ചവിട്ടുസൈക്കിൾ ഡയറി


cycle

1

രാവിലെ
പതിവു സൈക്കിൾസവാരി.
പത്രവും പാലും വേണം.
പെട്രോൾ പമ്പിനു
മുന്നിലെത്തിയപ്പോൾ
ഒന്നാഞ്ഞു ചവിട്ടി.
കാലുകൊണ്ട്ഒ
രു തൊഴി കൊടുത്ത
സംതൃപ്തി,
ഉന്മേഷം.

2

ഏതാനും കുട്ടികൾ
എന്നെ നോക്കി ചിരിക്കുകയും
കൈ വീശി കാണിക്കുകയും ചെയ്തു
ഒട്ടും പരിചയം തോന്നുന്നില്ല
ഇവർ ആരാണ് ?
ഹായ്ശ
ബ്ദം കേട്ട് ഞാൻ
പിന്നിലേക്കു തിരിഞ്ഞു
അവിടെയും ഏതാനും കുട്ടികൾ ചിരിക്കുകയും
കൈ വീശി കാട്ടുകയും ചെയ്യുന്നു
അപ്പോൾ ഞാൻ
അവരുടെ വിനിമയവഴിയിൽനിന്ന്മാറി നിന്നു
അബദ്ധത്തിൽ എന്റെ മേൽ വീണു മിന്നുന്ന
ചിരിത്തരികൾ തട്ടിക്കളയാതെ.

3

അയാളെ ഓര്‍മ്മ വന്നു.
കണ്‍മുന്നില്‍ നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.
ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.
കൂടെപ്പഠിച്ചതാണോ
സഹപ്രവര്‍ത്തകനാണോ
വഴിയില്‍ കണ്ടുമുട്ടിയതാണോ
ഒന്നും ഓര്‍മ്മയില്ല.
പേരും അറിയില്ല.
എന്നാലും
ഇടയ്ക്ക് ഇതുപോലെ
അയാളെ ഓര്‍മ്മവരും.
ഒരു കാരണവും കൂടാതെ.

4

മത്തൻ
കുമ്പളം
തക്കാളി
വഴുതന
മുളക്
എന്നിങ്ങനെ
എഴുതിയ ഒരു ലിസ്റ്റിൽ
ഞാൻ
ചെറുനാരങ്ങ
എന്നുകൂടി
എഴുതിച്ചേർത്തു

വര പൂർത്തിയാക്കിയ
ചിത്രകാരൻ
കാൻവാസിനടിയിൽ
തന്റെ
ഒപ്പു ചാർത്തുന്നതുപോലെ.

(1,July 2021)