വിറകു വെട്ടാൻ ണ്ടോ?

“വിറകു വെട്ടാൻ ണ്ടോ… വിറക്.. വിറക്..”

ദൂരത്തുനിന്നോ ഭൂതത്തിൽനിന്നോ എന്നു തിരിച്ചറിയാനാവാത്ത വിധം ആ വിളി കേട്ടപ്പോൾ ദിവാകര മേനോന് താൻ തറവാട്ടിലെ പടിപ്പുരക്കോലായിൽ ഇരിക്കയാണെന്ന് ഒരു നിമിഷം സ്ഥലജലഭ്രമം അനുഭവപ്പെട്ടു. വാസ്തവത്തിൽ മുംബൈയിലെ വിലപിടിപ്പുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലെ മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് ആ സമയം മേനോൻ ഇരുന്നിരുന്നത്. അയാളുടെ കൈയ്യിൽ അന്നത്തെ ഇംഗ്ലീഷ് ദിനപത്രം മലർക്കെ തുറന്നു പിടിച്ച മട്ടിൽ കാണാം. 

എഡിറ്റോറിയൽ പേജിൽ വന്ന ഇന്ത്യാ ചൈനാ അതിർത്തി സംഘർഷത്തെപ്പറ്റിയുള്ള ആഴമേറിയ ഒരു ലേഖനം വായിക്കുകയായിരുന്നു മേനോൻ. സർവീസിൽ ഉണ്ടായിരുന്ന കാലത്ത് ഇപ്പോൾ സംഘർഷമുണ്ടായ ഗാൽവാൻ താഴ്വരയിൽ താൻ ചിലവിട്ട കൊടുംശൈത്യനാളുകളെ ഓർത്തു രോമാഞ്ചം കൊണ്ടിരിക്കെയാണ് പെട്ടെന്ന് വിറകു വെട്ടാൻ ണ്ടോ എന്ന വിളി കേട്ടതും വള്ളുവനാട്ടിലെ ഭാരതപ്പുഴയുടെ തീരത്തെ തറവാട്ടു പടിപ്പുരയിൽ എത്തിച്ചേർന്നതും. കാഷ്മീരിലെ പർവതമുടിയിൽനിന്ന് കേരളത്തിലെ പുഴവക്കത്തേക്ക് ഒറ്റ വീഴ്ച!

ഈ മഹാനഗരത്തിലെ അംബരചുംബികളായ ഫ്ലാറ്റു സമുച്ചയങ്ങൾക്കിടയിലെ കോൺക്രീറ്റുപാതയിലൂടെ ഏതു നട്ടപ്രാന്തൻ മലയാളിയാണ് വിറകു വെട്ടാൻ ണ്ടോ എന്നു വിളിച്ചു കൂവുന്നത്! മേനോന്റെ മുഖത്ത് ഒരസംബന്ധഫലിതം കേട്ടതുപോലെ ചിരി വിടർന്നുവെങ്കിലും അതേസമയം തൊണ്ടയിൽ ഒരു സങ്കടം തേങ്ങുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. ഇവിടെ ആർക്കു വേണം വിറക്? മേനോൻ എഴുന്നേറ്റ് ബാൽക്കണിയുടെ റെയിലിങ്ങിൽ പിടിച്ച് കൗതുകത്തോടെ താഴേക്ക് എത്തിനോക്കി. തിരുമിറ്റക്കോട്ടെ മരംവെട്ടുകാരൻ സുബ്രുവിനെപ്പോലെ തോളിൽ ഒരു മഴുവും അരയിൽ കോടാലിയുമായി ഒരു തലേക്കെട്ടുകാരൻ കെട്ടിടസമുച്ചയങ്ങൾക്കിടയിലൂടെ നടന്നുപോകുന്നുണ്ടോ? മൂന്നു നിലകൾക്കു താഴെ ഉച്ചനേരത്തെ വിജനതയിൽ റോഡ് ശൂന്യമായിക്കിടക്കുന്നു.

അച്ഛൻ മരിച്ച് ജഡം തെക്കേ തൊടിയിലേക്ക് എടുക്കുമ്പോൾ മൂത്ത മകനായ മേനോൻ ആണ് തലഭാഗം താങ്ങിയത്. ചിത തയ്യാറാക്കി കാർമ്മികരും പണിക്കാരും കൂടി നിന്നിരുന്നു. കാഫലം മുടിഞ്ഞ് ദ്രവിച്ചുതുടങ്ങിയ അതിരിലെ പുളിമാവ് വെട്ടി ചിതയിൽ വെക്കാൻ പാകത്തിൽ മുട്ടികൾ വെട്ടിയിട്ടത് സുബ്രുവാണ്. പച്ചവിറകിന്റെ മുട്ടിമേൽ കിടത്തുമ്പോൾ അച്ഛന് വേദനിക്കുമോ എന്നു പേടിക്കുന്നതുപോലെ പതുക്കെയാണ് മേനോൻ ജഡം വെച്ചത്. പിന്നെ കാർമ്മികൻ നിർദ്ദേശിച്ച പ്രകാരം നെഞ്ചിന്റെ ഭാഗത്ത് നെയ് വീഴ്ത്തി. ചകിരിപ്പൊളികൾ തിരുകി. മേലെ വീണ്ടും വിറകിൻ മുട്ടികൾ പാകി. തീ കൊടുത്തു. പച്ചവിറക് കത്തിപ്പിടിച്ചു. 

ആ സമയം മാലിന്യം ശേഖരിച്ചുകൊണ്ട് റോഡിലൂടെ കടന്നുപോയ കോർപ്പറേഷന്റെ ഒരു ചവറുവണ്ടിയിലെ ജോലിക്കാരാണ് മേനോൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് പുകപടലം പൊങ്ങുന്നത് ആദ്യം കണ്ടത്.