മനസ്സറിയും യന്ത്രം


pgs.jpg

ഇസ്രായേൽ ആസ്ഥാനമായ ഒരു കമ്പനിയുടെ (NSO Group) സ്പൈ വെയർ (Pegasus) മനുഷ്യാവകാശപ്രവർത്തകരുടേയും ജേണലിസ്റ്റുകളുടേയും രാഷ്ട്രീയനേതാക്കളുടേയും ഫോൺ ചോർത്തുന്ന വിവരം പുറത്തുവന്നിരിക്കുന്നു. നേരത്തേ തന്നെ സംശയിക്കപ്പെട്ടിരുന്ന ഈ നുഴഞ്ഞുകയറ്റത്തെ മാധ്യമപ്രവർത്തകരുടെ ഒരു സംഘം ആംനെസ്റ്റി ഇന്റർനാഷനലിന്റെ സഹായത്തോടെ അന്വേഷിച്ച് സ്ഥിരീകരിക്കുകയായിരുന്നു ഇപ്പോൾ. കമ്പനിയുടെ രഹസ്യ ഇടപാടുകാരിൽ ഇന്ത്യൻ ഗവൺമെന്റും ഉണ്ടെന്നാണ് അറിയുന്നത്. സർക്കാരിന്റെ ജനാധിപത്യവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ കൈയ്യേറ്റങ്ങളെ വിമർശിക്കുന്നവരെ നിരീക്ഷിക്കാനാണ് പെഗാസസിനെ പ്രയോജനപ്പെടുത്തുന്നത്.

ആരോഗ്യാവസ്ഥയിലെ ദൗർബല്യങ്ങൾ മുതലെടുത്താണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. പ്രതിരോധം ദുർബലമായ പഴുതുകൾ അതു കണ്ടെത്തുന്നു. ഇതേ രീതിയിൽ ഫോണുകളിലെ സോഫ്റ്റ്വെയർ നിർമ്മിതിയിലെ പഴുതുകളിലൂടെ അകത്തു കടക്കുന്ന ആക്രമകാരിയായ മാൽവെയറാണത്രേ പെഗാസസ്. നിങ്ങൾക്കയക്കുന്ന ഒരു സന്ദേശത്തിലെ ലിങ്ക് ക്ലിക്കു ചെയ്യുമ്പോഴാണ് സാധാരണ ഇതു ഫോണിൽ സ്വമേധയാ ഇൻസ്റ്റാൾ ആകുന്നത്. പിന്നീട് നിങ്ങളുടെ ഫോണിൽ വരുന്ന എല്ലാ സന്ദേശങ്ങളും പകർത്തപ്പെടും. എല്ലാ വിളികളും റെക്കോഡ് ചെയ്യപ്പെടും. നിങ്ങളുടെ ഫോണിലുള്ള മുഴുവൻ ഇമേജുകളും വിഡിയോകളും കൈമാറ്റം ചെയ്യും. നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യും. നിങ്ങളറിയാതെ നിങ്ങളെവിടെയുണ്ടെന്നും എവിടെയെല്ലാം ഉണ്ടായിരുന്നു എന്നും ഉള്ള വിവരങ്ങൾ കൈമാറും. നിങ്ങളറിയാതെ നിങ്ങളുടെ വിഡിയോ വരെ എടുത്തെന്നു വരും. ചുരുക്കത്തിൽ നിങ്ങളെ സദാ നിരീക്ഷണവലയത്തിലാക്കുന്ന ചാരക്കണ്ണുകളാണ് നിങ്ങളുടെ ഫോൺ എന്നു വരുന്നു.

എല്ലാം കാണാൻ മുകളിലൊരാളുണ്ട് എന്ന പഴമക്കാരുടെ ആശ്വാസവചനം തിരുത്തേണ്ടി വന്നിരിക്കുന്നു. എല്ലാം കാണുന്ന ആൾ മുകളിലല്ല നമ്മുടെ ഒപ്പം അല്ലെങ്കിൽ നമ്മുടെ ഉള്ളിൽത്തന്നെയാണ് ഉള്ളത്. പഴയ ആശ്വാസവചനം ഇന്ന് ശാപവചനമായി കരുതണം. കാരണം, എല്ലാം കാണുന്ന അറിയുന്ന ആ അയാൾ നമ്മുടെ ആളല്ല. ബിഗ്ബ്രദർ ആണ് ആ നിരീക്ഷകൻ. നിങ്ങളുടെ ഉള്ളറിഞ്ഞ് നിങ്ങളെ വരുതിയിലാക്കുന്ന വല്യേട്ടൻ.

പി നരേന്ദ്രനാഥിന്റെ മനസ്സറിയും യന്ത്രം എന്ന ബാലസാഹിത്യകൃതിയിൽ ഒരു വല്യമ്മാമനുണ്ട്. പറമ്പുകിളയ്ക്കുമ്പോൾ അയാൾക്കു കിട്ടിയ ഒരു യന്ത്രം തറവാട്ടിലെ ആബാലവൃദ്ധം അംഗങ്ങളുടേയും മനസ്സുവായിക്കാൻ അയാളെ സഹായിക്കുന്നു. എല്ലാ കള്ളത്തരവും അയാൾ കണ്ടെത്തുന്നു. അതുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ആ രസികൻ കഥ. മനസ്സറിയും യന്ത്രത്തിന്റെ സോഫ്റ്റ്കോപ്പിയാണ് പെഗാസസ് എന്നു സങ്കല്പിക്കുന്നതിലും ഒരു രസമുണ്ട്. പറക്കും കുതിര (പെഗാസസ്) എന്ന പേരുതന്നെ ഒരു ബാലസാഹിത്യ രചനയെ ഓർമ്മിപ്പിക്കും. സംഗതി കുട്ടിക്കളിയല്ല എങ്കിലും. ഏതായാലും ഇതുണ്ടാക്കുന്ന പൊല്ലാപ്പുകൾ കാണാനിരിക്കുന്നതേയുള്ളു.