാതെ ഒരാൾ ചുണ്ടനക്കി മിണ്ടുന്നതാണ് പിറുപിറുക്കൽ. അർത്ഥം വ്യക്തമാക്കാത്ത വിധത്തിലുള്ള ഉച്ചാരണമാണ് അത്. ഇവിടെ പക്ഷെ ഞാൻ എന്നോടു സംസാരിക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ഈ വർത്തമാനം പിറുപിറുപ്പല്ല. ഉച്ചരിക്കുന്ന ഓരോ വാക്കിലും വാക്യത്തിലും എനിക്കു വ്യക്തത വേണം. അത് എന്നെ എനിക്കുതന്നെ വ്യക്തമാകാനാണ്.

ഇയാൾ എന്തൊക്കെയാണ് പറയുന്നത്. പറയുന്നത് ഇയാൾക്കുതന്നെ വ്യക്തമല്ലെങ്കിൽ കേൾക്കുന്ന നമുക്ക് എന്തു മനസ്സിലാവാനാണ്. എന്നു നിങ്ങൾ പിറുപിറുക്കുന്നത് എനിക്കു കേൾക്കാം.

നോക്കൂ, എനിക്ക് വായ മാത്രമല്ല. കാതുകളും ഉണ്ട്. ഇതാ ഞാൻ നിർത്തുന്നു. നിങ്ങൾക്കായി കാതു കൂർപ്പിക്കുന്നു.